ന്യൂസ് അപ്ഡേറ്റ്സ്

തെരുവുനായ ഉന്മൂലന സംഘം നിയമവിരുദ്ധമോ? സംഘടനയുടെ ചെയര്‍മാന്‍ ജോസ് മാവേലിക്ക് പറയാനുള്ളത്

Avatar

കൃഷ്ണ ഗോവിന്ദ്

ആലുവ ജനസേവ ശിശുഭവന്‍ സ്ഥാപകന്‍ ജോസ് മാവേലി ഇന്ന് അറിയപ്പെടുന്നത് കേരളത്തിലെ തെരുവുനായ ഉന്മൂലന സംഘത്തിന്റെ നേതാവായിട്ടാണ്. നൂറുകണക്കിന് നായ്ക്കളെയാണ് ഈ സംഘം ഉന്മൂലനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെ ദുരിതം കണ്ടിട്ടാണ് ജോസ് മാവേലി തെരുവുനായ ഉന്മൂലന സംഘം രൂപികരിക്കാനും അതുവഴി തെരുവുനായ വിമുക്ത കേരളത്തെ സൃഷ്ടിക്കാനും ഇറങ്ങിതിരിച്ചത്.

തെരുവുനായ സംരക്ഷണ സംഘമായിരുന്നു ജോസും സുഹൃത്തുകളും ആദ്യം രൂപീകരിച്ചത്. അത് വിജയമായില്ലെന്നു മാത്രമല്ല അത് അവര്‍ക്ക് ബാധ്യതയാവുകയും ചെയ്തു. തെരുവുനായ സംരക്ഷണം പ്രാവര്‍ത്തികമാവുകയില്ലെന്നു കണ്ടതിനെ തുടര്‍ന്ന് പല പദ്ധതികളും നോക്കിയെങ്കിലും അതൊന്നും പ്രാവര്‍ത്തികമാവുന്നതല്ലായിരുന്നു.

2001-ന് ശേഷം കേരളത്തില്‍ തെരുവുനായ്കളെ കൊല്ലുന്ന പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചതിനാല്‍ കേരളത്തില്‍ നായ്കള്‍ പെരുകുകയും ചെയ്തു. ജോസ് നടത്തുന്ന ജനക്ഷേമ ശിശു സഭയില്‍ എത്തുന്ന തെരുവിന്റെ മക്കള്‍ക്ക് പറയാനുണ്ടായിരുന്ന ദുരിതങ്ങളിലൊന്ന് തെരുവുനായ്കളുടെ ആക്രമണമായിരുന്നു. സാമൂഹിക സേവനവുമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ജോസിനും നായ്കളുടെ ആക്രമണത്തിന് ഇരയായ ധാരാളം ആളുകളെ കണ്ടുമുട്ടുന്നതിനിടയായി. നാടോടികള്‍, ഭിക്ഷക്കാര്‍, കോളനിവാസികള്‍, അടച്ചുറപ്പില്ലാത്ത വീടുകളില്‍ വസിക്കുന്നവര്‍ തുടങ്ങി നല്ല സൗകര്യങ്ങളോട് വസിക്കുന്നവര്‍ വരെ ഈ തെരുവുനായ്കളുടെ ആക്രമണത്തില്‍ ഇരയായി. സര്‍ക്കാര്‍ ഇതിന് യതൊരു നടപടികള്‍ സ്വീകരിക്കാതിരുന്നപ്പോള്‍ കേരളാ ഹൈക്കോടതിയുടെ അക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന വിധിയുടെ ധൈര്യത്തില്‍ ജോസും സുഹൃത്തുകളും തെരുവുനായ ഉന്മൂലന സംഘം രൂപീകരിക്കുകയായിരുന്നു.

തെരുവുനായ ഉന്മൂലന സംഘത്തിന്റെ ചെയര്‍മാനാണ് ജോസ്. സംഘത്തിന്റെ ജനറല്‍ സെക്രട്ടറി സോഫിയ സുര്‍ജിതും, സെക്രട്ടറി ടി ജി തമ്പിയുമാണ്. ഏഴു പേരാണ് സംഘടനയുടെ പ്രാഥമിക അംഗങ്ങള്‍. സംഘടന നിയമപരമായി രൂപീകരിക്കാനായിട്ടുള്ള നടപടികളിലാണ് ജോസും സംഘവും. എന്നാല്‍ മൃഗ സ്നേഹികളുടെ ഇടപെടല്‍ മൂലം അതിന് ചില തടസങ്ങള്‍ നേരിട്ടിരിക്കുകയാണ്. നാട്ടുകാരുടെ വന്‍ പിന്തുണയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ജോസ് പറയുന്നത്.

“നായ്ക്കളെ കൊല്ലുവാനുള്ള സഹായത്തിനായി പല പഞ്ചായത്തുകളില്‍ നിന്നും വിളി വരാറുണ്ട്. ഇവരെയൊക്കെ സഹായിക്കുന്നത് സാമ്പത്തിക ലാഭത്തിനല്ല. പലപ്പോഴും ചിലര്‍ തരുന്ന തുച്ഛമായ തുകകള്‍ കൊണ്ടാണ് സംഘടന നിലനില്‍ക്കുന്നത്.” എന്നാല്‍ നായ്കളെ കൊല്ലുന്നതിന്റെ പേരില്‍ വന്ന കേസുകള്‍ നടത്താന്‍ സ്വന്തം കൈയില്‍ നിന്നാണ് പൈസ കൊടുക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

“തെരുവുനായ്കളെ കൊന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഐപിസി 428,34 വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള വകുപ്പുമുള്‍പ്പടെ ആറോളം കേസുകളുണ്ട്. കൂടാതെ ഉന്നതങ്ങളില്‍ നിന്ന് ഭീഷണിയുമുണ്ട്. തനിക്കെതിരെ കാപ്പ ചുമത്തണമെന്നാണ് ചിലരുടെ ആവശ്യം.” ജോസ് പറഞ്ഞു. തെരുവുനായ്കളെ കൊല്ലുവാന്‍ സമ്മതിക്കാത്തത് വാക്സിന്‍ ലോബികളുടെ ഇടപെടലുകളാണെന്നും അവരാണ് തനിക്കെതിരെയും നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“മൃഗസ്നേഹികള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ എന്തുകൊണ്ടാണ് നായ്കളെ കൊല്ലുമ്പോള്‍ മാത്രം മുറവിളി കൂട്ടുന്നത്. ആടിനെയും, കോഴിയെയുപ്പോലുള്ള സാധുജീവികളെ കൊന്നുതിന്നുന്നതിന് അവര്‍ക്ക് യതൊരു എതിര്‍പ്പുമില്ല. അവരുടെ മൃഗസ്നേഹം വ്യാജമാണ്. നായ്കളെ പരസ്യമായി കൊന്ന് പ്രദര്‍ശിപ്പിക്കുന്നത് പ്രതിഷേധത്തിന്റെ മാത്രം ഭാഗമല്ല ഇത് പലര്‍ക്കും പ്രചോദനമാകുന്നതിനു വേണ്ടി ചെയ്തതാണ്. ഇതിനെ മാതൃകയായി കണ്ട് ധാരാളംപേര്‍ മുന്നോട്ടു വന്നാല്‍ സംസ്ഥാനത്തെ തെരുവുനായ മുക്തമാക്കാം. തെരുവ് നായ വിമോചന സമരമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.” ജോസ് മാവേലി പറഞ്ഞു.

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നതിന്റെ പേരില്‍ കാലടി, ചെങ്ങമനാട്, ഞാറയ്ക്കല്‍ പഞ്ചായത്തുകള്‍ക്കെതിരെയും പിറവം നഗരസഭയില്‍ ഒരു കൌണ്‍സിലര്‍ക്കെതിരെയും കേസുണ്ട്. കൂടാതെ കോട്ടയം നഗരത്തില്‍ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം ത്തിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൊന്ന് പരസ്യമായി പ്രദര്‍ശിപ്പിച്ച് പ്രകടനം നടത്തിയിരുന്നു. ഇവരില്‍ പലര്‍ക്കും ജോസ് മാവേലിയുടെ തെരുവു നായ ഉന്‍മൂലന സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്. 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍