TopTop
Begin typing your search above and press return to search.

എന്റെ ഭാഷ മുറിഞ്ഞതായിരിക്കും; ആശയങ്ങള്‍ അങ്ങനെയല്ല- ജെഎന്‍യുവിലെ ഒരു ഇടതുവിദ്യാര്‍ഥി നേതാവിന് പറയാനുള്ളത്

എന്റെ ഭാഷ മുറിഞ്ഞതായിരിക്കും; ആശയങ്ങള്‍ അങ്ങനെയല്ല- ജെഎന്‍യുവിലെ ഒരു ഇടതുവിദ്യാര്‍ഥി നേതാവിന് പറയാനുള്ളത്

(രാജ്യത്തിന്റെ ഭാഗധേയത്തെ തന്നെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ഒരു തിരഞ്ഞെടുപ്പിനാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി വെള്ളിയാഴ്ച സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സര്‍വകലാശാലയെ കേന്ദ്രീകരിച്ചു നടക്കുന്ന 'രാജ്യദ്രോഹ'ത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തിന്റെ ഭാഗവുമായിക്കഴിഞ്ഞിട്ടുണ്ട്. ജെഎന്‍യുവിലെ പ്രധാന ഇടത് വിദ്യാര്‍ഥി സംഘടനകളായ ഐസയും എസ്എഫ്ഐയും മുന്നണിയായി മത്സരിക്കുമ്പോള്‍ മറ്റൊരു ഇടത് വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നില്ല. വലതു വിദ്യാര്‍ഥി സംഘടനയായ എബിവിപിയാണ് ഇത്തവണ ഇടത് സഖ്യത്തിനെതിരേ രംഗത്തുള്ളത്. കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡണ്ട് പോസ്റ്റിലേക്കുള്ള ഡിബേറ്റിനിടെ ഇടത് സ്ഥാനാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അമല്‍ പുല്ലര്‍ക്കാട്ട് സംസാരിക്കുമ്പോള്‍ ദളിത്, പിന്നോക്ക വിദ്യാര്‍ഥി അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന BAPSA (Birsa Ambedkar Phule Student's Association)യിലെ ചില പ്രവര്‍ത്തകര്‍ എതിരായി രംഗത്തെത്തിയിരുന്നു. അതേക്കുറിച്ച് അമല്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പരിഭാഷ)"എന്റെ ഇംഗ്ലീഷ് മുറിഞ്ഞതായിരിക്കാം. പക്ഷേ എന്റെ ആശയങ്ങള്‍ അങ്ങനെയല്ല." സഖാവ് എ കെ ഗോപാലന്‍.ഇങ്ങനെയൊന്ന് എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. പക്ഷേ ഒരു ജെഎന്‍യു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ ദിവസം UGBM (University General Body Meeting)-ല്‍ അനുഭവിച്ചത് ഇതിവിടെ പങ്കുവെക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കുകയാണ്.ഒരു സംഘടനയിലെ ചിലര്‍ എനിക്കെതിരെ UGBM-ല്‍ എടുത്ത നിലപാട് എന്നെ വേദനിപ്പിച്ചു. എന്റെ ഇംഗ്ലീഷിനെ ചൊല്ലി അവരെന്നെ അപഹസിക്കുകയും കൂവുകയും ചെയ്തു. അവിടെക്കൂടിയിരുന്ന ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ ഒരു വാക്കുപോലും മിണ്ടാതെ ഞാന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. ഞാനാകെ അപമാനിക്കപ്പെട്ടതായി തോന്നി. എപ്പോഴെങ്കിലും വാചകങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ പണിപ്പെട്ടാല്‍ ഒരു പ്രത്യേക ആള്‍ നിന്ദാഭരിതമായ പരാമര്‍ശങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. വിദ്യാര്‍ത്ഥി സമൂഹത്തിനു മുന്നില്‍ പറയാന്‍ കരുതിയ പല കാര്യങ്ങളും ഞാന്‍ വിട്ടുപോയി. അയാളത് എന്റെ പ്രസംഗത്തിനിടെ മുഴുവനും തുടര്‍ന്നെങ്കിലും ഞാനത് പൂര്‍ത്തിയാക്കി. അതേ, എന്റെ ഇംഗ്ലീഷ് മുറിഞ്ഞതാണെങ്കിലും എന്റെ ആശയങ്ങള്‍ അങ്ങനെയല്ലാത്തതുകൊണ്ടാണ് എനിക്കെന്റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. എനിക്കതില്‍ ഒരു ലജ്ജയുമില്ല.എന്റെ അനുഭവത്തിനെക്കുറിച്ചല്ല, (ജെ എന്‍ യൂവില്‍ അങ്ങനെയൊന്നുണ്ടാകുമെന്ന് ഞാന്‍ ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല) അതെവിടെ നിന്നും വരുന്നു എന്നാണെണെ ആശങ്കപ്പെടുത്തുന്നത്. അത് ചെയ്തത് എബിവിപിക്കാരാണെങ്കില്‍ അവര്‍ക്കതല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന് സ്വാഭാവികമായും ഞാന്‍ കരുതുമായിരുന്നു. പക്ഷേ ഈ സഖാക്കള്‍ സാമൂഹ്യനീതിക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യത്തിനും വേണ്ടി വാദിക്കുന്നവരായാണ് അവകാശപ്പെടുന്നത്. എങ്ങനെയാണ് അപരിചിതമായ ഒരു ഭാഷയിലെ പ്രാവീണ്യക്കുറവിന്റെ പേരില്‍ ഒരാള്‍ക്ക് അല്ലെങ്കില്‍ സംഘത്തിന് മറ്റൊരാളെ അവഹേളിക്കാന്‍ കഴിയുക? അതൊരു അധികാര പ്രയോഗമല്ലേ? (നിങ്ങള്‍ എതിരിടുന്നു എന്നു പറയുന്ന അതേ തരം അധികാരം) അതൊരു ഫ്യൂഡല്‍ മാനസികാവസ്ഥയുടെ പ്രതിഫലനമല്ലേ?ഞാനൊരു പിന്നാക്ക സമുദായത്തില്‍ നിന്നാണ് വരുന്നത്. എംഎ വരെ നാട്ടിലെ ഭാഷയിലാണ് പഠിച്ചത്. അതെന്റെ രാഷ്ട്രീയബോധത്തെ ചെറുതാക്കുമോ? ഹിന്ദിയും ഇംഗ്ലീഷും അറിയാത്തത് ഒരാളെ രാഷ്ട്രീയമായി ചുരുക്കുമോ? എനിക്കു മനസിലാകുന്നിടത്തോളം (തെറ്റാണെങ്കില്‍ തിരുത്തിത്തരണം) ഭാഷ രാഷ്ട്രീയബോധത്തിന് ഒരു തടസമല്ല. കഴിഞ്ഞ വര്‍ഷം SIS (School of International Studies) കണ്‍വീനറെന്ന നിലയില്‍ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഭാഷ എനിക്കു തടസമായിട്ടില്ല. CITD-യിലെ വിവേചനപരമായ പ്രവേശന രീതിക്കെതിരെ പോരാടിയപ്പോഴോ എന്റെ സ്വന്തം സെന്ററില്‍ 36 SC/ST/OBC വിദ്യാര്‍ത്ഥികള്‍ക്ക് വൈവയില്‍ കഴിഞ്ഞ വര്‍ഷം വെറും 1, 2 മാര്‍ക്ക് നല്കിയപ്പോള്‍, ആ ജാതി വിവേചനത്തിനെതിരെ പോരാടിയപ്പോഴും മറ്റ് സെന്ററുകളിലെ അത്തരം രീതികള്‍ക്കെതിരെ മറ്റ് സഖാക്കള്‍ക്കൊപ്പം സമരം ചെയ്തപ്പോഴോന്നും ഭാഷാതടസം ഒരു പ്രശ്നമേ ആയിരുന്നില്ല. സര്‍വകലാശാലയുടെ പിഴവുകള്‍ മൂലം ഈ വര്‍ഷം പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ പോരാടിയപ്പോഴും ഭാഷ പ്രശ്നം ഉയര്‍ന്നില്ല. ഞാന്‍ പിന്തുടരുന്ന രാഷ്ട്രീയത്തിന് ഒറ്റ ഭാഷയെ ഉള്ളൂ: സമരത്തിന്റെ ഭാഷ.

എന്നെപ്പോലുള്ളവരുടെ കാര്യം വരുമ്പോള്‍ 'ഭാഷ അടിച്ചമര്‍ത്തലിനുള്ള ഒരു ഉപാധിയായി' ഉപയോഗിക്കപ്പെടുന്നു എന്ന തിരിച്ചറിവ് എന്തുകൊണ്ടാണ് നമുക്ക് നഷ്ടപ്പെടുന്നത്? അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യത്തെക്കുറിച്ചും സാമൂഹ്യനീതിക്കായുള്ള സമരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നമുക്ക് സംസാരിക്കാം. അത് ദളിത്, ആദിവാസി, മതന്യൂനപക്ഷ, പിന്നാക്ക സമുദായ, സ്ത്രീ വിഭാഗങ്ങളുടെ ഐക്യമാണെങ്കില്‍ എന്റെ സംഘടനയില്‍ നിന്നും മത്സരിക്കുന്ന എല്ലാവരും ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗങ്ങളില്‍ നിന്നാണെന്ന് എനിക്കു പറയാനാകും. ഇത്തരം വേര്‍തിരിവുകളുടെയും വിവേചനത്തിന്റെയും അനുഭവങ്ങളാണ് നമുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നത് എന്നതും വസ്തുതയാണ്. നമുക്കെല്ലാവര്‍ക്കും രാഷ്ട്രീയം ജീവിതം പോലെ ഒരു തുടര്‍സമരമാണ്. എന്നിട്ടും നിങ്ങള്‍ ഞങ്ങളെ ബ്രാഹ്മണ്യ മനോഭാവമുള്ള, മിനുക്കുപണികഴിഞ്ഞ സംഘികളെന്നാണോ വിളിക്കുന്നത്? വിമോചന രാഷ്ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകളെ ആക്രമിക്കുകയല്ലേ അത് ചെയ്യുന്നത്?പോരാട്ടത്തിന്റെ ഭാഷ മറക്കാതിരിക്കുന്നിടത്തോളം ഞാനെന്റെ രാഷ്ട്രീയം തുടരും. അതീ സര്‍വ്വകലാശാലാവളപ്പിലോ പുറത്ത് അധ്വാനിക്കുന്ന
ജനങ്ങള്‍ക്കിടയിലോ എനിക്കറിയാവുന്ന ഭാഷയില്‍ ഞാനത് ചെയ്യും. കാരണം മുഹമ്മദ് മുസ്തഫ, സൈദാലി, കെ വി സുധീഷ്, സുദീപ്തോ, രോഹിത്, ലക്ഷ്മി നാരായണ, സെംബുലിംഗം, അജീത് സിങ് ബെനിവാള്‍ തുടങ്ങി ഒരു നല്ല നാളേക്കായി ജീവന്‍ ബലികൊടുത്ത നിരവധി രക്തസാക്ഷികളുടെ പ്രസ്ഥാനമാണ് എന്റേത്. അവര്‍ക്കെല്ലാം ഒരൊറ്റ ഭാഷയെ ഉണ്ടായിരുന്നുള്ളൂ; പഠിപ്പിന്റെയും പോരാട്ടത്തിന്റെയും ഭാഷ.എല്ലാവരോടുമായുള്ള ഒരു അഭ്യര്‍ത്ഥനയോടെ നിര്‍ത്തട്ടെ; സുഹൃത്തുക്കളേ, ഈ ജെ എന്‍ യു തെരഞ്ഞെടുപ്പ് നടക്കുന്നത് ആര്‍ എസ് എസ്-ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുന്ന നിര്‍ണായകമായ ഒരു ഘട്ടത്തിലാണ്. ഇത് നിസ്സാരമായ വഴക്കുകള്‍ക്കുള്ള സമയമല്ല. എന്റെ മോശം ഇംഗ്ലീഷിനെക്കുറിച്ച് നമുക്ക് മറക്കാം. സംഘപരിവാര്‍ സേനയെ ഒറ്റക്കെട്ടായി നമുക്ക് നേരിടാം.ജയ് ഭീം ലാല്‍സലാം!(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories