TopTop

മാധ്യമ ഗുണ്ടാപട്ടം; അഭിഭാഷക ഐക്യം വക (ഫ്ലക്സ് പ്രചരണം സൌജന്യം)

മാധ്യമ ഗുണ്ടാപട്ടം; അഭിഭാഷക ഐക്യം വക (ഫ്ലക്സ് പ്രചരണം സൌജന്യം)

കൃഷ്ണ ഗോവിന്ദ്

ഒന്നിരുട്ടി വെളുത്തപ്പോഴേക്കും തങ്ങള്‍ക്ക് കരമൊഴിവായി പതിച്ചു കിട്ടിയ പട്ടങ്ങള്‍ കണ്ട് അന്തിച്ചു നില്‍ക്കുകയാണത്രേ തലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍. ആണ്‍-പെണ്‍വ്യത്യാസമില്ലാതെ ഇവര്‍ നേടിയിരിക്കുന്നത് വെറും പട്ടമല്ല, ആരിലുമുള്‍ക്കിടിലം ഉണ്ടാക്കുന്ന ഗുണ്ടാ പട്ടം.

ഇത്തരമൊരു തീരുമാനത്തിലൂടെ മാധ്യമപ്രവര്‍ത്തകരെ ആദരിച്ചിരിക്കുന്നത് ഏതെങ്കിലും കടലാസ് സംഘടനയല്ല, നിയമം കാക്കാന്‍ കറുത്തകോട്ടിട്ടു പറന്നു നടക്കുന്ന വക്കീലന്മാരാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി തലസ്ഥാനത്തുള്‍പ്പെടെ ഈ കരിങ്കുപ്പായക്കാര്‍ കടന്നല്‍ക്കൂട്ടംപോലെ ഇളകി നടക്കുകയാണ്. ഒരുപക്ഷേ തെരുവു നായ മുന്നില്‍ വന്നാലും ഇവര്‍ അനങ്ങില്ല, പക്ഷേ ആ സ്ഥാനത്ത് ഏതെങ്കിലും നാലാംതൂണുകാര്‍ (അവരുടെ ഭാഷയില്‍ നാലാം ലിംഗക്കാര്‍) ആണെങ്കില്‍ ഉടന്‍ വടിയെടുക്കും, വടി കിട്ടിയില്ലെങ്കില്‍ കല്ല്, അതുമല്ലെങ്കില്‍ ബിയറു കുപ്പി. പിന്നെ അടിയിടി ബഹളം. ഇതെല്ലാം കഴിഞ്ഞു തല്ലുകൊണ്ടവരുടെ പേരില്‍ കേസും കൊടുക്കും. വക്കീലിനാണോ നിയമം അറിയാത്തത്! ഇത്യാദി കലാപരിപാടികള്‍ ഒറ്റയ്ക്കും പെട്ടയ്ക്കും ചെയ്യുന്നതില്‍ ഒരു കുറച്ചിലുണ്ടെന്നു ആരോ പറഞ്ഞപ്പോള്‍ ഒരു സംഘടന തന്നെയുണ്ടാക്കി. അതിനൊരു ഉഗ്രന്‍ പേരുമിട്ടു; അഭിഭാഷക ഐക്യം, തിരുവനന്തപുരം. തത്കാലം സംഘടനയുടെ ഹെഡ് ഓഫീസ് വഞ്ചിയൂര്‍ കോടതി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമെങ്കിലും ഉടന്‍ തന്നെ ഭൂമിമലയാളത്തിലെ എല്ലാ കോടതികളിലും ഓരോ ബ്രാഞ്ചുവീതം തുറക്കുമെന്നാണ് രഹസ്യമായി കിട്ടിയിരിക്കുന്ന വിവരം.പറഞ്ഞു വന്നത് മാധ്യമഗുണ്ടാ പട്ടം നേടിയവരെ കുറിച്ചാണല്ലോ, അതു തുടരാം.

വിപ്ലവങ്ങള്‍ തെരുവില്‍ ജനിക്കുന്നൂവെന്നാണല്ലോ ചരിത്രം പറയുന്നത്. അതിനാലാവണം തങ്ങള്‍ നടത്തുന്ന വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഭാഗമെന്നോണം മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ പ്രഖ്യാപിച്ചു കൊണ്ട് തെരുവുകള്‍ തോറും ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കാശു കുറച്ചു മുടക്കിയെങ്കിലും എലാവരുടെയും കണ്ണുകിട്ടുന്നുണ്ട്. ചാനല്‍മാനിയാക്കുകളായ മലയാളിക്ക് വേഗം തിരിച്ചറിയാവുന്ന ചിലര്‍ക്കാണ് ഗുണ്ടാപട്ടം കിട്ടിയിരിക്കുന്നതിനാല്‍ ഫ്ലക്‌സ് വച്ച ബുദ്ധി ഉദ്ദേശലക്ഷ്യം കണ്ടു.
ആര്‍ക്കൊക്കെയാണ് മാധ്യമഗുണ്ട പട്ടം കിട്ടിയതെന്നറിയണ്ടേ. സര്‍വ്വശ്രീ അജിത്ത് കുമാര്‍, വേണു ബാലകൃഷ്ണന്‍, മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍, കോര, വി എസ് ശ്യാംലാല്‍, പ്രഭാത് നായര്‍, ജസ്റ്റീന തോമസ്, സി പി അജിത എന്നിവരാണ് പുരസ്‌കാരലബ്ധിക്ക് അര്‍ഹരായിരിക്കുന്നത്.

തങ്ങളോട് ഒരു വാക്കുപോലും ചോദിക്കാതെ പ്രഖ്യാപിച്ചു കളഞ്ഞ പുരസ്‌കാരങ്ങളാണെങ്കിലും ചിലരൊക്കെ ഉള്ളിലുള്ള സന്തോഷവും മറച്ചുവയ്ക്കുന്നില്ല. പട്ടം കിട്ടിയ ഒരു മാധ്യമഗുണ്ട തന്റെ അകമഴിഞ്ഞ നന്ദി ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഞാനൊരു ഗുണ്ടയാണെന്ന് ഇന്നു രാവിലെ തിരിച്ചറിഞ്ഞു. ക്വട്ടേഷന്‍ ജോലികള്‍ക്ക് സമീപിക്കുക! ഉദ്ഘാടന ആനുകൂല്യം നിരക്കുകളില്‍ 50 ശതമാനം ഇളവ്... ഗുണ്ടായിസം സിന്ദാബാദ്'. കിട്ടിയ അവസരം എങ്ങനെ മുതലാക്കണമെന്ന് ഒരു മാധ്യമപ്രവര്‍ത്തകനെ ആരും പഠിപ്പിക്കേണ്ടതില്ല. മറ്റു പുരസ്‌കാര ജേതാക്കളുടെ പ്രതികരണം അറിവായിട്ടില്ല.

പുരസ്‌കാരം തന്നതൊക്കെ കൊള്ളാം. പക്ഷേ തങ്ങളെ തല്ലിയിട്ട് തങ്ങള്‍ക്കെതിരേ തന്നെ കേസ് കൊടുത്തതിന്റെ ചൊരുക്ക് ചിലര്‍ക്കുണ്ട്. ഈ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയിട്ടു മതി ബാക്കിയെല്ലാം എന്നാണത്രെ അവരുടെ തീരുമാനം.

ഇത്തരം പിടിവാശിക്കാര്‍ക്കായി അഭിഭാഷക ഐക്യം ടീംസ് വക മറ്റെന്തോ പ്ലാന്‍ അണിയറയില്‍ തയ്യാറാകുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്...

(അഴിമുഖം സബ് എഡിറ്റര്‍ ആണ് കൃഷ്ണ ഗോവിന്ദ്)Next Story

Related Stories