പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

പുരട്ശ്ചിത്തലൈവിയുടെ വിപ്ലവ വിളയാട്ടങ്ങള്‍

A A A

Print Friendly, PDF & Email

ജയലളിത മുഖ്യപ്രതിയായ 66.65 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കരണാടക ഹൈക്കോടതി നാളെ വിധിപറയും. ബാംഗളൂരിലെ പ്രത്യേക കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ പശ്ചാത്തലത്തില്‍ ജയലളിതയുടെയും കൂട്ടുപ്രതി തോഴി ശശികലയുടെയും അഴിമതിക്കറപ്പുരണ്ട പൂര്‍വകാലത്തെ വിലയിരുത്തുകയാണ് പി കെ ശ്രീനിവാസന്‍.

അധികാരം മത്തുപിടിപ്പിക്കുമെന്നത് ഇന്ത്യന്‍ രാഷ്ട്രീയ മേലാളന്മാരുടെ കീശയിലെ പഴഞ്ചൊല്ലായിരിക്കാം. എന്നാല്‍ അധികാരത്തിന്റെ അപ്പക്കഷണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച പുകിലുകള്‍ സാധാരണക്കാരന്റെ മനസ്സില്‍ എന്നും ഭീതിയുടെ കറുത്ത പാടുകള്‍ സൃഷ്ടിക്കുമെന്നതിനു തെളിവുകള്‍ നിരവധിയാണ്. ഉദാഹരണങ്ങള്‍ തേടി അതിവിദൂരത്തൊന്നും പോകേണ്ടതില്ല. നമ്മുടെ അയല്‍ സംസ്ഥാനത്തേക്ക് വെറുതേ കണ്ണുപായിച്ചാല്‍ മതി.

തമിഴില്‍ പുരട്ശ്ചിത്തലൈവി എന്നാല്‍ വിപ്ലവ നായിക എന്നര്‍ത്ഥം. മൂന്നു തവണ മുഖ്യമന്ത്രിയായ കുമാരി ജെ ജയലളിത തമിഴ് മക്കള്‍ക്ക് പുരട്ശ്ചിത്തലൈവിയാണ്. തോക്കിന്‍കുഴലിലൂടെ വിപ്ലവം വരുമെന്നവര്‍ വിശ്വസിക്കുന്നില്ല. അധികാരത്തിന്റെ കുന്തമുനകളാണ് വിപ്ലവത്തിന്റെ നിതാന്ത ജാഗ്രതയെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ആ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ പാമ്പന്‍ പാലമൊന്നും വേണ്ട. അവര്‍ ചെയ്തു വച്ച നൂറു കണക്കിനു വിപ്ലവ വിളയാട്ടങ്ങളും വ്യക്തി വിദ്വേഷങ്ങളും മാത്രം മതി.

കണക്കില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന്റെ പേരില്‍ കുരുക്കിലായ ജയലളിത 18 വര്‍ഷത്തോളം കേസ് നീട്ടിക്കൊണ്ടു പോകാന്‍ കാണിച്ച സാഹസങ്ങള്‍ ചില്ലറയല്ല. (ഇംഗ്ലീഷില്‍ Jayalalithaa എന്ന് രണ്ട് ‘എ’ ചേര്‍ത്തിരിക്കുന്നത് ന്യൂമറോളജിക്കാര്‍ പ്രവചിച്ചതനുസരിച്ചാണ്.) 1991 മുതല്‍ 1996 വരെ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ആരെയും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള അധികാരഭ്രാന്ത് ജയാമ്മയെ പിടികൂടുന്നത്. സ്വന്തം പ്രിയതോഴി ശശികലയുടെ സഹോദരന്റെ മകനും ജയാമ്മയുടെ ദത്തുപുത്രനുമായ വി എന്‍ സുധാകരന്റെ വിവാഹച്ചടങ്ങായിരുന്നു ഏറ്റവും ചെലവിട്ട ആഘോഷം. മൂന്നു കോടി രൂപ ചെലവിട്ട് 1995 സെപ്തംബറില്‍ നടത്തിയ വിവാഹമായിരുന്നു ജയലളിതയുടെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ നാണക്കേട്. (ഏറെ താമസിയാതെ സുധാകരനെ അവര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് വഴിയാധാരമാക്കുകയും ചെയ്തു). തന്റെ അധികാരത്തിന്റെ സര്‍വതലങ്ങളും ഈ വിവാഹത്തിനായി അവര്‍ വിനിയോഗിച്ചു. ഗിന്നസ്സില്‍ ഇടംനേടിയ വിവാവഹമെന്നായിരുന്നു അതെന്ന് പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. 

അമ്പത് ഏക്കറിലാണ് വിവാഹപ്പന്തലും മറ്റും കെട്ടിപ്പൊക്കിയത്. ഒന്നര ലക്ഷം പേര്‍ പങ്കെടുത്ത വിവാഹസദ്യയില്‍ ഒരേ പന്തിയില്‍ 12,000 പേരാണ് ഉണ്ണാനിരുന്നത്. സദ്യ ഒരുക്കാന്‍ 35,000 പേര്‍. കാവലിനു 20,000 പൊലീസുകാരും അണിനിരന്നു. ചടങ്ങിനെത്തിയ വിഐപികള്‍ക്ക് വെള്ളിത്താലങ്ങളും കുങ്കുമച്ചെപ്പുകളും സില്‍ക്ക് സാരികളും ദോത്തികളുമൊക്കെ നല്‍കിയാണ് യാത്ര അയച്ചത്. വിവാഹാഘോഷത്തില്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും മന്‍ഡോലിന്‍ ശ്രീനിവാസനും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. വെള്ളിയും സില്‍ക്കും കൊണ്ട് മോടി പിടിപ്പിച്ചതായിരുന്നു വിവാഹ ക്ഷണപ്പത്രിക. 

ഒരിക്കല്‍ തന്റെ സുഹൃത്തായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയോടു ജയലളിത കാണിച്ച പകരം വീട്ടലാണ് തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം. 1992 ല്‍ സ്പിക്കിന്റെ ഓഹരികള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ജയലളിതാ സര്‍ക്കാര്‍ നടത്തുമ്പോള്‍ അന്നത്തെ വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖ അതിനെ എതിര്‍ത്തു. അവര്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ച വളര്‍ന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള പ്രതിവാദങ്ങളിലേക്ക് അതു കടന്നുവെന്നായിരുന്നു രഹസ്യ വാര്‍ത്തകള്‍. സൗന്ദര്യമാണ് മുഖ്യമന്ത്രിയുടെ മാനദണ്ഡമെങ്കില്‍ എനിക്കും മുഖ്യമന്ത്രിയാകാനാവും എന്ന് ചന്ദ്രലേഖ പറഞ്ഞുവത്രേ. വ്യവസായ സെക്രട്ടറി സ്ഥാനത്തു നിന്ന് ചന്ദ്രലേഖയെ മാറ്റിയെന്നു മാത്രമല്ല വളരെ ഹീനമായി രീതിയില്‍ അവരെ പാഠം പഠിപ്പിക്കുകയും ചെയ്തു. മുംബൈയില്‍ നിന്ന് വാടകക്ക് കൊണ്ടുവന്ന സുര്‍ലയെന്ന ഗുണ്ടയെക്കൊണ്ട്  ചന്ദ്രലേഖയുടെ മുഖത്ത് ആസിഡ് ബള്‍ബ് എറിയിപ്പിച്ചാണ് ജയലളിത പകരം വീട്ടിയത്. മുഖ്യമന്ത്രിയുടെ സൗന്ദര്യമെന്ന മാനദണ്ഡത്തെ ചോദ്യം ചെയ്ത ഒരു ഐഎഎസുകാരിയോട് പ്രതികാരദാഹിയായ ഒരു വനിതാ മുഖ്യമന്ത്രിക്ക്  മറ്റെന്താണ് ചെയ്യാനാവുക? വികൃതമായ മുഖവുമായി സുബ്രഹ്മണ്യം സ്വാമിയുടെ ക്യാമ്പിലെത്തിയ അവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സമാധാനം ലഭിച്ചിട്ടില്ല. കേസ് സിബിഐ ഏറ്റെടുത്തെങ്കിലും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനും കഴിഞ്ഞില്ല. ആദ്യത്തെ 90 ദിവസം ആര്‍ക്കുമെതിരെ ചാര്‍ജ്ജ് ഷീറ്റുപോലും ചാര്‍ത്തിയതുമില്ല. 

ജയലളിതക്കെതിരെ സുപ്രീംകോടതി വരെ ചന്ദ്രലേഖ കയറിയിറങ്ങി. പക്ഷേ അധികാരത്തിന്റെ സോപാനങ്ങളില്‍ കയറിക്കയറിപ്പോകുന്ന ജയാമ്മ തന്റെ സ്വതസിദ്ധമായ അടവുകള്‍ പ്രയോഗിച്ച് അവയൊക്കെ വരുതിയാലാക്കി. സുര്‍ലയെന്ന ഗുണ്ടയെ വര്‍ഷങ്ങളോളം വിചാരണത്തടവുകാരനായി ജയിലില്‍ അടച്ചാണ് കേസ് നീട്ടിക്കൊണ്ടു പോയത്. ഒരിക്കല്‍ കോടതിയില്‍ വച്ച് ജഡ്ജി കൃഷ്ണസ്വാമിയെ പോലും ആക്രമിക്കാന്‍ അയാള്‍ ശ്രമിച്ചു. എയ്ഡ്‌സു രോഗിയായ സുര്‍ല ജയിലില്‍ മരിച്ചു. അതോടെ കേസിന്റെ ഫയലുകള്‍ ചവറ്റുകുട്ടയിലെറിയാന്‍ തലൈവിക്ക് കഴിഞ്ഞു. സുബ്രഹ്മണ്യം സ്വാമി ബി ജെ പിയില്‍ പോയതോടെ ചന്ദ്രലേഖയുടെ വാര്‍ത്തകളൊന്നും ഇപ്പോള്‍ കേള്‍ക്കാനുമില്ല. കേസ് അന്വേഷിച്ച തമിഴ്‌നാട് പൊലീസിന്റെ ഫയലുകളില്‍ നിരവധി പാകപ്പിഴകള്‍ കണ്ടെത്തിയതായി സിബിഐ അന്ന് പറഞ്ഞിരുന്നു. അധികാരത്തിമിര്‍പ്പിന്റെ തിരിമറികള്‍ സിബിഐക്ക് എന്നല്ല ഉടയ തമ്പുരാനു പോലും കണ്ടെത്താന്‍ കഴിയില്ല എന്നതാണല്ലോ ലോകതത്വം! 

മനസ്സിനിണങ്ങുന്ന ബംഗ്ലാവുകളും ഫാം ഹൗസുകളും വാങ്ങിക്കൂട്ടുന്നതില്‍ ആയിരുന്നു ജയലളിതുടേയും ശശികലയുടേയും ആദ്യകാല വിനോദങ്ങള്‍. ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്റെ ഓള്‍ഡ് മഹാബലിപുരം റോഡിലെ പയ്യാനൂര്‍ എന്ന സ്ഥലത്തുള്ള ഫാം ഹൗസ് അവര്‍ നോട്ടമിട്ടത് 1995 ല്‍ ആയിരുന്നു. പലരില്‍ നിന്നായി വാങ്ങിക്കൂട്ടിയ 23 ഏക്കര്‍ സ്ഥലത്താണ് ഫാം ഹൗസ്. മ്യൂസിക് കംപോസ് ചെയ്യാനും തിരക്കഥയെഴുതാനും പാകത്തില്‍ ചെറിയൊരു വീടും ശരിപ്പെടുത്തി. അതുവഴി കടന്നു പോയ ജയലളിതക്കും ശശികലക്കും അതങ്ങ് ബോധിച്ചു. ‘അമ്മക്ക് താങ്കളുടെ ഫോം ഹൗസ് ഇഷ്ടമായി,’ ശശികല ഗംഗൈ അമരനെ ഫോണില്‍ വിളിച്ചു പറഞ്ഞു.   

ശശികലയുടെ സഹോദരി വനിത ഒരുനാള്‍ ഗംഗൈ അമരനെ ജയലളിതയുടെ പയസ് ഗാര്‍ഡനിലെ വേദനിയലത്തിലേക്ക് വളിപ്പിക്കുകയും ചെയ്തു. അവിടെ ശശികലയാണ് അദ്ദേഹത്തോടു സംസാരിച്ചത്. തനിക്ക് ഫാം ഹൗസ് വില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും കമ്പോസിംഗിനും തിരക്കഥയെഴുതാനുമായി വാങ്ങിയതാണെന്നും ഗംഗൈ അമരന്‍ പറഞ്ഞു. കുടുംബത്തിനും അതു വില്‍ക്കുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ സുധാകരന്‍ വിടുന്ന കോളില്ല. അയാള്‍ ദിവസവും ഗംഗൈ അമരനെ ഫോണില്‍ ശല്യം ചെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ കോടികള്‍ വിലമതിക്കുന്ന ആ ഫോം ഭീഷണിയിലൂടെ 13.1 ലക്ഷം രൂപക്ക് മന്നാര്‍കുടി മാഫിയ എഴുതിവാങ്ങിച്ചു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി എന്‍ ശേഷനെതിരെയായിരുന്നു തലൈവിയുടെ അടുത്ത അധികാര പ്രയോഗം. ജനാധിപത്യ വിരുദ്ധമായ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച ശേഷനെതിരെ വിപ്ലവനായിക വാളെടുത്തു. അദ്ദേഹത്തിനു താമസിക്കാന്‍ സ്റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ മുറി കൊടുത്തില്ല. മുറി കൊടുത്തതിന്റെ പേരില്‍ താജ് കോറമാണ്ടല്‍ ഹോട്ടല്‍ ഓട്ടോ റിക്ഷയിലെത്തിയ ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. തന്റെ അനുമതിയില്ലാതെ ചെന്നൈയിലെത്തിയ ശേഷനെ എയര്‍പ്പോര്‍ട്ട് മുതല്‍ പാര്‍ട്ടി ഗുണ്ടകളെ അണിനിരത്തിയാണ് ഉപരോധിച്ചത്. ആയിരക്കണക്കിനു പേര്‍ റോഡില്‍ അക്ഷരാര്‍ത്ഥത്തില്‍ കിടന്നാണ് പ്രതിക്ഷേധിച്ചത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞിട്ടും ചീഫ് സെക്രട്ടറിയും ഡിജിപിയും അവരെ റോഡില്‍ നിന്നു മാറ്റാന്‍ തയ്യാറായില്ല. തന്റെ ഡ്യൂട്ടി ചെയ്യാനാകാതെ ശേഷന്‍ മണിക്കൂറുകളോളം എയര്‍പ്പോര്‍ട്ടില്‍ കുടുങ്ങി. 

അഹന്തയെ കോടതികള്‍ക്കു നേരെയും കെട്ടഴിച്ചു വിട്ടുകൊണ്ടാണ് ജയലളിതയുടെ ആദ്യത്തെ പഞ്ചവത്സര ഭരണം തേരോടിച്ചത്. തന്റെ സര്‍ക്കാരിന്റെ ഇച്ഛാനുസരണമല്ലാത്ത വിധം ഒരു കേസിന്റെ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് എ ആര്‍ ലക്ഷ്മണനെ തലൈവി ശിക്ഷിച്ചത് ക്രിമിനല്‍ മനസ്സോടെ ആയിരുന്നു. ജഡ്ജിയുടെ മരുമകന്‍ കുമാര്‍ പോണ്ടിബസ്സാറില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഷോപ്പിംഗിനു പോയി മടങ്ങുമ്പോള്‍ കാറില്‍ കഞ്ചാവ് സൂക്ഷിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലാക്കി. ജയലളിതയുടെ ആജ്ഞാനുസരണം കാറിന്റെ ഡിക്കി അടിച്ചു തുറന്നായിരുന്നു പൊലീസ് കഞ്ചാവ് വച്ചത്. മയക്കുമരുന്നു കള്ളക്കടത്തിന്റെ വകുപ്പില്‍ ചാര്‍ജ്ജ് ഷീറ്റും തയ്യാറാക്കി. തനിക്കെതിരെ വിധിയെഴുതിയ ജസ്റ്റിസ് എ ആര്‍ ലക്ഷ്മണനെതിരെ ഇതിനപ്പുറം എന്തു ചെയ്യാനാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ അഭീഷ്ടത്തിനെതിരെ വിധി പറയാന്‍ വിസമ്മതിച്ച ജസ്റ്റിസ് എം ശ്രീനിവാസന്റെ വീട്ടിലേക്ക് ഗുണ്ടകളെ വിട്ടാണ് ജയലളിത പ്രതികാരം വീട്ടിയത്. ഓട്ടോകളിലെത്തിയ നൂറു കണക്കിനു ഗുണ്ടകള്‍ വീട് അടിച്ചു തകര്‍ത്തു. കറണ്ടു കണക്ഷനും വാട്ടര്‍ കണക്ഷനും വിച്ഛേദിച്ചു. 1996 ലെ തെരഞ്ഞെടുപ്പു വേളയില്‍ തൃച്ചിയില്‍ ജയലളിതക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ കേന്ദ്രമന്ത്രി ചിദംബരത്തേയും ആറോളം എംഎല്‍എമാരെയും റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സോണിയ ഗാന്ധിക്കെതിരെ അസംബന്ധങ്ങള്‍ വാരിയെറിഞ്ഞ ജയലളിതയെ വിമര്‍ശിച്ച മയിലാടുത്തുറൈ എം പി മണിശങ്കര്‍ അയ്യരേയും പാര്‍ട്ടി അണികളെന്ന ഗുണ്ടാകളെ വിട്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.   

തന്റെ വീട്ടില്‍ നിന്ന് പണം അപഹരിച്ചു സ്ഥലംവിട്ട ദത്തുപുത്രന്‍ വി എന്‍ സുധാകരന്‍ ശശികലയുടെ ഭര്‍ത്താവ് നടരാജനുമായി ബന്ധം സ്ഥാപിച്ചു എന്നതിന്റെ പേരിലാണ് കടുത്ത ശിക്ഷ നല്‍കിയത്. മയക്കുമരുന്നു കള്ളക്കടത്തിന്റെ വകുപ്പില്‍ കേസ് ഫയല്‍ ചെയ്താണ് അയാളെ ജയിലില്‍ അടച്ചത്. ഏതോ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ തങ്ങളുടെ ഓഡിറ്റര്‍ രാജശേഖറിനെ പൊയസ് ഗാര്‍ഡനില്‍ ജയലളിതയും ശശികലയും കൂടി പരസ്യമായി വീട്ടുമുറ്റത്തിട്ടു ചവിട്ടിയൊതുക്കിയ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മൂടി വയ്ക്കനായില്ല. കാരണം രക്തമൊലിപ്പിച്ചുകൊണ്ട് അയാള്‍ കത്തീഡ്രല്‍ റോഡിലൂടെ ഓടി രക്ഷപ്പെട്ടപ്പോള്‍ മാധ്യമപ്പട ചുറ്റിലുമുണ്ടായിരുന്നു.

ചെന്നൈയിലെ അല്‍വാര്‍പ്പെട്ടിലെ രംഗാചാരി റോഡിലെ വയോധികനായ ഡോക്ടറേയും ഭാര്യയേയും എഐഎഡിഎംകെ ഗുണ്ടകള്‍ വീട്ടില്‍ക്കയറി ആക്രമിക്കുമ്പോള്‍ പരിസരത്തുള്ളവര്‍ക്ക് ഒന്നും ചെയ്യാനായില്ല. തങ്ങളുടെ വീട് വില്‍ക്കാന്‍ അനുവദിക്കാത്തതിനാണ് ആ പവങ്ങളെ പയൊസ് ഗാര്‍ഡനിലുള്ള പാര്‍ട്ടി ഗുണ്ടകള്‍ അടിച്ചു അവശരാക്കിയത്.

ജയലളിതയുടെ ആക്രോശത്തിനു ഏറ്റവും അധികം പാത്രമായത് സുബ്രഹ്മണ്യ സ്വാമിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസ്സില്‍ വിപ്ലവനായികയെ കോടതി കയറ്റിയതും അദ്ദേഹമായിരുന്നു. പല തവണ സ്വാമിയെ അറസ്റ്റു ചെയ്യാന്‍ ജയലളിത ശ്രമിച്ചെങ്കിലും വക്കീലിന്റെ മനസ്സുള്ള സ്വാമി എല്ലാം മുന്‍കൂട്ടിക്കണ്ട് രക്ഷപ്പെട്ടു. കരുണാനിധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നൂറു കണക്കിനു കേസ്സുകളാണ് ജയലളിത വിവിധ കോടതികളില്‍ ഫയല്‍ ചെയ്തതു. നിയമസഭയിലെ പ്രതിപക്ഷനേതാവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സഖ്യകക്ഷിയായ വിജയകാന്തിനെതിരെയും നിരവധി മാനനഷ്ടകേസ്സുകള്‍ നിലവിലുണ്ട്. മാനനഷ്ടകേസ്സുകളാണ് വിപ്ലവത്തിന്റെ തുടക്കമെന്ന് ജയലളിത വിശ്വസിക്കുന്നുണ്ടാകണം.

പ്രതികാരത്തിന്റെ ആള്‍രൂപമാണ് പുരട്ച്ഛിത്തലൈവി. ആരെങ്കിലും തനിക്കെതിരെ ചൂണ്ടുവിരല്‍ അനക്കുന്നതുപോലും അവര്‍ക്ക് രസിക്കില്ല. അപൂര്‍വമായി നടക്കാറുള്ള പത്രസമ്മേളനങ്ങളില്‍ ആരെങ്കിലും തന്നോട് അഹിതമായി എന്തെങ്കിലും ചോദിച്ചാല്‍ സദസ്സില്‍ തന്നെയുള്ള ഗുണ്ടകളാകും അയാളെ പൊക്കിയെടുത്തു പുറത്തേക്ക് കൊണ്ടുപോകുക. വാര്‍ത്താ ഏജന്‍സിയിലെ മലയാളിയായ റിപ്പോര്‍ട്ടര്‍ ഒരിക്കല്‍ പറയുന്നതു കേട്ടു: ‘ഞാന്‍ പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പക്ഷേ ഹിറ്റ്‌ലറെ പോലെ അടിച്ചമര്‍ത്തുന്ന ഒരു നേതാവിനെ ആദ്യം കാണുകയാണ്.’

ജാനകി രാമചന്ദ്രന്‍ വിഷം കൊടുത്താണ് എം ജി ആറിനെ കൊന്നതെന്ന് ജയലളിത പറഞ്ഞപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. പക്ഷേ ജാനകി രാമചന്ദ്രന്‍ കുന്തിച്ചിരുന്നു. തന്റെ ഭര്‍ത്താവിനോടൊപ്പം നിഴല്‍ പോലെ നടന്ന പാവപ്പെട്ട ആ വൈക്കത്തുകാരി പാര്‍ട്ടിക്കാരുടെ നിര്‍ബന്ധപ്രകാരമാണ് മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരുന്നത്. അതു തെറ്റായിപ്പോയെന്ന് അവര്‍ പിന്നീട് പറയുകയും ചെയ്തിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിനു ചുക്കാന്‍ പിടിച്ചത് തന്റെ മുഖ്യ ശത്രുവായ മുത്തുവേല്‍ കരുണാനിധിയായിരുന്നെന്ന് ഒരിക്കല്‍ ജയാമ്മ പറഞ്ഞപ്പോള്‍ ശത്രുക്കളെ ഒതുക്കുവാനുള്ള അവരുടെ തന്ത്രങ്ങളാണ് പുറത്തുവന്നത്. ശശികലയെ അല്ലാതെ ആരെയും അവര്‍ക്ക് വിശ്വാസമില്ല. അത്തരമൊരു വികാരം ഉണ്ടായിരുന്നെങ്കില്‍ അത് എംജിആറിനോടായിരുന്നു.

മറവി ഒരു ദേശീയ വ്യാധിയാകുന്ന ഇക്കാലത്ത് പുരട്ശ്ചിത്തലൈവിയുടെ വിപ്ലവ വിളയാട്ടങ്ങള്‍ തമിഴ്ജനത മറന്നെന്നിരിക്കാം. പക്ഷേ നേരിട്ട് അനുഭവിച്ചവരുടെ കണ്ണുനീര്‍ അത്രവേഗം അസ്തമിച്ചെന്നു വരില്ല. അതില്‍ ഗംഗൈ അമരനും, രംഗാചാരി റോഡിലെ വയോധികരായ ദമ്പതികളും, ജസ്റ്റിസ് എ ആര്‍ ലക്ഷ്മണനും ഓഡിറ്റര്‍ രാജശേഖറുമൊക്കെ ഉണ്ടാകാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍