ന്യൂസ് അപ്ഡേറ്റ്സ്

ഝാര്‍ഖണ്ഡില്‍ മുസ്ലിം കുടുംബങ്ങള്‍ സ്ത്രീധനം തിരിച്ചുകൊടുക്കുന്നു

നൂറോളം കുടുംബങ്ങളാണ് ഇവിടെ തങ്ങളുടെ ആണ്‍മക്കള്‍ വിവാഹത്തിന് വാങ്ങിയ സ്ത്രീധനം തിരികെ നല്‍കുന്നത്

ഝാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലെ മഹുവാദന്ത് മേഖലയില്‍ മുസ്ലിം കുടുംബങ്ങള്‍ ഒരു നിശബ്ദ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. നൂറോളം കുടുംബങ്ങളാണ് ഇവിടെ തങ്ങളുടെ ആണ്‍മക്കള്‍ വിവാഹത്തിന് വാങ്ങിയ സ്ത്രീധനം തിരികെ നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം എണ്ണൂറ് കുടുംബങ്ങളാണ് സ്ത്രീധനം സ്വീകരിക്കുന്നതിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുകയും സ്ത്രീധന തുക മടക്കി നല്‍കുകയും ചെയ്തത്. ഏകദേശം ആറ് കോടിയോളം രൂപ ഇത്തരത്തില്‍ വധുക്കളുടെ വീടുകളില്‍ മടങ്ങിയെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലതേഹാര്‍ ജില്ലയിലെ പൊഖാരി സ്വദേശിയായ ഹാജി മംതാജ് അലിയാണ് മേഖലയില്‍ ആദ്യമായി സ്ത്രീധന വിരുദ്ധ നലപാട് എടുത്തത്. ഇദ്ദേഹത്തിന്റെ ആഹ്വാനത്തില്‍ സമൂഹത്തിലെ നിരവധി പേരാണ് സ്ത്രീധന വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് വന്നത്. സമൂഹത്തിലെ പ്രത്യേകിച്ചും പാവപ്പെട്ട കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്താണ് സ്ത്രീധനമെന്ന തിരിച്ചറിവാണ് ഇവരെ ഇത്തരമൊരു മുന്നേറ്റത്തിലേക്ക് നയിച്ചത്.

വിവാഹത്തില്‍ പൗരോഹിത്യം വഹിക്കുന്ന മൗലവിമാര്‍ തന്നെ വിവാഹ വീടുകളില്‍ സ്ത്രീധനം കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. മാര്‍ച്ച് ഏഴിന് അലിയുടെ നേതൃത്വത്തില്‍ ഡല്‍റ്റോംഗഞ്ചില്‍ വന്‍തോതിലുള്ള ഒരു ജനകീയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ഇവര്‍. ലതേഹാറിലെയും പലമു ജില്ലയിലെയും 800 കുടുംബങ്ങള്‍ക്ക് സ്ത്രീധനത്തുക തിരികെ ലഭിച്ചതായി അലി വ്യക്തമാക്കി.

പാവപ്പെട്ട കുടുംബങ്ങളെ ഒരു ക്യാന്‍സര്‍ പോലെ കാര്‍ന്നു തിന്നുന്ന സ്ത്രീധനത്തെ തുടച്ചു നീക്കണമെന്ന് അലി ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തില്‍ സ്ത്രീധനം നല്‍കുന്ന പതിവുണ്ടായിരുന്നില്ലെന്നും എന്നാല്‍ പിന്നീട് അത് വിവാഹത്തിന്റെ ഭാഗമാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീധനം നല്‍കുന്ന കുടുംബങ്ങളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുന്ന പ്രചരണ പരിപാടികളാണ് തങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍