TopTop
Begin typing your search above and press return to search.

വോട്ടിന് വേണ്ടിയുള്ള ആര്‍ത്തിയ്ക്കിടയില്‍ രാഷ്ട്രീയക്കാര്‍ മറന്നുപോകുന്നത്

വോട്ടിന് വേണ്ടിയുള്ള ആര്‍ത്തിയ്ക്കിടയില്‍ രാഷ്ട്രീയക്കാര്‍ മറന്നുപോകുന്നത്

കെ എ ആന്റണി

ജിഷയുടെ നീചവും നിഷ്ഠൂരവുമായ കൊലപാതകം കേവലമൊരു വാര്‍ത്തയ്ക്കുമപ്പുറം മനം നുറുക്കുന്ന വേദനയായി, ചിന്തയിലും സിരകളിലും പ്രതിഷേധത്തിന്റെ അഗ്നി നിറയ്ക്കുന്ന ഒന്നായി തുടരുകയാണ്. ഇതിന്റെ തെളിവാണ് കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ വളര്‍ന്ന് പടര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിഷേധ കൂട്ടായ്മകള്‍. ഡല്‍ഹിയില്‍ നിര്‍ഭയ അതിദാരുണമായി കൊല ചെയ്യപ്പെട്ടപ്പോഴും ട്രെയിന്‍ യാത്രയ്ക്കിടയില്‍ തൃശൂരിലെ സൗമ്യ എന്ന പെണ്‍കൊടി ഗോവിന്ദചാമിയെന്ന ഒരു ക്രൂരന്റെ കാമഭ്രാന്തിന് ഇരയായി റെയില്‍വേ ട്രാക്കില്‍ കിടന്ന് പിടഞ്ഞു മരിച്ചപ്പോഴും ഇതേ പോലുള്ള പ്രതിഷേധ ജ്വാലകളും കൂട്ടായ്മകളും നമ്മള്‍ കണ്ടതാണ്.

ഇനിയങ്ങോട്ട് ഇതൊക്കെ പതിവ് കാഴ്ചകള്‍ മാത്രമായിരിക്കുമെന്ന് തുടരെത്തുടരെ ആവര്‍ത്തിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരള ടൂറിസം വകുപ്പിന്റെ പരസ്യവാചകം നാഴികയ്ക്ക് നാല്‍പത് വട്ടം ആവര്‍ത്തിച്ച് സമ്പൂര്‍ണ സാക്ഷരരെന്ന് സ്വയം മേനി നടിച്ച് നടക്കുമ്പോഴും വെറും ലിംഗോദ്ധാരണത്തിലേക്ക് അല്ലെങ്കില്‍ ഏറ്റവും നികൃഷ്ടമായ ഭോഗ സംതൃപ്തിയിലേക്ക് ഏറെ മലയാളിയുടെ മനസ്സും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ പുതിയ ഉദാഹരണങ്ങളായി വേണം ജിഷ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന ചില ലൈംഗികാതിക്രമങ്ങളെ കാണാന്‍. കാസര്‍ഗോഡ് ജില്ലയില്‍ കേവലം ഏഴ് വയസ് മാത്രം പ്രായമായ ഒരു പെണ്‍കുഞ്ഞ് അറുപത് വയസ്സുകാരനാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ വര്‍ക്കലയില്‍ ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനും അറുപത്തിയെട്ടു വയസ്സായ ഒരു മുത്തശി മാനഭംഗത്തിനും ഇരയായത്.

ഒരു ഭാഗത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളുടെ ഗ്രാഫ് അതിവേഗം ഉയരുമ്പോള്‍ അതിലേറെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊന്നുണ്ട്. അതാകട്ടെ തെരഞ്ഞെടുപ്പ് കാലത്ത് മരണങ്ങളെ നാല് വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയക്കാരുടെ അതിര്‍ കവിഞ്ഞ വ്യഗ്രതയും അവരേയും കടത്തിവെട്ടുന്ന സെല്‍ഫി ഭ്രാന്തമാരുടെ ഉന്‍മാദ നൃത്തവുമാണ്.

ആദ്യം രാഷ്ട്രീയക്കാരുടെ കാരുണ്യമില്ലാത്ത ആര്‍ത്തിയിലേക്ക്. കൊല്ലം പുറ്റിങ്ങലിലെ വെടിക്കെട്ടിനേക്കാള്‍ ഉഗ്രപ്രഹര ശേഷിയുണ്ടായിരുന്നു അവിടേക്ക് പാഞ്ഞും പറന്നും കാറുപിടിച്ചുമൊക്കെ എത്തിയ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക്. വിവിഐപികളും അവരില്‍ കുറഞ്ഞ രാഷ്ട്രീയ നേതാക്കളും അരങ്ങു വാണപ്പോള്‍ അവിടത്തെ രക്ഷാപ്രവര്‍ത്തനം എത്ര കണ്ട് പാളിപ്പോയെന്ന് നമ്മുടെ ഡിജിപി ടിപി സെന്‍കുമാര്‍ തന്നെ സമ്മതിച്ച കാര്യമാണ്. പുറ്റിങ്ങല്‍ ദുരന്തം കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നുവെങ്കില്‍ ജിഷയുടെ കൊലപാതകം പ്രചാരണം ഉച്ചസ്ഥായിയില്‍ എത്തിയ വേളയില്‍ ആയിപ്പോയിയെന്ന ഒറ്റവ്യത്യാസമേയുള്ളൂ. മകള്‍ മരിച്ച ദുഖം വല്ലാത്തൊരു ഭ്രാന്താവസ്ഥയിലെത്തിച്ച, പിച്ചും പേയും പറയുന്ന, അല്‍പം വിശ്രമവും പരിചരണവും ആവശ്യമുള്ള ഒരു അമ്മയുടെ വേദനയും കരച്ചിലും അട്ടഹാസവും വിറ്റ് വോട്ടാക്കി മാറ്റാന്‍ മത്സരിക്കുകയായിരുന്നു നമ്മുടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും അനുചരന്‍മാരും.

സത്യത്തില്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് നാല് വോട്ട് അധികം എന്നതിന് അപ്പുറം ഇവരുടെ ആത്മാര്‍ത്ഥത എത്രയുണ്ടെന്ന് ആര്‍ക്കും ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വെറും മൂന്ന് സെന്റ് പുറംമ്പോക്ക് ഭൂമിയില്‍ അടച്ചുറപ്പില്ലാത്ത, ഒരു വീടെന്ന് വിളിക്കാനാകാത്ത നാല് ചുമരുകള്‍ക്കുള്ളില്‍ കൊല്ലപ്പെടും വരെ ജിഷയും കുടുംബവും എങ്ങനെ കഴിഞ്ഞിരുന്നുവെന്ന് ഇവരാരും കണ്ടിരുന്നില്ലേ?. വാര്‍ഡ് അംഗം മുതല്‍ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഭരിക്കുന്നവര്‍ക്ക് ഒപ്പം ഒരു എംഎല്‍എയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജിഷയ്ക്കും ഉണ്ടായിരുന്നില്ലേ. കൊല്ലപ്പെടുന്നതിന് തലേദിവസം വരെ ജിഷയുടെ വീടിന് നേരെ ആരൊക്കെയോ കല്ലെറിഞ്ഞിരുന്നുവെന്ന വാര്‍ത്ത എത്ര കണ്ട് ശരിയെന്ന് അറിയില്ല. എങ്കിലും ജീവിച്ചിരുന്നപ്പോള്‍ ജിഷയുടെ ദാരിദ്ര്യവും സുരക്ഷിതത്വവും കാണാതിരുന്നവര്‍ ആര്‍ത്തലച്ച് എത്തി ഒരു അമ്മയുടെ സ്വാസ്ഥ്യം കെടുത്തുന്നത് എന്തിനാണ്.തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീ പീഢന വിഷയങ്ങള്‍ വിറ്റ് കാശാക്കുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1957-ല്‍ ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോചന സമരത്തിന് നേതൃത്വം നല്‍കിയവര്‍ വിറ്റ് വോട്ടാക്കിയത് അങ്കമാലി വെടിവയ്പ്പില്‍ മരിച്ചവരെ മാത്രമായിരുന്നില്ല. തിരുവനന്തപുരത്തെ ചെറിയ തുറയില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ മരിച്ച ഗ്ലോറി പെരേര എന്ന വീട്ടമ്മയുടെ ശവം തൊട്ട് വാങ്ങിയ തുടര്‍ കലാപങ്ങള്‍ കൂടിയായിരുന്നു. ഇത്തരത്തിലൊരു അഭ്യാസം പിന്നീട് നടന്നത് തങ്കമണിയില്‍ പൊലീസുകാര്‍ നടത്തിയ അതിക്രമത്തെ ചൊല്ലിയാണ്. കെ എസ് ആര്‍ ടി സി ബസ് സംവിധാനം ആവശ്യപ്പെട്ട് തങ്കമണിക്കാര്‍ നടത്തിയ 1986-ലെ പ്രക്ഷോഭം കല്ലേറിലാണ് കലാശിച്ചത്. പരിക്കേറ്റ പൊലീസുകാര്‍ കുപിതരായി. അവര്‍ രാത്രിയില്‍ തങ്കമണിയിലെ വീടുകള്‍ ആക്രമിച്ചു. ഒരു വീട്ടമ്മയെ ബലാല്‍സംഗം ചെയ്തുവെന്നൊക്കെ പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ ബലം പിടിച്ചാണ് 87-ല്‍ സിപിഐഎമ്മും എല്‍ഡിഎഫും വോട്ടു തേടിയിറങ്ങിയത്. കരുണാകരന്റെ പൊലീസ് തങ്കമണിയിലെ വീട്ടമ്മമാരെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന രീതിയില്‍ നടന്ന പ്രചാരണം ചുരുങ്ങിയ പക്ഷം ഇടുക്കിയിലെങ്കിലും അവര്‍ക്ക് പാരയായി. ജിഷയുടെ ദാരുണ മരണം വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഇത്രമാത്രം.

ഇനി സെല്‍ഫി ഭ്രാന്തമാരിലേക്ക്. സെല്‍ഫി ഭ്രാന്തന്മാരുടെ കാടത്തത്തെ കുറിച്ച് മലയാള മനോരമ പത്രത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം ഇങ്ങനെ എഴുതുന്നു. 'കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെ രാവിലെ ഞാനെത്തുമ്പോള്‍ കണ്ട കാഴ്ച. കിടക്കയ്ക്ക് അരികില്‍ സന്ദര്‍ശകരുടെ തിരക്ക്. കൂട്ടത്തിലൊരാള്‍ തേങ്ങലൊടുങ്ങാത്ത ആ അമ്മയേയും കൂടെ ഉള്‍പ്പെടുത്തി മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നു. മിനിട്ടുകള്‍ക്ക് ഉള്ളില്‍ ആ ഫോട്ടോയും വീഡിയോയുമെല്ലാം വാട്‌സ് അപ്പിലും ഫേസ് ബുക്കിലുമെല്ലാം പടര്‍ന്നിട്ടുണ്ടാകും. പക്ഷേ, തലയുയര്‍ത്തി നിന്ന് പടമെടുക്കുന്ന അയാളുടെ മാനസികാവസ്ഥയ്ക്ക് മുന്നില്‍ മനുഷ്യത്വമുള്ള ആരുടേയും തല ഉള്ളുനൊന്ത് താണു പോകും'.

കളക്ടര്‍ ഒരു സ്ഥാനാര്‍ത്ഥിയെ കുറിച്ചു കൂടി തന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജിഷയുടെ അമ്മയെ കാണാന്‍ അനുയായികളുമായി എത്തിയ ഒരു സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞപ്പോള്‍ അയാളോട് മാത്രം അകത്തുകയറിക്കൊള്ളാന്‍ പറഞ്ഞു. അകത്തേക്ക് പോയ അതേ സ്പീഡില്‍ അയാള്‍ ചോദിച്ചത് തനിക്കൊപ്പം ഒരു ഫോട്ടോഗ്രാഫറെ കൂടെ കടത്തിവിടുമോ എന്നത്രേ. കളക്ടര്‍ തന്റെ ലേഖനത്തില്‍ ഇത്രയും കൂടെ കുറിക്കുന്നുണ്ട്. 'മകളുടെ അതിക്രൂരമായ കൊലപാതകത്തില്‍ മാനസികമായും ശാരീരികമായും തകര്‍ന്നു പോയൊരു അമ്മയെ ആശ്വസിപ്പിക്കാനും കരുത്ത് പകരാനും എത്തുന്നത് മനസ്സിലാക്കാം. പക്ഷേ, അത്തരം ഒരു വികാരവുമില്ലാതെ ഒപ്പം നിന്ന് സെല്‍ഫിയെടുത്ത് ആളാകാനും അത് മുതലാക്കാനും ലക്ഷ്യമിട്ട് എത്തുന്നവരാണ് ഏറെയെന്നതാണ് സങ്കടകരം'.

ഇത് ഒരു കളക്ടറുടെ മാത്രം വികാരപ്രകടനമായി കാണാനാകില്ല. ഓരോ ദാരുണ മരണത്തേയും നിഷ്ഠൂര കൊലപാതകത്തേയും ആഘോഷമാക്കുന്നവരോട് മനസ്സാക്ഷിയുള്ള ആരും മനംനൊന്ത് പറഞ്ഞു പോകുന്ന വാക്കുകളായി തന്നെ വേണം ഇതിനെ കാണാന്‍. കളക്ടര്‍ രാജമാണിക്യത്തിന്റെ വാക്കുകളില്‍ കിടക്കുന്ന കലിപ്പില്‍ രാഷ്ട്രീയക്കാരനെ കൂടെ പെടുത്താനാണ് എനിക്കിഷ്ടം. ഒരു കളക്ടര്‍ എന്ന നിലയില്‍ അദ്ദേഹം അവരെ കുറ്റപ്പെടുത്തിയില്ലെങ്കിലും ഇപ്പറഞ്ഞതത്രയും അവര്‍ക്കും കൂടി ബാധകമാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories