TopTop
Begin typing your search above and press return to search.

പ്രേക്ഷകരെ ദൈവം രക്ഷിക്കട്ടെ; സത്യന്‍ സിനിമ എന്ന സുവിശേഷ പ്രവര്‍ത്തനം

പ്രേക്ഷകരെ ദൈവം രക്ഷിക്കട്ടെ; സത്യന്‍ സിനിമ എന്ന സുവിശേഷ പ്രവര്‍ത്തനം

സത്യന്‍ അന്തിക്കാട് സിനിമകള്‍ പലപ്പോഴും ഒരു സേഫ്റ്റി വാല്‍വ് പോലെയാണ് പ്രവര്‍ത്തിക്കാറ്. കെട്ടുകാഴ്ചകളില്‍ നിന്നും അശ്ലീല തമാശകളില്‍ നിന്നും ചോരപ്പുഴകളില്‍ നിന്നും മലയാളി പ്രേക്ഷകരെ താല്‍ക്കാലികമായി രക്ഷിക്കുന്ന ഒരു കണ്‍കെട്ടു വിദ്യ. മലയാളിയുടെ സാമൂഹ്യ കുടുംബ മൂല്യങ്ങളെ നിര്‍വ്വചിക്കാനും അടയാളപ്പെടുത്താനും ഇത്രയേറെ ശ്രമിച്ച മറ്റൊരു സംവിധായകനില്ല. (അവസാനത്തെ ചില സിനിമകള്‍ ഒഴിച്ചാല്‍ ബാലചന്ദ്ര മേനോനെയും ആ ഗണത്തില്‍ പെടുത്താം). എന്നാല്‍ തികച്ചും യാഥാസ്ഥിതികമായ ആശയലോകത്ത് കറങ്ങി നടക്കുന്ന മലയാളിയുടെ കുടുംബ വിചാരങ്ങളെ പൊളിക്കാനൊന്നും സത്യന്‍ സിനിമകള്‍ മിനക്കെടാറില്ല. മിക്കപ്പോഴും അത് ഊട്ടി ഉറപ്പിക്കാനാണ് ശ്രമിക്കാറ് താനും. അതുകൊണ്ടായിരിക്കാം മലയാളി കുടുംബ പ്രേക്ഷകര്‍ ഇപ്പൊഴും സത്യന്‍ സിനിമകളെ നെഞ്ചേറ്റി ലാളിക്കുന്നത്. ബോക്സ് ഓഫീസ് ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടുമിക്ക സത്യന്‍ അന്തിക്കാട് സിനിമകളും മിനിമം ഗ്യാരണ്ടി ഉറപ്പാണ്. താരങ്ങള്‍ ആരായാലും.

പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ എന്തുകൊണ്ടും ഒരു സത്യന്‍ അന്തിക്കാട് സിനിമയ്ക്ക് അനുയോജ്യമായ പേരാണ്. കാലങ്ങളായി സത്യന്‍ അന്തിക്കാട് തന്റെ സിനിമയിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതും ഒരു കുടുംബ ശുശ്രൂഷയാണല്ലോ. ഇവിടെ തൃശൂരെ ഒരു പുത്തന്‍ പണക്കാരനായ വിന്‍സെന്‍റിലൂടെയും അയാളുടെ ഇളയ മുടിയനായ പുത്രന്‍ ജോമോനിലൂടെയും ധാരാളിത്തത്തിന്റെയും ദാരിദ്ര്യത്തിന്റെയും കാലത്തെ കുടുംബ ബന്ധങ്ങളുടെ തൂക്ക വ്യത്യാസങ്ങളെ അടയാളപ്പെടുത്തുകയും അതിലൂടെ കുടുംബത്തെ കുറിച്ചുള്ള ഒരു സാക്ഷ്യം അവതരിപ്പിക്കുകയും ചെയ്യുകയാണ് സംവിധായകന്‍.

ആശയം പഴയതാണെങ്കിലും അതിനേക്കാള്‍ അറുപഴഞ്ചന്‍ ആയിപ്പോയി കഥ പറച്ചില്‍ എന്നു ഒറ്റ വാക്യത്തില്‍ ഈ ചിത്രത്തെ നിരൂപണം ചെയ്യാം. ഒരു സത്യന്‍ സിനിമയുടെ ആത്മാവ് അതിന്റെ തിരക്കഥയാണെന്ന് പഴയ സത്യന്‍-ശ്രീനി കൂട്ടുകെട്ടുസിനിമകളും പിന്നീടുവന്ന വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (ലോഹിതദാസ്), അച്ചുവിന്റെ അമ്മ, മനസിനക്കരെ (രഞ്ജന്‍ പ്രമോദ്) തുടങ്ങിയ സിനിമകളിലൂടെയൊക്കെ നമ്മള്‍ അനുഭവിച്ചതാണ്. തിരക്കഥയിലെ കൃതഹസ്തതയില്ലായ്മ തന്നെയാണ് ഈ ചിത്രത്തെ വിരസമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്. അതുമാത്രമല്ല, തന്റെ ചിത്രങ്ങളെ തന്നെ നിരന്തരം ആവര്‍ത്തിക്കുന്ന സംവിധായകന്റെ സര്‍ഗ്ഗ ദാരിദ്ര്യം ഈ സിനിമയില്‍ അല്പം കൂടിപ്പോയി എന്നു പറയാതെ വയ്യ. ചുരുങ്ങിയത് സംവിധായകന്റെ പത്തു സിനിമകളുടെ എങ്കിലും സാന്നിധ്യം ജോമോനില്‍ കണ്ടെത്താന്‍ പറ്റും. കൂടാതെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവുമായുള്ള സാമ്യവും ആരെങ്കിലും കണ്ടെത്തി ചൂണ്ടിക്കാട്ടിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. പിന്നെ സമാധാനിക്കാവുന്നത് മലയാളി കുടുംബത്തെ കുറിച്ചു ഇതില്‍ കൂടുതല്‍ എന്തു പറയാന്‍?

പല കൊടീശ്വരന്‍മാരെയും പോലെ ഒന്നുമില്ലായ്മയില്‍ നിന്നുയര്‍ന്നു വന്നയാളാണ് വിന്‍സെന്‍റ്. കഠിനാധ്വാനത്തിന്റെ മൂല്യ ബോധമാണ് അയാളെ നയിക്കുന്നത്. പണം ഉണ്ടാക്കലും ട്രിപ്പിള്‍ എക്സ് സിഗരറ്റുമാണ് അയാളുടെ ലഹരി. എന്തായാലും പണം ഉണ്ടാക്കാനുള്ള ലഹരി ആര്‍ത്തിയായി മക്കളിലേക്ക് പകരാന്‍ ആയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്തിനും ഏതിനും കണക്ക് പറയുന്ന മൂത്ത മകളും അമ്മായി അപ്പന്‍റ ആശുപത്രിയില്‍ ഇരുന്നു റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുന്ന രണ്ടാമത്തെ മകന്‍ ഡോ.ആല്‍ഫിയും പണം മാത്രം പരമ പ്രധാനമായി കാണുന്ന രണ്ടു കഥാപാത്രങ്ങളാണ്. ജോമോന് ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയപ്പോള്‍ ആ പുളിങ്കൊമ്പ് വിടേണ്ട എന്നു പറഞ്ഞു പ്രണയത്തിനു ഒത്താശ ചെയ്തു കൊടുക്കുന്നതും മുത്തുമണിയുടെ ഈ ചേച്ചി കഥാപാത്രമാണ്.

പണം അടക്കി ഭരിക്കുന്ന ലോകത്ത് ബന്ധങ്ങള്‍ക്ക് സംഭവിക്കുന്ന തകര്‍ച്ചയെ തന്നെയാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. അതിനു സത്യന്‍ അന്തിക്കാട് കൂട്ടു പിടിക്കുന്നത് തമിഴ് ജീവിതത്തെയും. തമിഴ് ജീവിതവും കഥാപാത്രങ്ങളും മഴവില്‍ക്കാവടി, സ്നേഹസാഗരം തുടങ്ങിയ ചിത്രങ്ങളില്‍ മുന്‍പ് കണ്ടിട്ടുണ്ട്. ഈ അടുത്തകാലത്ത് നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക (2001), യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (2002) അച്ചുവിന്റെ ആമ്മ (2005), രസതന്ത്രം (2006), ഇന്നത്തെ ചിന്താവിഷയം (2008) സ്നേഹവീട് (2011) തുടങ്ങിയ സിനിമകളില്‍ ഈ തമിഴ് അഭിനിവേശം കാണാം. ഒരു തരത്തില്‍ മലയാളിക്ക് മുഖം നോക്കാനുള്ള കണ്ണാടിയായാണ് സത്യന്‍ സിനിമകളില്‍ തമിഴ് ജീവിതവും സംസ്കാരവും ഒക്കെ പ്രത്യക്ഷപ്പെടുന്നത് എന്നു വേണമെങ്കില്‍ പറയാം. ജോമോനില്‍ തിരുപ്പൂര്‍ നഗരത്തില്‍ ചെറിയ വീടൊരുക്കുന്ന തമിഴ് നായികയുടെയും അച്ഛന്റെയും നിഷ്കളങ്കമായ സന്തോഷം തന്നെ ഉദാഹരണം. പുതിയ വീട്ടിലെ അടുക്കളയും, ഗ്യാസ് അടുപ്പും, ഫാനും കക്കൂസുമൊക്കെ വലിയ ആഡംബരമായി നായകനും അപ്പനും കാണിച്ചു കൊടുക്കുന്ന രംഗം ഹൃദയ സ്പര്‍ശിയാണ്. (ഈ അടുത്ത കാലത്തെ സത്യന്‍ അന്തിക്കാട് സിനിമകളുടെ ബാക്കി പത്രം എന്നു പറയുന്നതു രണ്ടര മണിക്കൂര്‍ സിനിമയ്ക്കിടയില്‍ കിട്ടുന്ന ഇത്തരം അപൂര്‍വ്വ ജീവിത മുഹൂര്‍ത്തങ്ങളാണ്)

രണ്ടു കഥാപാത്രങ്ങളെ കുറിച്ചു കൂടി പറയാതെ ഈ എഴുത്ത് അവസാനിപ്പിക്കാന്‍ കഴിയില്ല. ഒന്നു മുകേഷിന്റെ അളിയനായി മേയറുടെ ഭര്‍ത്താവായി എത്തുന്ന ഇന്നസെന്‍റിന്റെ കഥാപാത്രമാണ്. സാമാന്യം വെറുപ്പിക്കുന്നുണ്ട് ഈ അഴിമതിക്കാരനായ ബാക്ക് സീറ്റ് മേയര്‍. എന്നാല്‍ ഒറ്റ സീനില്‍ വന്നു പോകുന്ന സേതുലക്ഷ്മിയുടെ മുകേഷിന്റെ സ്കൂള്‍ സഹപാഠി തീയറ്റര്‍ വിട്ടു വരുമ്പോഴും നമ്മോടൊപ്പമുണ്ട്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)


Next Story

Related Stories