TopTop
Begin typing your search above and press return to search.

എബിവിപിയുടെ പ്ലാനിംഗ്; പോലീസിന്റെ ശുഷ്ക്കാന്തി; ജെഎന്‍യു തിരക്കഥ രാംജാസിലെഴുതുമ്പോള്‍

എബിവിപിയുടെ പ്ലാനിംഗ്; പോലീസിന്റെ ശുഷ്ക്കാന്തി; ജെഎന്‍യു തിരക്കഥ രാംജാസിലെഴുതുമ്പോള്‍

ജെ.എന്‍.യുവിന്റെ പിന്നാലെ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിഷയത്തിലും രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള വഴിയാലോചിച്ച് ഡല്‍ഹി പോലീസും എ.ബി.വി.പിയും. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള രാംജാസ് കോളേജില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും അതിനാല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് എബിവിപി രംഗത്തെത്തിയിട്ടുണ്ട്. ഒരഭിഭാഷകനും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ജെ.എന്‍.യു സംഭത്തിനു സമാനമായ തിരക്കഥയാണ് ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും തയാറാകുന്നത് എന്നാണ് ചില വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി ഒമ്പതിലെ സംഭവത്തിനു ശേഷം എബിവിപി നല്‍കിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹി പോലീസ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതും അറസ്റ്റ് ചെയ്യുന്നതും.

ഇതിനോടൊപ്പം, ചില ദൃശ്യമാധ്യമങ്ങളും പോലീസിനും എബിവിപിക്കുമൊപ്പം ഇതില്‍ പങ്കാളികളായെന്ന് പിന്നീട് വ്യക്തമായി. ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിടുന്നത് സീ ന്യൂസാണ്. ഇത് എ.ബി.വി.പിയില്‍ നിന്ന് ലഭിച്ചതായിരുന്നു. എന്നാല്‍ ദൃശ്യത്തില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നതടക്കം മുദ്രാവാക്യങ്ങള്‍ കൃത്രിമമായി സബ്‌ടൈറ്റില്‍ ഇട്ട് ചേര്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ച് സീ ന്യുസ് ജീവനക്കാരന്‍ തന്നെ അവിടെ നിന്ന് രാജിവച്ചിരുന്നു. വീഡിയോയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് വിവിധ പരിശോധന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

എന്നാല്‍ ശ്രദ്ധേയമായ കാര്യം സംഭവം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. കനയ്യകുമാര്‍ ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ യാതൊരു തെളിവും വിശദപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേ അടക്കം കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വിട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പോലീസ് കുറ്റപത്രം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് മന:പൂര്‍വം വൈകിക്കുകയാണെന്നും ഇതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പിന് അവസരമുണ്ടാക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്യുന്നതെന്നും കനയ്യ കുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വേണ്ടത്ര തെളിവില്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും പോലീസ് വൈകുന്നുണ്ടെങ്കിലും ജെ.എന്‍.യു സംഭവത്തോടെ ദേശസ്‌നേഹം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും അധ്യാപകരും വിദ്യാര്‍ഥികളും അടക്കം വലിയൊരു വിഭാഗത്തെ പൊതുജന മധ്യത്തില്‍ ദേശവിരുദ്ധരായ ചിത്രീകരിക്കാനും സംഘപരിവാര്‍ സംഘടനകള്‍ക്ക് ഈ സംഭവം സഹായകമായി.

ഇതിനു സമാനമായ വിധത്തിലാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാംജാസ് കോളേജി നടന്ന സംഭവും മാറ്റിയെടുക്കാന്‍ എ.ബി.വി.പിയും ഡല്‍ഹി പോലീസും ചേര്‍ന്ന് ശ്രമിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ പങ്കെടുക്കേണ്ടിയിരുന്ന ഒരു ചര്‍ച്ച എ.ബി.വി.പിയുടെ ഭീഷണിയെ തുടര്‍ന്ന് വേണ്ടെന്നു വയ്ക്കുകയും ഒടുവില്‍ പരപാടി തന്നെ റദ്ദാക്കിയിട്ടും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ എ.ബി.വി.പി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിന്റെ പിറ്റേന്നാണ് പ്രതിഷേധിക്കാന്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു നേരെ പ്രകോപനമില്ലാതെ എ.ബി.വി.പി - പോലീസ് ആക്രമണമുണ്ടായത്. പ്രതിഷേധത്തിനിടയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യപികയ്ക്ക് നേരേ എബിവിപി ദേശീയ എക്സിക്യൂട്ടീവ് അംഗവും യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്ടുമായ സതേന്ദര്‍ ആവാന അധിക്ഷേപം ചൊരിയുമ്പോള്‍ കേള്‍ക്കാത്ത ഭാവത്തില്‍ നില്‍ക്കുന്ന ഡല്‍ഹി പോലീസിന്റെ വീഡിയോ ആണ് താഴെ.

അതിനിടെ, കാശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളും ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ ഗുര്‍മെഹര്‍ കൗര്‍ അപ്രതീക്ഷിതമായി എ.ബി.വി.പിക്കെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്. പതിവിന് വിപരീതമായി കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, കിരണ്‍ റിജ്ജു തുടങ്ങിയവരും വീരേന്ദ്ര സേവാഗിനെപ്പോലുള്ള ക്രിക്കറ്റ് താരങ്ങളുമായിരുന്നു ഗുര്‍മെഹറിനെതിരെ രംഗത്തെത്തിയത്. എബിവിപിക്കെക്കതിരെയുള്ള പ്രതിഷേധത്തിനു പകരം ഒരു വര്‍ഷം മുമ്പ് ഇന്ത്യാ-പാക്കിസ്ഥാന്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഗുര്‍മെഹര്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ വച്ചായിരുന്നു ഇവരുടെ വിമര്‍ശനം. അതോടൊപ്പം, യൂണിവേഴ്‌സിറ്റികളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് മന്ത്രിമാര്‍ പ്രസ്താവന ഇറക്കിയതോടെ ഇന്ത്യാ അടക്കമുള്ള മാധ്യമങ്ങള്‍ വീണ്ടും ഇത് ഏറ്റുപിടിച്ചു.

പ്രൈം ടൈമില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും ഇന്ത്യാ ടുഡേ തയാറായി. വീണ്ടും അടിസ്ഥാനമായത് എ.ബി.വി.പി നല്‍കിയ വീഡിയോ. തങ്ങള്‍ ഇതിന്റെ ആധികാരികത പരിശോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പരിപാടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അവതാരക തന്നെ പറയുന്നു: ഇതില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടുണ്ടെന്ന് ആര്‍ക്കും മനസിലാകും എന്ന്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പി അക്രമത്തെ പൂര്‍ണമായി വഴിതിരിച്ചു വിട്ട് ദേശവിരുദ്ധ മുദ്രാവാക്യത്തിലേക്ക് ഈ വിഷയത്തെയും എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇവിടെയും നടന്നത് എന്നതിന്റെ തെളിവായിരുന്നു എബിവിപിയുടെ അടുത്ത നീക്കങ്ങള്‍.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നാണ് ഇപ്പോള്‍ എ.ബി.വി.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളും അവര്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഈ ആവശ്യമുന്നയിച്ച് ഡല്‍ഹി ലഫ്. ഗവര്‍ണറെയും എ.ബി.വി.പി കണ്ടു. ഇനി ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസ്, എ.ബി.വി.പിയുടെ ആവശ്യമനുസരിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്നാണ് അറിയാനുള്ളത്. അതുവഴി ദേശസ്നേഹി-രാജ്യദ്രോഹി വിവാദം കൂടുതല്‍ കൊഴുപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുമോയെന്നും.


Next Story

Related Stories