TopTop
Begin typing your search above and press return to search.

സാര്‍ത്ര് കണ്ടെത്തിയ മലബാറും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രവും

സാര്‍ത്ര് കണ്ടെത്തിയ മലബാറും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രവും

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയെപ്പറ്റി സാര്‍ത്രിന്റെ പ്രസിദ്ധമായ ഒരു നാടകമുണ്ട്-ക്രൈം പാഷണല്‍. പുതുതായി പാര്‍ട്ടിയില്‍ അംഗത്വം എടുത്ത ഹൂഗോ എന്ന യുവാവിന് അതിസാഹസികമായ ഒരു ദൗത്യം നിര്‍വ്വഹിക്കേണ്ടിവരുന്നു. പ്രഖ്യാപിതമായ തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് അധികാര ശക്തികളുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ തുനിയുന്ന പ്രധാനപ്പെട്ട നേതാവിനെ വധിക്കണം. അതിനായി ഹൂഗോയെ ആ നേതാവിന്റെ പെഴ്‌സണല്‍ സെക്രട്ടറിയായി പാര്‍ട്ടി നിയമിക്കുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഹൂഗോ തന്റെ ഭാര്യയുമായി ദീര്‍ഘമായി സംസാരിക്കുന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ പാര്‍ട്ടി ഏല്‍പ്പിച്ച രഹസ്യ ദൗത്യത്തെക്കുറിച്ച് പ്രിയതമ ജസീക്കയോട് അയാള്‍ പറഞ്ഞുപോകുന്നു.

രാഷ്ട്രീയ കൊലപാതകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പതിവുള്ളതായതിനാല്‍ ജസീക്ക അത്ഭുതപ്പെടുന്നില്ല. എന്നാല്‍ അതിനു നിയോഗിക്കപ്പെട്ട വ്യക്തി തന്റെ ഭര്‍ത്താവായതിനാല്‍ അനന്തര സംഭവഗതികളെപ്പറ്റി അവള്‍ ബോധവതിയാകുന്നു. പ്രധാന നേതാവ് വധിക്കപ്പെടുന്നതോടെ ഹൂഗോ പാര്‍ട്ടിയില്‍ ഉന്നതനായി മാറില്ലേ എന്ന്, ജസീക്ക ചോദിക്കുന്നു. 'തീര്‍ച്ചയായും' എന്നാണ് അതിന് അയാള്‍ നല്‍കുന്ന ഉത്തരം ''അപ്പോള്‍ ഒരിക്കല്‍ താങ്കളും വധിക്കപ്പെടാവുന്നതാണ്. അങ്ങനെ വന്നാല്‍ രാഷ്ട്രീയ രക്തസാക്ഷിയുടെ വിധവ എന്തു ചെയ്യണം'' - ജസീക്ക ചോദിച്ചു. ''അവള്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് തന്റെ ഭര്‍ത്താവ് പൂര്‍ത്തിയാക്കാതെ പോയ ദൗത്യം ഏറ്റെടുക്കണം'' - എന്ന് ഹൂഗോ വികാര ശൂന്യമായി മറുപടി പറഞ്ഞു. അപ്പോള്‍ ജസീക്ക പൊട്ടിത്തെറിച്ചു. അവള്‍ പറഞ്ഞു. ''അതിലും ഭേദം ഭര്‍ത്താവിന്റെ ശവക്കല്ലറയില്‍ വീണു മരിക്കുന്നതാണ്.'' ഹൂഗോയുടെ മറുപടി: ''ഇന്നത്തെക്കാലത്ത് എങ്ങും അങ്ങനാരും ചെയ്യാറില്ല; മലബാറില്‍ ഒഴികെ.''

രണ്ടാം ലോകമഹായുദ്ധകാലത്താണ് സാര്‍ത്ര് ഈ നാടകം എഴുതിയത്. എങ്കിലും ആദ്യമായി രംഗത്ത് അവതരിപ്പിക്കപ്പെട്ടത് യുദ്ധം കഴിഞ്ഞ് 1948 ജൂണ്‍ 16-ാം തീയതിയായിരുന്നു. നാടകം വിഭാവന ചെയ്യുന്ന കാലത്ത് കേരളം എന്ന സംസ്ഥാന ഇല്ല. മലബാര്‍ എന്നും തിരുവിതാംകൂര്‍ എന്നും കൊച്ചിയെന്നും അറിയപ്പെടുന്ന പ്രദേശമെല്ലാം ചേര്‍ന്ന് ഇന്നത്തെ കേരളം ഉണ്ടായത് സാര്‍ത്രിന്റെ നാടകം പിറന്ന് പത്തുകൊല്ലം കഴിഞ്ഞാകണം. എങ്കിലും മലബാര്‍ എന്ന് യൂറോപ്പില്‍ അറിയപ്പെടുന്ന സ്ഥലം ഇന്നത്തെ കേരളം തന്നെ. ഭര്‍ത്താവ് മരിച്ചാല്‍ വിധവ അയാളുടെ ചിതയില്‍ ചാടി മരിക്കണം എന്ന സാമൂഹിക ദുരാചാരം 'സതി' എന്ന പേരില്‍ നിലനിന്നുപോന്നത് ഉത്തരേന്ത്യയിലായിരുന്നു. ബംഗാളിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ രാജാറാം മോഹന്‍ റോയിയുടെ പരിശ്രമഫലമായി വില്യം ബന്‍ഡിംഗ് എന്ന കോളനി ഭരണാധികാരി 'സതി' പത്തൊമ്പതാം നൂറ്റാണ്ടില്‍ നിരോധിച്ചു. അതിനുശേഷവും ഉത്തരേന്ത്യയില്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചില വിധവകള്‍ ചാടി മരിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലും സതി ആചരണം നടന്നിരിക്കുന്നു. പക്ഷേ കേരളത്തില്‍ അറിയപ്പെടുന്ന ചരിത്രകാലങ്ങളിലൊന്നും ഇങ്ങനൊരു ദുരാചരണം ഉണ്ടായിരുന്നതായി കേട്ടുകേള്‍വിയില്ല. പിന്നെങ്ങനെ തത്വചിന്തകനും എഴുത്തുകാരനും ആയ ജീന്‍ പോള്‍ സാര്‍ത്ര് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് തന്റെ പ്രധാനപ്പെട്ട ഒരു കൃതിയില്‍ ഇങ്ങനെ പരാമര്‍ശിക്കാന്‍ ഇടയായി എന്നത് വിസ്മയകരമാണ്. പി. കൃഷ്ണപിള്ളയും എന്‍.സി. ശേഖറും മലബാര്‍ പ്രദേശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കാലമാണത്. കോണ്‍ഗ്രസ്സില്‍ നിന്ന് ഇ.എം.എസ്. സോഷ്യലിസ്റ്റ് പക്ഷത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിക്കഴിഞ്ഞു. പിണറായി ഗ്രാമത്തില്‍ കമ്യൂണിസ്റ്റ് അനുഭാവികളുടെ ആദ്യയോഗം നടന്നു. ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യമാകാന്‍ തയ്യാറെടുക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കേരളത്തെപ്പറ്റി ഇങ്ങനെ തെറ്റിദ്ധാരണാജനകമായ ഒരു പരാമര്‍ശം നടത്തിയത് അക്കാലത്തെ ആശയവിനിമയോപാധികളുടെ പോരായ്മകൊണ്ടായിരിക്കുമോ?

പാരീസില്‍ ഇരുന്ന് 1940കളില്‍ സാര്‍ത്രിനെപ്പോലൊരു എഴുത്തുകാരന് ഇന്ത്യയെ അറിയില്ലെന്ന് ഭാവിക്കാന്‍ കഴിയില്ല. മലബാര്‍ പല കാരണങ്ങളാല്‍ യൂറോപ്പിലെങ്ങും പ്രശസ്തമാണ്. ഇന്ത്യയിലെ മറ്റൊരു ദേശത്തിനും ലഭിക്കാത്ത താല്‍പ്പര്യം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മലബാറിനോടുണ്ട്. ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരത്തില്‍ തുറമുഖത്തിനടുത്തുള്ള തെരുവിന് 'മലബാര്‍ സ്ട്രീറ്റ്' എന്ന് പേരുള്ള കാര്യം മഹാനായ സഞ്ചാരസാഹിത്യകാരന്‍ എസ്.കെ. പൊറ്റേക്കാട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും 'സതി'യെന്ന ദുരാചാരം ഭൂമുഖത്ത് മലബാറില്‍ മാത്രമേ ഉള്ളൂ എന്ന് പാരീസില്‍ ഇരുന്നു ആധുനിക കാലത്ത് ഒരാള്‍ ഭാവനചെയ്തു. അതും ജീന്‍പോള്‍ സാര്‍ത്രിനെപ്പോലൊരാള്‍.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഇരുണ്ട പരിഹാസങ്ങള്‍കൊണ്ട് കമ്യൂണിസത്തെ പ്രഹരിക്കുന്ന നാടകമാണ് 'ക്രൈം പാഷണല്‍.' വിപ്ലവകാരിയുടെ വിധവയാകുന്നതിലും ഭേദം മരണമാണെന്ന് കരുതുന്ന ജസീക്ക പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നുണ്ട്. വഴിതെറ്റുന്ന നേതാക്കളെ വശീകരിച്ച് കൊല്ലാന്‍ സൗന്ദര്യം നല്ല ആയുധമാണെന്ന് അവള്‍ ഭര്‍ത്താവിനോട് പറയുന്നു. അതിനാല്‍ പാര്‍ട്ടിയുടെ ഉന്നത നേതാവിനെ ഇല്ലാതാക്കാന്‍ ഹൂഗോയെക്കാള്‍ ഭേദം താനാണെന്ന് ജസീക്ക വിശ്വസിക്കുന്നു. പക്ഷേ പാര്‍ട്ടി ആ ജോലി ഹൂഗോയെ ആണ് ഏല്‍പ്പിച്ചിരിക്കുന്നത്. വിടുവായനും കാല്‍പ്പനികവാദിയും പലപ്പോഴും ദുര്‍ബ്ബലനുമായ ഹൂഗോ ബൂര്‍ഷ്വ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. പാര്‍ട്ടി പറഞ്ഞില്ലെങ്കിലും നേതാവിനെ കൊല്ലാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. അയാളുടെ യുവമനസ്സിന്റെ ഇച്ഛയ്ക്ക് ഇണങ്ങിയ ജോലി തന്നെ പാര്‍ട്ടി ഏല്‍പ്പിച്ചതില്‍ വളരെ ആഹ്ലാദഭരിതനാണ്. നേതാവിന്റെ സെക്രട്ടറിയാകുന്നതിന് മുമ്പ് പാര്‍ട്ടി പത്രത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമാംവിധം പ്രവര്‍ത്തിച്ചിട്ടുള്ള ഹൂഗോ വായിക്കുന്ന പുസ്തകങ്ങള്‍ ഏതെല്ലാമെന്ന് നേതാവ് പരിശോധിച്ചു. മാര്‍ക്‌സ്, ഹെഗല്‍ എന്നിവര്‍ക്കു പുറമേ ലോര്‍ക്ക, ഡിലാന്‍തോമസ്, എലിയട്ട് എന്നിവരുടെ കൃതികള്‍ ഹൂഗോ വായിക്കുന്നതായി നേതാവ് കണ്ടെത്തുന്നു. ഹെഗലും മാര്‍ക്‌സും കൊള്ളാം; മറ്റുള്ളവരെ അറിയില്ലെന്ന് നേതാവ് പറയുന്നു. അവരെല്ലാം കവികളാണെന്ന് ഹൂഗോ അറിയിക്കുന്നു. കവിത പെരും നുണയായതിനാല്‍ താന്‍ വായിക്കാറില്ലെന്ന് നേതാവ്. തന്റെ സെക്രട്ടറിയുടെ പെട്ടിയിലും ജാക്കറ്റിലും ഒരു കൈത്തോക്ക് ഒളിപ്പിച്ചിട്ടുണ്ടെന്ന ദൃഢവിശ്വാസത്തില്‍ അംഗരക്ഷകരെക്കൊണ്ട് നേതാവ് വിശദമായി പരിശോധിപ്പിക്കുമ്പോള്‍ ഹൂഗോ വിഷമിക്കുന്നു. എന്നാല്‍ കൈത്തോക്ക് ജസീക്ക ഗോപ്യമായി തന്റെ കോട്ടില്‍ ഒളിപ്പിച്ചത് അംഗരക്ഷകര്‍ കണ്ടുപിടിച്ചില്ല!

ക്രൈം പാഷണല്‍ എന്ന നാടകം സാര്‍ത്രിന്റെ ഇതര കൃതികള്‍ പോലെ കേരളത്തില്‍ വേണ്ടവിധം ചര്‍ച്ചചെയ്യപ്പെട്ടില്ല. അസ്തിത്വ ചിന്തകളും നവമാര്‍ക്‌സിസവും സാഹിത്യവിമര്‍ശകര്‍ നാല് ദശകം മുമ്പ് കേരളത്തില്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. 'അസ്തിത്വവും ശൂന്യതയും' എന്ന കൃതി ഇവിടെ പാഠ്യവിഷയം പോലുമായി. മലബാര്‍ എന്ന പദം ഉണ്ടായിരുന്നിട്ടുപോലും സാര്‍ത്രിന്റെ ആരാധകര്‍ ഈ നാടകം കേരളത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നത് അതിലെ കമ്യൂണിസ്റ്റ് വിരുദ്ധപരിഹാസം കൊണ്ടായിരുന്നോ? കെ.പി. അപ്പന്‍ 1980ല്‍ സാര്‍ത്ര് അന്തരിച്ചശേഷം മനോഹരമായ ഒരു തൂലികാ ചിത്രം എഴുതിയിരുന്നു. അതിലും ഈ നാടകം പരാമര്‍ശിക്കപ്പെട്ടില്ല.വികാരപരമായ ആവേശത്താല്‍ മനപ്പൂര്‍വ്വമല്ലാതെ ചെയ്തുപോകുന്ന കുറ്റകൃത്യമെന്ന നിലയിലേക്ക് ഹൂഗോയുടെ കൊലപാതകത്തെ ചുരുക്കി ശിക്ഷയില്‍ ഇളവു നേടുന്നു. അങ്ങനെ രണ്ടു വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് നല്ല നടപ്പുജാമ്യത്തില്‍ പുറത്തുവന്ന ഹൂഗോ പാര്‍ട്ടിയിലെ ഒരു യുവ അംഗമായ ഓള്‍ഗയുടെ ഫ്‌ളാറ്റില്‍ എത്തുന്നതോടെ ക്രൈം പാഷണല്‍ എന്ന നാടകം ആരംഭിക്കുന്നു. വായാടിയും സൗന്ദര്യാരാധകനും ദുര്‍ബല ഹൃദയനുമാണ് ഹൂഗോ എന്നതിനാല്‍ നേതാവിനെ വകവരുത്തിയതിന്റെ നിഗൂഢതകള്‍ പുറത്താകുമോ എന്ന് പലരും ഭയപ്പെടുന്നു. ഇപ്പോഴത്തെ പ്രമുഖ നേതാവ് ലൂയിസ് ആണ്. ജയില്‍ മോചിതനായ ഹൂഗോ നേരെ ഓള്‍ഗയുടെ സങ്കേതത്തില്‍ എത്തുമെന്ന് നിശ്ചയമുള്ള ലൂയിസ് രഹസ്യങ്ങളെല്ലാം ഒരു വെടിയുണ്ടയാല്‍ മൂടിക്കളയാമെന്ന വിചാരത്തില്‍ അവിടെ എത്തുന്നു. എന്നാല്‍ ഹൂഗോയോട് അനുരാഗമുള്ള ഓള്‍ഗ അയാളുടെ വായടപ്പിച്ചുകൊള്ളാമെന്ന് ലൂയിസിന് വാക്കുകൊടുത്ത് തിരിച്ചയയ്ക്കുന്നു. തന്റെ ഭാര്യ ജസീക്ക ഇപ്പോള്‍ ലൂയിസിന്റെ കാമുകിയാണെന്ന് ഓള്‍ഗയില്‍ നിന്ന് ഹൂഗോ അറിയുന്നുണ്ട്. മരണത്തെ ഭയമില്ലെങ്കിലും ലൂയിസ് തന്നെ വധിക്കാനാണ് എത്തിയതെന്ന് മനസ്സിലാക്കി ഹൂഗോ ദുഃഖിക്കുന്നു. കാരണം അയാളാണ് മുമ്പ് നേതാവിനെ കൊല്ലാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന നിയോഗം ഹൂഗോയെ അറിയിച്ചത്. അത് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി തീരുമാനിമായിരുന്നോ ലൂയിസിന്റെ വ്യക്തിപരമായ ആവശ്യമായിരുന്നോ എന്ന സന്ദേഹത്തില്‍ അകപ്പെടുന്ന ഹൂഗോ തന്റെ ഏറ്റവും വലിയ ശത്രു ധനികനും ബുദ്ധിജീവിയുമായ സ്വന്തം പിതാവാണെന്ന് വിശ്വസിക്കുന്നു.

മലബാര്‍ എന്ന വാക്ക് സാര്‍ത്ര് ഈ നാടകത്തില്‍ തെറ്റായിട്ടും അര്‍ത്ഥശൂന്യമായിട്ടും പ്രയോഗിച്ചു എന്ന് പറയുമ്പോള്‍ മറ്റൊരു തീവ്രയാഥാര്‍ത്ഥ്യം നാടകത്തിന്റെ പൊതു ആശയവുമായി ഇണങ്ങിപ്പോകുന്നുണ്ട്. അത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്. അഴീക്കോടന്‍ രാഘവന്‍ മുതല്‍ റെനിഗേഡ് ആയിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വരെ നീളുന്ന രക്തസാക്ഷികളുടെ സ്വകാര്യജീവിതം ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെട്ടേക്കാം. ഇന്ന് നമുക്ക് നാടകം ജീവിതമല്ല. എന്നാല്‍ ജീവിതം സങ്കീര്‍ണ്ണവും ദുരന്തഭരിതവും ആയ നാടകമാണെന്ന സത്യം ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories