TopTop
Begin typing your search above and press return to search.

അഴിയില്ല കുരുക്കുകള്‍; 'ജയലളിത' 100 കോടി അടയ്ക്കേണ്ടി വരും

അഴിയില്ല കുരുക്കുകള്‍;  ജയലളിത 100 കോടി അടയ്ക്കേണ്ടി വരും

വിപ്ലവനായിക ജയലളിതയുടെ മരണം സൃഷ്ടിച്ച ഭൂകമ്പങ്ങള്‍ തമിഴകത്ത് കെട്ടടങ്ങുന്നില്ല. തലൈവിയുടെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുപ്പുറപ്പിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഉറ്റ തോഴി ശശികല ജയിലഴികള്‍ക്ക് അകത്തുമായി. 1991 -96 കാലഘട്ടത്തില്‍ എഐഎഡിഎംകെ ഭരണകാലത്ത് മുഖ്യമന്ത്രി ജയലളിതയും മന്നാര്‍ക്കുടി മാഫിയ എന്നറിയപ്പെടുന്ന അവരുടെ കൂട്ടാളികളും 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് വാരിക്കൂട്ടിയെന്നാണ് കേസ്. ജയലളിതക്കു പുറമേ ഉറ്റതോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവരാണ് കേസ്സിലെ മറ്റ് പ്രതികള്‍. 28 കിലോ സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍ എന്നിവ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതെല്ലാം റിസര്‍വ് ബാങ്കിന്റെ ചെന്നൈയിലെ ലോക്കറിലാണ്.

ജനതാപാര്‍ട്ടി നേതാവായിരുന്ന സുബ്ര്യമണ്യന്‍ സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്. കേസിന്റെ വിചാരണ നിഷ്പക്ഷമായി നടക്കില്ലെന്ന് കാണിച്ച് ഡിഎംകെ നേതാവ് അമ്പഴകന്‍ നല്‍കിയ ഹര്‍ജിയാണ് കേസ് ബാംഗലൂരു കോടതിയിലേക്ക് മാറ്റാന്‍ കാരണം. കേസ് ഏറെക്കാലം നീണ്ടു. വിചാരണക്കോടതിയുടെ വിധിയെ കര്‍ണാടക ഹൈക്കോടതി അസാധുവാക്കിയപ്പോള്‍ ജയലളിതയും സംഘവും മോചിതരായി. എന്നാല്‍ സുപ്രീംകോടതി വിധി വരുന്നതിനു മുമ്പ് ജയളലിത അന്തരിച്ചു. എന്നാല്‍ മരിച്ചാലും നിയമക്കുരുക്കില്‍ നിന്ന് തലൈവിക്ക് തല ഊരാന്‍ കഴിയില്ല എന്നാണ് നിയമവിദ്ഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ജയലളിത 100 കോടി രൂപയും ശശികല, ദിവാകരന്‍, ഇളവരശി എന്നവര്‍ക്ക് 10 കോടി രൂപയും പിഴയായി അടക്കണമെന്നാണ് വിചാരണക്കോടതിയുടെ വിധി. അതാണ് ഇപ്പോള്‍ സപ്രീംകോടതി ശരിവച്ചിരിക്കുന്നത്.

ജയ ടിവി, ജാസ് സിനിമ എന്നിവയുടെ ഓഹരികള്‍ വില്‍ക്കുക മാത്രമാണ് ചെയ്യാവുന്ന കാര്യം. വേദ നിലയം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലത്തില്‍ വിറ്റ് പണം കണ്ടെത്തണമെന്നാണ് ഒരു വിഭാഗം പറയുന്നത്. റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വേദനിലയത്തിന്റെ ഒരു ഭാഗം ജയലളിതയുടെ അമ്മ വേദവല്ലിയെന്ന സന്ധ്യയുടെ പേരിലാണ് വാങ്ങിയിരിക്കുന്നത്. അതിനടുത്തുള്ള മറ്റൊരു വസ്തു ജയയും അമ്മയും കൂടിയാണ് വാങ്ങിയത്. ചെന്നൈയ്ക്ക് പുറത്ത് പെണ്ണഗരം എന്ന സ്ഥലത്ത് ജയളളിതയുടെ പേരില്‍ വിശാലമായ ഫോംഹൗസുണ്ട്. (എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന ഗോള്‍ഡണ്‍ ബേ റിസോര്‍ട്ടില്‍ പൊലീസ് പ്രവേശിച്ചപ്പോള്‍ മന്നാര്‍ക്കുടിയില്‍ നിന്നു വന്ന ഗുണ്ടകളെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു.) കോടനാട് എസ്റ്റേറ്റ് തുടങ്ങിയ വസ്തുവകകള്‍ ജയലളിതയും ശശികലയും ചേര്‍ന്നാണ് വാങ്ങിയിരിക്കുന്നത്.

പിഴത്തുക അടച്ചില്ലെങ്കില്‍ ശശികലക്കും സഘത്തിനും ഒരു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടിവരും. ജയലളിത മരിച്ചെങ്കിലും ജയില്‍ ശിക്ഷ ഒഴിവായെന്നല്ലാതെ പിഴ പിന്മാറുന്നില്ല. 100 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. നാലുപേരുടേയും ബാങ്ക് അക്കൗണ്ടുകളും സ്വര്‍ണം, വെള്ളി തുടങ്ങിയ ആസ്തികളും കോടതി മരവിപ്പിച്ചിരിക്കുകയാണ്. വസ്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മേല്‍നോട്ടത്തിലാണ്. ഫെറ തട്ടിപ്പുകേസില്‍ അടുത്തിടെയാണ് ശശികലയുടെ രാഷ്ട്രീയ പിന്‍ഗാമിയും സഹോദരി പുത്രനുമായ ടിടികെ ദിനകരനോട് 28 കോടി രൂപ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. ശശികലക്കും ബന്ധുക്കള്‍ക്കും 10 കോടി വീതം അടയ്ക്കാന്‍ കഴിയുമോ? എന്തായാലും ശശികലക്ക് തല്‍ക്കാലം അതു കഴിയില്ല എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ശശികലയെ അഗ്രഹാര ജയിലില്‍ നിന്ന് ചെന്നൈ ജയിലിലേക്ക് മാറ്റാനാണ് ഇപ്പോള്‍ നടക്കുന്ന ചരടുവലികള്‍. എന്നാല്‍ സുപ്രീംകോടതിയുടെ അംഗീകാരമില്ലാതെ ജയില്‍ മാറ്റിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്നാണ് നിയമ പണ്ഡിതന്മരാടുടെ അഭിപ്രായം. കുറ്റം നടത്തിയത് തമിഴ്‌നാട്ടിലാണെന്നതിനാല്‍ ജയില്‍വാസവും അവിടെത്തന്നെ ആകാമെന്ന് സുപ്രീംകോടതി വിധിക്കുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories