TopTop
Begin typing your search above and press return to search.

തിരുവനന്തപുരം നഗരത്തിലെ വിറക് കച്ചവടക്കാരനും ചിലത് പറയാനുണ്ട്; ഇന്ന് വയോജന ദിനവുമാണ്

തിരുവനന്തപുരം നഗരത്തിലെ വിറക് കച്ചവടക്കാരനും ചിലത് പറയാനുണ്ട്; ഇന്ന് വയോജന ദിനവുമാണ്

രാകേഷ് നായര്‍


വിശ്വംഭരന്റെ കോടാലിക്കൈ ഊക്കില്‍ താഴോട്ട് പതിക്കുന്നതു നോക്കിയിരിക്കുകയാണ് ജോണ്‍സണ്‍. ആ മരമുട്ടിയില്‍ നിന്ന് ചിതറിത്തെറിച്ച പൂളുകള്‍പോലെ ഓര്‍മ്മകള്‍ എങ്ങോട്ടോ ചിതറിപ്പോയിരിക്കുന്നു ജോണ്‍സന്റെ മനസ്സിലും. കഴിഞ്ഞതൊന്നും പിടിതരാതെ കബളിപ്പിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ട് മുഖത്ത് കാണാം. തൊണ്ണൂറിലെത്തിയ പ്രായത്തിന്റെ തളര്‍ച്ചമാത്രമല്ല, ക്യാന്‍സറിന്റെ അവശതകളുമുണ്ട്.


തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞി ജംഗ്ഷനോട് ചേര്‍ന്ന വിറക് കച്ചവടം നടത്തുകയാണ് ജോണ്‍സണ്‍. സ്വന്തമായുള്ള മൂന്നു സെന്റ് സ്ഥലത്താണ് കച്ചവടവും താമസവും. കൂട്ടിനുള്ളത് ഭാര്യ തുളസി. വിറക് കീറാന്‍ പണിക്കാരന്‍ വിശ്വംഭരന്‍ വരും. നഗരത്തിന്റെ ഓരം ചേര്‍ന്നുള്ള ഈ കാഴ്ചകള്‍ കടന്നു എത്രയോ വട്ടം പോയിട്ടുണ്ട്. അതിനിടയിലെപ്പോഴോ ആണ് ഇദ്ദേഹത്തെ ഒന്നടുത്തറിയണം എന്ന തോന്നല്‍ ഉണ്ടാകുന്നത്. ഒരു കാഴ്ചയ്ക്കപ്പുറം, പറയാന്‍ കാതലുള്ള ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ് ജോണ്‍സണെ കാണാനെത്തിയത്.


എന്നോ മരിച്ച കിനാവുകള്‍പ്പോലെ ഒരു കുടില്‍, ടാര്‍പോളിനും പഴയ ഫ്ലക്സ് ബാനറുകളും ഉപയോഗിച്ച് മേഞ്ഞിരിക്കുന്നു. അടുക്കി വച്ചിരിക്കുന്ന വിറകു കഷ്ണങ്ങള്‍, കീറാന്‍ കിടക്കുന്ന മുട്ടികള്‍, മുപ്പത് വര്‍ഷമായി കൂടെയുള്ള വെട്ടുകാരന്‍ വിശ്വംഭരന്‍, കീറിയിട്ട വിറക് പെറുക്കിയടുക്കുന്ന തുളസി, ഒന്നും ശ്രദ്ധിക്കാതെ പായുന്ന നഗരത്തിരക്ക്-ഇതായിരുന്നു ജോണ്‍സണുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തല ദൃശ്യങ്ങള്‍. കുറച്ച് നേരമായി തപ്പിക്കൊണ്ടിരുന്ന പഴയകാലത്തിന്റെ ചെറിയൊരു തുണ്ടു കിട്ടിക്കാണണം, ജോണ്‍സണ്‍ പറഞ്ഞുതുടങ്ങി- "സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. ആര്‍സിസിയില്‍ ചെക്കപ്പിനു പോകേണ്ട സമയമായി. കഴിഞ്ഞമാസം ആദ്യം ഒന്നു പോയതാ. അന്ന് ഡോക്ടറെ കാണാനൊന്നും നിന്നില്ല. ഓണമല്ലായിരുന്നോ. അവിടെ കുറെ രോഗികളില്ലേ, അതിലൊരുപാടുപേര് ഗതിയില്ലാത്തതുങ്ങളാണ്. ഞാനെപ്പം പോയാലും കൂട്ടിവച്ച കുറച്ച് കാശ് കൈയില്‍ കരുതും. നാലാം വാര്‍ഡിലും ആറാം വാര്‍ഡിലും ഞാന്‍ വരുന്നതും കാത്തിരിക്കുന്ന കുറപ്പേരുണ്ട്. അതുങ്ങക്ക് അമ്പതും നൂറും അഞ്ഞൂറുമൊക്കെ വച്ചു കൊടുക്കും. എനിക്ക് ഒണ്ടായിട്ടല്ല, ഒള്ളതില്‍ ഒരു പങ്ക്. ഇത്തവണ ഓണത്തിനു മുന്നേ പോയി പതിവുപോലെ കൈയിലുണ്ടായിരുന്നത് കൊടുത്തിട്ടുപോന്നു. അവര്‍ക്കൊരു സന്തോഷമാകട്ടെ, അതിനകത്താണ് കെടക്കണതെങ്കിലും ഉള്‍വിചാരങ്ങളൊണ്ടാകില്ലേ."ജോണ്‍സണ്‍ തന്റെ ജീവിതം പറയുന്നു
കാട്ടാക്കടയിലാണ് ഞാന്‍ ജനിച്ചത്. അപ്പനുമമ്മയ്ക്കും ഞങ്ങള്‍ ഒമ്പതു മക്കളായിരുന്നു. എന്റെ കുട്ടിക്കാലത്തെ അപ്പന്‍ മരിച്ചുപോയി. സഹോദരങ്ങളില്‍ രണ്ടു പേര്‍ കൊച്ചിലേ മരിച്ചു. ബാക്കിയുണ്ടായിരുന്നവരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഞാന്‍ മാത്രം. കാട്ടാക്കടയില്‍ നാലുവരെ പഠിച്ചു. പിന്നെ അവിടുള്ള സഭക്കാരുടെ സഹായത്തോടെ ആലുവായില്‍ യു സി കോളേജിനടുത്തുള്ള ഒരു സെറ്റില്‍മെന്റ് സ്‌കൂളിലായിരുന്നു പഠനം. പഠിക്കാന്‍ മനസ്സില്‍ ഭയങ്കര ആര്‍ത്തിയായിരുന്നു. ഒരുദ്യോഗം വാങ്ങണന്നൊക്കെയായിരുന്നു ആഗ്രഹം. ഏഴാം ക്ലാസിലെ പരീക്ഷ എഴുതിക്കൊണ്ടിരിക്കണ സമയത്താണ് അമ്മയ്ക്ക് കൂടുതലാണെന്നും പറഞ്ഞ് ആളു വന്നത്. പരീക്ഷ മുഴുവനുമെഴുതാതെ നാട്ടിലേക്ക് പോന്നു. എന്നാണ് വര്‍ഷോന്ന് ഓര്‍മ്മയില്ല. കുംഭം നാലിന് അമ്മ മരിച്ചു. പിന്നെ കൊറേ നാളുകഴിഞ്ഞ് പോയി പരീക്ഷ മുഴുവനും എഴുതി. ജയിക്കേം ചെയ്തു. പിന്നെ പഠിക്കാന്‍ പറ്റീല. ആരു നോക്കാനാ? അപ്പനും പോയി അമ്മേം പോയി. ഏഴാം ക്ലാസ് പഠിത്തം വച്ച് അന്നു ശ്രമിച്ചിരുന്നെങ്കില്‍ ഒരു ജോലികിട്ടുമായിരുന്നു. ആരാ അതൊക്കെ പറഞ്ഞ് തരാന്‍? ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയിരുന്നു.

മേലൊന്നൊറച്ചെന്നു തോന്നിയപ്പോള്‍ ഓരോ പണിക്ക് പോകാന്‍ തുടങ്ങി. അങ്ങിനെയാണ് തങ്കയ്യന്‍ ആശാന്റെ കൂടെ കൂടുന്നത്. വിതുരയില്‍ നിന്നു വടക്കാട് പോകുന്ന റോഡിന്റെ രണ്ടാം മൈലിനു നാലാം മൈലിനും ഇടയിലുള്ള സ്ഥലം വെട്ടിപ്പിടിച്ച് ആളുകള്‍ താമസിക്കാന്‍ തുടങ്ങിയ കാലമാണ്. ഞാനും ഏഴേക്കര്‍ ഭൂമി സ്വന്തമാക്കി. വനത്തിനോട് ചേര്‍ന്ന സ്ഥലമാണ് കുടിയേറിയത്. അതിനൊരുകാരണമുണ്ട്; കാട്ടില്‍ നിന്ന് മരം മുറിച്ചെടുക്കാം.

ജീവിതം അവിടെ ഉറയ്ക്കുമെന്ന് തോന്നിയിടത്താണ് ഇവളെ കാണുന്നത്. തുളസിയെന്നാണ് പേര്. ഈഴവത്തിയാണ്. ഞങ്ങളു തമ്മില്‍ പരിചയമായി. ഒരു ദിവസം അവളെന്നോടു പറഞ്ഞു- എന്നെ എങ്ങോട്ടെങ്കിലും കൊണ്ടുപോകാമോ? ഇല്ലേ ആങ്ങളമാര് എന്നെ കൊല്ലും? ഒരു പെണ്ണിനെ പോറ്റാനുള്ള നെഞ്ചുറപ്പ് ഞാനന്ന് കാണിച്ചു. പാളയത്ത് താമസിക്കണ പെങ്ങളെ വന്ന് കണ്ട കാര്യം പറഞ്ഞു. അവര്‍ക്ക് സമ്മതം. തിരികെ വന്ന് തുളസിയോട് ആദ്യത്തെ ബസ് കേറി പാളയത്തോട്ട് വരണമെന്ന് പറഞ്ഞുറപ്പിച്ചു ഞാന്‍ പെങ്ങടെ അടുത്തേക്ക് തിരിച്ചു പോന്നു. പറഞ്ഞപോലെ തുളസി ആരും അറിയാതെ പാളയത്ത് വണ്ടിയിറങ്ങി. അങ്ങനെ ഞാനവളെ കെട്ടി. ഏഴേക്കര്‍ ഭൂമി വിതുരയില്‍ കിടപ്പുണ്ട്. അവിടെ താമസിക്കാമെന്നായിരുന്നു തീരുമാനം. അതിന് തുളസിയുടെ വീട്ടുകാര് സമ്മതിച്ചില്ല. രണ്ടുപേരെയും കൊല്ലുമെന്ന വാശിയിലായിരുന്നു അച്ഛനും ആങ്ങളമാരും. ഒടുവില്‍ സ്വന്തമാക്കിയ ഭൂമിയുപേക്ഷിച്ച് തിരുവനന്തപുരത്ത് വന്നു. പക്ഷേ അവിടെയും വന്നു തുളസിയുടെ വീട്ടുകാര്. ഒടുവില് പോലീസില്‍ പരാതിയായി. സ്റ്റേഷനില്‍ ചെന്ന് ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു.

അന്നവിടുത്തെ പോലീസുകാരന്‍ ചോദിച്ചു- നീയിവളെ ഒള്ളകാലം പോറ്റുമോടാ?
ഞാന്‍ പറഞ്ഞു- എന്റെ മരണം വരെ പോറ്റും
ആ ഉറപ്പില്‍ പോലീസിനു സംശയമില്ലായിരുന്നു. അന്ന് പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങുമ്പോള്‍ തുളസിയുടെ വീട്ടുകാര് ഒരു ബന്ധത്തിന്റെ കൊമ്പൊടിച്ചിട്ടിട്ടാണ് പോയത്.ഒരു ഭയം അങ്ങിനെ ഒഴിഞ്ഞെങ്കിലും അതിലും വലുതൊന്ന് കാത്തിരിപ്പുണ്ടായിരുന്നു. എവിടെ താമസിക്കും? സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. ആകെയുള്ളത് ഇന്നാട്ടുകാരുമായി ഉണ്ടാക്കിയ സ്‌നേഹബന്ധമാണ്. അതുപകാരപ്പെട്ടു. ആദ്യം ഒരു പട്ടാളക്കാരന്റെ വീട്ടില്‍ താമസിപ്പിച്ചു. അവിടുന്ന് വേറൊരു വീട്ടില്‍, അതങ്ങനെ മാറി മാറിക്കൊണ്ടിരുന്നു. എവിടെയെങ്കിലും ഒന്നുറയ്ക്കണമെന്ന മോഹം മനസ്സിലിട്ടു നടക്കുമ്പോഴാണ് സെവന്‍ത് ഡേ സഭക്കാരുടെ സ്ഥലത്ത് ഒരു കൂരകെട്ടാനുള്ള അവസരം വരുന്നത്. കുടികിടപ്പുകാരനായാണ് ചെന്നതെങ്കിലും കുറച്ച് കാലംകൊണ്ട് ഞാന്‍ സഭയുടെ കാര്യക്കാരനായി.

കാലമങ്ങനെ കുറേ കടന്നുപോയി. ഇവിടെ വന്നിട്ട് നാല്‍പ്പത് കൊല്ലമായി. അന്നിവിടെ ഇപ്പോള്‍ കാണുന്ന തിരക്കുകളൊന്നുമില്ല. അതൊക്കെ പിന്നീട് ഉണ്ടായതല്ലേ. ഇപ്പോള്‍ റോഡില്‍ മുഴുവന്‍ വണ്ടികളായി. ചുറ്റുവട്ടത്ത് മുഴുവന്‍ കെട്ടിടങ്ങളായി. ഞാന്‍ താമസിക്കുന്നതിന് തൊട്ട് പുറകിലാണ് മത്സ്യമാര്‍ക്കറ്റ്. നഗരസഭയുടെ വകയാണ്. രാവിലെ തൂത്തുക്കുടിയില്‍ നിന്ന് വണ്ടികളില്‍ മീന്‍വരും. നേരം വെളുക്കുന്നതിനു മുമ്പേ തിരക്കു തുടങ്ങും. മാര്‍ക്കറ്റിനോട് ചേര്‍ന്നു കിടക്കുന്ന സഥാലമായതുകൊണ്ട് ഈ മൂന്നുസെന്റ്കൂടി നഗരസഭയ്ക്ക് വേണമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്റെ ഭൂമി പുറമ്പോക്കല്ല. എനിക്ക് പതിച്ച് തന്നതാണ്. ഇവിടെ നിന്ന് ഒഴിയാന്‍ കോര്‍പ്പറേഷന്‍ ആവിശ്യപ്പെട്ടപ്പോള്‍ ഞാന്‍ കേസുകൊടുത്തു. ഹൈക്കോടതി ഈ മണ്ണ് എനിക്ക് അവകാശപ്പെട്ടതാണന്ന് വിധിച്ചു.നാല്‍പ്പത് വര്‍ഷമായി വിറകിന്റെ കച്ചോടം തുടങ്ങീട്ട്. താമസിക്കാനൊരിടം കിട്ടിയെപ്പിന്നെ അന്വേഷണം ഒരു ജോലിയാരുന്നു. അന്ന് നാട്ടിലുണ്ടായിരുന്ന ചിലരാണ് വിറക് കച്ചോടം ചെയ്യാന്‍ പറയണത്. പലരും അവരുടെ പറമ്പിലെ മരങ്ങള്‍ വിലയൊന്നും വാങ്ങാതെ മുറിച്ചെടുത്തോളാന്‍ പറഞ്ഞു. അഞ്ച് ടണ്‍ വിറക് വരെ വെറുതെ തന്ന ആളുകളുണ്ട്.

അന്നത്തെ കാലത്ത് വിറകിന് ആവശ്യക്കാരുണ്ടായിരുന്നു. അന്ന് മരങ്ങള് വെട്ടാന്‍ ഞാന്‍ ഏതെങ്കിലുമൊക്കെ സഹായികളുമായി പോകും. പിന്നെ പ്രായമാകുന്തോറും ആരെയെങ്കിലും വിട്ട് വെട്ടിക്കുകയായിരുന്നു. ഇപ്പോള്‍ അതുമില്ല. മരത്തടികള്‍ വാങ്ങിക്കുകയാണ്. ആയകാലത്ത് വിറകിന് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. ഇന്നിപ്പോ ആര്‍ക്കും വിറക് വേണ്ടല്ലോ. എന്നാലും ഞങ്ങള്‍ക്ക് കഴിഞ്ഞു പോകാനുള്ളത് കിട്ടണുണ്ട്. അതില്‍ നിന്ന് ഒരു പങ്കെടുത്താണ് മറ്റുള്ളവര്‍ക്ക് (മക്കള്‍ക്കുള്‍പ്പെടെ) കൊടുക്കുന്നത്. മൂന്നുപെണ്ണും ഒരാണുമാണ് ഞങ്ങള്‍ക്ക്. എല്ലാവരും കല്യാണം കഴിഞ്ഞ് കുടുംബമായി. ഉള്ളതെല്ലാം മക്കള്‍ക്കാണ് കൊടുത്തത്. ഇപ്പോഴും കൊടുക്കുന്നുണ്ട്. മക്കള് നോക്കേണ്ട പ്രയാത്തിലും മക്കളെ നോക്കേണ്ട ഗതികേടാണ് ഞങ്ങള്‍ അനുഭവിക്കുന്നത്.


സംസാരിക്കുന്നതിന്റെ ബുദ്ധിമുട്ട് ജോണ്‍സന്റെ മുഖത്ത് നല്ലതുപോലെ പ്രകടമാകുന്നുണ്ട്. തൊണ്ടയില്‍ പിടികൂടിയ മഹാവ്യാധിയുടെ കരുത്തിനെ പ്രതിരോധിക്കാന്‍ ഈ വൃദ്ധന്‍ നന്നേ അശക്തനായിരിക്കുന്നു. കൂടുതല്‍ സംസാരിച്ചിരിക്കുന്നത് ഈ പാവത്തോട് ചെയ്യുന്ന ക്രൂരതയാണന്ന് തോന്നി. തിരിക പോരുന്നതിന് മുമ്പ് ആ കൂരയ്ക്കകത്ത് കേറി. ഉണങ്ങിയ വിറകുകഷ്ണങ്ങള്‍ മാത്രമാണ് അതിനകത്ത് അല്‍പ്പമെങ്കിലും ഉറപ്പുള്ളതായി തോന്നിയത്. അപ്പോഴാണ് മറ്റൊരു സങ്കടം ജോണ്‍സണ്‍ പറഞ്ഞത്. ഈ വിറക് കഷ്ണങ്ങള്‍ മോഷണം പോകാറുണ്ടത്രേ!

ഞങ്ങക്ക് എന്ത് ചെയ്യാന്‍ പറ്റും? ഒരിക്കല്‍ മോഷ്ടിച്ചവന് ഇനിയുമതിന് തോന്നല്ലേന്ന് കര്‍ത്താവിനോട് പ്രാര്‍തഥിക്കും- ആ വൃദ്ധന്‍ നിസ്സഹായതയോടെ പറഞ്ഞു.

യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരത്ത് വെറുതെ ചോദിച്ചു- ഏതെങ്കിലും മക്കളുടെ വീട്ടില്‍പ്പോയി താമസിച്ചൂടെ?

''ഒരിടത്തേക്കും പോകാനൊന്നും വയ്യാ. അവരാരെങ്കിലും ഇങ്ങോട്ട് വന്നാല്‍ സന്തോഷം. മകന് കഴിഞ്ഞദിവസം വന്നപ്പോള്‍ പറഞ്ഞായിരുന്നു; അപ്പനൊരു ഷര്‍ട്ട് വാങ്ങിത്താരാന്ന്. തന്നാല്‍ സന്തോഷം. തന്നിലെങ്കിലും കുഴപ്പമില്ല. ആ കാശ് അവന്റെ കൈയിത്തന്നെ ഇരിക്കുമല്ലോ''.

കാതലുറഞ്ഞൊരു മരമാണ് താനെന്ന് സ്വയം ബോധ്യമുണ്ടായിട്ടും പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകളെ ആത്മബലംകൊണ്ട് നേരിട്ട് അദ്ധ്വാനിച്ചു ജീവിക്കാനാണ് ജോണ്‍സണ്‍ ഇഷ്ടപ്പെടുന്നത്. അതില്‍ നിന്ന് കിട്ടുന്നതിന്റെയൊരു പങ്ക് മറ്റുള്ളവര്‍ക്ക് കൊടുക്കാനും തയ്യാറാകുന്നു. മനുഷ്യസഞ്ചാരത്തിന്റെ വേഗം കൂടുക്കൂടി വരുന്ന ഇക്കാലത്ത് തിരക്കുകളുടെ ഓരം ചേര്‍ന്നുനിന്ന് ജീവിക്കുന്ന ഈ വൃദ്ധന്‍ വെറും കാഴ്ചമാത്രമല്ലാതാകുന്നതിന്റെ കാരണവും ഇതാണ്.


Next Story

Related Stories