Top

പൊലീസും നെഹ്‌റു കോളേജും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നതായി ബന്ധുക്കള്‍; ജിഷ്ണുവിനു നീതി കിട്ടാതെ പോകുമോ?

പൊലീസും നെഹ്‌റു കോളേജും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നതായി ബന്ധുക്കള്‍; ജിഷ്ണുവിനു നീതി കിട്ടാതെ പോകുമോ?
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങളിലേയ്ക്കും പീഡനങ്ങളിലേയ്ക്കും സമൂഹശ്രദ്ധ തിരിച്ചുവിട്ട പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അസ്വാഭാവിക മരണം നടന്നു മൂന്നാഴ്ച പിന്നിട്ടുമ്പോള്‍ തിരുവനന്തപുരം ലോ കോളേജിലെ സമരം മാറ്റിനിര്‍ത്തിയാല്‍ ബാക്കി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെല്ലാം ഏതാണ്ട് കെട്ടടങ്ങിയ മട്ടിലാണ്. പല സ്വാശ്രയ മാനേജ്‌മെന്റുകളും മുന്‍പ് തങ്ങള്‍ക്കുനേരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടക്കാന്‍ ഉയര്‍ത്തിയ ഭീഷണികളെ ശരിവയ്ക്കുന്നതു പോലെയാണ് അധികൃതരുടെ പല നടപടികളും. സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനവും ധൈര്യപ്പെടില്ല എന്നും തങ്ങള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകളും വിധികളും ഏതുവിധേനയും നേടാന്‍ തക്ക സ്വാധീനം അധികാരത്തിന്റെ ഇടനാഴികളില്‍ ഈ വിദ്യഭ്യാസ കച്ചവടക്കാര്‍ക്ക് ഉണ്ടന്നുമുള്ള വാദത്തെ സാധൂകരിക്കുന്നതുമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്ന ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങളും തത്സംബന്ധമായ വിവാദങ്ങളും.

മരണത്തിനു മുന്‍പ് ജിഷ്ണു മര്‍ദ്ദനത്തിനും ക്രൂരമായ മാനസിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് പുതിയ തെളിവുകള്‍. ജിഷ്ണുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്ന സമയത്ത് എടുത്ത ഫോട്ടോകളിലാണു ശരീരത്തില്‍ മര്‍ദ്ദനമേറ്റ് രക്തം കട്ടപിടിക്കുന്നതിനു സമാനമായ അടയാളങ്ങള്‍ ഉള്ളത്. ജിഷ്ണുവിന്റെ അരക്കെട്ടിനു സമീപത്തും വലതുകൈയ്യുടെ മുകള്‍ ഭാഗത്ത് മൂന്നിടങ്ങളിലും രക്തം കട്ട പിടിച്ചിരിക്കുന്നതായി ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. എന്നാല്‍ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ മൂക്കിനു മുകളില്‍ കാണപ്പെടുന്ന മുറിവിനെ പറ്റി മാത്രമെ പ്രതിപാദിക്കുന്നുള്ളൂ. കേസ് അട്ടിമറിയ്ക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമം നടക്കുന്നുണ്ടെന്ന ബന്ധുക്കളുടെ ആശങ്കയെ ബലപ്പെടുത്തുന്നതാണ് ഈ വിവരങ്ങള്‍.

ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടക്കം മുതലെ സംശയങ്ങള്‍ ഉളവാക്കിയിരുന്നെന്നും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത്ത് ചൂണ്ടിക്കാണിക്കുന്നു. 'ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ വച്ചാണ് ജിഷ്ണുവിന്റെ മൃതദേഹം ഞാന്‍ കാണുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ പോലീസ് സര്‍ജന്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നുമുള്ള ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൃതദേഹവുമായി തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. അവിടെ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള എല്ലാ സൗകര്യങ്ങളും തയ്യാറാണ് എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം, എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ജൂനിയര്‍ ഡോക്ടറെപ്പോലെ തോന്നിച്ച ഒരാളാണ് എത്തിയത്, അതേ പറ്റി ചോദിച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ ഞങ്ങളെ പരിഹസിക്കുകയാണ് ഉണ്ടായത്. ഇതൊരു മെഡിക്കല്‍ കോളേജാണെന്നും ഇവിടെ എല്ലാത്തിനും ഓരോ രീതികള്‍ ഉണ്ടെന്നുമാണ് അവര്‍ പറഞ്ഞത്.


രണ്ടു ദിവസത്തിനു ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഒരു പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണന്നു ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഏഴാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടു മണിയ്ക്കും ഒരു മണിയ്ക്കും ഇടയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ആ സമയം പോലീസ് സര്‍ജന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നു. എന്നിട്ടും പി.ജി. വിദ്യാര്‍ത്ഥിയെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കുകയും പോലീസിനു മൊഴി കൊടുപ്പിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, അതൊന്നും ഇപ്പോള്‍ നടക്കില്ലെന്നും മജിസ്‌റേട്ടിന്റെ അനുവാദം ഉണ്ടെങ്കിലെ വീഡിയോ റെക്കോര്‍ഡിങ് നടക്കു എന്ന മറുപടിയാണ് ലഭിച്ചത്. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വിദ്യാര്‍ത്ഥി അന്നു തന്നെ പോലീസിനു മൊഴി കൊടുത്തിരുന്നു. ആ മൊഴിയില്‍ പറയുന്നത് ജിഷ്ണുവിന്റെ മരണം വെറും ആത്മഹത്യയാണെന്നും മുഖത്തു കാണപ്പെട്ട മുറിവ് മരണ ശേഷം മൃതദേഹം എവിടെ എങ്കിലും തട്ടിയപ്പോള്‍ ഉണ്ടായിട്ടുള്ളതാവാം, ദേഹത്ത് കാണപ്പെടുന്ന പാടുകള്‍ മൃതദേഹം താഴെ കിടത്തിയപ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം രക്തം താഴേയ്ക്കിറങ്ങി കട്ടപിടിച്ചതാവാം എന്നുമാണ്.
എന്നാല്‍ ജിഷ്ണുവിന്റെ മുഖത്തിന്റെ ഫോട്ടോ ആ സമയം ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നു അത് മാധ്യമങ്ങള്‍ വഴി പുറത്തു വരികയും ഡോക്ടറുടെ മൊഴി വിവാദമാവുകയും ചെയ്തപ്പോള്‍ പതിനാറാം തീയതി പോലീസ് സര്‍ജന്‍ കൗണ്ടര്‍ സൈന്‍ ചെയ്ത റിപ്പോര്‍ട്ട് പുറത്തു വന്നു. അതില്‍ പറയുന്നതു ജിഷ്ണുവിന്റെ മുഖത്തു കാണപ്പെട്ട മൂന്നു മുറിവുകള്‍ മരണത്തിനു മുന്‍പ് ഉണ്ടായതാണെന്നാണ്. ഇതും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും തമ്മില്‍ ചേര്‍ന്നു പോവുന്നില്ല. ജിഷ്ണുവിന്റെ മുഖത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ ആ തെളിവ് നിഷേധിക്കാന്‍ കഴിയാതെ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് തരാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണുണ്ടായത്. പോലീസ് ഇന്‍ക്വസ്റ്റ് സമയത്ത് ചിത്രങ്ങള്‍ എടുത്ത ഫോട്ടോഗ്രഫര്‍ വഴി മൃതദേഹത്തില്‍ കാണപ്പെട്ട പാടുകളുടെ ചിത്രം കഴിഞ്ഞ ഇരുപതാം തീയതിയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. അത് ഞങ്ങള്‍ ഒരു ഫോറന്‍സിക് വിദഗ്ദ്ധനെ കാണിക്കുകയും പ്രസ്തുത അടയാളങ്ങള്‍ മര്‍ദ്ദനത്തിന്റെ ഫലമായുണ്ടായതാണെന്ന സാധ്യത ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് മാധ്യമങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ കൈമാറിയത്. ഈ ചിത്രങ്ങള്‍ പതിനഞ്ചു ദിവസത്തിലധികമായി പോലീസിന്റെ കൈവശം ഉണ്ട്. എന്നാല്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ ഒപ്പം നിന്ന് കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്ന ലോക്കല്‍ പോലീസ് ഇവ വിവാദമാവുന്നതു വരെ ആ ചിത്രങ്ങള്‍ കേസിന്റെ അന്വേഷണ ചുമതലയുള്ള എ.എസ്.പി.യെ കാണിക്കാന്‍ തയ്യാറായിരുന്നില്ല.


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മറ്റൊരു വൈരുദ്ധ്യം ജിഷ്ണുവിന്റെ കണ്ണുകളെ സംബന്ധിച്ചാണ്. ജിഷ്ണുവിന്റെ കണ്ണുകള്‍ പാതി അടഞ്ഞ നിലയിലായിരുന്നുവെന്നും അങ്ങനെ പൊടിപടലങ്ങള്‍ കണ്ണില്‍ കടന്നാണ് രക്തം കണ്ണില്‍ കട്ട പിടിച്ചതെന്നും കോര്‍ണിയ വരണ്ടുപോയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കാലത്ത് ഇന്‍ക്വസ്റ്റ് സമയത്തെടുത്ത ചിത്രങ്ങളില്‍ ജിഷ്ണുവിന്റെ കണ്ണ് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്.'
ശ്രീജിത്ത് പറയുന്നു.

കേസ് അന്വേഷിക്കുന്ന എ.എസ്.പി കിരണ്‍ നാരായണില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ലോക്കല്‍ പോലീസ് കോളേജ് മാനേജ്‌മെന്റുമായി ചേര്‍ന്ന് കേസ് അട്ടിമറിയ്ക്കാനാണ് ശ്രമിയ്ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജിഷ്ണുവിന്റെ ബന്ധുക്കളില്‍ നിന്നെടുത്ത മൊഴിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ തിരിമറി നടത്തുകയും ഈ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ കേസന്വേഷിക്കുന്ന സംഘം വീണ്ടും ജിഷ്ണുവിന്റെ വീട്ടില്‍ എത്തി ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.(ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെ സാക്ഷികളായ ബന്ധുക്കളും സുഹൃത്തുക്കളും ജിഷ്ണുവിന്റെ മൃതദേഹത്തിനു സമീപം)

ലോക്കല്‍ പോലീസിന്റെ അനാസ്ഥ വെളിവാക്കുന്ന മറ്റൊരു അനുഭവം കൂടി ശ്രീജിത്ത് പറയുന്നു. 'അസ്വാഭാവിക മരണമായിട്ടും ഹോസ്റ്റലിലെ ജിഷ്ണുവിന്റെ മുറി പോലും പോലീസ് സീല്‍ ചെയ്തില്ല. ഒടുവില്‍ പോലീസ് തെളിവെടുപ്പിനായി എത്തിയപ്പോഴേയ്ക്കും ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ബാത്‌റൂം ഉള്‍പ്പെടെ കഴുകി എല്ലാ തെളിവുകളും അടയാളങ്ങളും കോളേജ് അധികൃതര്‍ നശിപ്പിച്ചു. ഇതെല്ലാം ചെയ്തത് പോലീസിന്റെ ഒത്താശയോടെയാണ്. മാനേജ്‌മെന്റിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതെ സ്വതന്ത്രമായി മൊഴി കൊടുക്കാന്‍ തയ്യാറുള്ള ജിഷ്ണുവിന്റെ ചില സഹപാഠികള്‍ ഉണ്ട്, എന്നാല്‍ പോലീസ് അതിനൊന്നും മെനക്കെടുന്നില്ല. കോടതിയില്‍ ഈ കേസ് വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ ദുര്‍ബലമായി അവതരിപ്പിക്കപ്പെടുമോ എന്ന് ഞങ്ങള്‍ക്ക് സംശയം ഉണ്ട്. സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങളും ജിഷ്ണുവിന്റെ മരണവുമെല്ലാം ഒരു ലോ അക്കാദമി സമരത്തിന്റെ മറവില്‍ ഒതുക്കി തീര്‍ക്കാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്
'

ജീവിച്ചിരുന്നപ്പോള്‍ നീതി നിഷേധിക്കപ്പെട്ട ജിഷ്ണുവിന് മരണശേഷവും നീതി ലഭിച്ചില്ലെങ്കില്‍ എന്ത് ക്രൂരത ചെയ്താലും എത്ര നിയമ ലംഘനം നടത്തിയാലും ഞങ്ങളെ ആരും തൊടില്ല എന്ന മട്ടില്‍ സ്വാശ്രയ മാഫിയ ഇവിടെ കൂടുതല്‍ ശക്തമാവും എന്ന ആശങ്കയും ഇവര്‍ പങ്കു വയ്ക്കുന്നു. അവസാനമായി ഇവര്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്; 'വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചു എന്ന പേരില്‍ മറ്റക്കര ടോംസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റിനെയും പ്രിന്‍സിപ്പളിനെയും വിചാരണ ചെയ്യുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും എന്തുകൊണ്ടാണ്  'പാമ്പാടി നെഹ്‌റു കോളേജ് ' എന്ന ഒരു ലേബലിനപ്പുറം നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍' എന്ന ഈ മാനേജ്‌മെന്റിലെ ഒരു വ്യക്തിയുടെ പോലും പേരു പറയാത്തത്? ആരൊക്കെയാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു കൊല്ലുന്ന ഒരു സ്ഥാപനത്തിന്റെ അമരത്തുള്ളത്? പത്തു തവണ ലക്ഷ്മി നായരെന്ന പേരും അവരുടെ രാഷ്ട്രീയ പിന്‍ബലവും പറയുമ്പോള്‍ ഒരു വട്ടമെങ്കിലും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളുടെ സംഘടനാ പ്രസിഡന്റായ നെഹ്‌റു ഗ്രൂപ്പ് മേധാവിയുടെ പേരും അയാളുടെ രാഷ്ട്രീയ സ്വാധീനവും പറയാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ കാണിയ്ക്കണം'.


രാഷ്ട്രീയ അധികാര സ്വാധീനങ്ങള്‍ കൊണ്ട് ഈ കേസും വെറുമൊരു ആത്മഹത്യയായി മാറിയേക്കാം അതിനു തക്ക ബന്ധങ്ങളും സ്വാധീനവുമുള്ളവര്‍ തന്നെയാണ് ഇവിടെ പ്രതിസ്ഥാനത്തുള്ളത് എന്ന വസ്തുതയാണ് ഇവര്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.

(തൃശൂര്‍ സ്വദേശിയായ ലേഖിക ഭാമിനി എന്ന പേരില്‍ എഴുതുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories