TopTop
Begin typing your search above and press return to search.

നഗര ജീവിതം കൊടുംപാതകം, നാട്ടിന്‍പുറം ജിലേബികളാല്‍ സമൃദ്ധം

നഗര ജീവിതം കൊടുംപാതകം, നാട്ടിന്‍പുറം ജിലേബികളാല്‍ സമൃദ്ധം

നവാഗത സംവിധായകന്‍ അരുണ്‍ ശേഖറിന്റെ ജയസുര്യ ചിത്രം ജിലേബി വലിയ ബഹളങ്ങളൊന്നും ഇല്ലാതെ തിയെറ്ററുകളില്‍ എത്തി. ജയസുര്യ സിനിമകള്‍ ഇടതടവില്ലാതെ ഇറങ്ങുന്നത് കൊണ്ടും അവകാശ വാദങ്ങളോ പുതുമകളോ കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തത് കൊണ്ടും ആരും ആ സിനിമയെ പ്രതീക്ഷിച്ചിരുന്നതായി തോന്നുന്നില്ല. സംവിധായകന്റേത് തന്നെയാണ് കഥയും തിരക്കഥയും.

രണ്ടു മിനിട്ടിലധികം നീളമുള്ള ട്രയിലറില്‍ കണ്ടത് തന്നെയാണ് ജിലേബിയുടെ പ്ലോട്ട്. വിദേശത്തു ജോലി ചെയ്യുന്ന ശില്‍പ്പ മക്കളെ ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടിലുള്ള തറവാട്ടിലേക്കയക്കുന്നു. അവിടെ അമ്മാവനായ ശ്രീക്കുട്ടന്റെയും കാരണവരുടെയും കൂടെ നടന്നു വികൃതികളായ, നാഗരികരായ അവര്‍ നാട്ടുനന്മകളില്‍ ലയിക്കുന്നു. ശില്‍പ്പയായി രമ്യ നമ്പീശനും ശ്രീക്കുട്ടനായി ജയസൂര്യയും മക്കളായ പാച്ചുവും അമ്മുവുമായി ഗൗരവും സയൂരിയും എത്തുന്നു. കൃഷിയും ഗ്രാമജീവിതവും ഒക്കെയാണ് ആത്യന്തിക നന്മയെന്നു ഉറച്ചു വിശ്വസിക്കുന്ന ആളാണ് സംവിധായകന്‍. നാഗരിക ജീവിതവും ഉദ്യോഗസ്ഥയായ അമ്മയും നാശോന്മുഖമായ തലമുറയെ വാര്‍ത്തെടുക്കും എന്ന പൊതുബോധം ഓരോ ദൃശ്യത്തിലും പ്രകടവുമാണ്. പക്ഷെ വലിയ വിപ്ലവങ്ങള്‍ക്കും ആരാജകത്വങ്ങള്‍ക്കും ശേഷം കുടുംബത്തിലേക്ക് സുരക്ഷിതമായി മടങ്ങിപ്പോകുക എന്ന കപടതയും ഇരട്ടത്താപ്പും സിനിമയില്‍ ഇല്ല. പാടവും പുഴയും അപ്പം ചുടുന്ന അമ്മയും ഒക്കെയാണ് നന്മയുടെ മൊത്തകച്ചവടക്കാര്‍ എന്ന് സംവിധായകന്‍ ഉറച്ചു വിശ്വസിക്കുന്നു, അത് ആദ്യം മുതലേ നേരിട്ട് നമ്മളോട് പറയുന്നു.കുട്ടികളെ അവതരിപ്പിക്കുന്നതില്‍ അതിശയോക്തികള്‍ ഉണ്ടെങ്കിലും അവര്‍ കല്യാണ ബ്രോക്കര്‍മാരൊന്നും ആകുന്നില്ല എന്നത് ആശ്വാസമാണ്. മടുപ്പിക്കുന്നില്ല കുട്ടികളെ കൊണ്ട് അരുണ്‍ ശേഖര്‍. ഇപ്പോള്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ നിഷ്‌കളങ്ക നായകരുടെ ശ്രേണിയില്‍പ്പെട്ട ശ്രീക്കുട്ടന്‍ ജയസുര്യയുടെ കയ്യില്‍ ഭദ്രമാണ്. പുണ്യാളന്‍ അഗര്‍ബത്തിയില്‍ കേട്ടത് കൊണ്ട് തൃശൂര്‍ ഭാഷക്ക് പുതുമ തോന്നിയില്ല. മിക്ക സിനിമകളിലെയും പോലെ നായകന്‍ തൃശൂര്‍ ഭാഷ സംസാരിക്കുമ്പോഴും ബന്ധുക്കളും നാട്ടുകാരും അച്ചടി വഴക്കത്തില്‍ സംസാരിക്കുന്ന പതിവ് ജിലേബിയിലും ആവര്‍ത്തിക്കപ്പെട്ടു. ഉദ്യോഗസ്ഥ, അഹങ്കാരി, നാഗരിക, എവിടെയോ മൃദു ഹൃദയ എന്നീ ലക്ഷണങ്ങളെ തൃപ്തിപ്പെടുത്താന്‍ മറ്റെല്ലാ സിനിമകളിലെയും പോലെ വസ്ത്രധാരണവും നടത്തവും ഒക്കെ തന്നെയാണ് ജിലേബിയിലും ഉപയോഗിച്ചിരിക്കുന്നത്. ശ്രീക്കുട്ടന്റെ അമ്മയായി വന്ന കെ പി എസ് സി ലളിതക്കും ശില്‍പ്പയുടെ അച്ഛനായി വന്ന വിജയരാഘവനും അമ്മയായി വന്ന ശാരി പതിവിനു വിരുദ്ധമായി അമിതാഭിനയം കൊണ്ട് മടുപ്പിക്കുന്നുണ്ട്. ബിജിപാലിന്റെ പാട്ടുകള്‍ക്ക് യാതൊരു പുതുമയും ഇല്ലെങ്കിലും സിനിമയുടെ ഘടനയോടു ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. മൂന്നുപേര്‍ ചേര്‍ന്ന് നടത്തിയ ഗാനരചന കുറച്ചധികം ആര്‍ഭാടമായി. ആല്‍ബി ആന്റണിയുടെ ക്യാമറയും സൂരജിന്റെ എഡിറ്റിങ്ങും സിനിമയോട് ചേര്‍ന്ന് പോകുന്നുണ്ട്. ആവര്‍ത്തന വിരസമായ കഥാതന്തു രണ്ടു മണിക്കൂറില്‍ ഒതുക്കി എന്നത് അഭിനന്ദനീയം ആണ്. തമാശ രംഗങ്ങള്‍ അത്രയ്ക്ക് മടുപ്പുണ്ടാക്കുന്നില്ല. ജയസുര്യയും കുട്ടികളും ആണ് താമാശ രംഗങ്ങളെ മിക്കവാറും ഏറ്റെടുത്തിരിക്കുന്നത്.

സിനിമയുടെ കഥാതന്തുവും മേക്കിങ്ങും സാരോപദേശങ്ങളും പാട്ടുകളും എല്ലാം 20 കൊല്ലത്തെ എങ്കിലും പഴക്കത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും പ്രണയം ഇല്ലാത്ത അപൂര്‍വ്വം മലയാള സിനിമകളില്‍ ഒന്നാണ് ജിലേബി. കുട്ടികള്‍ക്ക് വേണ്ടി എടുത്ത സിനിമകളിലും പ്രണയവും ദാമ്പത്യവും ഒക്കെ അടിസ്ഥാന തീമുകള്‍ ആയി കടന്നു വരാറുണ്ട്. ശില്‍പ്പയുടെ വിവാഹമോചിത എന്ന അവസ്ഥയെ സഹിക്കുന്നുണ്ട് സംവിധായകന്‍. നീ വെറും പെണ്ണ് എന്നതല്ല നീ വെറും നഗരജീവി എന്നതാണ് അവളെ തെറ്റുകാരി ആക്കുന്നത്. രണ്ടും ക്രൂരമെങ്കിലും അതില്‍ ആദ്യത്തേതിനെ കണ്ടില്ല എന്ന് നടിക്കുക മലയാള സിനിമയെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ക്ലയ്ന്റ്‌സിനോട് പഞ്ചാര അടിക്കലാണ് ക്ലയന്റ്‌സ് റിലേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ എന്ന് എവിടെയൊക്കെയോ പറഞ്ഞു വെക്കുന്നുണ്ട് പക്ഷെ.ജിലേബി കുട്ടികളെയും കുടുംബങ്ങളെയും ഉദ്ദേശിച്ചെടുത്ത സിനിമയാണ്. അവധിക്കാലത്തല്ല റിലീസ് എന്നത് പ്രതികൂലമായി ബാധിച്ചേക്കാം. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നൊക്കെ വിശ്വസിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ജിലേബിക്ക് കയറുക. 2000 ത്തിനും മുന്നേയുള്ള സിനിമാ ശീലങ്ങളെയും കഥകളെയും മേക്കിംഗ് രീതികളെയും ആസ്വദിക്കാം എങ്കില്‍ രണ്ടു മണിക്കൂര്‍ സമയം മാറ്റിവെച്ചാല്‍ ബോറടിക്കാന്‍ സാധ്യതയില്ല., നിങ്ങള്‍ക്ക് സിനിമയുടെ ടെക്‌നികാലിറ്റീസ് വിഷയമാണെങ്കില്‍, ഗൗരവമായ കഥാതന്തുവോ പുതു മേക്കിംഗോ ആണ് വിഷയമെങ്കില്‍ തീര്‍ച്ചയായും ജിലേബി നിങ്ങള്‍ക്ക് മധുരിക്കില്ല...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories