TopTop
Begin typing your search above and press return to search.

നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി ക്രിസ്തുവിന്റെ ശവക്കല്ലറ തുറന്നു

നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി ക്രിസ്തുവിന്റെ ശവക്കല്ലറ തുറന്നു

അഴിമുഖം പ്രതിനിധിഎഡി 30-ലോ 33-ലോ ആണ് റോമാക്കാര്‍ കുരിശില്‍ തറച്ചു കൊന്നതിന് ശേഷം ക്രിസ്തുവിന്റെ മൃതദേഹം ചുണ്ണാമ്പുകല്‍ ഗുഹയില്‍ നിന്നും കൊത്തിയെടുത്ത ഒരു ശവമടക്ക് തറയില്‍ കിടത്തിയത്. ശവമടക്കിന് മൂന്നാം ദിവസം ക്രിസ്തുവിന്റെ ശരീരത്തെ തൈലാഭിഷേകം ചെയ്യാന്‍ എത്തിയ സ്ത്രീകള്‍, അവിടെ ആരുടേയും മൃതദേഹം കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസമനുസരിച്ച് ക്രിസ്തു മരണശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.എന്നാല്‍ നൂറ്റാണ്ടുകള്‍ക്കുശേഷം ഇതാദ്യമായി ക്രിസ്തുവിനെ അടക്കം ചെയ്തു എന്നു വിശ്വസിക്കുന്ന ശവക്കല്ലറയുടെ മേല്‍ത്തട്ട് ശാസ്ത്രജ്ഞര്‍ തുറന്നിരിക്കുന്നു. പഴയ ജെറുസലേമില്‍ സ്ഥിതിചെയ്യുന്ന പള്ളിയിലുള്ള ഈ ശവക്കല്ലറ 1555 എഡി മുതല്‍ മാര്‍ബിള്‍ ഫലകം കൊണ്ട് മൂടിയിരിക്കുകയായിരുന്നു. ഒരുപക്ഷേ അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ. ഈ ശവക്കല്ലറ ഇപ്പോള്‍ ‘Edicule’ അഥവാ ചെറുവീട് (ലാറ്റിനില്‍ aedicule) എന്നര്‍ത്ഥം വരുന്ന ഒരു ചെറിയ നിര്‍മ്മിതിയാല്‍ മറച്ചിരിക്കുന്നു. ഒരു തീപിടിത്തത്തില്‍ നശിച്ചതിന് ശേഷം ഇത് അവസാനമായി പുതുക്കിപ്പണിതത് 1808-1810-ലാണ്. ഈ നിര്‍മ്മിതിയും അകത്തെ കല്ലറയും ഇപ്പോള്‍ ഏതന്‍സിലുള്ള നാഷ്ണല്‍ ടെക്നിക്കല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം പുനരുദ്ധാരണം നടത്തുകയാണ്. പ്രൊഫസര്‍ അന്റോണിയോ മൊറോപൌലൌ ആണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി ഈ പദ്ധതിയുമായി സഖ്യമുണ്ടാക്കിയിട്ടുള്ള നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയാണ് ഈ വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ശവക്കല്ലറ തുറന്നതോടെ ക്രിസ്ത്യന്‍ മതത്തിലെ ഏറ്റവും വിശുദ്ധമായ യഥാര്‍ത്ഥ കാല്‍ത്തറയെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ്. യഥാര്‍ത്ഥ കല്‍ത്തറയുടെ വിശകലനം അന്നത്തെ കല്ലറയുടെ രൂപം മനസിലാക്കാന്‍ മാത്രമല്ല, എഡി 326-ല്‍ അന്നത്തെ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്‍റിന്റെ അമ്മ ഹെലെനാ അതാദ്യമായി കണ്ടെത്തിയതു മുതല്‍ അത് എങ്ങനെയാണ് ആരാധനയുടെ കേന്ദ്രമായി മാറിയതെന്നും അറിയാന്‍ വഴിയൊരുക്കും.പുനരുത്ഥാനത്തിന്റെ പള്ളി എന്നും അറിയപ്പെടുന്ന (Church of Holy Sepulchre) പള്ളി ഇപ്പോള്‍ ആറ് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൈവശമാണ്. മൂന്നു പ്രധാന സഭകള്‍ - ഓര്‍ത്തഡോക്സ്, റോമന്‍ കാത്തലിക്, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് എന്നിവര്‍ സ്ഥലത്തിന്റെ പ്രാഥമിക നിയന്ത്രണം കൈവശം വെക്കുന്നു. കോപ്റ്റിക്, ഈജിപ്ഷ്യന്‍ ഓര്‍ത്തഡോക്സ്, സിറിയാക് ഓര്‍ത്തഡോക്സ് എന്നിവര്‍ക്കും അവിടെ സാന്നിധ്യമുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും ആരാധാനാ സ്വാതന്ത്ര്യമുള്ള പൊതുസ്ഥലങ്ങളെന്ന് കരുതുന്ന ശവക്കല്ലറയടക്കമുള്ള പള്ളിയുടെ ഭാഗങ്ങള്‍ എല്ലാ സഭകളുടെയും സമ്മതം ആവശ്യമുള്ള ഒരു കരാര്‍ പ്രകാരമാണ് നിയന്ത്രിക്കുന്നത്.

19-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിര്‍മ്മിച്ച ചെറുവീടിന്റെ ഘടനയിലെ ഉറപ്പ് എക്കാലത്തും ആശങ്കയുണ്ടാക്കിയിരുന്നു. 1927-ലെ ഭൂകമ്പത്തില്‍ അതിനു കേടുപാടുകള്‍ പറ്റി. 1947-ല്‍ ബ്രിട്ടീഷ് അധികൃതര്‍ ബലമില്ലാത്ത ഉത്തരങ്ങള്‍ വെച്ചാണ് ഇതിനെ താങ്ങിനിര്‍ത്തിയത്. അതിപ്പോഴും കാണാം. 2015-ല്‍ ജെറുസലേമിന്റെ ഗ്രീക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് മറ്റ് രണ്ടു പ്രധാന സഭകളുടെയും സമ്മതത്തോടെ ഏതന്‍സിലെ ദേശീയ സാങ്കേതിക സര്‍വകലാശാലയെ (ഏതന്‍സിലെ അക്രോപൊലിസ്, ഹാഗീയ സോഫിയ എന്നിവയുടെ പുന:സ്ഥാപന പദ്ധതികള്‍ നടത്തിയത് അവരാണ്) Edicule പരിശോധിക്കാന്‍ വിളിച്ചു. വിശുദ്ധ പുനരുത്ഥാനത്തിന്റെ പള്ളിയിലെ വിഭാഗങ്ങള്‍ അത് പുതുക്കിപ്പണിയാന്‍ 2016 മാര്‍ച്ചില്‍ തീരുമാനിച്ചു. 2017 പകുതിയോടെ പണി തീര്‍ക്കാനാണ് ലക്ഷ്യം. ഏതാണ്ട് 4 ദശലക്ഷം ഡോളര്‍ ചെലവുവരുന്ന പദ്ധതിയുടെ പ്രധാന ദാതാക്കാള്‍ ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, പദ്ധതിക്കായി ലോക സ്മാരക നിധിയിലേക്ക് 1.3 ദശലക്ഷം ഡോളര്‍ നല്കിയ മിക ഏര്‍ടെഗന്‍ എന്നിവരാണ്.(ഈ സംരക്ഷണ പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിപാടി നവംബര്‍ മാസത്തില്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനലിലെ എക്സ്പ്ലോറര്‍ എന്ന പരിപാടിയില്‍ കാണിക്കും)Next Story

Related Stories