TopTop
Begin typing your search above and press return to search.

ഭക്തി ദൈവത്തോട് മാത്രം, ദേശീയഗാനം ആലപിക്കില്ല; യഹോവയുടെ സാക്ഷികള്‍ വീണ്ടും സുപ്രീം കോടതിയില്‍

ഭക്തി ദൈവത്തോട് മാത്രം, ദേശീയഗാനം ആലപിക്കില്ല; യഹോവയുടെ സാക്ഷികള്‍ വീണ്ടും സുപ്രീം കോടതിയില്‍

ക്രിസ്തീയ മതവിഭാഗമായ 'യഹോവയുടെ സാക്ഷികള്‍' ദേശീയ ഗാന വിഷയവുമായി വീണ്ടും സുപ്രീം കോടതിയില്‍ എത്തിയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് ദേശീയ ഗാന വിഷയത്തില്‍ ബിജോയ് ഇമ്മാനുവേല്‍ കേസുമായി മുന്നോട്ടു പോയി നീതി നേടിയെടുത്ത 'യഹോവയുടെ സാക്ഷികള്‍' ഇപ്പോള്‍ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത് സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കണമെന്ന കോടതി വിധിക്കെതിരെയാണ്. 2016 നവംബര്‍ 30-നായിരുന്നു ഫീച്ചര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തിയേറ്റര്‍ ഹാളില്‍ ദേശീയ ഗാനം ആലപിക്കണമെന്നും ഈ സമയത്ത്‌ ബഹുമാന സൂചകമായി ഹാളിലുള്ള എല്ലാവരു എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള വിധി വന്നത്. ഇതിനെതിരെയാണ് 'യഹോവയുടെ സാക്ഷികള്‍' സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി ഫെബ്രുവരി 14-നാണ് വാദം കേള്‍ക്കുന്നത്.

എറണാകുളം കിങ്ഡം ഹാള്‍ 'യഹോവയുടെ സാക്ഷികള്‍' സഭയില്‍ അംഗമായ പൗലോസ് തങ്ങളുടെ നിലപാടുകളെക്കുറിച്ച് പറയുന്നതു ഇങ്ങനെയാണ് - 'ഞങ്ങള്‍ ഒന്നിനോടും അനാദരവ് കാട്ടാറില്ല. ദേശീയ ഗാനത്തോടും രാജ്യത്തോടും ആദരവും ബഹുമാനവുമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഭക്തി ദൈവത്തോട് മാത്രമാണ്. അതുകൊണ്ട് തന്നെയാണ് ദേശീയ ഗാനം ഞങ്ങള്‍ ചൊല്ലാത്തത്. ഞങ്ങളുടെ വിശ്വാസപ്രകാരം ഭക്തിയോട് ചെയ്യേണ്ടതെല്ലാം ദൈവത്തോട് മാത്രമാണ്. ദേശീയഗാനത്തിലെ വരികള്‍ ഭക്തിയാണ്. അതാണ് ഞങ്ങള്‍ ദേശീയ ഗാനം ആലപിക്കാത്തത്. ദേശീയഗാന സമയത്ത് ആദരവോടുകൂടി ഞങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്.'

'യഹോവയുടെ സാക്ഷികള്‍' വീണ്ടും ദേശീയ ഗാന വിഷയവുമായി കോടതിയില്‍ എത്തുമ്പോള്‍ നമ്മുടെ നിയമചരിത്രത്തിലെ സുപ്രധാനമായൊരു കേസിന്റെ

ആവര്‍ത്തനമാണോ എന്ന് തോന്നിപോകുന്നു. 1986-ല്‍ ഇന്ത്യയുടെ ഭരണഘടനയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു 'യഹോവയുടെ സാക്ഷികള്‍' മതവിശ്വാസിയായിരുന്ന ബിജോയ് ഇമ്മാനുവേലും കേരളാ സ്റ്റേറ്റും തമ്മിലുള്ള കേസ്. 1985 ജുലൈ 26-ന് കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം ചൊല്ലിയപ്പോള്‍ കൂടെ ചൊല്ലിയില്ല എന്നതിന്റെ പേരില്‍ ബിജോയ്, സഹോദരിമാരായ ബിനു, ബിന്ദു എന്നീ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഇതായിരുന്നു കേസിന്റെ തുടക്കം. നടപടിയെ അന്നത്തെ ഡെപ്യൂട്ടി സ്‌കൂള്‍ ഇന്‍സ്പക്ടര്‍ ശരിവെച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ പിതാവ്

പ്രൊഫ. ഇമ്മാനുവല്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ഈ വിഷയം അന്നത്തെ എംഎല്‍എയായിരുന്ന വി സി കബീര്‍ നിയമസഭയില്‍ ഉന്നയിച്ചു. വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി എം ജേക്കബ് പ്രശ്നം അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. കുട്ടികള്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് പ്രശ്നത്തില്‍ പരാതിയില്ലെന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. പക്ഷേ കുട്ടികള്‍ക്ക് സ്‌കൂളില്‍ തുടര്‍ന്നു പഠിക്കണമെങ്കില്‍ ദേശീയഗാനം കൂടെ ചൊല്ലിക്കൊള്ളാമെന്ന് എഴുതി നല്‍കാന്‍ മാത്രമേ അനുവദിക്കുള്ളൂവെന്നായിരുന്നു ജില്ല വിദ്യാഭ്യാസ ഓഫീസറുടെ നിലപാട്. യഹോവ സാക്ഷി വിശ്വാസികളായ ആ സ്‌കൂളിലെ മറ്റ് ഒമ്പത് വിദ്യാര്‍ത്ഥികളെ കൂടി സസ്‌പെന്‍ഡ് ചെയ്തു. മതവിശ്വാസ പ്രകാരം ദൈവത്തെയല്ലാതെ മറ്റാരെയും ആരാധിക്കരുത്. ദേശീയ ഗാനം ഒരു പ്രാര്‍ത്ഥനയാണെന്നും ആയതിനാല്‍ അത് കൂടെ ചൊല്ലുന്നതില്‍ നിന്നും ഒഴിവാക്കണം. എന്നായിരുന്നു വിശ്വാസികളുടെ ആവിശ്യം. എഴുന്നേറ്റ് നിന്ന് ആദരവ് കാണിച്ചു കൊള്ളാമെന്നും കുട്ടികളുടെ അച്ഛനായ പ്രൊഫ. ഇമ്മാനുവല്‍ പറഞ്ഞെങ്കിലും സസ്പെന്‍ഷന്‍ തുടരുകയായിരുന്നു.

ബിജോയ് ഇമ്മാനുവേല്‍ കേസിന്റെ സുപ്രീം കോടതി വിധി- https://goo.gl/AtucNe

കേസ് കേരള ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ദേശീയഗാനം ആലപിക്കാത്ത കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കണ്ട എന്ന വിധി വന്നു. ഒരു പൗരന് ഇവിടെ പഠിക്കാനുള്ള അവകാശം ലഭിക്കുന്നില്ലെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം, ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം എന്നിവ സംരക്ഷിക്കപ്പെടുന്നില്ലെന്നുമായിരുന്നു പരാതിക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് തള്ളിയ പരാതി ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിട്ട് പറഞ്ഞത്- ദേശീയഗാനത്തിന്റെ ആശയമോ വരികളോ ഏതെങ്കിലും മതവിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ളതല്ലെന്നാണ്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഇമ്മാനുവേല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതോടു കൂടി കേസ് രാജ്യശ്രദ്ധ നേടി. ബിജോ ഇമ്മാനുവലും കേരള സര്‍ക്കാരും തമ്മിലുള്ള നിയമപോരാട്ടം എന്ന നിലയിലേക്ക് കേസ് മാറി.

കേസ് സുപ്രീം കോടതിയില്‍ പരിഗണിച്ച ഒ ചിന്നപ്പ റെഡ്ഡി അധ്യക്ഷനായ പ്രത്യേക ബഞ്ച് ഹൈക്കോടതിയെയും അവരുടെ വിധിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്- 'യഹോവ സാക്ഷികളുടെ മത വിശ്വാസ രീതികള്‍ ആശ്ചര്യം തോന്നുന്നവയാകാം. എന്നാല്‍ അവര്‍ അവരുടെ മതവിശ്വാസത്തോട് കാണിക്കുന്ന വിശ്വസ്യതയെ ചോദ്യം ചെയ്യാനാകാത്തതാണ്. എല്ലാ ഇന്ത്യന്‍ പൗരനും ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ബഹുമാനിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. ദേശീയ ഗാനത്തിനൊപ്പം എഴുന്നേറ്റ് നില്‍ക്കാതിരുന്നാല്‍ അത് മനപൂര്‍വ്വം ചെയ്യുന്ന പ്രവര്‍ത്തിയായതിനാല്‍ കുറ്റകരമാണ്. ആദരവ് കാണിക്കാനായി എഴുന്നേറ്റ് നിന്നാല്‍ മതി. ദേശീയഗാനം കൂടെ ചൊല്ലണമെന്നില്ല. ദേശീയഗാനം ആലപിക്കണമെന്നുള്ളത് കേരള വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പ് തല നിര്‍ദ്ദേശം മാത്രമാണ്.' കൂടാതെ കേസ് നടത്താന്‍ ചിലവായ തുക കേരള സര്‍ക്കാര്‍ നല്‍കണമെന്നും വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നും, യഹോവയുടെ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയഗാനം പാടാതെ സ്‌കൂളില്‍ പഠിക്കാനുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും സുപ്രീംകോടതി വിധിച്ചു. കേസു കാരണം ആ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമായിയെങ്കിലും അനുകൂല വിധി അവര്‍ക്ക് ലഭിച്ചു. ബിജോയും സഹോദരിമാരും ഒരു ദിവസം സ്‌കൂളില്‍ ചെന്നിട്ട് അവര്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് വീട്ടിലിരുന്ന് കൊണ്ടുള്ള പഠനം തുടര്‍ന്നു.

രവീന്ദ്രനാഥ ടാഗോര്‍ രചിച്ചു സംഗീതം നല്‍കിയ ബ്രഹ്മസൂക്തത്തിലേ വരികളാണ് ദേശീയഗാനമായി സ്വതന്ത്ര്യ ഇന്ത്യ സ്വീകരിച്ചത്. ജനഗണമനയ്ക്ക് അഞ്ചു ചരണങ്ങളാണുള്ളത്. ഇതിലെ ആദ്യത്തെ ചരണമാണ് നമ്മുടെ ദേശീയഗാനം. ഇത് പ്രാര്‍ത്ഥനയാണെന്നാണ് 'യഹോവയുടെ സാക്ഷികളായിട്ടുള്ള വിശ്വാസികള്‍ പറയുന്നത്. ദേശീയ ഗാനത്തിന്റെ അര്‍ത്ഥം നോക്കിയാല്‍ അത് ശരിയാണെന്ന് തോന്നും.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ബ്രട്ടീഷ് പത്രത്തില്‍ ദീപു എസ് നായര്‍ വിശദീകരിച്ചതാണ് ചുവടെ കൊടുക്കുന്നത്. ലിങ്ക്-

ചരണം-1

ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,

പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്കല ബംഗാ,

വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,

തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,

ഗാഹേ തവജയഗാഥാ,

ജനഗണമംഗലദായക ജയഹേ ഭാരത ഭാഗ്യവിധാതാ.

ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!

മലയാള പരിഭാഷ:

സര്‍വ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാള്‍, എന്നീ പ്രദേശങ്ങളും വിന്ധ്യന്‍, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തില്‍ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണര്‍ന്നു അവിടത്തെ ശുഭാശിസ്സുകള്‍ പ്രാര്‍ഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങള്‍ ആലപിക്കുന്നു. സര്‍വ്വ ജനങ്ങള്‍ക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ബ്രഹ്മസൂക്തത്തിലേ ബാക്കി വരികള്‍

ചരണം-2

അഹ രഹ തവ ആഹ്വാന പ്രചാരിത, ശുനി തവ ഉദാരവാണീ

ഹിന്ദു ബൌദ്ധ ശിഖ ജൈന പാരസിക മുസലമാന ഖ്‌റിസ്ടാനീ

പൂരബ പശ്ചിമ ആസെ തവ സിംഹാസന പാശെ

പ്രേമഹാര ഹയ ഗാന്ഥാ

ജനഗണ ഐക്യ വിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,

ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ:

അവിടുത്തെ ആഹ്വാനം എന്നുമെങ്ങും പ്രചരിക്കുന്നു. അവിടുത്തെ മഹത്തായ വാക്കുകള്‍ കേട്ട് ഹൈന്ദവരും ബൗദ്ധരും സിക്കുകാരും ജൈന മതസ്ഥരും പാഴ്‌സികളും മുസല്‍മാന്മാരും ക്രിസ്ത്യാനികളും പൗരസ്ത്യരും പാശ്ചാത്യരും അവിടത്തെ സിംഹാസനത്തിനു സമീപം വന്നെത്തുന്നു. പ്രേമഹാരങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. ജന സമൂഹത്തിനു ഐക്യം പകരുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം -3

പതന അഭ്യുദയ ബന്ധുര പന്ഥാ യുഗ യുഗ ധാവിത യാത്രീ

ഹേ ചിര സാരഥീ തവ രഥ ചക്രേ മുഖരിത പഥ ദിന രാത്രീ

ദാരുണ വിപ്ലവ മാഝെ തവ ശംഖ ധ്വനി ബാജേ

സങ്കട ദുഃഖ ത്രാതാ

ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യ വിധാതാ,

ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ:

പാതയാകട്ടെ പതനവും അഭ്യുദയവും കൊണ്ട് നിരപ്പില്ലാത്തതാണ്. യുഗയുഗങ്ങളായി യാത്രികര്‍ സഞ്ചരിച്ചു കൊണ്ടുമിരിക്കുന്നു. ഹേ നിത്യസാരഥീ, അവിടുത്തെ രഥചക്രങ്ങളുടെ ശബ്ദം കൊണ്ട് പന്ഥാവ് രാവും പകലും മുഖരിതമാകുന്നു. ദാരുണ വിപ്ലവത്തിന്റെ നടുവില്‍ സങ്കടങ്ങളിലും ദുഃഖങ്ങളിലും നിന്ന് രക്ഷ നല്കുന്ന അങ്ങയുടെ ശംഖനാദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജനഗണങ്ങളുടെ മാര്‍ഗ്ഗദര്‍ശീ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം -4

ഘോര തിമിര നിബിഡ നിശീഥെ പീഡിത മൂര്‍ച്ഛിത ദേശേ

ജാഗ്രത ഛില തവ അവിചല മംഗല നത നയനേ അനിമേഷേ

ദുഃസ്വപ്‌നേ ആതങ്കെ രക്ഷാകരിലെ അങ്കേ

സ്‌നേഹമായി തുമി മാതാ

ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യ വിധാതാ,

ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ:

ഘോരാന്ധകാരം നിറഞ്ഞ പാതിരാത്രിയില്‍ കൊടും പീഡകള്‍ അനുഭവിക്കുന്ന ദേശത്ത് അവിടത്തെ നിര്‍ന്നിമേഷം പതിച്ച നയനങ്ങളില്‍ അചഞ്ചലമായ ഐശ്വര്യം സജീവമായി നിലനിന്നിരുന്നു. ദുഃസ്വപ്നങ്ങള്‍ കാണുമ്പോഴും ദുഃഖം അനുഭവിക്കുമ്പോഴും സ്‌നേഹമയിയായ മാതാവായ അവിടുന്ന് മടിയിലിരുത്തി രക്ഷിച്ചു. ജനഗണങ്ങളെ ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ചരണം -5

രാത്രി പ്രഭാതില ഉദില രവിച്ഛവി പൂര്‍വ്വ ഉദയഗിരി ഭാലേ

ഗാഹെ വിഹംഗമ പുണ്യ സമീരണ നവ ജീവന രസ ഢാലേ

തവ കരുനാരുണ രാഗേ നിദ്രിത ഭാരത ജാഗേ

തവ ചരണേ നത മാഥാ

ജയ ജയ ജയ ഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,

ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ:

രാത്രി അവസാനിച്ചു. പ്രഭാതം വിടര്‍ന്നു കഴിഞ്ഞു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തില്‍ സൂര്യന്റെ ഉദയമായി. പക്ഷികള്‍ പാടുകയായി. ശുദ്ധവായു നവജീവന രസം കോരിച്ചൊരിയുകയായി. അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയില്‍ ഉറങ്ങിക്കിടന്ന ഭാരതം ഉണരുകയായി. അവിടുത്തെ പാദങ്ങളില്‍ വീഴുകയായി. ഹേ രാജേശ്വരാ അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!


Next Story

Related Stories