Top

ഇനിയൊരു ജിഷ്ണുവിനെക്കൂടി നഷ്ടപ്പെടരുത്; നെഹ്രു കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥിക്ക് പറയാനുള്ളത്

ഇനിയൊരു ജിഷ്ണുവിനെക്കൂടി നഷ്ടപ്പെടരുത്; നെഹ്രു കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥിക്ക് പറയാനുള്ളത്
നാം അര്‍ഹിക്കുന്ന ലോകം നമുക്ക് ലഭിക്കും: നെഹ്‌റു കോളേജ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും പരിശോധിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന വളരെ അര്‍ത്ഥവ്യാപ്തിയും ആഴവുമുള്ള ഒരാശയമാണിത്. എന്തുകൊണ്ടെന്ന ഉത്തരം തുടങ്ങുന്നത് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് ജയ്ക്ക് സി തോമസിന്റെ ശ്രദ്ധേയവും പ്രസക്തവുമായ നിരീക്ഷണത്തില്‍ നിന്നാണ്. ജിഷ്ണുവിന് സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല; നെഹ്‌റു കോളേജ് പോലെ പ്രവര്‍ത്തിക്കുന്ന പല സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലും നടക്കുന്ന സമാനമായ ഒരുപാടു സംഭവങ്ങളുടെ തുടര്‍ച്ചയിലെ ഒടുവിലുത്തെ ഇരയാണ് ജിഷ്ണു എന്നാണ് ജെയ്ക്ക് പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.

നെഹ്‌റു കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ത്ഥിയായ എനിക്കും എന്നോടൊപ്പം പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ജെയ്ക്ക് പറഞ്ഞതിലെ വാസ്തവം തിരിച്ചറിയാനാവും. ഇങ്ങനെയൊരു വിഷയം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചര്‍ച്ചയാവുകയും നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുമ്പോഴും, 'ഇതെന്തൊരു നാടാണ്?, എന്ത് വ്യവസ്ഥിതിയാണ്?' എന്ന് രോഷം  കൊള്ളുമ്പോഴും, ഇത്തരത്തില്‍ പലപ്പോഴായി വരുന്ന പരാതികളെ നിഷ്‌ക്രിയത്വം കൊണ്ടും നിസ്സംഗത കൊണ്ടും സ്വീകരിക്കുകയും, പണത്തിലും സ്വാധീനത്തിലും മുങ്ങിത്താഴാന്‍ വിടുകയും, പെട്ടന്നു തന്നെ മറവിയിലേക്കു തള്ളിക്കളയുകയും ചെയ്യുന്ന നമ്മള്‍ ഓരോരുത്തരും അര്‍ഹിക്കുന്ന ഒരു ലോകം തന്നെയാണിത് എന്ന് സമ്മതിക്കേണ്ടി വരും.

ജനുവരി 6 വെള്ളിയാഴ്ചയാണ് ജിഷ്ണു മരണപ്പെടുന്നത്. സോഷ്യല്‍ മീഡിയയാണ് ആദ്യം വിഷയം ഏറ്റെടുത്ത്, പിന്നീട് പതുക്കെ ചാനലുകള്‍, പിന്നീട് പത്രങ്ങളും. ഒമ്പതാം തീയതി ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന റിപ്പോര്‍ട്ടില്‍, കോളേജ് സെക്രട്ടറി പി കൃഷ്ണദാസ് ഫോണില്‍ പ്രതികരിക്കുകയും ചെയ്തു. ആ സംഭാഷണത്തില്‍ നിന്ന് തുടങ്ങാം. സംഭവത്തോടുള്ള കോളേജിന്റെ സമീപനം അദ്ദേഹത്തിന്റെ സംസാരത്തിലെ വൈരുധ്യങ്ങളിലും അവ്യക്തതകളിലും വളരെ സ്പഷ്ടമാണ്.

പരീക്ഷയില്‍ കോപ്പി അടിക്കരുതെന്ന്‍ ഉപദേശിച്ചു, ആ ഉപദേശം കേട്ട് സന്തോഷത്തോടെ പോയ കുട്ടി; ഒരുവാണിംഗ് മാത്രം കൊടുത്ത് കുട്ടിയെ പോകാന്‍ അനുവദിക്കുകയാണ് ചെയ്തത് എന്നൊക്ക പലവട്ടം അദ്ദേഹം പറയുന്നു. ഉത്തരക്കടലാസിലെ ഉത്തരങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വെട്ടിയതാണ് എന്ന് കുട്ടിയോട് എക്‌സ്പ്ലനേഷന്‍ എഴുതി വാങ്ങി എന്നത് ശരിയാണോ എന്നതായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. അതിനെ കുറിച്ചൊന്നും പറയാന്‍ തനിക്കു സാധിക്കില്ലെന്നും അതെല്ലാം സീല്‍ ചെയ്ത് യൂണിവേഴ്‌സിറ്റിക്ക് അയക്കാനുള്ള കവറുകളില്‍ ആക്കിയതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. വാണിംഗ് കൊടുത്തു പറഞ്ഞുവിട്ട കുട്ടിയുടെ കൈയ്യില്‍ നിന്ന് എക്‌സ്പ്ലനേഷന്‍ വാങ്ങിയാലും ഇല്ലെങ്കിലും അത് അറിയാന്‍ സീല്‍ ചെയ്ത കവറുകള്‍ തുറക്കുന്നത് എന്തിനാണ്? കോപ്പിയടി റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണല്ലോ സീല്‍ ചെയ്ത കവറുകളില്‍ വിശദീകരണം ഒക്കെ വെച്ച് അയയ്ക്കേണ്ടി വരിക. ഇവിടെ റിപ്പോര്‍ട്ട് ചെയ്തില്ല എന്ന് ആവര്‍ത്തിച്ച് പറയുന്ന സ്ഥിതിക്ക് അത് വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയാന്‍ എന്താണ് ബുദ്ധിമുട്ട്? സംഭവത്തിന്റെ സത്യാവസ്ഥ തുറന്നുപറയാനുള്ള മടി മറ്റൊന്നും കൊണ്ടല്ല, നെഹ്‌റു കോളേജിലെ രീതികളിലെയും സമീപനത്തിലെയും പിഴവുകളും അനീതികളും ഒരു സദസ്സിലും ആര്‍ക്കും ന്യായീകരിച്ചെടുക്കാന്‍ സാധിക്കുന്നതല്ല എന്ന ഉത്തമബോധ്യം അവര്‍ക്കുതന്നെ ഉള്ളതുകൊണ്ടാണ്.ഒരു സാധാരണ സ്ഥാപനത്തിലെ ഒരോഫീസില്‍ നടക്കുന്ന കാര്യം മറ്റൊരു ഓഫീസില്‍ വ്യക്തമായിഅറിയാതിരിക്കുക എന്നത് സ്വാഭാവികമാണ്. പക്ഷെ അങ്ങനെ ഒരു രീതിയിലല്ല നെഹ്‌റു കോളേജ് പ്രവര്‍ത്തിക്കുന്നത്. ആ ക്യാമ്പസ്സില്‍ ഒരില അനങ്ങുന്നതു പോലും മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തിലാണ്. പത്തു രൂപയുടെ ഒരു പൈപ്പ് പൊട്ടിപ്പോയാല്‍ മുകളിലത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്ന് വിളി വരും. ഒരാവശ്യം പറയാന്‍ പ്രിന്‍സിപ്പാലിനെയോ ഡയറക്ടറേയോ കാണാന്‍ 5 പേര്‍ ഒരുമിച്ചു പോയാല്‍ ഉടനെ 'മാസ്സ് മൂവ്മെന്റ്' കോളേജിനെതിരെ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുകളിലത്തെ ഓഫീസിലേക്ക് ശകാരിക്കാനും ഭീഷണിപ്പെടുത്താനും വിളിപ്പിക്കാറുണ്ട്. പ്രിന്‍സിപ്പല്‍, ഡയറക്ടര്‍, ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്‌മെന്റ് എന്ന സ്ഥാനങ്ങളില്‍ ഒക്കെ അവിടെ ഇരിക്കുന്ന പല പിഎച്ച്ഡിക്കാരും ഐഐറ്റി, ഐഐഎം പാരമ്പര്യം അവകാശപ്പെടുന്നവരും ഒക്കെ മാനേജ്‌മെന്റിന്റെ കേവലം ഓര്‍ഡര്‍ലിമാരായാണ് ജോലി ചെയ്യുന്നത്. മലയാളത്തില്‍പറഞ്ഞാല്‍ വാല്യക്കാര്‍. കുട്ടികളോട് കരുണയും സ്‌നേഹവും ഉള്ളവര്‍ ഇല്ലെന്നല്ല, ചിലര്‍ ഉണ്ടാവാം, പക്ഷേ നെഹ്‌റു കോളേജില്‍ അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ എളുപ്പമാവില്ല. വിദ്യാഭ്യാസത്തെയും ഡിഗ്രികളെയും ഏറ്റവും വലിയ സമ്പത്തായി കാണുന്ന മലയാളിക്ക് നെഹ്‌റു കോളേജുമായി ബന്ധപ്പെടുന്നതോടെ അതിനോടൊക്കെ പുച്ഛം മാത്രം ബാക്കിയാവും. അങ്ങനെ ഒരു സിസ്റ്റം നിലനില്‍ക്കുന്ന കോളേജില്‍ ജിഷ്ണുവിനോട് എന്തു പറഞ്ഞു, എന്ത് എഴുതിവാങ്ങി എന്ന് അവിടെ ഉണ്ടായിരുന്നവരേക്കാള്‍ നന്നായി മാനേജ്‌മെന്റിന് അറിവുള്ളതായിരിക്കും എന്നതില്‍ ഒട്ടും സംശയം വേണ്ട.

ഇനി, ഈ എക്‌സ്പ്ലനേഷന്‍ ലെറ്റര്‍ / അപ്പോളജി ലെറ്റര്‍ എന്ന പ്രഹസനത്തെക്കുറിച്ചു പറയാം. അതും ദയവായി എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഞങ്ങളൊക്കെ പല അവസരങ്ങളിലായി എഴുതി നല്‍കിയ അപ്പോളജികള്‍ ഇപ്പോഴും കാണും അവിടുത്തെ ഓഫീസുകളില്‍. ഇതില്‍ ഒന്നുപോലും സ്വമേധയാ എഴുതിക്കൊടുക്കുന്നതല്ല എന്നത് ആദ്യമായി മനസിലാക്കുക. മെന്റല്‍ ടോര്‍ച്ചറിന്റെ ഒരു പരമ്പരക്ക് ശേഷംഅവസാനം പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റൊരു വഴിയും ഇല്ല എന്ന അവസ്ഥയില്‍ പലപ്പോഴും ചെയ്യാത്ത അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പു ചോദിക്കുന്നതായി എഴുതിക്കൊടുക്കുന്നതാണ് ഈ പറയുന്ന അപ്പോളജി. പിന്നീട് നിയമപരമായെങ്കിലും നീതി വാങ്ങിയെടുക്കാനുള്ള, പ്രതികരിക്കാനുള്ള അവസാന അവസരം കൂടി ഈ അപ്പോളജിയിലൂടെ ഇല്ലാതാക്കിയാണ് പീഡന പരമ്പര അവസാനിക്കുക. പരാജയം, അപമാനം, നിസ്സഹായാവസ്ഥ, ആ പ്രായത്തില്‍ ഒരു വിദ്യാര്‍ത്ഥി അഭിമുഖീകരിക്കേണ്ടി വരുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്. നിയമപരമായി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൈകഴുകാനുമാണ് ഈ പറയുന്ന അപ്പോളജിയും എക്‌സ്പ്ലനേഷനും ഒക്കെ കോളേജ് കരുതിവെക്കുന്നത്. ഈ എഴുതി വാങ്ങിക്കുന്നതിന്റെ സത്യാവസ്ഥയും വിശ്വാസ്യതയില്ലായ്മയും ദയവു ചെയ്ത് ആലോചിച്ചുനോക്കുക. ഇനി ജിഷ്ണുവിന്റെ കാര്യത്തിലും മാനേജ്‌മെന്റിന് സ്വയം ന്യായീകരിക്കാനുള്ളത് അങ്ങനെ എന്തെങ്കിലും സ്റ്റേറ്റ്മെന്റുകള്‍ ആണെങ്കില്‍ അതിനൊക്കെ എന്ത് വിലയാണ് ഉള്ളതെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു. ഇവര്‍ വിവരിക്കുന്നതുപോലെ തെറ്റ് തിരിച്ചറിഞ്ഞ്  മാപ്പു ചോദിച്ച് 'സന്തോഷ'ത്തോടെ ഹോസ്റ്റലിലേക്ക് മടങ്ങിയ ഒരു കുട്ടിയും ഇതുവരെ ആത്മഹത്യ ചെയ്തിട്ടില്ല.

ഇന്നിപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സമാനമായി 2010-ലും വലിയ പരാതികളും സമരങ്ങളും നെഹ്‌റു കോളേജില്‍ നടന്നിട്ടുള്ളതാണ്. 2010-ല്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി മൊബൈല്‍ ഫോണ്‍ പരിശോധനയുടെ പേരില്‍ പുരുഷ ഉദ്യഗസ്ഥര്‍ കടന്നു ചെല്ലുകയും മോശമായി പെരുമാറുകയും ഉണ്ടായി. പരാതിപ്പെട്ട പെണ്‍കുട്ടികളെ കോളേജ് മാനേജ്മന്റ് വീണ്ടും മോശമായ ഭാഷയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ സമരത്തിന്റെ ഭാഗമായി തൃശൂര്‍ റൗണ്ടില്‍ 100 കണക്കിന് വിദ്യാര്‍ഥികള്‍ യൂണിഫോം ധരിച്ചുതന്നെ, പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തി മൗനജാഥയും യോഗവും സംഘടിപ്പിച്ചിരുന്നു. അതൊക്കെ കവര്‍ ചെയ്യാന്‍ ഒരുപാടു ചാനലുകള്‍ എത്തിയെങ്കിലും കോളേജിന്റെ സ്വാധീനത്തിനു വഴങ്ങി റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ചാനലുകളും പത്രങ്ങളും തയ്യാറായില്ല. പണവും സ്വാധീനവും ഉപയോഗിച്ച് വാര്‍ത്ത തടഞ്ഞുവെച്ചും, അന്വേഷണങ്ങളും തെളിവെടുപ്പുകളും സാങ്കേതികമായ പഴുതുകളിലൂടെയും, കുട്ടികളെ ഭീഷണിപ്പെടുത്തിയും ചിലരെ സ്വാധീനിച്ചും തരണം ചെയ്യുകയാണ് അന്നുണ്ടായത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിഷയത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കോളേജിന് സാധിച്ചില്ല എന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയ ശക്തമായിവിഷയം ഏറ്റെടുത്തതോടെ മാധ്യമങ്ങള്‍ വാര്‍ത്ത പിന്തുടരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.അതിക്രമങ്ങളും പീഡനങ്ങളും ഒരുപാട് അതിരു കടക്കുമ്പോള്‍ മാത്രമാണ് അങ്ങേയറ്റം സമ്മര്‍ദത്തിലും ഭയത്തിലും മാനസിക സംഘര്‍ഷത്തിലും മുങ്ങി കഴിയുന്ന നെഹ്‌റു കോളേജിലെ കുട്ടികള്‍ പ്രതികരിക്കുക. ആരും ഒന്നിനെയും ചോദ്യം ചെയ്യില്ല എന്ന വൃത്തികെട്ട ആത്മവിശ്വാസം പതുക്കെ പതുക്കെ അതിരു കടന്നു വളരുമ്പോള്‍, ഒരിക്കലും അംഗീകരിക്കാനാവാത്ത, തീര്‍ത്തും അടിച്ചമര്‍ത്തപ്പെട്ട വിദ്യാര്‍ത്ഥികളെപ്പോലും സഹികെട്ടു പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന എന്തെങ്കിലും ഒന്ന് കോളേജിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. അപ്പോള്‍ മാത്രമാണ് ഇങ്ങനെയുള്ള സമരങ്ങളും പ്രശ്‌നങ്ങളും ഒക്കെ തുടങ്ങുന്നത്. സ്വാശ്രയ മാനേജ്മന്റ് അസോസിയേഷന്‍ പറയുന്ന പോലെപതിറ്റാണ്ടുകളായി ഒരു പരാതിയും കേള്‍പ്പിക്കാത്ത ഒരു മാനേജ്മന്റ് അല്ല നെഹ്‌റു കോളേജിന്റേത്. പരാതികള്‍ ഉണ്ട്, പുറത്തുവരാറില്ലെന്നു മാത്രം. പുറത്തുവന്ന പരാതികളും ഉണ്ട് ഏറെ. പക്ഷേ അസോസിയേഷന് തത്കാലം അത് കണ്ടില്ലെന്നു നടിക്കുകയേ നിര്‍വാഹമുള്ളൂ.

ഇതൊന്നുമല്ലാതെ എത്രയോ അന്യായങ്ങളും അവകാശലംഘനങ്ങളും എന്നും അവിടെയുണ്ട്. 2007 - 2011കാലയളവിലെ സ്ഥിതി പറയാം. കുട്ടികളുടെ ഇന്‍റേണല്‍ മാര്‍ക്ക് കണക്കാക്കുന്നതിന് വ്യക്തമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും യൂണിവേഴ്‌സിറ്റികള്‍ നിര്‍ദേശിക്കാറുണ്ട്. വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകനാണ് യൂണിവേഴ്‌സിറ്റി മാനദണ്ഡങ്ങള്‍ പ്രകാരം മാര്‍ക് അനുവദിക്കാനുള്ള പൂര്‍ണ്ണ അധികാരം. നെഹ്‌റു കോളേജില്‍ പക്ഷെ അങ്ങനെയല്ല, യൂണിവേഴ്‌സിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച്, തികച്ചും അശാസ്ത്രീയമായ രീതിയിലാണ് മാനദണ്ഡങ്ങള്‍ ക്രമീകരിക്കാറ്. സര്‍ക്കാരിന്റെയും കോഴ്‌സ് നല്‍കുന്ന യൂണിവേഴ്‌സിറ്റികളുടെയും മുകളില്‍ ആരാണ് ഇങ്ങനെയുള്ള പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക്‌ നിയമനിര്‍മാണത്തിനുള്ള അധികാരം കൊടുത്തിട്ടുള്ളത്?

നെഹ്‌റു കോളേജിലെ ഇന്‍റേണല്‍ മാര്‍ക്ക് തീരുമാനിക്കുന്ന ഏറ്റവും വലിയ മാനദണ്ഡം മാനേജ്‌മെന്റിന്റെ വൈരാഗ്യബുദ്ധിയാണ്. കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ് ഇന്‍റേണല്‍ അസ്സെസ്സ്‌മെന്റ്. അതേ കാലയളവില്‍ കോളേജില്‍ അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജിന് യൂണിവേഴ്‌സിറ്റിയില്‍ ഫൈന്‍ അടയ്ക്കാനുള്ള കണ്ടൊനാഷന്‍ ഫോമുകള്‍ക്കെല്ലാം ഒരു സീരിയല്‍ നമ്പര്‍ ആയിരുന്നു. ഒരേയൊരു ഫോമിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ഞങ്ങള്‍ പൂരിപ്പിച്ചയച്ചുകൊണ്ടിരുന്നത്. ഫൈന്‍ ഒന്നും യൂണിവേഴ്‌സിറ്റിയിലേക്ക് ആയിരുന്നില്ല, കോളേജിലേക്ക് തന്നെ. ഫൈന്‍ കോളേജ് പിടിച്ചുവാങ്ങുന്നു എന്നതല്ല പ്രധാന വിഷയം, യഥാര്‍ത്ഥ അറ്റന്‍ഡന്‍സ് / കോഴ്‌സ് രേഖകള്‍ അല്ല യൂണിവേഴ്‌സിറ്റിക്ക് അയക്കുന്നത് എന്നതാണ് വിഷയം.

നിസ്സാര കാര്യങ്ങള്‍ക്കുപോലും ഫൈനും സസ്‌പെന്ഷനും. 'ഡിസിപ്ലിന്‍', കുട്ടികളെ ഭയപ്പെടുത്തി അടിച്ചമര്‍ത്താന്‍ ഏറ്റവും നല്ല ഒരു ന്യായവും ആയല്ലോ. വിദ്യാര്‍ത്ഥികളെ നേരിട്ട് ക്യാമ്പസ്സില്‍ വെച്ചുതന്നെ തല്ലാനും അസഭ്യവര്‍ഷം നടത്താനും മടിയില്ലാത്ത ആളുകള്‍ക്ക് ഡിസിപ്ലിനെ കുറിച്ച് സംസാരിക്കാന്‍ എന്താണ്അവകാശം? ഈയിടെയായി എല്ലാവരും ചോദിക്കുന്നത് നെഹ്‌റു കോളേജിലെ ഇടിമുറിയെപ്പറ്റിയാണ്. അതില്‍ ഒരു ചെറിയ വ്യക്തത വരുത്തിക്കോട്ടെ. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ വെച്ചാണ്, അതായത് സെക്രട്ടറി ഉം പിആര്‍ഒയും ഇരിക്കുന്ന ബ്ലോക്കില്‍ വെച്ചാണ് ഇവരുടെ വക വിചാരണയും ഇടിയും ഒക്കെ നടക്കാറുള്ളത്. അതാണ് കുട്ടികള്‍ ഉദ്ദേശിക്കുന്ന ഇടിമുറി. പക്ഷേ പല അവസരങ്ങളിലും ക്യാമ്പസ്സിന് അകത്ത് പലയിടത്തും വെച്ച് കുട്ടികളെ മര്‍ദ്ദിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു നിയമവ്യവസ്ഥിതിയെയും ഭയമില്ലാത്ത, കുട്ടികളെ മനുഷ്യജീവിയായി പോലും കാണാത്ത ഇവര്‍ക്ക് എന്തിനാണ് ഒരു പ്രത്യേക ഇടിമുറി? എവിടെ വെച്ചും ഇടികിട്ടാവുന്നതേ ഉള്ളു. അങ്ങനെ ഒരു മുറിയിലേക്ക് മാറ്റിനിര്‍ത്തി സ്വകാര്യമായി മര്‍ദ്ദിക്കാന്‍ പോലും ഉള്ള 'ഡിസിപ്ലിന്‍ ' പലപ്പോഴും ഇവര്‍ക്ക് കാണിക്കാന്‍ സാധിക്കാറില്ല.

കോര്‍പ്പറേറ്റ് ലോകത്തേക്ക് കടക്കുന്നതിനു മുന്നോടിയായി ഒരു പരിശീലനം എന്ന നിലയ്ക്കാണത്രെ ഇന്‍സൈഡും, ബ്ലാക്ക് ലെതര്‍ ഷൂവും, ഷേവും, ഹെയര്‍ക്കട്ടും ഒക്കെ നിര്‍ദ്ദേശിക്കുന്നത്. പാവം രക്ഷകര്‍ത്താക്കള്‍ ഇത് അതേപടി വിശ്വസിക്കുകയും ചെയ്യും. ഈ പറയുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ ഒന്നും നിങ്ങളുടെ വസ്ത്രമോ താടിയോ മുടിയോ നോക്കിയല്ല ശമ്പളം തരുന്നതെന്ന്‍ അങ്ങനെയൊന്നില്‍ ജോലി ചെയ്തവര്‍ക്കൊക്കെ അറിയാം. നെഹ്‌റു കോളേജിന്റെ താല്പര്യം അതൊന്നും അല്ല. എല്ലാ വ്യക്തിസ്വാതന്ത്യ്രങ്ങളിലും കൈകടത്തി, കുട്ടികള്‍ക്കുമേല്‍ ഒരു പരമാധികാരം സ്ഥാപിക്കാനും, ഓരോ ചെറിയ രീതിയിലും മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ജീവിക്കുന്നത് എന്ന തോന്നല്‍ കുട്ടികളില്‍ ഉളവാക്കാനുമാണ് ഇതൊക്കെ. ഭയപ്പെട്ടിരിക്കുന്ന, നിസ്സഹായരായ, ഒന്നിനോടും പ്രതികരിക്കാന്‍ ധൈര്യമില്ലാത്ത ഒരവസ്ഥയിലേക്ക് കുട്ടികളുടെ മനസ്സുകളെ പാകപ്പെടുത്തി എടുക്കുക എന്നതാണ് അവര്‍ക്കാവശ്യം. എന്നാല്‍ ഈ ട്രീറ്റ്മെന്റിന്റെ ആഘാതം ആ കോളേജ് കാലഘട്ടത്തോടുകൂടി അവസാനിക്കുന്ന ഒന്നല്ല. ഒരുപാടു വിദ്യാര്‍ത്ഥികളെ എന്നെന്നേക്കുമായി പിന്തുടരുന്ന ഒന്നാണ് അവിടത്തെ അനുഭവങ്ങള്‍. ഇന്നും, ഒരു സാധാരണ മനുഷ്യനേക്കാള്‍ ഭയമാണ് ഞങ്ങള്‍ക്ക് എല്ലാത്തിനോടും. ഇങ്ങനെ ഒരന്തരീക്ഷം എന്തിനാണ് അവിടെ മന:പൂര്‍വം അവര്‍ സൃഷ്ടിക്കുന്നതെന്നത് അല്പം കഴിഞ്ഞു വിശദീകരിക്കാം. ജിഷ്ണുവിന്റെ വിഷയത്തില്‍ അതിനു കൂടുതല്‍ പ്രസക്തിയുണ്ട്.ഇതില്‍നിന്നു ഒരുപാടൊന്നും വ്യത്യസ്തമാവില്ല ഇപ്പോഴും അവിടുത്തെ സ്ഥിതി. കാരണം, നെഹ്‌റു കോളേജ്‌ അവരുടെ സമീപനത്തില്‍ മാറ്റം വരുത്താറില്ല. ഇങ്ങനെയുള്ള വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴും അത് തരണം ചെയ്തു വീണ്ടും എല്ലാം പഴയ പോലെ ആവാറാണ് പതിവ്. വിഷയത്തിന്റെ ചൂടാറുന്നവരെ ക്ഷമയോടെ കോളേജ് അടച്ചിട്ടു കാത്തിരിക്കുന്നത് വ്യക്തമായ പദ്ധതിയുടെ ഭാഗമായിത്തന്നെയാണ്. ഹോസ്റ്റലില്‍ നിന്ന് കുട്ടികളെ അടിച്ചിറക്കാനുള്ള തിടുക്കം നമ്മള്‍ വാര്‍ത്തകളിലൂടെ കണ്ടതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ കുട്ടികളെ ഒഴിവാക്കാനും പരാതികള്‍ അവരുടെ സമക്ഷം എത്താതിരിക്കാനും സമഗ്രമായ വിവരശേഖരണം തടസപ്പെടുത്താനുമാണ് ഈ ധൃതി. ഇപ്പോള്‍ പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ സ്വസ്ഥമായി പഠിച്ചു പരീക്ഷ എഴുതാനുള്ള സൗകര്യം പോലും അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നു എന്നുള്ളത് മാനേജ്‌മെന്റിന്റെ ദയാഹീനമായ സമീപനമാണ് കാണിക്കുന്നത്. പക്ഷെ, വാസ്തവത്തില്‍, കോളേജ് അടച്ചിടുന്നത് താത്കാലികമായ സൗകര്യത്തിനുവേണ്ടി മാത്രമല്ല. ഇങ്ങനെയുള്ള പ്രശനങ്ങള്‍ മറികടക്കാനുള്ള കോളേജ് മാനേജ്‌മെന്റിന്റെ ഏറ്റവും ഫലപ്രദവും സമര്‍ത്ഥവുമായ മാര്‍ഗവും ഇതുതന്നെ.

2010 ലും ഇങ്ങനെ തന്നെയാണ് സംഭവിച്ചിട്ടുള്ളത്.ഒരാഴ്ച കോളേജ് അടച്ചിടുന്നതോടുകൂടി വിഷയം തണുക്കുക മാത്രമല്ല രക്ഷകര്‍ത്താക്കള്‍ അസ്വസ്ഥരാവുമെന്നും അവര്‍ക്കു നന്നായി അറിയാം. എഞ്ചിനീയറിംഗ് പോലെ വളരെ തിരക്കുപിടിച്ച ജോലിഭാരമേറിയ രീതിയില്‍ ഓടുന്ന ഒരു കോഴ്‌സില്‍ ഒന്നോ രണ്ടോ ആഴ്ച ഒരു ചുരുങ്ങിയ സമയമല്ല. കുട്ടികളുടെ കാര്യത്തില്‍ യാതൊരു ആത്മാര്‍ത്ഥതയോ ഉത്തരവാദിത്വമോ താല്പര്യമോ ഇല്ല എന്ന് നെഹ്‌റു കോളേജ് മാനേജ്മന്റ് വളരെ പെട്ടന്ന് തന്നെ തെളിയിച്ചുകൊടുക്കാറുള്ളതുകൊണ്ട് രക്ഷിതാക്കള്‍ ആശങ്കയിലാവും എന്നത് തീര്‍ച്ചയാണ്. ആ സമ്മര്‍ദ്ദത്തില്‍ ക്ലാസ് തുടങ്ങാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോളേജില്‍ തുടര്‍ച്ചയായി വിളിക്കുന്നതിലും പതുക്കെ അത് അപേക്ഷയുടെ സ്വരത്തിലായിമാറുന്നതിലുമാണ് മാനേജ്മന്റ് കാത്തിരിക്കുന്ന അവസരം.

ക്ലാസ് തിരിച്ചോ ഡിപ്പാര്‍ട്ട്മെന്റ് തിരിച്ചോ വളരെ ഗൗരവത്തില്‍, തെറ്റ് മറച്ചുവെച്ചുകൊണ്ട്, നടന്ന സംഭവങ്ങള്‍ എന്ന വ്യാജേന നന്നായി എഴുതിത്തയ്യാറാക്കിയ ഒരു കെട്ടുകഥ പ്രിന്റെടുത്തു നല്‍കിയും പറഞ്ഞു കേള്‍പ്പിച്ചും ഒരു പേരെന്‍റ്സ് മീറ്റിങ്ങ് നടത്തും. പിടിഎ ഇല്ലാത്ത കോളേജില്‍ എന്താണ് പറയേണ്ടതെന്നോ, എന്ത് അവതരിപ്പിക്കണമെന്നോ യാതൊരു ധാരണയോ അജണ്ടയോ ഇല്ലാതെ, ഒരു പൊതുസ്വരം ഇല്ലാത്ത രക്ഷിതാക്കള്‍ വന്നിരിക്കുമ്പോള്‍ മീറ്റിംഗ് മാനേജ്മന്റ് തീരുമാനം പോലെയാണു നീങ്ങുക എന്നതില്‍ അത്ഭുതമില്ലല്ലോ. തികച്ചും ഏകപക്ഷീയമായ രീതിയിലാണ് അങ്ങനെ ഒരു മീറ്റിംഗ് മുന്നോട്ടുപോകുക. മീറ്റിംഗ് ഹാളില്‍ കാമറ പ്രത്യേകം സജ്ജമാക്കി വെക്കുന്നതോടെ നല്ലൊരു ശതമാനം രക്ഷിതാക്കളും പിന്നെ ഭയം കൊണ്ട് യാതൊന്നും പറയാനും മുതിരില്ല. മീറ്റിംഗിന് ഒടുവില്‍, കോളേജ് തുറക്കാത്തത് കുട്ടികളുടെ അതിക്രമം ഭയന്ന് മാത്രമാണ് എന്ന ഒരു അറിയിപ്പിനൊടുവില്‍ തങ്ങളുടെ കുട്ടിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണമോ എതിര്‍പ്പോ ഉണ്ടാവില്ലെന്ന് മാതാപിതാക്കളില്‍ നിന്ന്‍ എഴുതി ഒപ്പിട്ടു വാങ്ങിക്കും. അടുത്ത ദിവസം തൊട്ട് വളരെ ഭംഗിയായി, സമാധാനപരമായി ക്ലാസുകള്‍ പുനരാരംഭിക്കും എന്ന ധാരണയിലാണ് രക്ഷിതാക്കള്‍ സമ്മതപത്രം ഒപ്പിട്ടു കൊടുക്കുന്നതെങ്കിലും അവരെ കാത്തിരിക്കുന്ന യാഥാര്‍ഥ്യം മറ്റൊന്നാണ്.

സ്ഥിതിഗതികള്‍ പൂര്‍ണ്ണനിയന്ത്രണത്തില്‍ ആവുന്നതോടെ നെഹ്‌റു കോളേജ് കുട്ടികളെ ടാര്‍ഗറ്റ് ചെയ്യാനും വിക്റ്റിമൈസ് ചെയ്യാനും ആരംഭിക്കും.

2010-ല്‍ സമരത്തിന് മുന്നിട്ടിറങ്ങിയത് അന്നത്തെ സെമസ്റ്റര്‍ ആറിലെ വിദ്യാര്‍ഥികളായിരുന്നു. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് സസ്‌പെന്‍ഡ്‌ ചെയ്ത് ആഴ്ചകളോളം ക്ലാസ് നഷ്ടപ്പെടുത്തുകയും എന്‍ക്വയറി എന്ന പേരില്‍ മാനസികമായി പീഡിപ്പിക്കുകയുമാണ് തുടര്‍ന്നുണ്ടായത്. അന്നത്തെ ആറാം സെമസ്റ്റര്‍ ക്ലാസ്സുകളിലെ കോഴ്‌സ് ഫയല്‍ (കുട്ടികളുടെ അറ്റന്‍ഡന്‍സും മാര്‍ക്കും മറ്റ് പെര്‍ഫോമന്‍സ് ഡീറ്റൈയില്‍സും ഉള്ള രേഖ) പൂഴ്ത്തി പുതിയ കോഴ്‌സ് ഫയലില്‍ മാനേജ്മന്റ്‌ നിര്‍ദേശപ്രകാരം എല്ലാ അധ്യാപരെയും വിളിച്ചുവരുത്തി നിര്‍ബന്ധിതമായി പുതിയ കോഴ്‌സ് രേഖകള്‍ കെട്ടിച്ചമച്ചതാണ് യൂണിവേഴ്‌സിറ്റിക്ക് അയച്ചത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളുടെ ഇന്‍റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും വിശ്വാസയോഗ്യം പോലുമല്ലാത്ത രീതിയില്‍ കുറിച്ചായിരുന്നു പുതിയ രേഖകള്‍ മെനഞ്ഞെടുത്ത്. ഇന്‍റേണല്‍ മാര്‍ക്കുകളിലും അറ്റന്‍ഡന്‍സിലും രേഖകള്‍ തിരുത്തി കൃത്രിമം കാണിച്ചതിനെതിരെ അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പലപ്പോഴായി പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളതുമാണ്. വന്ന പരാതികളെ സംബന്ധിച്ച് യൂണിവേഴ്‌സിറ്റിക്ക് കോളേജ് അധികൃതര്‍ മറുപടി കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ഒരു ചാന്‍സില്‍ നിന്ന് പ്രസ്തുത രജിസ്റ്റര്‍ നമ്പര്‍ സീരിസില്‍ പെട്ട നെഹ്‌റുകോളേജ് വിദ്യാത്ഥികളെ ഒഴിവാക്കിയിരുന്നു. എന്നാല്‍, യൂണിവേഴ്‌സിറ്റി നിര്‍ദേശം മറികടന്ന്‍, മറ്റു കുട്ടികള്‍ക്കുള്ള ചോദ്യക്കടലാസ് ഫോട്ടോകോപ്പി എടുത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ കബളിപ്പിച്ചു പരീക്ഷ നടത്തിയ സംഭവം അന്ന് പത്രങ്ങളില്‍ ചെറിയ തോതിലെങ്കിലും വാര്‍ത്തയായതാണ്.

ഒരു കാര്യംകൂടി പറഞ്ഞോട്ടെ, നാളെ എല്ലാം കഴിഞ്ഞ്, ഞങ്ങൾ സന്തുഷ്ടരാണ് എന്നു പറഞ്ഞ് നെഹ്‌റു കോളേജിലെ കുട്ടികൾ കൂട്ട ഒപ്പിട്ട ഒരു കടലാസ് പത്രത്തിലോ വാർത്തയിലോ കാണാനിടയായാല്‍ അത് എവിടെനിന്നു വരുന്നു എന്നു കൂടി മനസിലാക്കുക. ഏതെങ്കിലും അധ്യാപകരുടെയോ ജീവനക്കാരുടെയോ കല്യാണമോ ആരുടെയെങ്കിലും മരണമോ ഒക്കെ നടന്നാൽ കോളേജിൽ നിന്ന് കൂട്ട ഒപ്പിട്ട ഒരു സന്ദേശം അയക്കാറുണ്ട്. ആ സന്ദേശം ക്ലാസ്സിൽ വായിപ്പിച്ച ശേഷം ഒപ്പുശേഖരണം തുടങ്ങും, ഞങ്ങളെല്ലാം പേരെഴുതി ഒപ്പിട്ട് കടലാസ് അയച്ചശേഷം ഒരു 10  മിനുട്ടിനുള്ളിൽ പ്യൂൺ വീണ്ടും വരും. നേരത്തെ ശേഖരിച്ച ഒപ്പുകൾ റോൾനമ്പർ ക്രമത്തിലല്ല, മഷി തെളിഞ്ഞില്ല, പല നിറത്തിലാണ് എന്നൊക്കെ ഓരോ ന്യായങ്ങൾ പറഞ്ഞ് വീണ്ടും ഒപ്പു ശേഖരിക്കും. വിദ്യാര്‍ഥികളുടേതെന്നു പറഞ്ഞ് ആ കോളേജിൽ നിന്ന് വരുന്ന ഏറെക്കുറെ എല്ലാ കൂട്ടഹര്‍ജികളും ഇങ്ങനെ ഒപ്പിച്ചെടുത്ത ഒപ്പു പതിച്ചാണ് വരാറ്. സന്ദേശം വായിക്കുന്ന ദു:ഖിതരോ സന്തോഷിതരോ കൂട്ടയൊപ്പിന്റെ റോൾനമ്പർ ക്രമത്തെപ്പറ്റി വേവലാതിപ്പെടില്ലെന്നോ ഖേദിക്കുകയില്ലെന്നോ മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്തവരായി ദയവു ചെയ്ത് ഞങ്ങളെ കാണരുത്. ഞങ്ങൾക്ക് അതെല്ലാം നന്നായി അറിയാമായിരുന്നു. അതിനോട് പോലും ഒരു വാക്ക് പ്രതികരിക്കാൻ ആകാത്ത വിധം ഞങ്ങളുടെ മനസ്സുകൾ ഭയത്തിനും അടിമത്തത്തിനും വഴങ്ങിക്കഴിഞ്ഞിരുന്നു.ഇനി നേരത്തെ പറഞ്ഞ ആ ചോദ്യം.  എന്തിനാണ് കോളേജില്‍ അധികൃതര്‍ ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത്? ഇങ്ങനെയൊക്കെ വെറുതെ ഉപദ്രവിച്ചിട്ട് അവര്‍ക്ക് എന്താണ് നേട്ടം? എന്തിനാണ് കുട്ടികളോട് ഇങ്ങനെ പെരുമാറുന്നത്? ഒന്നാമതായി, ഫീസ് അടച്ച് ജോയിന്‍ ചെയ്തു പഠിക്കുന്ന കുട്ടികളെ മനുഷ്യജീവികളായി കാണാന്‍ അവര്‍ക്കറിയില്ല. അത് അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വമില്ലായ്മയില്‍ നിന്നുമാണ് തുടങ്ങുന്നത്. സാധാരണക്കാരായ ജനങ്ങളോടും അവരുടെ പരിമിതികളോടും ഉള്ള പരമ പുച്ഛവും. അങ്ങനെ നയിക്കപ്പെടുന്ന ഒരു സ്ഥാപനം ഇത്തരത്തില്‍ അധ:പതിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. നെഹ്‌റു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനവും ദയാവായ്പ്പും കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതിന്റെ കണക്കുകളും ഒക്കെ നിരത്തി ഇതിനു വളരെ എളുപ്പം മറുവാദങ്ങള്‍ കണ്ടെത്താവുന്നതേയുള്ളു. എല്ലാ സ്വാശ്രയകോളേജിനും ഉണ്ടാവും അങ്ങനെ 'കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍റേ'തു തപോലത്തെ ചില കണക്കുകള്‍. ദയ, കാരുണ്യം, മനുഷ്യത്വം പോലെയുള്ള മൂല്യങ്ങള്‍ എത്രമാത്രം മാനേജ്മന്റ് ഉള്‍കൊള്ളുന്നു എന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണങ്ങളില്‍ നിന്നും, കുട്ടികളോടുള്ള പ്രതികാര നടപടികളില്‍ നിന്നും വളരെ വ്യക്തമാണ്. എല്ലാം ആളുകള്‍ തിരിച്ചറിയും. ഇനി നെഹ്‌റു കോളേജിന്റെ സഹായം കൊണ്ട് എവിടെയെങ്കിലും ആരുടെയെങ്കിലും ജീവിതം മെച്ചപ്പെടുന്നുണ്ടെങ്കില്‍ അതൊക്കെ നല്ലതുതന്നെ. സമ്മതിക്കാന്‍ ഒരു മടിയും ഇല്ല. പക്ഷെ മറുഭാഗത്ത് ഒരുപാട് ജീവിതങ്ങളില്‍ വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ക്കും ക്ഷതങ്ങള്‍ക്കും അതൊന്നും ന്യായീകരണങ്ങളല്ല.

ഇനി രണ്ടാമത്തേതും ഏറ്റവും സുപ്രധാനവുമായ കാരണം. ഒരു കോളേജ് എന്നതിലുപരി അവര്‍ക്ക് അതൊരു ബിസിനസ് സ്ഥാപനമാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ സൗകര്യങ്ങളോ ജീവനോ ഭാവിയോ ഒന്നും തന്നെ മാനേജ്‌മെന്റിന്റെ പരിഗണയിലുള്ള വിഷയങ്ങളേ അല്ല. മേല്പറഞ്ഞതിനെ ഒന്നും വകവെക്കാതെ, തങ്ങളുടെ സൌകര്യാര്‍ത്ഥമെടുക്കുന്ന എല്ലാ തീരുമാനങ്ങളും വളരെ എളുപ്പം അനുസരിപ്പിക്കാവുന്ന, പ്രതികരിക്കാന്‍ ശേഷിയില്ലാത്ത, വല്ലാതെ ഭയപ്പെടുന്ന ഒരു കൂട്ടമാക്കി വിദ്യാര്‍ത്ഥികളെ മാറ്റണം. അതിനുവേണ്ടിവരുന്ന നിയമങ്ങളും ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ ശിക്ഷയും ഭീകരാന്തരീക്ഷവും സൃഷ്ടിച്ച് കുട്ടികളെ അടിച്ചമര്‍ത്തുക എന്നതാണ് നയം. ഈ ഭീതി മറികടന്ന്‍ സംസാരിക്കാനും പ്രതികരിക്കാനും മറ്റു കുട്ടികളെ അണിനിരത്താനും ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ ടാര്‍ഗറ്റ് ചെയ്ത് മാനസികമായി തളര്‍ത്താന്‍ കിട്ടുന്ന ഏതൊരവസരവും മാനേജ്മന്റ് പാഴാക്കാറില്ല. പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് വലിയ ശിക്ഷ അടിച്ചേല്‍പ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. മറ്റു കുട്ടികള്‍ക്ക് താക്കീതാവാനുള്ള പാഠങ്ങളാണ് അവര്‍ക്ക് ഉണ്ടാക്കിയെടുക്കേണ്ടത്. എല്ലാ വര്‍ഷവും ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികള്‍ വരുമ്പോള്‍ സീനിയേഴ്‌സിനും അധ്യാപര്‍ക്കും പറഞ്ഞു മനസ്സിലാക്കിത്തരാനുണ്ടാകും ഇങ്ങനെ ഒരു കൂട്ടം കഥകള്‍. മാനേജ്‌മെന്റിന്റെ സ്വാധീനം, ശക്തി, ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച ചില വിദ്യര്‍ത്ഥികള്‍ക്കു വന്നുപെട്ട ദുരന്തങ്ങള്‍ അങ്ങനെ കുറെ കഥകള്‍. മന:പൂര്‍വ്വം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെക്കുന്നതാണ്. എങ്ങനെയാണ് ഒരു വിദ്യാര്‍ത്ഥി അവിടെ സന്തോഷമായും സമാധാനപരമായും പഠനം പൂര്‍ത്തിയാക്കുക...

KTU-ക്കെതിരായുള്ള സമരത്തിലും നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഉത്സാഹത്തോടെ പങ്കെടുത്തിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു എന്നറിയുന്നു. അതുകൊണ്ടുതന്നെ, പരീക്ഷാഹാളില്‍ നടന്ന എന്തെങ്കിലും ഒരു ചെറിയ വിഷയം, ഊതിവീര്‍പ്പിച്ച് കുട്ടിയെ അനാവശ്യ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്. ഈ കേസില്‍ കോപ്പിയടിയെ സംബന്ധിച്ച് ഒരു തെളിവും മുന്നോട്ടുവെക്കാന്‍ കോളേജിന് സാധിക്കുന്നില്ല. റിപ്പോര്‍ട്ട് ഒന്നും ലഭിച്ചിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റിയും പറയുന്നു. അങ്ങനെയെങ്കില്‍ വാദത്തിനു വേണ്ടി കോളേജ് പറയുന്നത് അംഗീകരിച്ചാല്‍ക്കൂടി ഒരു മൈനര്‍ ഒഫന്‍സില്‍ കൂടുതലായി യാതൊന്നും അവിടെ നടന്നിട്ടുണ്ടാവില്ല. അതിനെ കോളേജ് ഇത്ര രൂക്ഷമായി കൈകാര്യം ചെയ്തത് തീര്‍ച്ചയായും സംശയകരമാണ്. വാസ്തവത്തില്‍ അങ്ങനെ ഒരുപിഴവ് പോലും ജിഷ്ണുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നുള്ള വാര്‍ത്തകളാണ് വരുന്നത് . അത് കൂടുതല്‍ ഗൗരവമുള്ള വിഷയമാണ്. പരീക്ഷക്കിടയ്ക്ക് എല്ലാ കുട്ടികളും സ്വാഭാവികമായി അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നതാണ്. ഹാളിലെ ഇന്‍വിജിലേറ്റര്‍ക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങളേ വലിയൊരു ശതമാനവും ഉണ്ടാകാറുള്ളൂ. അങ്ങനെ ഒരു നിസ്സാര സംഭവം ഒരു കുട്ടിയെ ഇത്ര മാനസികമായി തകര്‍ക്കാന്‍ മാത്രം എന്തിന്, എങ്ങനെ പര്‍വ്വതീകരിക്കപ്പെട്ടു എന്ന ചോദ്യത്തിന് കോളേജ് സംവിധാനം തന്നെയാണ് ഉത്തരം പറയേണ്ടത്.

നെഹ്‌റു കോളേജിലെ രീതി അനുഭവിച്ചറിയുന്നവര്‍ക്ക് ഇങ്ങനെയുള്ള ഒരുപാട് രംഗങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ടാവും. 18-ഉം 19-ഉം വയസ് പ്രായമുള്ള കുട്ടികളാണ്. അധികമൊന്നും ലോകപരിചയമോ നിയമപരിജ്ഞാനമോ ഒന്നുംതന്നെ ഇല്ലാത്ത സാധാരണ കുട്ടികള്‍. അവരെ കൂടുതല്‍ അറിവിലേക്കും കഴിവിലേക്കും പ്രാപ്തിയിലേക്കും നയിക്കേണ്ട അധ്യാപകരും മറ്റധികൃതരും കുട്ടികളുടെ പരിചയക്കുറവും ധാരണാക്കുറവും മുതലെടുത്ത്, ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും മുള്‍മുനയില്‍ നിര്‍ത്തുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.

ജിഷ്ണുവിന്റെ ആത്മഹത്യ: ശരിക്കും കൊന്നതല്ലേ അവര്‍?


നെഹ്‌റു കോളേജില്‍ ജീവിതത്തിന്റെ പ്രധാനപ്പെട്ട 4 വര്‍ഷങ്ങള്‍ ഹോമിച്ച ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ആ നാലു വര്‍ഷം മാത്രമല്ല, തുടര്‍ന്നുള്ള കാലം മുഴുവനും, ഉള്ളിന്റെയുള്ളില്‍ ആ അമര്‍ഷവും നിസ്സഹായതയും അതിയായ സങ്കടവും എപ്പോഴെങ്കിലുമൊക്കെ ഓര്‍മ്മകളിലൂടെയെങ്കിലും ശല്യപ്പെടുത്താത്ത, അസ്വസ്ഥമാക്കാത്ത വളരെ കുറച്ചു പേരേ കാണൂ. നെഹ്‌റു കോളേജിലെ കാലഘട്ടം ഒരു മെന്‍റല്‍ ട്രോമ പോലെയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. എന്റെ മാത്രം കാര്യമല്ല, എന്നെപ്പോലെ ഇതേ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരായിരം പേര്‍ കാണും. ജിഷ്ണു ഹോസ്റ്റല്‍ മുറിയില്‍ വച്ചെടുത്ത ആ കടുത്ത തീരുമാനം, അവനെപ്പോലെ അതിനെപ്പറ്റി ആലോചിച്ച ഒരായിരം പേര്‍ ജിഷ്ണുവിന് മുന്നേ അവിടെ നിന്ന്‍ പഠിച്ചിറങ്ങിപ്പോയിട്ടുണ്ടാവാം.

സ്വന്തം ജീവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ജിഷ്ണുവിനെപ്പോലെ ഒരുപാടു വലിയ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന ഒരു കുട്ടിക്ക്. കോളേജിലെ സംഭവങ്ങളെത്തുടര്‍ന്ന് അത് വലിച്ചെറിയുന്ന ഒരു മനോനിലയില്‍ അവനെത്തിയിട്ടുണ്ടെങ്കില്‍ എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ആ സ്ഥാപനത്തിനും അവിടുത്തെ സാഹചര്യങ്ങള്‍ക്കും അതില്‍ നിന്ന് കൈ കഴുകി രക്ഷപെടാന്‍ സാധിക്കില്ല. ജിഷ്ണു എടുത്ത തീരുമാനത്തെ ന്യായീകരിക്കുകയല്ല, ആ കുട്ടി കടന്നുപോയ മാനസിക സംഘര്‍ഷത്തിന്റെ തീവ്രതയും കാഠിന്യവും അതിന്റെ വേദനയും മനസ്സിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങള്‍ക്ക് അത് മനസ്സിലാവും.

നെഹ്‌റു കോളേജില്‍ ഉണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് അടുത്ത ദിവസം ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട സ്വാശ്രയ കോളേജ് പ്രതിനിധികള്‍ നെഹ്‌റു കോളേജിന്റെ കളങ്കമില്ലാത്ത പാരമ്പര്യത്തിന്റെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കാണാനിടയായി. സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ നിസ്സഹായാവസ്ഥകൊണ്ടും, കാശു കൊടുത്തു വാങ്ങിക്കുന്ന മാധ്യമ ശ്രദ്ധകൊണ്ടും സംവിധാനങ്ങള്‍ കൊണ്ടും വളര്‍ത്തിയെടുത്തതാണ് ഈ അവകാശപ്പെടുന്ന യശസ്. പരാതികള്‍ വരാത്തതല്ല, പുറത്തറിയാത്തതാണ്. യാതൊരു രീതിയിലും അക്രമത്തെ ന്യായീകരിക്കുന്നില്ല, പക്ഷേ ആ വരാന്തകളില്‍ ചില്ലും പൂച്ചെട്ടിയും പൊട്ടിയതിനേക്കാള്‍ ഛിന്നഭിന്നമായിപ്പോയിട്ടുണ്ട് ഒരുപാട് കുട്ടികളുടെ പ്രതീക്ഷകളും കരിയറും നീതിന്യായവ്യവസ്ഥകളോടുള്ള വിശ്വാസവും അഭിമാനവും ഒക്കെ.ഒരക്രമവും ഒരു വാക്കുതര്‍ക്കം പോലും ഇല്ലാഞ്ഞിട്ടും നെഹ്‌റു കോളേജ് സംഭവത്തെ തുടര്‍ന്ന്‌ കോളേജുകള്‍ ഒന്നാകെ അടച്ചുപൂട്ടിയത് തീര്‍ത്തും നാണക്കേടായിപ്പോയി. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് സദുദ്ദേശങ്ങളോടാണ്, അല്ലാതെ ക്രൂരതയോടും അന്യായത്തിനോടുമല്ല. സംഘടനയില്‍പ്പെട്ട സ്ഥാപനങ്ങളില്‍ നടക്കുന്ന എല്ലാ നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കും എന്ന് ഉറക്കെ വിളിച്ചുപറയുന്ന�

Next Story

Related Stories