TopTop
Begin typing your search above and press return to search.

പിന്നെ കൈരളിക്ക് എന്തിനാണീ 'ദളിത്' ഇരവേഷം കൂടി?

പിന്നെ കൈരളിക്ക് എന്തിനാണീ ദളിത് ഇരവേഷം കൂടി?

ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: (എന്തുകൊണ്ട് ഗോപാല്‍ യാദവ് ഒരു ഹിന്ദുവല്ല, കലന്തന്‍ ഹാജി ഒരു 'പ്രതിനിധാന'വുമല്ല...)

ഭാഗം - 2
ആര്യ എന്ന ഒരു വിദ്യാര്‍ത്ഥി മനോഹരമായി ആലപിച്ച 'സഖാവ്' എന്ന് പേരുള്ള ഒരു കവിത സൈബര്‍ ലോകത്ത് ഈയിടെ വൈറലായിരുന്നല്ലോ. തുടര്‍ന്ന് കവിതയുടെ കര്‍തൃത്വം അവകാശപ്പെട്ടുകൊണ്ട് സാം മാത്യു എന്ന ചെറുപ്പക്കാരനും പ്രതീക്ഷ എന്ന പെണ്‍കുട്ടിയും വരുന്നു. കവിതയുടെ നിലവാരത്തെയും നിലവാരമില്ലായ്മയേയും കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നീട് കവിതയെ വെല്ലും വിധം വൈറലാകുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സാമിനെയും പ്രതീക്ഷയേയും ആര്യയേയും ഒരുമിച്ച് ഒരു വേദിയില്‍ എത്തിച്ചുകൊണ്ട് ബ്രിട്ടാസും ജെബി ജങ്ഷനും വാര്‍ത്തയാകുന്നത്.

രസിപ്പിക്കല്‍ മാത്രം ലക്ഷ്യമിടുന്ന ഒരു പരിപാടി എന്ന നിലയില്‍ ഇവരെ മൂന്നുപേരെയും ഒരു വേദിയില്‍ കൊണ്ടുവരാന്‍ സാധിച്ചപ്പോള്‍ തന്നെ അത് വിജയിച്ചു എന്ന് പറയാം. അതിനിടയിലാണ് സന്ദര്‍ഭവശാല്‍ സാം മാത്യു ആ പരിപാടിയില്‍ വച്ച് താന്‍ എഴുതിയ മറ്റൊരു കവിത ആലപിച്ചത്. സഖാവ് എന്ന കവിത ഒരു പെണ്ണെഴുത്താണ്, അതെങ്ങനെ ഒത്ത ഒരാണായ സാം എഴുതും എന്ന, കര്‍തൃത്വ തര്‍ക്കത്തിലേയ്ക്ക് നീളുന്ന മുനയുള്ള ബ്രിട്ടാസിന്റെ ഒരു ചോദ്യത്തെ നേരിടാന്‍ വേണ്ടി താന്‍ വേറെയും 'പെണ്ണെഴുത്ത്' നടത്തിയിട്ടുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് അയാള്‍ തന്റെ 'പടര്‍പ്പ്' എന്ന കവിത അവിടെ ആലപിക്കുകയായിരുന്നു.

പിടിച്ചതിലും വലുത് അളയില്‍നിന്ന് വീണുകിട്ടിയ അവസ്ഥയില്‍ ആ കവിത സഖാവിനെക്കാളും വൈറലായി. ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി തന്റെ ഉള്ളില്‍ ബീജത്തെ നിക്ഷേപിച്ച ആളെന്ന നിലയില്‍ അത് ചെയ്ത കുറ്റവാളിയുമായി പ്രണയത്തിലാവുന്നതായിരുന്നു കവിതയുടെ പ്രമേയം. ഗോവിന്ദ ചാമി കേസിലെ സുപ്രീം കോടതി വിധിയും സൗമ്യ കേസിലെ കുറ്റപത്രവുമൊക്കെ ചേര്‍ന്ന് ഒരുക്കിയ ഒരു വൈകാരിക, നൈതീക സംവാദ അന്തരീക്ഷത്തിലേയ്ക്കാണ് ഈ പ്രമേയത്തിന്റെ ബീജം ചെന്ന് പതിക്കുന്നത്. പരിപാടി ഇന്‍സ്റ്റന്റ് ഹിറ്റായി എന്ന് ചുരുക്കം.

സംഗതി ഹിറ്റായെങ്കിലും പബ്‌ളിസിറ്റി ഏറിയ കൂറും നെഗറ്റീവ് പബ്‌ളിസിറ്റി ആയെന്നതിനാലും അതില്‍ ബ്രിട്ടാസ് എന്ന അവതാരകനും പ്രതി ചേര്‍ക്കപ്പെട്ടു എന്നതിനാലും കൈരളി ചാനല്‍ പിന്നീട് വിഷയത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കുവാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ആ നിലയ്ക്കാണ് എന്‍പി ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. അതിലൂടെ അദ്ദേഹം മുമ്പോട്ട് വച്ച വിചിത്രമായ ചില വാദങ്ങളിലൂടെയാണ് സാധാരണ ഗതിയില്‍ താരതമ്യനെ സാധ്യമല്ലാത്ത രണ്ട് കൃതികളായ 'ബിരിയാണി' എന്ന കഥയും 'പടര്‍പ്പ്' എന്ന കവിതയും മുഖാമുഖം വരുന്നത്.

'ഈ മാസം രണ്ടു വിവാദങ്ങളുണ്ടായി. ഒന്ന്, 'ബിരിയാണി' കഥയെപ്പറ്റി. രണ്ട്, 'പടര്‍പ്പ്' കവിതയെപ്പറ്റി. രണ്ടും മാധ്യമ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവാദങ്ങളായിരുന്നു. എന്നിട്ടും ഇവ മുന്നോട്ടു പോയത് രണ്ടു രീതിമാര്‍ഗത്തിലൂടെയാണ്. ഒന്നാമത്തെ വിവാദത്തില്‍ കഥയും കഥാകൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കഥ വന്ന പ്രസിദ്ധീകരണത്തെയോ അതിന്റെ പത്രാധിപരെയോ വിവാദികള്‍ ആക്രമിച്ചില്ല. രണ്ടാമത്തെ വിവാദത്തില്‍ കവിയ്ക്കും കവിതയ്ക്കുമൊപ്പം കവിതയ്ക്ക് ഇടമൊരുക്കിയ ചാനലും കവിത വന്ന പരിപാടിയും അതിന്റെ അവതാരകനും ആക്രമിക്കപ്പെട്ടു.' എന്നതും അതിന് കാരണം, 'മാതൃഭൂമി ആഴ്ചപ്പതിപ്പിനില്ലാത്ത എന്തോ 'പോരായ്ക' കൈരളി ടിവിയ്ക്കുണ്ട്. എം.പി ഗോപിനാഥിനില്ലാത്ത ഏതോ 'ദലിതത്വം' ജോണ്‍ ബ്രിട്ടാസിനുണ്ട്.' എന്ന നിഗമനവുമാണ് ദീര്‍ഘമായ ആ പോസ്റ്റില്‍ മര്‍മ്മപ്രധാനമായവ എന്ന് തോന്നുന്നു.

തെറ്റിപ്പോയ താരതമ്യം
ഈ വിഷയത്തെ മൂന്ന് തലങ്ങളില്‍ നിന്ന് സമീപിക്കേണ്ടതുണ്ട്. ഒന്ന്, ഈ രണ്ട് വിവാദങ്ങളും സമാന സ്വഭാവമുള്ളവയാണോ എന്നതാണ്. അങ്ങനെ ആണെങ്കില്‍ മാത്രമേ അവയോടുള്ള സമീപനവും ഒന്നാകേണ്ടതുള്ളു. അത്തരം ഒന്ന് നടക്കാതിരിക്കുമ്പോള്‍ മാത്രമാണ് അതിന്റെ കാരണത്തെ പ്രസ്തുത സംഭവങ്ങളുടെ മെറിറ്റിന് പുറത്ത് അന്വേഷിക്കുകയും 'ദളിതത്വം' പോലെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതും ഉള്ളു. ഇല്ലെങ്കില്‍ അത് ഫലത്തില്‍ ദളിത് പ്രശ്‌നങ്ങളെ ന്യൂനവത്ക്കരിക്കുന്ന, അപഹസിക്കുന്ന ഒന്നായി മാറും.

രണ്ടാമത്തെ പ്രശ്‌നം ഇവ രണ്ടും മാധ്യമ ഉള്ളടക്കവുമായി ബന്ധപ്പെട്ടവ ആയിരുന്നോ എന്നതാണ്. മാതൃഭൂമിയില്‍ വന്ന ഒരു കഥയും കൈരളിയില്‍ വന്ന ഒരു കവിതയും എന്ന് സാമാന്യവത്ക്കരിക്കാന്‍ പറ്റാത്തവണ്ണം സവിശേഷമായ വ്യത്യാസങ്ങള്‍ ഒരു അച്ചടി മാധ്യമത്തിനും ദൃശ്യമാധ്യമത്തിനും ഇടയില്‍ നിലനില്‍ക്കുന്നില്ലേ? ഒരു അച്ചടി മാധ്യമം എന്ന നിലയില്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ കുറിപ്പുകളുടെയും നിലവാര ബന്ധിയായ യോഗ്യത ഉറപ്പുവരുത്താന്‍ അവര്‍ക്ക് ബാധ്യതയുണ്ട് എന്ന് തത്വത്തില്‍ സമ്മതിച്ചാലും അവയുടെ സൂക്ഷ്മ, രാഷ്ട്രീയ, സാംസ്‌കാരിക ഉള്ളടക്കങ്ങളില്‍, അവ ഉയര്‍ത്തുന്ന വിമര്‍ശന സാധ്യതകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡിന് പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നതില്‍ കവിഞ്ഞ് സംവാദാത്മകമായ ഒരു ഇടപെടല്‍ നടത്താന്‍ ആ മാധ്യമത്തിന്റെ സവിശേഷ സ്വഭാവം ഇടമനുവദിക്കുന്നില്ല. എന്നാല്‍ ഒരു ചാനലില്‍ വിഷയം തിരഞ്ഞെടുത്ത് അതിഥികളെ ക്ഷണിച്ച് വരുത്തി നടത്തുന്ന ഒരു പരിപാടിയില്‍ മോഡറേറ്റര്‍ കൂടിയായ അവതാരകന് അത്തരം ഒരു സവിശേഷ ഇടമുണ്ട്; ഒരു 'വേറിട്ട ചാനലി'നെ നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായകമായ ഇടം. ആ ഇടത്തെ പ്രസ്തുത അവതാരകന്‍ എന്ത് താല്പര്യം മുന്‍ നിര്‍ത്തി ഉപയോഗിച്ചു എന്നതാണ് രണ്ടാമത്തെ വിവാദത്തില്‍ അദ്ദേഹവും ചാനല്‍ തന്നെയും കക്ഷിയാവുന്നതിന്റെ സവിശേഷമായ കാരണവും.

ബിരിയാണി എന്ന കഥ വിമര്‍ശിക്കപ്പെട്ടത് അതിന്റെ ഉള്ളടക്കത്തില്‍ ആരോപിക്കപ്പെട്ട 'ഇസ്‌ളാമോഫോബിയ' മുന്‍നിര്‍ത്തിയായിരുന്നു. ആ വിമര്‍ശനത്തിന്റെ സാധുതയെക്കുറിച്ച് സംവാദം സാധ്യമാണ് എന്ന് ഇതിന്റെ ഒന്നാം ഭാഗത്തില്‍ പ്രസിദ്ധീകരിച്ച കഥയുടെ വിശദമായ പഠനം വ്യക്തമാക്കുന്നു. എന്നാല്‍ 'പടര്‍പ്പ്' എന്ന കവിതയുടെ പ്രതിലോമകരമായ ഉള്ളടക്കം പ്രത്യക്ഷവും തര്‍ക്കസാധ്യതയില്ലാത്തവണ്ണം പ്രകടവുമാണ്. എല്ലാരും ബലാത്സംഗത്തിന് എതിരായി, അത് ചെയ്തയാളിനെതിരായി ചിന്തിക്കുമ്പോള്‍ അയാള്‍ക് അനുകൂലമായി ഒന്ന് ചിന്തിച്ച് നോക്കാം എന്ന 'കൗതുക'ത്തെ അയാളുടെ ചെറുപ്പവും രാഷ്ട്രീയ ചായ്വുമൊന്നും വച്ചല്ല അളക്കേണ്ടത്. അത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആണ്‍കോയ്മ അതിന്റെ ചരിത്രത്തിലുടനീളം നടത്തിപ്പോരുന്ന ലിംഗപരമായ ചൂഷണങ്ങള്‍ക്ക് സാധൂകരണയുക്തി കണ്ടെത്തി അതിനെ ആദര്‍ശവല്‍ക്കരിക്കുക എന്ന പേട്രിയാര്‍ക്കിയോളം തന്നെ പഴക്കമുള്ള അജണ്ടയുടെ ഏറ്റവും പുതിയ ഒരു ചൊല്‍ക്കാഴ്ചയാണ്. അതിനെ 'എന്നുവച്ച് നീ ബലാത്സംഗം ഒന്നും ചെയ്യരുത്' എന്നു പറഞ്ഞ് ന്യൂനവത്ക്കരിക്കുന്ന അവതാരകന്റെ സമീപനമാണ് ഈ രണ്ട് വിവാദങ്ങളും 'മാധ്യമ ഉള്ളടക്കത്തെ'ക്കുറിച്ചുള്ളതായിരുന്നു എന്ന ശ്രീ എന്‍പിയുടെ സാമാന്യവത്ക്കരണത്തെ അസാധുവാക്കുന്നത്.

മൂന്നാമത്തേത് മാതൃഭൂമിക്ക് ഇല്ലാത്ത എന്തോ ഒരു പോരായ്ക കൈരളി ടിവിക്കുണ്ട് എന്ന വിരുദ്ധോക്തിയിലാണ്. മാതൃഭൂമിക്ക് പത്രവും ആഴ്ചപതിപ്പും എന്നപോലെ ടിവി ചാനലുമുണ്ട്. കൈരളിക്ക് പത്രമോ ആഴ്ചപ്പതിപ്പോ ഉണ്ടെന്ന് തത്വത്തില്‍ പറയാനും പറ്റില്ല. അത് അങ്ങനെ നില്‍ക്കുമ്പോഴും ആഴ്ചപ്പതിപ്പിനെ ചാനലുമായി സമീകരിച്ചുള്ള 'ദളിത'ത്വ നിര്‍വചനം അംഗീകരിക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. കാരണം ടിവി ചാനലും ആഴ്ചപ്പതിപ്പും രണ്ട് വ്യതിരിക്ത മാധ്യമങ്ങളാണ് എന്നതും അവയില്‍ പൊതുബോധ രൂപീകരണവുമായി ബന്ധപ്പെട്ട് അധികാരവുമായുള്ള വിലപേശല്‍ സാധ്യത ചാനലിന് തന്നെയാണ് ബഹുദൂരം അധികമെന്നതും തന്നെ. അതായത് ചാനലും ആഴ്ചപ്പതിപ്പും ചേരുന്ന ശ്രേണിയില്‍ തൊഴിലാളി വര്‍ഗ്ഗ ചാനല്‍ എന്ന് അംഗീകരിച്ചാല്‍ പോലും പില്‍ക്കാല മുതലാളിത്തത്തിന്റെ കാലത്ത് ചാനല്‍ തന്നെയാവും മുകളില്‍.

ബിരിയാണിയും പടര്‍പ്പും
ബിരിയാണി വിവാദമായ കാലത്ത് സന്തോഷ് ഏച്ചിക്കാനവുമായി നിലവാരമുള്ള ഒരു അഭിമുഖം നടത്തിയ ആളാണ് എന്‍പി ചന്ദ്രശേഖരന്‍. എന്നിട്ടും അദ്ദേഹം ആ കഥയെ 'പടര്‍പ്പ്' പോലുള്ള ഒരു കവിതയുമായി താരത്മ്യം ചെയ്തു എന്നത്; ഒരുപക്ഷേ താരതമ്യം ചെയ്യാന്‍ നിര്‍ബന്ധിതനായി എന്നതുപോലും അതിശയകരമാണ്. ഒന്നാമത് എന്‍പിയും ഏച്ചിക്കാനവും സാമും (പിന്നീട് എവിടെയൊ വച്ച് ഈ വിവാദത്തില്‍ ഭാഗമാകുന്ന ഞാനും) പരസ്യമായി തന്നെ ഇടത് അനുഭാവം വച്ചു പുലര്‍ത്തുന്നവര്‍ ആണെന്നിരിക്കെ!

ഇവിടെ പ്രകടമാകുന്നത് സ്വത്വവാദത്തിന്റെ സാംസ്‌കാരിക യുക്തികള്‍ക്ക് അതിന് പ്രതിരോധം തീര്‍ക്കുന്നു എന്ന് വാദിക്കുന്നവര്‍ പോലും പരോക്ഷമായി അതിന്റെ ചിന്താ പദ്ധതികളുടെ ഇരകളാണെന്നതല്ലേ? കലയിലെ ഫോമും കണ്ടന്റും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടാകേണ്ടുന്ന ധനാത്മക വൈരുദ്ധ്യത്തെ കുറിച്ച് മാവോ സൂക്തമുണ്ട്.

"What we demand is the unity of politics and art, the unity of content and form, the unity of revolutionary political content and the highest possible perfection of artistic form. Works of art which lack artistic quality have no force, however progressive they are politically. Therefore, we oppose both works of art with a wrong political viewpoint and the tendency toward the "posters and slogan style" which is correct in political viewpoint but lacking in artistic power. On questions of literature, and art we must carry on a struggle on two fronts."- Mao Tse-tung.

സഖാവ് എന്ന കവിതയില്‍ സമരവും നവ സമൂഹ, രാഷ്ട്രീയ, സംസ്‌കാര നിര്‍മ്മിതിയില്‍ അതിനുള്ള പങ്കും, അതില്‍ സഖാവ് എന്ന വ്യക്തിക്ക് സംഭവിക്കുന്ന വ്യക്തിഗത നഷ്ടങ്ങളും ഒക്കെയായി വികസിപ്പിക്കാവുന്ന ഒരു പുരോഗമന ഉള്ളടക്കം ഉണ്ടെങ്കിലും രൂപബന്ധിയും ഘടനാപരവുമായ യാഥാസ്ഥിതികത്വം അതിനെ റദ്ദ് ചെയ്യുന്നു എന്നതാണ് പ്രശ്‌നം. രാഷ്ട്രീയ ഉള്ളടക്കവും കലാപരമായ പൂര്‍ണ്ണതയും തമ്മിലുള്ള തുലനം സാധ്യമാകാത്തതിനാല്‍ അത് സാമൂഹ്യ മാറ്റത്തിന്റെ ഉപകരണം എന്ന നിലയില്‍ പോലും മൂര്‍ച്ചയില്ലാത്ത ഒന്നായി തീരുന്നു എന്നേ ഉള്ളു. 'പടര്‍പ്പ്' എന്ന കവിതയും രൂപബന്ധിയായി സഖാവിന്റെ മാതൃക തന്നെ തുടരുന്ന ഒന്നാണ്. എന്നാല്‍ ഇവിടെ രുപവും ഉള്ളടക്കവും തമ്മിലുള്ള വൈരുധ്യം പോട്ടെ, ഉള്ളടക്കം തന്നെ പ്രകടമായും പിന്തിരിപ്പനും. ഈ പ്രശ്‌നത്തെയാണ് 'വേറിട്ട ചാന'ലിന്റെ ആത്മാവായ അവതാരകന്‍ 'എന്നുവച്ച് നീ ബലാത്സംഗമൊന്നും ചെയ്യരുത്' എന്ന് ഫലിതവല്‍ക്കരിക്കുന്നത്!

പടരുന്ന പ്രതിലോമ രാഷ്ട്രീയം
ഒരു കാലത്തും രാഷ്ട്രീയം, സമൂഹം, സംസ്‌കാരം, ചരിത്രം തുടങ്ങി കലയും സാഹിത്യവും വരെയും വെള്ളം കടക്കാത്ത അറകളായി പരസ്പരം വേറിട്ട് നിന്നിട്ടില്ല. എന്നാല്‍ ഈ ബന്ധങ്ങളില്‍ ഒക്കെയും ഒരുതരം വൈരുദ്ധ്യാത്മകത നിലനിന്നിരുന്നു താനും. 'പേട്രണ്‍'മാരെ തേടിയുള്ള കവികളുടെ പ്രവാസത്തെ കുറിച്ച് മനോജ് കുറൂറിന്റെ 'പാടം പൂത്ത് മലര്‍ന്ന നാള്‍' എന്ന നോവലില്‍ പറയുന്നു. എന്നാല്‍ ഈ തേടലിനും അധികാരത്തെ പുകഴ്ത്തിയുള്ള കാവ്യം ചമയ്ക്കലിലും സൂക്ഷ്മതലത്തില്‍ ചില വൈരുദ്ധ്യങ്ങളും ഉള്‍ചേര്‍ന്നിരുന്നു എന്ന് അതില്‍ തന്നെ സൂചനകളും ഉണ്ട്. ഗുപ്തവും സൂക്ഷ്മവുമായ വിമര്‍ശനത്തിന്റെ ഭാഷയും രൂപവുമാണ് കലയെ സര്‍ഗ്ഗാത്മകമാക്കുന്നത്. അനിവാര്യമെന്നോണം വ്യവസ്ഥയുടെ, അതിന്റെ അധികാരത്തിന്റെ തണലില്‍ തന്നെയാണ് കലാകാരനും നിലനില്‍ക്കുന്നത്. പക്ഷേ അയാള്‍ അവിടെനിന്ന് തന്റെ വ്യക്തിഗത അതിജീവനത്തെ സമൂഹത്തിന്റെ അതിജീവന സമരവുമായി സഖ്യപ്പെടുത്തുന്നത് വ്യതിരിക്തമായ വഴികളിലൂടെയാണ്. അതാണ് കലാകാരന്റെ മൗലീകത എന്നതും.

ഇത് കലയെയും കലാകാരി/രനെയും കുറിച്ചുള്ള സാമാന്യ വിവരണമാണെങ്കില്‍ സൂക്ഷ്മതലത്തില്‍ അത് അതാത് മാധ്യമങ്ങള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. പുതിയ കീര്‍ത്തനങ്ങള്‍ രചിച്ച് ചിട്ടപ്പെടുത്തി പാടിയതുകൊണ്ടല്ല എംഡി രാമനാഥന്‍ കര്‍ണ്ണാടക സംഗീത ലോകത്തെ വിപ്‌ളവകാരിയായത്. അതിന്റെ കാരണങ്ങള്‍ ആ സവിശേഷ ആവിഷ്‌കാര മാധ്യമത്തില്‍, അതിന്റെ ചരിത്രപരമായ പരിണാമത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ തിരഞ്ഞാല്‍ മാത്രമേ കിട്ടു. അതിന് നമ്മള്‍ തയ്യാറല്ലെങ്കില്‍ അയാള്‍ ഭക്തനായിരുന്നു, ബ്രാഹ്മണനായിരുന്നു അതുകൊണ്ട് പ്രതിലോമകാരിയുമായിരുന്നു എന്ന നിഗമനത്തില്‍ കേവല യുക്തിവാദ ബന്ധിയായ തീര്‍പ്പില്‍ എത്തേണ്ടിവരും. സമ്പൂര്‍ണ്ണ വിപ്‌ളവകാരി എന്ന ഒന്ന് വിപ്‌ളവം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുന്നതാണ്. അത് യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ചരിത്രപരമായ ധനാത്മക പരിണാമങ്ങളെ ഒരു സമഗ്ര പ്രത്യയശാസ്ത്ര വ്യാഖ്യാനത്തില്‍ കൊരുക്കുന്നതിലൂടെ സാധ്യമാകുന്ന ഒരു സാംസ്‌കാരിക ഹെഗമണിയാണ്. അതുകൊണ്ട് തന്നെ ആ മാറ്റത്തില്‍ നിന്ന് ഒരു മേഖലയ്ക്കും മാറി നില്‍ക്കാനാവില്ല; അഥവാ അത് സംഭവിച്ചാല്‍ വിപ്‌ളവം അപൂര്‍ണ്ണമാകും.

അപൂര്‍ണ്ണമായ ഏത് വിപ്‌ളവവും സ്വാഭാവികമായും ഒരു പ്രതിവിപ്‌ളവത്തിന്റെ ഗര്‍ഭപാത്രവുമാണ്. ഇവിടെയാണ് പ്രതിലോമ രാഷ്ട്രീയത്തിന്റെ വ്യാപനത്തെ ചെറുക്കാന്‍ പ്രത്യയശാസ്ത്രവും സംഘടനയും രാഷ്ട്രീയ അധികാരവും മാത്രം കൊണ്ട് ആവില്ല എന്ന് വരുന്നത്. അതിന് കലയും സാഹിത്യവും മുതല്‍ ശാസ്ത്രവും രാഷ്ട്രീയവും വരെയുള്ള ധൈഷണികമായ പരിണാമത്തിന്റെ സകല മേഖലകളെയും തമ്മില്‍ ഘടിപ്പിക്കുന്ന ഒരു ചാനല്‍, ഒരു വേറിട്ട ചാനല്‍; അത് പ്രതീക്ഷിക്കുകയും കിട്ടിയ മീഡിയോക്രിട്ടിയില്‍ ഇച്ഛാഭംഗം വന്നതുമായ ഒരു ന്യൂനപക്ഷത്തിന്റെ പ്രതികരണങ്ങള്‍ മാത്രമാണ് കൈരളിക്ക് എതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. എണ്ണം കൊണ്ട് അവ അനിവാര്യമായും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്യും. പിന്നെ എന്തിന് നിങ്ങള്‍ക്കീ ഈ 'ദളിത്' ഇരവേഷം കൂടി!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories