TopTop
Begin typing your search above and press return to search.

ജിഷ്ണുവിനെ മറന്നോ അതോ നെഹ്രു കോളേജിന് മുന്നില്‍ മുട്ടിടിച്ചോ?

ജിഷ്ണുവിനെ മറന്നോ അതോ നെഹ്രു കോളേജിന് മുന്നില്‍ മുട്ടിടിച്ചോ?

2017 ജനുവരി 6, വെള്ളിയാഴ്ച- തൃശൂര്‍ തിരുവില്വാമലയിലെ പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത് അന്നായിരുന്നു. മരിച്ച നിലയില്‍ എന്നു പറയുന്നതില്‍ തെറ്റുണ്ട്. സഹപാഠികള്‍ കണ്ടെത്തുമ്പോള്‍ ജിഷ്ണുവില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നു. പക്ഷേ ആ കുട്ടികള്‍ക്കു തങ്ങളുടെ കൂട്ടുകാരനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ പോയി. ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥി അവന്റെ വിദ്യാലയം കാരണം തന്നെ ഇല്ലാതായി.

ജിഷ്ണു മരിച്ചിട്ട് ഒരു മാസം തികയാറാകുമ്പോള്‍ എന്തുകാരണത്താലാണോ ആ വിദ്യാര്‍ത്ഥിക്ക് അങ്ങനെയൊരു ദുരന്തം സംഭവിച്ചത്, അതിന്റെ കാരണങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധം തിരുവനന്തപുരം ലോ അക്കാദമിയിലേക്കും അവിടുത്തെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരിലും എത്തി നില്‍ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കു മുകളിലായി മാധ്യമങ്ങളും രാഷ്ട്രീയക്കാരും ലോ അക്കാദമിയുടെ മതില്‍ക്കെട്ടിനകത്തുണ്ട്. ചാനല്‍ റൂമുകളില്‍ ലക്ഷ്മി നായരും ലോ അക്കാദമിയും അവരെ പിന്തുണയ്ക്കുന്നതായി ആരോപിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ചര്‍ച്ച വിഷയമാകുന്നു. പത്രങ്ങള്‍ ഫുള്‍ പേജുകള്‍ തന്നെ ഇതിനായി മാറ്റി വയ്ക്കുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രിന്‍സിപ്പലിന്റെ ശരീര വാര്‍ണനകളിലൂടെ രസം പിടിപ്പിക്കുന്ന കഥകളുണ്ടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ എപ്പോള്‍ സമരം നിര്‍ത്തുന്നോ അന്നുവരെ നിരാഹാരം കിടക്കാന്‍ ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് തയ്യാറാകുന്നു...

കാര്യങ്ങള്‍ ഇത്രമേല്‍ ചൂടുപിടിച്ച സ്ഥിതിക്ക്, സര്‍വകലാശാല തന്നെ ഇടപെട്ടതിനാലും സര്‍ക്കാരിന് നടപടി എടുക്കേണ്ടി വരുമെന്നതിനാലും ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കു നീതി കിട്ടുമെന്നു കരുതാം. വിജയത്തിന്റെ പിതൃത്വത്തിനായി കടിപിടി നടക്കുമെങ്കിലും ആത്യന്തികമായി വിദ്യാര്‍ത്ഥികളുടെ നേട്ടമാണെന്നതു മാത്രം ചിന്തിച്ച് സമാധാനപ്പെടാം. എന്നാല്‍ ലക്ഷ്മി നായരില്‍ നിന്നും തിരികെ ജിഷ്ണുവിലേക്കു വന്നാലോ?

പൊലീസും നെഹ്‌റു കോളേജും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നതായി ബന്ധുക്കള്‍; ജിഷ്ണുവിനു നീതി കിട്ടാതെ പോകുമോ?

'ആത്മഹത്യയല്ല, കൊലപാതകമാണ്' നടന്നതെന്ന തരത്തില്‍ വിദ്യാര്‍ത്ഥി സമൂഹം ഉയര്‍ത്തിയ മുദ്രാവാക്യം സോഷ്യല്‍ മീഡിയയിലെങ്കിലും ബാക്കി നില്‍ക്കുന്നു എന്നു മാത്രം കാണാം. അതിനപ്പുറം ജിഷ്ണു മരിച്ചുപോയൊരുവന്റെ പേരായി തീര്‍ന്നുവോ? ആണെങ്കില്‍ ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും ചെയ്യുന്നതുമെല്ലാം ഏതൊക്കെയോ 'താത്പര്യങ്ങളു'ടെ പുറത്തുള്ളതാണെന്ന്‍ ആരെങ്കിലും പറയുമ്പോള്‍ അസ്വസ്ഥതപ്പെടരുത്. "വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചു എന്ന പേരില്‍ മറ്റക്കര ടോംസ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലെ മാനേജ്‌മെന്റിനെയും പ്രിന്‍സിപ്പാളിനെയും വിചാരണ ചെയ്യുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും എന്തുകൊണ്ടാണ് 'പാമ്പാടി നെഹ്‌റു കോളേജ് ' എന്ന ഒരു ലേബലിനപ്പുറം നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍' എന്ന ഈ മാനേജ്‌മെന്റിലെ ഒരു വ്യക്തിയുടെ പോലും പേരു പറയാത്തത്? ആരൊക്കെയാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു കൊല്ലുന്ന ഒരു സ്ഥാപനത്തിന്റെ അമരത്തുള്ളത്? പത്തു തവണ ലക്ഷ്മി നായരെന്ന പേരും അവരുടെ രാഷ്ട്രീയ പിന്‍ബലവും പറയുമ്പോള്‍ ഒരു വട്ടമെങ്കിലും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളുടെ സംഘടനാ പ്രസിഡന്റായ നെഹ്‌റു ഗ്രൂപ്പ് മേധാവിയുടെ പേരും അയാളുടെ രാഷ്ട്രീയ സ്വാധീനവും പറയാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ കാണിക്കണം' എന്ന്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ ചോദിക്കുമ്പോള്‍, കേവല വൈകാരികത മാത്രമായി അതിനെ കാണാനാകുമോ?

ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഭയക്കുന്നുണ്ട്, സ്വാധീനത്തിന്റെ മറവില്‍ കുറ്റക്കാര്‍ രക്ഷപ്പെടുമെന്ന്, ജിഷ്ണു വെറുമൊരു ആത്മഹത്യ കേസ് ആയി എഴുതി തള്ളപ്പെട്ടുപോകുമെന്ന്. ആ ഭയം അവരില്‍ ഇപ്പോള്‍ ഏറിവരുന്നതിനു കാരണം, ഒപ്പം നില്‍ക്കാന്‍ ആരെല്ലാം കാണുമെന്നോര്‍ത്താണ്.

ലോ അക്കാദമി സമരത്തെ ഒരു വാക്കുകൊണ്ട് പോലും എതിര്‍ക്കുന്നില്ല, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട്, മര്യാദയുടെ എല്ലാ സീമകളും കടന്ന് ഒരു പ്രിന്‍സിപ്പാള്‍ തന്റെ ഏകാധിപത്യ ഭരണം നടത്തുന്നുവെങ്കില്‍ അവര്‍ക്കെതിരേയുള്ള വിപ്ലവം വിജയിക്കുക തന്നെ വേണം. അതിനായി വിദ്യാര്‍ത്ഥികളുടെ കൂടെ നില്‍ക്കുന്ന രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും നിരുപാധികം പിന്തുണയ്ക്കാം. എന്നാല്‍ ലോ അക്കാദമിയില്‍ നടക്കുന്നതിനക്കാള്‍ ക്രൂരതകള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതിന്റെ തെളിവായി ഒരു വിദ്യാര്‍ത്ഥിയുടെ മരണം മുന്നില്‍ ഉള്ളപ്പോഴും നെഹ്‌റു ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേയും അതിന്റെ ചുമതലക്കാര്‍ക്കെതിരേയും ഇടിമുറി നടത്തിപ്പുകാര്‍ക്കെതിരേയും കാണാതെ പോയത് ഇത്തരത്തിലൊരു സംയുക്ത പ്രതിഷേധമായിരുന്നു. തങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ എണ്ണിയെണ്ണി പറഞ്ഞ് വന്നത് ഒന്നോ രണ്ടോ പേരല്ല. സ്വകാര്യതകളിലേക്കു പോലും ഒളിഞ്ഞു നോക്കുന്ന കോളേജ് ജീവനക്കാര്‍ക്കെതിരേയും സദാചാരം ലംഘിക്കുന്നുവെന്നു പറഞ്ഞു പരസ്യമായി കരണത്തടിക്കുന്ന ടീച്ചര്‍മാര്‍ക്കും അതിനവരെ പ്രോത്സാഹിപ്പിക്കുന്ന പ്രിന്‍സിപ്പാളിനും എതിരേയും പരാതി പറഞ്ഞു വന്ന പെണ്‍കുട്ടികളും, താടിവടിക്കാതെ വന്നാലോ, ഷൂസ് ലെയ്‌സ് അഴിഞ്ഞുപോയാലോ മുഖത്തടിക്കുന്നതിന്റെയും ഫൈന്‍ ഇടാക്കുന്നതിന്റെയും ക്രൂരതകള്‍ പറഞ്ഞ ആണ്‍കുട്ടികളും ആവശ്യപ്പെട്ടതും നീതി ആയിരുന്നു. മറ്റൊരു ജിഷ്ണുവായി തങ്ങള്‍ മാറുമോയെന്നായിരുന്നു അവര്‍ ഭയന്നത്.

ആ കുട്ടികള്‍ക്ക് നാം എന്തുറപ്പാണ് കൊടുത്തത്. ആര്‍ക്കെതിരെയാണോ അവര്‍ വാ തുറന്നത്, അവരുടെ കീഴില്‍ തന്നെ തുടര്‍ന്നു പഠിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികാരം നേരിടുന്നുണ്ടോ എന്ന് അന്വേഷിച്ചോ?

കുറ്റക്കാരാണെന്നു കൈചൂണ്ടപ്പെട്ടവര്‍, ഒരനക്കവും എല്‍ക്കാതെ എവിടെ നിന്നോ, അവിടെത്തന്നെ നില്‍ക്കുന്നു. ആ ധൈര്യം തങ്ങളുടെ ചെയ്തികള്‍ തുടര്‍ന്നുപോരാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കില്ലേ. അപ്പോള്‍ കുട്ടികളോ? ജിഷ്ണുവിന്റെ മരണം ആര്‍ക്കെതിരേയും ഒരു ചോദ്യവും ഉയര്‍ത്തില്ലേ? പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തുടക്കം മുതല്‍ സംശയങ്ങള്‍ ഉന്നയിക്കുന്ന ബന്ധുക്കളുടെ ശബ്ദം ഒറ്റപ്പെട്ടു പോകുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നിരിക്കെ പൊലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് ചെയ്യിച്ചതുമുതല്‍ പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്താന്‍ തയ്യാറാവാതിരുന്നതും റിപ്പോര്‍ട്ടില്‍ ജിഷ്ണുവിന്റേത് ആത്മഹത്യയാണെന്നു ബോധപൂര്‍വം ഉറപ്പിക്കുന്നതുമെല്ലാം കോളേജ് അധികൃതരുടെ സ്വാധീനവും അവര്‍ക്കു മുന്നില്‍ വഴങ്ങുന്ന പൊലീസിന്റെ നീതികേടും ആണെന്നു ബന്ധുക്കള്‍ പറയുമ്പോള്‍, സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ലോ അക്കാദമിക്കു മുന്നില്‍ കാണുന്ന അതേ ആള്‍ക്കൂട്ടങ്ങള്‍ തയ്യാറാവേണ്ടതായിരുന്നില്ലേ? പക്ഷേ അവിടെ ഒരു രാഷ്ട്രീയനേതാവും നിരാഹാരം കിടക്കാന്‍ എത്തിയില്ല. മാറിമാറി പ്രസ്താവനകളിറക്കിയില്ല. മാധ്യമങ്ങള്‍ കോളേജ് തല്ലിതകര്‍ത്തിന്റെ വാര്‍ത്തകള്‍ നല്‍കാന്‍ ആവേശം കാണിച്ചതല്ലാതെ മറ്റൊരു എക്‌സ്‌ക്ലൂസിവിനുവേണ്ടിയും മെനക്കെട്ടില്ല. നെഹ്‌റു ഗ്രൂപ്പിനെതിരേയും അതിന്റെ ഉടമകള്‍ക്കെതിരേയും പിആര്‍ഒയുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചും അഹിഹിത ഇടപാടുകളെ കുറിച്ചും വിവരങ്ങള്‍ ചെകഞ്ഞെടുക്കാന്‍ തയ്യാറായില്ല.

ഒരുപക്ഷേ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സാരഥികള്‍ക്ക് കോലിയക്കോട് കുടുംബത്തെക്കാള്‍ രാഷ്ട്രീയസ്വാധീനം ഉണ്ടാവണം. അല്ലെങ്കില്‍ നെഹ്‌റു കോളേജുകാരെ സര്‍ക്കാരിനും അതിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കുമെതിരേയുള്ള ആയുധമാക്കി ഉപയോഗിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുണ്ട് ഉണ്ടായിരിക്കണം. ഇതൊക്കെയായിരിക്കുമോ ജിഷ്ണു പ്രണോയി ഒരു മരിച്ചുപോയൊരുവന്റെ പേര് മാത്രമായി മാറുന്നതും ആ ജീവിതം ഇല്ലാതാക്കിയെന്ന ആരോപണം പേറുന്നവര്‍ വാര്‍ത്തകളില്‍ നിന്നും സമരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നതിനും കാരണങ്ങളാകുന്നത്?


Next Story

Related Stories