TopTop
Begin typing your search above and press return to search.

ജിഷ വധം: പ്രതിയെ കുടുക്കിയത് അന്വേഷണ സംഘത്തിന്റെ ജാഗ്രത

ജിഷ വധം: പ്രതിയെ കുടുക്കിയത് അന്വേഷണ സംഘത്തിന്റെ ജാഗ്രത

അഴിമുഖം പ്രതിനിധി

ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് പിടികൂടുന്നത് നാലു ദിവസത്തെ നിരീക്ഷണത്തിനുശേഷം. കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സൂചനകള്‍ ബലപ്പെടുത്തിയശേഷമായിരുന്നു പാലക്കാട് അതിര്‍ത്തിയില്‍ നിന്നും പൊലീസ് അമിയൂറിനെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് പല കേന്ദ്രങ്ങളിലുമായി ചോദ്യം ചെയ്യല്‍. ഈ സമയത്തെല്ലാം പ്രതിയെ കസ്റ്റഡിയിലെടുത്ത വിവരം പുറത്തു പോകാതെ നോക്കാന്‍ പൊലീസ് ശ്രദ്ധിച്ചു. അമിയൂറിനെ നിരീക്ഷിക്കുന്ന വിവരവും രഹസ്യമായി വയ്ക്കാന്‍ പൊലീസിന് കഴിഞ്ഞു. മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെന്തെങ്കിലും വരികയാണെങ്കില്‍ അത് പ്രതിക്കു രക്ഷപെടാന്‍ സഹായകമാകുമെന്നും പൊലീസ് കണക്കുകൂട്ടി. പ്രത്യേക മാനസികാവസ്ഥയുള്ള പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും നിരീക്ഷണം രഹസ്യമാക്കിവയ്ക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചു.

അതേസമയം കൊലപാതകക്കേസില്‍ പുതിയ തെളിവുകളൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായി തെളിവുകള്‍ അമിയൂറിനെതിരെ ഉണ്ടാവുകയാണെങ്കില്‍ മാത്രമെ കോടതിയില്‍ എത്തുമ്പോള്‍ പ്രതിക്കു ശിക്ഷ ലഭിക്കാന്‍ കാരണമാകൂ. ഇത്തരത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുത്തതുകൊണ്ടാണ് പ്രതിയെ പിടികൂടിയിട്ടും ആ വിവരം അപ്പോള്‍ തന്നെ മാധ്യമങ്ങളെ അറിയിക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതെന്നാണ് അന്വേഷണ സംഘത്തിലുള്ളവര്‍ ഇപ്പോള്‍ നല്‍കുന്ന വിവരം. ഡിഎന്‍എ ഫലം പ്രതിയുടേതാണെന്നു തെളിഞ്ഞാല്‍ പകുതി വിജയിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ ഡിഎന്‍എ ഫലം അമിയൂറിന്റെതു തന്നെയായി. ഇതോടെയാണ് വിവരം പുറത്തുപറയാന്‍ പൊലീസ് ധൈര്യപ്പെടുന്നത്. നേരത്തെ പ്രതി ഇതരസംസ്ഥാനക്കാരനാണെന്ന പൊലീസിന്റെ നിഗമനം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒരു തെളിവും ഇല്ലാതെ കുറ്റം ഇതര സംസ്ഥാനക്കാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നായിരുന്നു വിവിധ ഭാഗത്തു നിന്നും ആക്ഷേപം ഉയര്‍ന്നത്. അതുകൊണ്ട് തന്നെ അമിയൂറിന്റെ കാര്യത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തി.

അമിയൂര്‍ ഇപ്പോള്‍ കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസിന്റെ ഭാഗത്തു നിന്നും കിട്ടുന്ന സൂചനകള്‍. ജിഷയുമായി സൗഹൃദത്തിലായിരുന്നു പ്രതിയെന്നും പറയുന്നു. സംഭവദിവസം രാവിലേയും ഇയാള്‍ ജിഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും കൊലപാതകം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ജിഷയുമായി സൗഹൃദത്തിലായിരുന്നുവെന്ന അമിയൂര്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ തന്നെ തങ്ങള്‍ക്ക് ഇയാളെ അറിയില്ലെന്നാണ് ജിഷയുടെ സഹോദരി ദീപ ദൃശ്യമാധ്യമങ്ങളോട് പറയുന്നത്. അമിയൂര്‍ ജിഷയുടെ പുതിയ വീടിന്റെ നിര്‍മാണ തൊഴിലാളികളില്‍ ഒരാളായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.അതേസമയം പൊലീസ് ആദ്യം നിസരമായി തള്ളിക്കളഞ്ഞ ഒരു ചെരുപ്പാണ് ഇപ്പോള്‍ പ്രതിയിലേക്കെത്തിച്ചതെന്നതും ശ്രദ്ധേയമാണ്. ജിഷയുടെ വീടും പരിസരവും പരിശോധിച്ചതിന്റെ ഭാഗമായി ആദ്യ അന്വേഷണസംഘമാണ് പറമ്പില്‍ നിന്നും ഒരു ജോടി ചെരുപ്പ് കണ്ടെത്തുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ ആദ്യസംഘം ശ്രമിച്ചിരുന്നില്ലെന്നാണ് അറിയുന്നത്. പുതിയ ഡിജിപിയായ ലോക്‌നാഥ് ബഹ്‌റെ വരികയും ജിഷ വധക്കേസ് അന്വേഷണം എഡിജിപി സന്ധ്യക്ക് കൈമാറുകയും ചെയ്തതോടെ സര്‍ക്കാരിന്റെ പ്രത്യേക താത്പര്യവും കണക്കിലെടുത്ത് ചെറിയ തെളിവുകള്‍ പോലും ഗൗരവത്തോടെ അന്വേഷണത്തിനു വിധേയമാക്കാന്‍ തീരുമാനിച്ചു. ഈ നടപടിയാണ് ചെരുപ്പു കടയിലേക്ക് പൊലീസിനെ എത്തിക്കുന്നതും പിന്നീടത് അമിയൂറിലേക്ക് വഴിയായതും. പ്രതിയുടേതിനു സമാാനമായ രേഖാചിത്രം പുറത്തുവിട്ടിട്ടും അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടും രാജ്യത്താകമാനം ചര്‍ച്ചയായൊരു കൊലപാതകം നടത്തിയെന്നു കരുതുന്ന അമിയൂര്‍ കേരളം വിട്ടുപോകാന്‍ തയ്യാറായില്ല എന്നതും അത്ഭുതമാണ്.


Next Story

Related Stories