TopTop

അവഗണനയുടെ രാഷ്ട്രീയം; ആഘോഷത്തിന്റെയും

അവഗണനയുടെ രാഷ്ട്രീയം; ആഘോഷത്തിന്റെയും

കഴിഞ്ഞ ഒരു മാസത്തിനിടെ കീഴ്മേല്‍ മറിഞ്ഞ, ഇനിയൊരിക്കലും സാധാരണത്വം വീണ്ടെടുക്കാന്‍ ആവതില്ലാത്ത, ആവരുതാത്ത ഒരു ലോകത്തിരുന്നാണ് ഇതെഴുതുന്നത്. ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാംപസിനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. സഹപാഠിയുടെ കൊലപാതകം, അതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടു രാജ്യത്തെ സകല സര്‍വകലാശാലകളെയും മുന്‍പെങ്ങുമില്ലാത്തവിധം പ്രക്ഷുബ്ധമാക്കിയ പ്രതിഷേധ പ്രകടനങ്ങള്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യമെമ്പാടും നിന്നും ഇവിടെയെത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നേതാക്കള്‍, വിദ്യാര്‍ഥികള്‍, പലവിധ സംഘടനകള്‍, ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍, അധ്യാപകര്‍, അമ്മമാര്‍, ഒപ്പം തുടക്കം മുതല്‍ കൂടെ നിന്ന ഞങ്ങളുടെ സ്വന്തം ക്യാമ്പസിലെ തന്നെ പ്രിയപ്പെട്ട ശുചീകരണ തൊഴിലാളികള്‍, ഉറക്കമൊഴിച്ചു കാവല്‍ നിന്ന സെക്യൂരിറ്റി ജീവനക്കാര്‍... എല്ലാവരും രാഷ്ട്രീയമര്യാദ കാണിച്ചു കൂടെ നിന്നു, പോലീസ് ഭീഷണിയും അതിക്രമവും നേരിട്ടുകൊണ്ട് തന്നെ. ഒരു മാസം ഏതാണ്ട് കഴിഞ്ഞിരിക്കുന്നു. സമരാവശ്യങ്ങള്‍ ചിലതൊക്കെ അംഗീകരിച്ചു കിട്ടി. ക്ലാസുകള്‍ രണ്ടാഴ്ചത്തെ മുടക്കത്തിനു ശേഷം തുടങ്ങിയെങ്കിലും സമരം അവസാനിച്ചിട്ടില്ല. ആവശ്യങ്ങള്‍ മുഴുവന്‍ നേടാനായി ചലോ ഡല്‍ഹി മാര്‍ച്ച് ഈ മാസം 23-ന് തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസ് തിരികെ പഴയ അവസ്ഥയിലേക്ക് വന്നിട്ടില്ല, വരില്ല. മതിയായ ഉറക്കവും ഭക്ഷണവും ഞങ്ങള്‍ക്ക് അന്യമായിട്ട്‌ ഒരു മാസമായി. അല്‍പനേരത്തേക്ക് പോലും സഹപാഠികളുടെ അസാന്നിധ്യം, ഫേസ്ബുക്കില്‍ വികാരപാരവശ്യത്തോടെ കുറിച്ചിടുന്ന വാക്കുകള്‍ ഒക്കെയും വലിയ പരിഭ്രാന്തി പരത്തുന്നു ക്യാമ്പസില്‍. ഇനി ഒരു രോഹിതിനെ കൂടി നഷ്ടപ്പെടാന്‍ വയ്യാതെ കാവല്‍ നില്‍ക്കുന്നു ഞങ്ങള്‍, ജാഗരൂകരായി.ഇവിടത്തെ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇക്കഴിഞ്ഞ ആഴ്ച ജെ.എന്‍.യുവില്‍ നടന്ന കോലാഹലം അത്രകണ്ട് അതിശയിപ്പിക്കുന്ന ഒന്നായി തോന്നിയില്ല എന്നതാണ് വാസ്തവം. അവര്‍ ലക്ഷ്യമിടുന്നത് ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളെയാണ് എന്നത് പുതിയ കാര്യമല്ലല്ലോ. ഹിന്ദുത്വ ഭരണകൂടം നിലവില്‍ വന്നതിനുശേഷം മാനവവിഭവവികസനശേഷി വകുപ്പ് കൈക്കൊണ്ട തീരുമാനങ്ങള്‍ ഒന്ന് നോക്കുക, പൂനെ FTII-യില്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചെങ്കില്‍ ജെ.എന്‍.യുവില്‍ സുബ്രഹ്മണ്യ സ്വാമിയെ കൊണ്ടുവരുന്നു എന്ന പ്രചാരണം; അംബേദ്‌കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മറ്റൊന്ന്. പ്രതിഷേധങ്ങളെ ക്രൂരമായി അവഗണിക്കുന്നു. സംരക്ഷണം ഉറപ്പ് വരുത്താന്‍ എന്നപേരില്‍ യുജിസി ഇറക്കിയ മാര്‍ഗനിര്‍ദേശ രേഖയിലാവട്ടെ വിദ്യാര്‍ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ സൂക്ഷിക്കുക, ക്യാമ്പസില്‍ പോലീസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിക്കുക തുടങ്ങിയ അത്യന്തം പ്രതിലോമകരമായ നിര്‍ദേശങ്ങള്‍ വരെ പറഞ്ഞിരിക്കുന്നു. ഈ ഭയത്തിന്റെ കാരണം ലളിതമാണ്. ക്യാമ്പസുകള്‍ റാഡിക്കല്‍ ആശയങ്ങളുടെ തീച്ചൂളയാണ്. ഇന്ത്യന്‍ സാഹചര്യം മാത്രം നോക്കിയാലും അടിയന്തരാവസ്ഥാ പ്രതിരോധകാലം മുതല്‍ തെലങ്കാന പ്രസ്ഥാനം വരെ യൂണിവേഴ്സിറ്റി ക്യാംപസുകളോട് കടപ്പെട്ടിരിക്കുന്നത് ചരിത്രം പരിശോധിച്ചാല്‍ കാണാം. ആവേശഭരിതമായ ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന, ഭയം തീണ്ടാത്ത അനേകം തലച്ചോറുകളുടെ ഒരു സങ്കേതം. നിരന്തരം രാഷ്ട്രീയസംവാദങ്ങള്‍ നടക്കുന്നു, ആശയങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു, ആവേശോജ്വലമായ രാഷ്ട്രീയബോധമുള്ള തലമുറകള്‍ വാര്‍ത്തെടുക്കപ്പെടുന്നു. അവ സൃഷ്ടിക്കുന്നത് ഭരണഘടനയെ മുന്‍നിര്‍ത്തി അസുഖകരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പൌരന്മാരെയാണ്. അനുസരണയില്ലാത്ത അത്തരം തലച്ചോറുകളെയാണ് ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടം ഭയക്കുന്നത്.
രോഹിതിന്റെ കൊലപാതകം നടന്ന് ആദ്യ ആഴ്ച തന്നെ ജെ.എന്‍.യുവില്‍ നിന്നും സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ്‌ കനയ്യ, വൈസ് പ്രസിഡന്റ്‌ ഷെഹ്ല റാഷിദ്‌ എന്നിവരടങ്ങുന്ന വിദ്യാര്‍ഥിക്കൂട്ടം ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി ഇവിടെ വന്നിരുന്നു, നിരാഹാര പന്തലില്‍ കിടക്കെ അയാളുടെ ആവേശമുണര്‍ത്തുന്ന, അത്യന്തം തെളിച്ചവും മൂര്‍ച്ചയുമുള്ള പ്രസംഗം ഞാനും കേട്ടിരുന്നു. ആ ചെറുപ്പക്കാരന്‍ ഹിന്ദുത്വത്തിനെതിരെ അംബേദ്‌കര്‍ രാഷ്ട്രീയം എങ്ങനെ കാലത്തിന്റെ ആവശ്യമാകുന്നു എന്നതിനെപ്പറ്റി സംസാരിച്ചു, നീല്‍ സലാം ലാല്‍ സലാമിന്റെ ഒപ്പം നിര്‍ത്തി ഉപസംഹരിച്ചു. രോഹിതിന്റെ വിഷയം ഉന്നയിച്ച് അവര്‍ ഡല്‍ഹിയില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു, നിരാഹാരമിരുന്നു, ഞങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുന്ന വിധം അംബേദ്‌കറിന്റെ ചിത്രം ഉയര്‍ത്തി പിടിച്ചുകൊണ്ട് ഭരണകൂടത്തിന്റെ ക്രൂരത നേരിട്ടു. ആ ചിത്രം ചരിത്രമായിരുന്നു. അടുത്ത ആഴ്ച രോഹിതിന്റെ മരണം മുന്‍നിര്‍ത്തി ജെ.എന്‍.യു ക്യാമ്പസില്‍ എങ്ങനെ ദളിത്‌ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ലിസ്റ്റില്‍ നിന്നുതന്നെ പുറത്താകുന്നു എന്നതിനെ പറ്റി എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും ജെ.എന്‍.യുവിലെ ഗവേഷക വിദ്യാര്‍ഥിയുമായ നിതീഷ് നാരായണന്‍ കണക്കുകള്‍ സഹിതം സൌത്ത് ലൈവിലെ
ലേഖന
ത്തില്‍ എഴുതി. ജെ.എന്‍.യു മിത്തുകള്‍ ഓരോന്നായി തകര്‍ന്നു വരുന്നതില്‍, അതിന്റെ ജാതീയ സ്വഭാവത്തിനെപ്പറ്റി അവിടത്തെ വിദ്യാര്‍ഥികള്‍ സംസാരിക്കുന്നതില്‍, ചോദ്യം ചെയ്യുന്നതില്‍ സന്തോഷം തോന്നി. ക്ലാസിനൊപ്പം കാസ്റ്റ് കൂടി പ്രശ്നവത്കരിക്കപ്പെടാനുള്ള ശ്രമം പതിയെ തുടങ്ങുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ഹിന്ദുത്വ പരിവാറിന്റെ അടുത്ത ലക്‌ഷ്യം ജെ.എന്‍.യുവും അവിടത്തെ രാഷ്ട്രീയ നേതാക്കളുമായി. ജെ.എന്‍.യു എന്ന ദേശവിരുദ്ധ ഇടം അടച്ചു പൂട്ടണമെന്ന് സംഘപരിവാര്‍ അലറി വിളിക്കുമ്പോള്‍ പ്രതിരോധങ്ങളുടെ ഇടങ്ങള്‍ നിലനിര്‍ത്താന്‍ ഒപ്പം നില്‍ക്കേണ്ടത് എന്തുകൊണ്ടാണ് എന്നത് വിശദീകരണം ആവശ്യമില്ലാത്ത ഒന്നാണ്. അതിന്റെ ഭാഗമായി ഉയര്‍ന്ന ‘The idea of JNU’ എന്ന് ഒറ്റയ്ക്ക് പ്രത്യക്ഷപ്പെടുന്ന ആ ആശയത്തെ പക്ഷെ അല്പം വിമര്‍ശനാത്മകമായി സമീപിക്കാനാണ് എനിക്ക് താത്പര്യം. കാരണം അതിന് ഒപ്പം നില്‍ക്കലിനെ എളുപ്പമാക്കുന്നത് എന്താണ് എന്നത് മനസിലാകുന്നത് കൊണ്ട് തന്നെ.


കനയ്യ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാതെ ജെ.എന്‍.യു എന്ന ആശയത്തിന് വേണ്ടി മുദ്രാവാക്യം ഉയരുന്നത് ശ്രദ്ധിക്കുക. എച്ച്.സി.യു വിഷയത്തിലാവട്ടെ, എച്ച്.സി.യു എന്ന ആശയം എന്നതിന് പകരം രോഹിത് വെമുല എന്ന ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ചുരുങ്ങി. എത്ര സ്വാഭാവികമായാണ് അത് സംഭവിച്ചത്! എന്താണ് എച്ച്.സി.യുവും ജെ.എന്‍.യുവും മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍? എങ്ങനെയാണ് ഒന്ന് ആഘോഷിക്കപ്പെടുകയും മറ്റേത് അവഗണിക്കപ്പെടുകയും ചെയ്യുന്നത്? രണ്ട് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ എത്ര കണ്ടാണ്‌ വ്യത്യാസപ്പെടുന്നത് എന്ന് മനസിലാക്കേണ്ടത് ഈ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തവുമാണ്.ജെ.എന്‍.യു എന്ന ആശയത്തിന്റെ ഒപ്പം നില്‍ക്കാന്‍ വളരെ എളുപ്പമാണ്. കാരണം അവിടത്തെ തന്നെ വിദ്യാര്‍ഥികള്‍ സാക്ഷ്യം പറയുംപോലെ അതിപ്പോഴും ജാതീയത പേറുന്ന ഒന്നാണ്. ക്ലാസിനെപ്പറ്റി അല്ലാതെ കാസ്റ്റിനെ പറ്റി സംസാരിക്കാന്‍ അത് മുതിര്‍ന്നിട്ടില്ല. എച്ച്.സി.യു എന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാമ്പസ് ആവട്ടെ ജാതിയെപ്പറ്റി പതിറ്റാണ്ടുകളായി സംസാരിക്കുന്നു. ജെ.എന്‍.യു കൃത്യമായ ഇടതുരാഷ്ട്രീയത്തോട് കൂടി, ബ്രാഹ്മണ്യതയ്ക്ക് കോട്ടം തട്ടിക്കാന്‍ മെനക്കെടാതെ രാജ്യത്തെ പ്രിയപ്പെട്ട സര്‍വകലാശാലകളില്‍ ഒന്നാവുമ്പോള്‍ എച്ച്.സി.യു ആകട്ടെ അപ്രിയമായ സ്വത്വരാഷ്ട്രീയത്തെ പ്രശ്നവല്‍ക്കരിച്ചു കൊണ്ട് 'ഫുലെ- അംബേദ്‌കര്‍- കാന്‍ഷി റാം' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നു. ഇവിടുത്തെ ഇടത് അതിനോട് ഐക്യപ്പെടുന്നു. ജെ.എന്‍.യുവിന് ഇത്രകാലമായും പറയാന്‍ സാധിക്കാത്ത ഭക്ഷണ രാഷ്ട്രീയം വര്‍ഷങ്ങളായി ഈ ക്യാമ്പസ് സംസാരിക്കുന്നു, ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു, ഊറ്റം കൊള്ളുന്ന സംസ്കാരത്തിന്റെ ബ്രാഹ്മണ്യതയെ തകര്‍ത്തെറിയുന്നു, കീഴാള ബദലുകള്‍ നിര്‍മിക്കുന്നു. ഇവിടെ അസുഖകരമായ ചോദ്യങ്ങള്‍ ഉയരുന്നു. ബിംബങ്ങള്‍ തകര്‍ക്കുന്നു, ഇന്ത്യയിലെ മറ്റൊരു ക്യാമ്പസിലും ഇല്ലാത്തവിധം ശക്തമായ കീഴാള-ബഹുജന്‍-ആദിവാസി-മുസ്ലീം-ഇടത് രാഷ്ട്രീയം അതിന്റെ ഗൌരവതരമായ രാഷ്ട്രീയം കൊണ്ട്, ആഴമേറിയ സാന്നിധ്യം കൊണ്ട്, അപ്രവചനാത്മകമായ സ്വഭാവം കൊണ്ട്, ഓരോ സ്ടുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പിലും വാര്‍പ്പുമാതൃകകളെ തച്ചുടയ്ക്കുന്നു. ഹിന്ദുത്വത്തിന്റെ അപകടകരമായ സാന്നിധ്യത്തോട് ഒന്നിച്ചു തന്നെ കൃത്യമായി നിലപാടെടുക്കുന്നു.
ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷമാണ് ഈ ക്യാമ്പസില്‍ ഹിന്ദുത്വ സംസ്കാരസംരക്ഷകരെ അങ്ങേയറ്റം ചൊടിപ്പിച്ചു കൊണ്ട് ലിംഗപദവിയുടെ ജാതി, വര്‍ഗം ഒക്കെ പ്രശ്നവത്കരിക്കാനുള്ള ശ്രമം എന്ന നിലയില്‍ ചുംബന സമരത്തെ മുന്‍നിര്‍ത്തി ഒരു ചര്‍ച്ചാപരിപാടി വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ സ്വതന്ത്രമായി നടത്തിയത്. അതേതുടര്‍ന്നുണ്ടായ കോലാഹലത്തില്‍ വച്ചാണ് അഡ്മിനിസ്ട്രേഷന്‍ - ഹിന്ദുത്വശക്തികള്‍ - പോലീസ് എന്ന അവിശുദ്ധ കൂട്ടുകെട്ട് അതിന്റെ പൂര്‍ണ രൂപത്തില്‍ ഞങ്ങള്‍ക്ക് മുന്നില്‍ വെളിവായതും. അതിനുശേഷമാണ് ക്യാമ്പസില്‍ പോലീസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിച്ച് ഞങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കാനുള്ള ശ്രമം നടന്നത്. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരുമിച്ചു നിന്ന് അതിശക്തമായ ചെറുത്തുനില്‍പ്പ്‌ സൃഷ്ടിച്ചുകൊണ്ട് മാത്രം ഞങ്ങളുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഞങ്ങള്‍ കയ്യടക്കി വച്ചു. നിരന്തരം ഹിന്ദുത്വ സര്‍ക്കാറിന്റെ നിരീക്ഷണത്തിലാണ് 2014 മുതല്‍ ഞങ്ങള്‍. എന്നിട്ടും ഈ ക്യാമ്പസ് അതിന്റെ റാഡിക്കല്‍ സ്വഭാവം കൊണ്ട് വീണ്ടും ബീഫ് രാഷ്ട്രീയം പറഞ്ഞും ക്യാപിറ്റല്‍ പണിഷ്മെന്റിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചും ഭരണകൂടം ഭയക്കുന്ന ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചും സംവാദങ്ങളും പ്രതിഷേധങ്ങളും കൊണ്ട് എത്രകണ്ട് പ്രതിരോധം തീര്‍ക്കാമോ അത്രമേല്‍ പ്രതിരോധമായി ഈ ഹിന്ദുത്വ രാഷ്ട്രീയ കാലത്ത് നിലകൊള്ളുന്നു.


കഴിഞ്ഞ വര്‍ഷം എബിവിപി നേതാവ് സുശീല്‍ കുമാറിന്റെ കള്ളക്കേസ് ആധാരമാക്കി, വസ്തുതാപരമായ അനേകം ഗുരുതര പിഴവുകളോട് കൂടിയ ഒരു കത്ത് ബന്ദാരു ദത്തത്രേയ എന്ന ബിജെപി മന്ത്രി മാനവവിഭവശേഷിവകുപ്പു മന്ത്രി സ്മൃതി ഇറാനിക്ക് അയയ്ക്കുന്നത് ഇതിന്റെയെല്ലാം തുടര്‍ച്ചയായി കാണണം. അതില്‍ ഞങ്ങളുടെ ക്യാമ്പസിനെ വിശേഷിപ്പിക്കുന്നത് 'ജാതീയരായ രാഷ്ട്രവിരുദ്ധരുടെയും തീവ്രവാദികളുടെയും തട്ടകം' (den of casteist anti-nationals and extremists) എന്നാണ്. അതെ തുടര്‍ന്നാണ്‌ മാനവവിഭവശേഷി വകുപ്പിന്റെയും സ്മൃതി ഇറാനിയുടെ നേരിട്ടുമുള്ള നിരന്തര സമ്മര്‍ദ്ദപ്രകാരം അംബേദ്‌കര്‍ സ്ടുഡന്റ്സ് അസോസിയേഷന്റെ വേല്‍പുല സുങ്കണ്ണ, വെമുല രോഹിത്, ദോന്ത പ്രശാന്ത്‌, ശേഷയ്യ ചെമുടഗുണ്ട, വിജയ്‌ കുമാര്‍ എന്നീ അഞ്ച് ദളിത്‌ വിദ്യാര്‍ഥി നേതാക്കളുടെ തിരഞ്ഞു പിടിച്ചുള്ള വേട്ടയ്ക്കും സാമൂഹ്യ ബഹിഷ്കരണത്തിനും ഒടുക്കം രോഹിതിന്റെ വ്യവസ്ഥാപിതമായ കൊലപാതകത്തിലും കലാശിച്ചത്. ഞങ്ങള്‍ പറയട്ടെ, ഈ ക്യാമ്പസില്‍ ദളിത്‌ ആത്മഹത്യകള്‍ ആദ്യമല്ല. വ്യവസ്ഥാപിതമായ കാരണങ്ങള്‍ കൊണ്ട് എത്രയോ ദളിത്‌ ജീവനുകള്‍ ഉടഞ്ഞ ക്യാംപസാണിത്! എന്നാല്‍ രോഹിതിന്റെ കാര്യം വ്യത്യസ്തമാവുന്നത് അവന്റെ മരണത്തില്‍ ഒരു ഭരണകൂടം നേരിട്ടു വഹിച്ച പങ്ക് കാരണമാണ്. രണ്ടു വിദ്യാര്‍ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ഏതൊരു ക്യാമ്പസിലും സാധാരണം എന്നിരിക്കെ അതിനെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ സ്വന്തമായുള്ള, സ്വയംഭരണാധികാരമുള്ള യൂണിവേഴ്സിറ്റി ക്യാമ്പസുകള്‍ക്ക് ഒരു മന്ത്രിയുടെയോ വകുപ്പുതല സമ്മര്‍ദ്ദമോ ആവശ്യമില്ല. പിന്നെ എന്തുകൊണ്ട് ഇത്തരം ഒരു ഇടപെടല്‍ ഈ ഒരു കേസില്‍ മാത്രം? ഉത്തരം വളരെ ലളിതമാണ്, അവര്‍ക്ക് നിശബ്ദമാക്കേണ്ടത് അംബേദ്‌കര്‍ രാഷ്ട്രീയത്തെയാണ്. അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്ന ഒരു തലമുറയെയാണ്.


ഇതെഴുതുമ്പോള്‍ ‘ഞങ്ങളുടേത് അംബേദ്‌കറുടെ ദേശീയതയാണ്, ഗോഡ്സേയുടെതല്ല’ എന്ന് ജെ.എന്‍.യു അധ്യാപകര്‍ പറഞ്ഞതായി കാണുന്നു. അംബേദ്‌കര്‍ ദേശീയത എന്ന് പറയുന്ന ഊര്‍ജത്തില്‍ അംബേദ്‌കര്‍ രാഷ്ട്രീയം എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കില്‍ ബ്രാഹ്മണ്യതയുടെ ഒരു ഹബ് ആയി ജെ.എന്‍.യു മാറില്ലായിരുന്നു എന്ന വസ്തുത മാത്രം ചൂണ്ടിക്കാണിക്കുന്നു. എത്രയെളുപ്പമാണ് കനയ്യയുടെ വര്‍ഗം (class) എന്നത് ചര്‍ച്ചയുടെ ശ്രദ്ധാകേന്ദ്രമാകുന്നതും അതിനെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഐക്യപ്പെടാന്‍ ആളുകള്‍ വരുന്നതും! അല്ല, പോവര്‍ട്ടി പോണ്‍ വില്‍ക്കപ്പെടുന്ന ഒരു രാജ്യത്ത് ഇത് അത്ര അത്ഭുതമല്ല. ഇവിടെ ആഴ്ചകളായി ഞങ്ങള്‍ രോഹിതിന്റെ സ്വത്വത്തെ കേന്ദ്രമാക്കി സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ ദളിത്‌ തന്നെ ആണോ എന്ന് സംശയിക്കാന്‍ അതിലും എളുപ്പമായിരുന്നു ആളുകള്‍ക്ക്! അവിടെയാണ് ജെ.എന്‍.യുവും എച്ച്.സി.യുവും മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരിക്കുന്നത്. ക്ലാസിനെക്കുറിച്ച് സംസാരിക്കുന്നത് സ്വീകാര്യമായ ഒരു ആശയമായി നിലനില്‍ക്കുമ്പോള്‍ കാസ്റ്റ് എന്നത് എങ്ങനെയാണ് ഇപ്പോഴും പടിക്കല്‍ നിര്‍ത്തപ്പെടുന്നത് എന്നത് ഒന്ന് കണ്ണ് തുറന്നു കാണേണ്ടതുണ്ട്. 'ജെ.എന്‍.യുവിന്റെ ആശയ'ത്തെ ആഘോഷിക്കുന്നത്ര എച്ച്.സി.യുവിന്റെ ആശയത്തെ ആഘോഷിക്കില്ല. അത് അപ്രിയമാണ്. അതിനെ 'ജാതി-രാഷ്ട്രവിരുദ്ധ-തീവ്രവാദ തട്ടക'മായി ഒരു ഭരണകൂടം തന്നെ മുദ്രകുത്തുമ്പോള്‍ ഒരു പ്രതിഷേധ പ്രസ്താവന ഇറക്കാന്‍ പോലും വരേണ്യബുദ്ധിജീവികള്‍ മിനക്കെടില്ല. ഏതാണ്ട് രണ്ടു വര്‍ഷമായി ഹിന്ദുത്വ സര്‍ക്കാറിന്റെ നിരന്തര നിരീക്ഷണത്തിലും ഭീഷണിയിലും കഴിയുന്ന ഈ ക്യാമ്പസിലേക്ക് രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം എത്തിപ്പെടാന്‍ ഒരു ദളിത്‌ വിദ്യാര്‍ഥിയുടെ ചോര വേണ്ടി വന്നു എന്നത് തന്നെ ലജ്ജാവഹമാണ്.


ഹിന്ദുത്വ, ഭരണകൂട വേട്ടയില്‍ ജെ.എന്‍.യു ഒരു തുടര്‍ച്ച മാത്രമാണ് എന്ന് മനസിലാക്കാന്‍ പ്രയാസമില്ല എന്നിരിക്കെ 'The idea of JNU' മാത്രമായി വായിക്കപ്പെടുന്നതിലെ പ്രശ്നം മനസിലാക്കേണ്ടതുണ്ട്. ആ ആശയത്തെ സ്വീകരിക്കുന്ന അത്ര എളുപ്പത്തില്‍ എച്ച്.സി.യുവിന്റെ ആശയത്തെ നിങ്ങള്‍ സ്വീകരിക്കുമോ എന്ന് സ്വയം ചോദിക്കുക. ഒറ്റയ്ക്ക് നില്‍ക്കുന്ന, കാല്പനികത കൊണ്ട് നിര്‍മിച്ചു വച്ചിരിക്കുന്ന ഈ 'The idea of JNU' പ്രശ്നവല്‍ക്കരിക്കേണ്ടതുണ്ട്, അപനിര്‍മിക്കേണ്ടതുണ്ട്‌. വര്‍ഗ്ഗവും ജാതിയും അങ്ങനെ ഒരുപോലെ പ്രശ്നവല്‍ക്കരിച്ചു കൊണ്ട് ആ ആശയത്തെ പുനര്‍നിര്‍മിക്കാന്‍ കെല്പുള്ള വിദ്യാര്‍ഥി നേതാക്കളെയാണ് ഹിന്ദുത്വ ഭരണകൂടം വേരോടെ പറിച്ച് കളയാന്‍ ശ്രമിക്കുന്നതും. അത്തരം രാഷ്ട്രീയ സങ്കലനങ്ങള്‍ തന്നെയാണ് അവരെ ഭയപ്പെടുത്തുന്നത്. അത് ഒരു തുടര്‍ച്ചയാവേണ്ടത് ഇന്നിന്റെ ആവശ്യവും. ജെ.എന്‍.യുവിനോട് എച്ച്.സി.യുവില്‍ നിന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ ഇത് ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories