Top

ജെഎന്‍യുവിലെ സംഘപരിവാര്‍ 'ദൗത്യം' തുടരുന്നു: ചെറുത്തുനില്‍പ്പും ഇല്ലാതാവുന്നോ?

ജെഎന്‍യുവിലെ സംഘപരിവാര്‍
കഴിഞ്ഞ ചൊവ്വാഴ്ച അക്കാഡമിക് കൗണ്‍സില്‍ യോഗം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ദളിത്, മുസ്ലീം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരായ 12 പേരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജെഎന്‍യുവിന്‍റെ അക്കാഡമിക് സ്വഭാവവും രാഷ്ട്രീയ സ്വഭാവവും മാറ്റിയെടുക്കാനും അട്ടിമറിക്കാനുമുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി നരേന്ദ്ര മോദി സര്‍ക്കാര്‍ നീങ്ങുന്നതിന് ഇടയിലാണ് ദളിത്, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കെതിരായ പ്രതികാര നടപടി ഉണ്ടായതും. ജെഎന്‍യു എന്ന സ്ഥാപനത്തെ, അതിന്‌റെ മൂല്യങ്ങളെ തകര്‍ക്കുക എന്നത് തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. 2016 ജനുവരി മുതല്‍ സര്‍വകലാശാലയിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലും പൊലീസ് അതിക്രമങ്ങളും സംഘപരിവാര്‍ പ്രൊപ്പഗണ്ടയും സമൂഹം കാണുന്നുണ്ട്. കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ അറസ്റ്റും മാധ്യമങ്ങളുടെ  സംഘപരിവാര്‍ ചായ്വും അതിന്‌റെ ഭാഗമായ വ്യാജ വാര്‍ത്തകളും എല്ലാം ഈ ശ്രമങ്ങളുടെ തുടക്കമായിരുന്നു. ജെഎന്‍യുവിനെ പോലെ സ്വതന്ത്ര രാഷ്ട്രീയ സംവാദം നടക്കുന്ന അധികം സര്‍വകലാശാലകള്‍ രാജ്യത്തില്ല. ഈ ഘടനയെയാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

പുതിയ യുജിസി നോട്ടിഫിക്കേഷന്‍ പ്രകാരം പ്രവേശന മാനദണ്ഡങ്ങളില്‍ ജെഎന്‍യു അധികൃതര്‍ വരുത്താന്‍ ലക്ഷ്യമിടുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. അധ്യാപകരില്‍ വലിയൊരു ഭാഗവും ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.  പ്രവേശനത്തിന് വൈവ / അഭിമുഖത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള നീക്കമാണ് വിവാദമാകുന്നത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ഇന്‌റര്‍വ്യൂ ബോര്‍ഡിന്‌റ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പ്രവേശനം. നിലവില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 70 ശതമാനവും വൈവയ്ക്ക് 30 ശതമാനം എന്ന തരത്തിലാണ് ജെഎന്‍യുവില്‍ പ്രവേശനം നടക്കുന്നത്. ഇതില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇത്തരം പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കും നിശ്ചിത ശതമാനം ഇളവുകളുകളും ഉണ്ട്. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്ന പ്രവേശന രീതിയാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ബാധിക്കും.

ഇപ്പോള്‍ ഒബിസി-27 ശതമാനം, എസ്.സി-16 ശതമാനം, എസ്.ടി- എട്ട് ശതമാനം എന്നിങ്ങനെയാണ് പ്രവേശനത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പുതിയ മാനദണ്ഡം വരുന്നതോടെ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും പ്രവേശനം എന്നതിനാല്‍ ഈ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെയായിരിക്കും പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക. യോഗ്യരായ വിദ്യാര്‍ഥികള്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടി ഈ സീറ്റുകള്‍ ഒഴിച്ചിടാന്‍ സര്‍വകലാശാലയ്ക്ക് ഈ വിധത്തില്‍ കഴിയും.

നിലവില്‍ ഇന്റര്‍വ്യൂവിന് നല്‍കുന്ന 30 ശതമാനം മാര്‍ക്ക് എന്നത് 15 ശതമാനമായി കുറയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം നിലനില്‍ക്കുമ്പോഴാണ് ഈ രീതിയിലുള്ള തീരുമാനം സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സര്‍വകലാശാലയുടെ നിലവിലുള്ള സ്വഭാവം മാറ്റാനുള്ള ബോധപൂര്‍വമായ നടപടിയാണിതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെ ആരോപിച്ചിരുന്നു. ജെഎന്‍യുവിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇന്റര്‍വ്യൂവില്‍ വലിയ തോതില്‍ വിവേചനമുണ്ടാവാന്‍ ഇടയുണ്ടെന്ന് മോഹിത് പാണ്ഡെ ചൂട്ടിക്കാട്ടി.

മേയ് അഞ്ചിന്റെ യുജിസി നോട്ടിഫിക്കേഷന്‍ അക്കാഡമിക് കൗണ്‍സില്‍ അംഗീകരിച്ചതായുള്ള സര്‍വകലാശാല അധികൃതരുടെ വാദം കൗണ്‍സില്‍ അംഗങ്ങള്‍ തള്ളിയിരുന്നു. ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അക്കാഡമിക് കൗണ്‍സില്‍ അംഗം ജയതി ഘോഷ് പറയുന്നു. വൈസ് ചാന്‍സലര്‍ അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തന്നെ അവസരം തന്നിട്ടില്ല. ചര്‍ച്ചയില്ലാതെ ഇത് പാസാക്കാന്‍ കഴിയില്ലെന്നും ജയതി ഘോഷ് പറഞ്ഞു. പുതിയ പ്രവേശന മാനദണ്ഡങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.എന്നാല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഭരിക്കുന്ന ഐസ - എസ്എഫ്‌ഐ സഖ്യം ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നില്ലെന്നാണ് ബാപ്‌സയുടെ (ബിര്‍സ, അംബേദ്കര്‍, ഫൂലെ, സ്റ്റുഡന്‌റ്‌സ് അസോസിയേഷന്‍) ആരോപണം. അധികാരികളുടെ സമീപനം മാത്രമല്ല, അതിനെതിരെ പ്രതിരോധം ഉയര്‍ത്താന്‍ ബാധ്യതയുള്ളവരുടെ സമീപനവും പ്രശ്‌നമാണെന്നാണ് ബാപ്‌സ പറയുന്നത്. വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന പ്രശ്‌നത്തിലായാലും നജീബിന്‌റെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയത്തിലായാലും വിദ്യാര്‍ത്ഥി യൂണിയന്‍ ഇടപെടുന്നില്ലെന്നാണ് ദളിത് - മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം. അക്കാഡമിക് കൗണ്‍സില്‍ യോഗം തടസപ്പെടുത്തിയിട്ടില്ലെന്നാണ് ബാപ്‌സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച പൊളിറ്റിക്കല്‍ തോട്ട് പ്രൊഫസര്‍ നിവേദിത മേനോന് സര്‍വകലാശാല അധികൃതര്‍, വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാപ്സയെ കൂടാതെ ഡിഎസ് യു, യുണൈറ്റഡ് ഒ ബി സി ഫോറം, സ്റ്റുഡന്‌റ്‌സ്‌ ഫോര്‍ സ്വരാജ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം.

ജെഎന്‍യുവിന്‌റെ രാഷ്ട്രീയ സ്വഭാവം മാറ്റാനും സ്വതന്ത്ര സംവാദ കേന്ദ്രമെന്ന അതിന്‌റെ പ്രസക്തി ഇല്ലാതാക്കാനുമുള്ള നീക്കങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പരിഷ്‌കാരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐക്യമില്ല എന്നതും സംഘപരിവാര്‍ സംഘടനകളുക്കും സര്‍വകലാശാല അധികൃതര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. ദളിത് - മുസ്ലീം സംഘടനകളുമായി സഹകരിക്കാന്‍ ഐസയും എസ്എഫ്‌ഐയുമെല്ലാം വിമുഖത പ്രകടിപ്പിക്കുകയാണ്. അക്കാഡമിക് കൗണ്‍സില്‍ യോഗത്തിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്താമെന്ന ബാപ്‌സയുടെ നിര്‍ദ്ദേശം ഐസ - എസ്എഫ്‌ഐ വിദ്യാര്‍ത്ഥി യൂണിയന്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപമാണ് സര്‍വകലാശാലയിലെ പ്രതിഷേധങ്ങളെല്ലാം നടന്നിരുന്നത്. എന്നാല്‍ ആഡ് ബ്ലോക്കിന് 20 മീറ്റര്‍ പരിധിയില്‍ പ്രതിഷേധം പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഇതിനെതിരെ പ്രതിഷേധമുയര്‍ത്താനോ ഇത് അംഗീകരിക്കാതിരിക്കാനുമായി വിദ്യാര്‍ത്ഥി യൂണിയന്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമുണ്ട്.

വിദ്യാര്‍ത്ഥി യൂണിയന്‌റെ മനോഭാവത്തെ പറ്റി ദളിത് സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം യാഥാര്‍ത്ഥ്യമാണെങ്കില്‍ അത് ഏറെ ഗൗരവതരമാണ്. നജീബിന്‌റെ വിഷയത്തില്‍ ഇപ്പോള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളത് അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണെന്നാണ് ബാപ്‌സ പ്രവര്‍ത്തകരും അനുഭാവികളും പറയുന്നത്. മുസ്ലീമായ വ്യക്തിയുടെ പ്രശ്‌നത്തില്‍ അലിഗഡ് സര്‍വകലാശാല, ദളിത് വിഷയത്തില്‍ ഹൈദരാബാദ് സര്‍വകലാശാല. ഇങ്ങനെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളിലും എല്ലാം വിദ്യാര്‍ത്ഥി പ്രക്ഷോഭം അപകടകരമായ രീതിയില്‍ വിഭജിക്കപ്പെടുന്നതിന്‌റെ ആശങ്കയാണ് അവര്‍ പങ്കു വയ്ക്കുന്നത്.


Next Story

Related Stories