Top

രജനിക്ക് ജെഎന്‍യു അഡ്മിഷന്‍ ലഭിച്ചപ്പോഴുള്ള കുറിപ്പാണിത്; നിങ്ങള്‍ക്കിത് മനസിലാകുമോ?

രജനിക്ക് ജെഎന്‍യു അഡ്മിഷന്‍ ലഭിച്ചപ്പോഴുള്ള കുറിപ്പാണിത്; നിങ്ങള്‍ക്കിത് മനസിലാകുമോ?
നിറയെ സ്വപ്നങ്ങള്‍ കണ്ടിരുന്ന, ആത്മവിശ്വാസവും ആവേശവും സ്ഥിരോത്സാഹവും കൈമുതലാക്കിയ, എന്നും എപ്പോഴും ആഹ്ലാദത്തോടെ മാത്രം കാണപ്പെട്ടിരുന്ന മുത്തു കൃഷ്ണന്‍ എന്ന രജനികൃഷ്ണനെ ഓര്‍മയുണ്ട്. ഇന്നലെ അവന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ ഉണ്ടായ നടുക്കത്തില്‍ നിന്നും ഇന്നും മുക്തയായിട്ടില്ല. ചില കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ പറയേണ്ടതുണ്ട്.

അവന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍, രാഷ്ട്രീയ ജീവിതം, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ അവന്റെ സുഹൃത്തുക്കളുടെ സാക്ഷ്യം ഒക്കെ സൂചിപ്പിക്കുന്നത് അവന്‍ ജെഎന്‍യുവില്‍ പോയ കുറച്ച് കാലത്തിനുള്ളില്‍ വളരെ നിരാശനായിരുന്നു എന്നാണ്. നാല് തവണ പ്രവേശന പരീക്ഷ ഒരു മടിയും കൂടാതെ എഴുതി അഡ്മിഷന്‍ നേടിയ കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു വിദ്യാര്‍ഥി രാജ്യത്തെ പ്രഥമ സര്‍വകലാശാലയിലെ കുറഞ്ഞ കാലയളവ്‌ കൊണ്ട് സ്വന്തം പ്രശ്നങ്ങള്‍ ആരോടും തുറന്നു പറയാന്‍ പോലും സാധിക്കാത്ത വിധം നിരാശനും ഏകാകിയും ആയെങ്കില്‍ ഇന്നാട്ടിലെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏതൊക്കെ വിധമാണ് ഏകലവ്യന്മാരെ പരാജയപ്പെടുത്തുന്നത് എന്ന് ലോകം മനസിലാക്കണം.

രജനിയുടെ മരണത്തിന്റെ കാരണത്തിലേക്ക് വിരല്‍ ചൂണ്ടാവുന്ന ഒന്നും ഇതുവരെ പോലീസ് കണ്ടെടുത്തിട്ടില്ല എന്ന് അറിയുന്നു. വീണ്ടും വീണ്ടും കീഴാള വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന്റെ കാരണങ്ങള്‍ പോലീസിന് കണ്ടെടുക്കല്‍ ഒട്ടും എളുപ്പമാവില്ല, കാരണം സാമൂഹിക മൂലധനത്തിന്റെ അപര്യാപ്തത കൊണ്ടുള്ള വിവേചനങ്ങള്‍ക്ക് രേഖയില്ല എന്നത് തന്നെ. അത് എഴുതാനോ പറയാനോ ഉള്ള ഭാഷ പോലും വ്യവസ്ഥിതിയില്‍ ഇതുവരെ ഇല്ല. ഞങ്ങളുടെ ഭാഷയില്‍ അത് രേഖപ്പെടുത്തിയാല്‍ അത് വ്യവസ്ഥിതിയാല്‍ അംഗീകരിക്കപ്പെടുകയുമില്ല. അവന്റെ ഫേസ്ബുക്ക് വാളിലെക്ക് പോകുക. അവന്റെ ഭാഷയുടെ സത്യസന്ധത ചിലതൊക്കെ വിളിച്ചു പറയുന്നുണ്ട്, അത് വായിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ എന്ന് നോക്കൂ.

രജനിക്ക് ജെഎന്‍യു അഡ്മിഷന്‍ ലഭിച്ച സമയത്ത് അവന്‍ കുറിച്ചത് നോക്കുക. അവന്റെ പ്രവേശനം അതികഠിനമായ പാതയിലൂടെയുള്ള ഒരു നീണ്ട യാത്രയായിരുന്നു. അവന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് തളര്‍ത്താന്‍ ആവാത്ത ഉത്സാഹവുമായി യാത്രയ്ക്കൊടുവില്‍ അവനത് നേടി. അവന്റെ കുറിപ്പിന്റെ തര്‍ജമയാണിത്‌.
''ജെഎന്‍യുവില്‍ ഇതെന്റെ നാലാമത്തെ സന്ദര്‍ശനമാണ്.
മൂന്നു തവണ ഞാന്‍ ജെഎന്‍യു എം.എ പ്രവേശന പരീക്ഷ എഴുതി.
രണ്ടുതവണ ജെഎന്‍യു എംഫില്‍/പി.എച്ച്.ഡി പ്രവേശനപരീക്ഷയും.

രണ്ടുതവണ ഇന്റര്‍വ്യൂ നേരിട്ടു.
നിങ്ങള്‍ക്കറിയാമോ,
ആദ്യ രണ്ടുതവണയും ഞാന്‍ ഇംഗ്ലീഷ് നന്നായി പഠിച്ചിരുന്നില്ല.
എങ്കിലും ഞാന്‍ ശ്രമിച്ചു, കാരണം എനിക്ക് ഉപേക്ഷിക്കവയ്യായിരുന്നു.

ഓരോ വര്‍ഷവും ജെഎന്‍യു സന്ദര്‍ശിക്കാനായി ഒരുപാട് താണതരം തൊഴിലുകള്‍ ചെയ്തു
ഉറുമ്പിനെപ്പോലെ പണം സ്വരൂപിച്ചു... ആളുകളോട് പണത്തിന് യാചിച്ചു...
ഞാന്‍ ട്രെയിനില്‍ വച്ച് ഭക്ഷണം കഴിക്കാറില്ല...
ആദ്യ രണ്ട് തവണയും ഞാന്‍ തമിഴ്നാട്ടില്‍ നിന്നും യാത്ര ചെയ്തു.

അടുത്ത രണ്ട് തവണകള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു.
ഓരോ വര്‍ഷവും 'ഇത്തവണ നിനക്ക് കിട്ടു'മെന്ന് ആളുകള്‍ ആശംസിച്ചു.
ഞാനും ശ്രമിച്ചു, കാരണം എനിക്ക് ഉപേക്ഷിക്കാന്‍ വയ്യായിരുന്നു,
പിന്നെ കഠിനാധ്വാനം എന്നെ പരാജയപ്പെടുത്തില്ല എന്ന് ഞാന്‍ ഉറപ്പായും വിശ്വസിച്ചു.

എല്ലാ വര്‍ഷവും നെഹ്രുവിന്റെ പ്രതിമയ്ക്ക് ചുവട്ടില്‍ ഞാനിരിക്കും,
എന്നിട്ട് നെഹ്രുവിനോട് ചോദിക്കും
പ്ലീസ് നെഹ്രുജി, ഞങ്ങള്‍ എല്ലാവരും കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്ന കുടുംബമാണ്.

എന്നിട്ടും എനിക്ക് എന്തുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കുന്നു?
അവസാനത്തെ ഇന്റര്‍വ്യൂവില്‍, പതിനൊന്നു മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു മാഡം എന്നോട് പറഞ്ഞു, ഞാന്‍ വളരെ 'ലളിതമായ ഭാഷ'യില്‍ സംസാരിക്കുന്നുവെന്ന്.

ഈ വര്‍ഷം ഇന്റര്‍വ്യൂവില്‍ ഞാന്‍ എട്ടു മിനിറ്റ് സംസാരിച്ചു,
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി.
മൂന്നു പ്രൊഫസര്‍മാര്‍ എന്നോട് പറഞ്ഞു, 'നീ നന്നായി സംസാരിച്ചു'വെന്ന്.
ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു
ഗവണ്‍മെന്റ് ആര്‍ട്ട്സ് കോളേജില്‍ നിന്നും

കേന്ദ്ര സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ വന്നതായി
ഞാനൊരാള്‍ മാത്രമേ ഉള്ളു.
സേലം ജില്ലയില്‍ നിന്നും ജെഎന്‍യുവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി ഞാനൊരാള്‍ മാത്രമേയുള്ളൂ. 
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നും മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഞാനൊരാള്‍ മാത്രമാണ്.

എന്റെ സൂപ്പര്‍വൈസര്‍ ബി ഈശ്വര്‍ ബോനെലയോട് വളരെ നന്ദിയുണ്ട്, അദ്ദേഹമാണ് എന്നിലെ ഗവേഷകനെ കണ്ടെത്തിയത്. 
അദ്ദേഹമെന്നെ സ്വന്തമായി (റിസര്‍ച്ച്) പ്രൊപ്പോസല്‍ എഴുതാന്‍ പ്രേരിപ്പിച്ചു,

അതു ഞാന്‍ (തിരുത്തി) എഴുതിയത് മുപ്പത്തിയെട്ടു തവണയാണ്
ഈ ചരിത്ര മുഹൂര്‍ത്തത്തിന്
ഒരുപാട് പേരോട് നന്ദി പറയേണ്ടതുണ്ട്.
അതുകൊണ്ടാണ്
'ജെഎന്‍യുവിലേക്കൊരു വിനോദയാത്ര' എന്നൊരു പുസ്തകം ഞാന്‍ എഴുതുന്നത്.  
പ്രവീണ്‍ ദോന്തിക്ക് ഒരുപാട് നന്ദി, ഇത് ജെഎന്‍യുവിലെ എന്റെ ആദ്യ ചിത്രമാണ്+ മഗിഴ്ചി... ''

(വൈഖരി ഫേസ്ബുക്കില്‍ എഴുതിയത്)

Next Story

Related Stories