TopTop
Begin typing your search above and press return to search.

കോടതി കയറുന്ന ജിഷ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്

കോടതി കയറുന്ന ജിഷ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്

ഒടുവില്‍ ജിഷയും കോടതി കയറുകയാണ്‌.

നിയമ വിദ്യാര്‍ത്‌ഥിയായിരുന്നവള്‍, ഏതു നേരവും തന്റെ നേരെ പാഞ്ഞടുക്കാന്‍ ഒരു ശത്രു കരുതിയിരിപ്പുണ്ടെന്ന തിരിച്ചറിവില്‍ ഉടുവസ്‌ത്രത്തില്‍ പെന്‍ക്യാമറ ഒളിപ്പിച്ചവള്‍, ഈ മുന്നൊരുക്കങ്ങളൊന്നും പെരുമ്പാവൂര്‍ക്കാരി പാവം പെണ്‍കുട്ടിയെ രക്ഷിച്ചില്ല. നാട്ടിലെങ്ങും തുടര്‍ക്കഥയാവുന്ന പീഡനങ്ങളുടെ പട്ടികയില്‍ ഇന്നോളമില്ലാത്തത്ര ക്രൂരവും നിന്ദ്യവുമായ തരത്തില്‍ ജിഷ ചവിട്ടിയരയ്‌ക്കപ്പെട്ടിരിക്കുന്നു.

ഇവിടെയും കഥയില്‍ മാറ്റമില്ല, കഥാപാത്രങ്ങളുടെ പേരുകളേ മാറുന്നുള്ളൂ. ജിഷയ്‌ക്കു നീതി കിട്ടാന്‍ തെരുവിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന സമൂഹത്തിനു നടുവിലാണ്‌ കേരളം ഓരോ ദിവസവും ജീവിച്ചു തീര്‍ക്കുന്നത്‌. ജിഷയ്‌ക്കു നീതി തേടി അഡ്വ. ടി.ബി. മിനി ഹൈക്കോടതിയിലെത്തി. ഒന്നുകില്‍ കേസിന്റെ അന്വേഷണം സി.ബി.ഐയ്‌ക്കു വിടണം, അതല്ലെങ്കില്‍ വനിത പൊലീസ്‌ ഉദ്യോഗസ്‌ഥയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണം. ഇതാണ്‌ ടി.ബി. മിനിയുടെ ഹര്‍ജിയിലെ ആവശ്യം.

ജിഷയുടെ സഹപാഠി എറണാകുളം കോടനാട്‌ സ്വദേശിയും നിയമവിദ്യാര്‍ത്‌ഥിയുമായ എം. എം. അജീഷ്‌ കൃത്യമായ അന്വേഷണം നടത്താന്‍ എറണാകുളം റേഞ്ച്‌ ഐ.ജിക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ പിഴവു വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡി.ജി.പിക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്നുമാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്‌.തീര്‍ന്നില്ല, പെരുമ്പാവൂരിലെ കുറുപ്പുംപടി പൊലീസിനെ കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ട്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഫോറം കേസില്‍ കക്ഷി ചേരാന്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്‌. കേസന്വേഷണം തുടരുന്ന ഘട്ടത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ ആവശ്യമില്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ഈ ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയെങ്കിലും മെയ്‌ മുപ്പതിന്‌ ഇതുവരെ അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. മാധ്യമങ്ങള്‍ അന്വേഷണത്തെ നിയന്ത്രിക്കുന്ന സ്‌ഥിതി ഉണ്ടാകരുതെന്ന്‌ വാക്കാല്‍ പറഞ്ഞാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജികള്‍ മേയ്‌ മുപ്പതിലേക്ക്‌ മാറ്റിയത്‌.

ജിഷയ്‌ക്കു വേണ്ടി നിയമത്തിന്‌ ചെയ്യാനുള്ളത്‌ പ്രതിയെ അല്ലെങ്കില്‍ പ്രതികളെ എത്രയും വേഗം തൂക്കു മരത്തിലെത്തിക്കുകയെന്നതാണെന്ന്‌ നാമെല്ലാം വിശ്വസിക്കുന്നു. പക്ഷേ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക്‌ കോടതി വധശിക്ഷ വിധിച്ചിട്ട്‌ കാലമെത്രയായി, ഇതുവരെ എന്തു സംഭവിച്ചു, ഇത്തരത്തിലുള്ള ആശങ്കകള്‍ ജിഷയുടെ കേസിലും ഉയര്‍ന്നു വരും. നമ്മുടെ നീതിന്യായ സംവിധാനങ്ങളിലെ കാലതാമസം പലപ്പോഴും ഇത്തരം ദു:ഖകരമായ സാഹചര്യങ്ങള്‍ക്ക്‌ വഴിയൊരുക്കാറുണ്ട്‌. നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ക്കശമായ നിയമവും ഇടപെടലും ജിഷയുടെ കാര്യത്തില്‍ നീതിപീഠത്തില്‍ നിന്നുണ്ടാവുമെന്ന്‌ പ്രത്യാശിക്കാം.

നീതി നടപ്പാക്കുന്നത്‌ വൈകരുതെന്ന ആവശ്യമാണ്‌ ഈ കേസില്‍ പൊതുസമൂഹം മുന്നോട്ടു വെക്കുന്നത്‌. സമയബന്‌ധിതമായി കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ജനാധിപത്യ സംവിധാനത്തിലെ ജുഡീഷ്യറിക്ക്‌ കഴിയണം. കേരളത്തില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ കേള്‍ക്കാന്‍ പ്രത്യേക കോടതികള്‍ എന്ന ആശയം മുന്നോട്ടു വച്ചത്‌ കേരള ഹൈക്കോടതിയില്‍ ചീഫ്‌ ജസ്റ്റിസായിരുന്ന മഞ്‌ജുള ചെല്ലൂരാണ്‌. എറണാകുളത്ത്‌ ഇത്തരമൊരു കോടതി തുടങ്ങുകയും ചെയ്‌തു. വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംബന്‌ധിച്ചുള്ള കേസുകള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ കൈകാര്യം ചെയ്യണം. പ്രതികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ കാലതാമസമില്ലാതെ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കണം. ഇതിനൊക്കെ കൃത്യമായ നിരീക്ഷണ സംവിധാനം, അഥവാ മോണിട്ടറിംഗ്‌ സംവിധാനം അനിവാര്യമാണ്‌. അല്ലാതെ സാധാരണ കേസുകള്‍ക്കൊപ്പം ഇത്തരം കേസുകളും തുടര്‍ന്നു പോയാല്‍ ഗോവിന്ദച്ചാമിമാര്‍ ഇനിയും ഉടലെടുത്തുകൊണ്ടേയിരിക്കും, അമ്മമാരുടെയും പെണ്‍മക്കളുടെയും ഉയിരും അവരെടുക്കും.
ജിഷ ഒരു പ്രതീകമാണ്‌. അറുപതും എണ്‍പതും പിന്നിട്ട വൃദ്ധകളുള്‍പ്പെടെ ലൈംഗികമായി പീഡിപ്പിക്കുന്ന ഇക്കാലത്ത്‌ ജിഷ ഒരു പ്രതീകമാണ്‌. തികച്ചും അരക്ഷിതരായാണ്‌ നമ്മുടെ സ്‌ത്രീകളും കുട്ടികളും കേരളത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന ഓര്‍മ്മപ്പെടുത്തലാണ്‌ ജിഷ നമുക്ക്‌ നല്‍കുന്നത്‌. ഏതാനും വര്‍ഷം മുമ്പ്‌ വഴിയോരങ്ങളില്‍ യാതൊരു
അടച്ചുറപ്പുമില്ലാതെ സൂക്ഷിച്ചിരിക്കുന്ന നിധികളെക്കുറിച്ച്‌ നമ്മുടെ പൊലീസ്‌ ആശങ്കപ്പെട്ടിരുന്നു. സഹകരണ ബാങ്കുകളുടെ ലോക്കറുകളായിരുന്നു ആ നിധി പേടകങ്ങള്‍. ഇന്നിപ്പോള്‍ വഴിയോരങ്ങളിലെ അടച്ചുറപ്പില്ലാത്ത വീടുകളില്‍ തനിച്ചായിപ്പോകുന്ന പെണ്‍മക്കളെയും അമ്മമാരെയും സംരക്ഷിക്കാന്‍ ഊര്‍ജ്‌ജിതമായ നടപടി വേണമെന്ന കരുതല്‍ പാഠം തന്നെയാണ്‌ ജിഷയുടെ ദുരന്തം കേരളീയ സമൂഹത്തോടു പറയുന്നത്‌.

ദുരന്തങ്ങളില്‍ മനസാക്ഷിയെ കണ്ണീരില്‍ ചേര്‍ത്തു പിടിച്ച്‌ പരസ്യ പ്രചരണം നടത്തിയും പിന്നീട്‌ സൗകര്യപൂര്‍വം ഇതൊക്കെ മറക്കുകയും ചെയ്യുന്ന (ഈ ലേഖകനെയും വിമര്‍ശനത്തില്‍ നിന്ന്‌ ഒഴിവാക്കുന്നില്ല) മനോഭാവമാണ്‌ മാറേണ്ടത്‌. സമൂഹത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ പദ്ധതിയും നടപടികളുമാണ്‌ വേണ്ടത്‌. തിരഞ്ഞെടുപ്പു പത്രികകളൊക്കെ തയ്യാറാക്കി കഴിഞ്ഞതുകൊണ്ട്‌ ഇനിയും ഇങ്ങനെയൊരു വാഗ്‌ദാനം നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കാന്‍ സാധ്യതയില്ല. പക്ഷേ പൊതുസമൂഹത്തിന്‌ പലതും ചെയ്യാനാകും. വൃക്കരോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും ചികിത്സാച്ചെലവിനുവേണ്ടി നാടൊന്നാകെ മുന്നോട്ടു വന്ന്‌ വിജയം വരിച്ച എത്രയോ കഥകള്‍ ദിനം പ്രതി നാം കേട്ടിട്ടുണ്ട്‌. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ സംരക്ഷിക്കാന്‍ ഇത്തരം ക്രിയാത്‌മകമായ ഇടപെടല്‍ പൊതുസമൂഹം നടത്തിയേതീരൂ. സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെയുള്‍പ്പെടുന്ന നമ്മുടെ സമൂഹം മുന്നോട്ടു വരാതെ ജിഷയ്‌ക്ക്‌ നീതി ലഭിക്കില്ല, ഒരുകാലവും.

കൊച്ചിയിലെ ഒരു പെണ്‍സുഹൃത്ത്‌ പറഞ്ഞത്‌: വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിയില്‍ എതിരെ വരുന്നവന്‍ മദ്യപാനിയാണെങ്കില്‍ നമുക്ക്‌ വേഗം തിരിച്ചറിയാന്‍ കഴിയും. വേച്ചു വേച്ചു വരുന്ന അവന്റെ ഗതിവേഗം തിരിച്ചറിഞ്ഞ്‌ നമുക്ക്‌ മാറിപ്പോകാന്‍ കഴിയും. ഇപ്പൊ മദ്യത്തിനു പകരം മയക്കുമരുന്നായപ്പോള്‍ എതിരെ വരുന്നവന്റെ ലക്ഷ്യമെന്താണെന്നു ഒരു പിടിയും കിട്ടില്ല ചങ്ങാതീ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories