TopTop

മാധ്യമപ്രവര്‍ത്തകരുടെ കൂടുമാറ്റം; ആദര്‍ശമല്ല, വയറ്റിപ്പിഴപ്പാണ്എന്നു പറഞ്ഞാല്‍ എന്താണ് പ്രശ്നം?

മാധ്യമപ്രവര്‍ത്തകരുടെ കൂടുമാറ്റം; ആദര്‍ശമല്ല, വയറ്റിപ്പിഴപ്പാണ്എന്നു പറഞ്ഞാല്‍ എന്താണ് പ്രശ്നം?

ഇന്ദു

ഒരു ഗ്രാമത്തില്‍ ജീവിച്ചിരുന്ന മന്ത്രവാദിക്ക് അനേകം ആടുകള്‍ സ്വന്തമായുണ്ടായിരുന്നു. എന്നാല്‍ അവയെയെല്ലാം സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള സൗകര്യം അയാള്‍ ചെയ്തിരുന്നില്ല. പകരം ഓരോ ആടുകളുടെ അടുത്തു ചെന്നും മന്ത്രവാദി രഹസ്യമായി പറയും; നീ വെറും ആടല്ല, നീയൊരു പുലിയാണ്. അതുകൊണ്ട് വെറുതെ ഇവിടെ നിന്നു രക്ഷപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. മറ്റു ചില ആടുകളോട് അയാള്‍ ഈ വിധം പറയുന്നത് അവര്‍ സിംഹങ്ങളാണെന്നായിരിക്കും; ചില ആടുകളോട് അവര്‍ മനുഷ്യരാണെന്നും പറഞ്ഞിട്ടുണ്ട്. മന്ത്രവാദിയുടെ വാക്കുകളില്‍ മയങ്ങിയ ആടുകള്‍ അവര്‍ സ്വയം സിംഹവും പുലിയും മനുഷ്യരുമൊക്കെയാണെന്നു കരുതി. ഇതിനിടയില്‍ ഓരോ ആടിനെയായി മന്ത്രവാദി കശാപ്പ് ചെയ്തു തിന്നുമായിരുന്നു. മറ്റാടുകള്‍ ഇതു കാണുന്നുണ്ടെങ്കിലും അവ വിചാരിക്കുന്നത്; കൊല്ലപ്പെടുന്നത് വെറും ആടുകളല്ലേ, ഞാന്‍ സിംഹമാണല്ലോ എന്നാണ്...

ഓഷോ പറഞ്ഞ കഥയാണ്. അദ്ദേഹം ഇതേതു സാഹചര്യത്തിലാണ് പറഞ്ഞതെങ്കിലും ഈ ആടുകളുടെ കഥ ഇപ്പോള്‍ യോജിക്കുന്നത് കേരളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കാണ്. സ്വയം ആരൊക്കെയോ ആണെന്നു ധരിച്ചിരിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്ക്.

വിഗ്രഹഭഞ്ജകരാകേണ്ടവരാണ് മാധ്യമപ്രവര്‍ത്തകന്‍, എന്നാല്‍ സ്വയം വിഗ്രഹങ്ങളാകാനുള്ള വെമ്പലുകളാണ് അവരില്‍ ഭൂരിഭാഗത്തിലും കാണുന്നത്. ഉത്തരേന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഈ ജ്വരം മുന്‍പേര്‍ കണ്ടുതുടങ്ങിയതാണെങ്കിലും കേരളത്തില്‍ അധികം നാളുകളായിട്ടില്ല.

കേരളത്തിന്റേത് എന്നുമൊരു ഇടതുപക്ഷ മന:സ്ഥിതിയായിരുന്നു. എന്നാലതിനെ സിപിഎമ്മെന്നോ സിപിഐ എന്നോ പേരിട്ട് ഒരു പാര്‍ട്ടിപരുവത്തിലേക്ക് കൂട്ടിയിണക്കേണ്ടതില്ല. സോഷ്യലിസത്തിലും വര്‍ഗബോധാടിസ്ഥാനത്തിലും ഊന്നിയ ഒന്ന്. മാധ്യമരംഗവും അതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ട് തന്നെ ഏകാധിപത്യ, മതാധിപത്യ ശക്തികളോട് എതിരിട്ടു നിന്നതിന്റെ സുവ്യക്തമായ ചരിത്രകഥകള്‍ കേരളത്തിലെ മാധ്യമപ്രസ്ഥാനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ട്.

ഈ പാരമ്പര്യത്തിന് ഏനം തട്ടുന്ന തരത്തിലുള്ള ഗതിമാറ്റം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്നുണ്ട്. മാറ്റത്തിന്റെതായ വലിയൊരു സപേസ് കേരളത്തിലെ എല്ലാ മേഖലകളിലെന്നപോലെ മാധ്യമരംഗത്തും സൃഷ്ടിക്കപ്പെട്ടതിന്റെ സൗജന്യം പങ്കുപറ്റാന്‍ ഏതേതു ശക്തികളെയാണോ ഇക്കാലമത്രയും നമ്മള്‍ അകറ്റി നിര്‍ത്തിയിരുന്നത് അവര്‍ തന്നെ മുന്നോട്ടുവന്നു വിജയിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അവിടെയവര്‍ക്ക് വഴിയെളുപ്പമാക്കിയത് മാധ്യമപ്രവര്‍ത്തകരില്‍ വന്ന താന്താന്‍ ഭാവവും മാധ്യമപ്രവര്‍ത്തനമെന്നത് വെറുമൊരു ജോലിയാണെന്ന തോന്നലും കൂടുതല്‍ പണം സമ്പാദിക്കാനുള്ള ആര്‍ത്തിയുമാണ്. വിദൂഷക മെയ്‌വഴക്കത്തോടെ രാജസൗകര്യങ്ങള്‍ സ്വന്തമാക്കാനുള്ള കൗശലം മാധ്യമപ്രവര്‍ത്തകരില്‍ വലിയ തോതില്‍ വളര്‍ന്നതോടെ വെള്ളിക്കാശുകള്‍ കിലുങ്ങുന്ന കിഴികള്‍ കൊണ്ട് ആദര്‍ശങ്ങളെയും ആശയങ്ങളേയും മരക്കുരിശില്‍ തറയ്ക്കാന്‍ എളുപ്പമായി.

മലയാളക്കരയിലെ മാധ്യമപ്രവര്‍ത്തനത്തിന് താരപ്പകിട്ട് വന്നിട്ട് ഒരു വ്യാഴവട്ടംപോലും ആയിട്ടില്ല. ദൃശ്യമാധ്യമരംഗം സജീവമായതോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ സെലിബ്രിറ്റി ഇമേജിലേക്ക് വരുന്നത്. നിര്‍വികാരനായിരുന്ന് വാര്‍ത്തവായിച്ചിരുന്ന ദൂരദര്‍ശന്‍ വാര്‍ത്താവായനക്കാരില്‍ നിന്നും എംവി നികേഷ് കുമാര്‍ സൃഷ്ടിച്ചെടുത്ത ചരിഞ്ഞിരുപ്പ് അവതരണത്തിലേക്ക് വാര്‍ത്താവായന മാറിയപ്പോള്‍ ജേര്‍ണലിസത്തിന്റെ കോപ്പിബുക്ക് ശൈലികള്‍ക്കു കൂടിയാണു മാറ്റം വന്നത്. ഓരോ വാര്‍ത്തയുടെയും വികാരം സ്വന്തം മുഖത്തും ശബ്ദത്തിലും വിന്യസിച്ച് സ്വയം ചമച്ചെടുത്ത അവതാരകവേഷത്തിന് ഒരു സിനിമാതാരത്തോളം പ്രീതി പിടിച്ചു പറ്റാന്‍ നികേഷിനെപ്പോലുള്ളവര്‍ക്ക് കഴിഞ്ഞതോടെ ഈ മേഖല തരുന്ന ഓപ്പര്‍ച്യൂണിറ്റി മനസിലാക്കി ധാരാളം പിന്‍ഗാമികള്‍ സൃഷ്ടിക്കപ്പെട്ടു. ഇതവസരം എന്നു മനസിലാക്കിയ പ്രസ് ക്ലബുകളും മാധ്യമപഠനകേന്ദങ്ങളും ചേര്‍ന്ന് കേരളത്തില്‍ തേങ്ങയേക്കാള്‍ അധികം മാധ്യമപ്രവര്‍ത്തകരെ ഉണ്ടാക്കി പുറത്തുവിടുകയും ചെയ്തു. ഇതിലെ ദൂഷ്യമെന്തെന്നാല്‍, പുത്തന്‍തലമുറക്കാരുടെ മനസില്‍ മാധ്യമപ്രവര്‍ത്തനം എന്നാല്‍ ദൃശ്യമാധ്യമപ്രവര്‍ത്തനം മാത്രമായി; ഭൂരിഭാഗത്തിനെങ്കിലും. നാലുവരിയെഴുതുന്നതിലെ ബുദ്ധിമുട്ടുമാത്രമല്ല, സ്വയം പ്രദര്‍ശിപ്പിക്കാനുള്ള അവസരം വിഷ്വല്‍ മീഡിയയിലാണു കിട്ടുന്നതെന്ന വിചാരവുമാണ് ഭൂരിഭാഗത്തിനേയും ചാനല്‍ പ്രേമികളാക്കിയത്.

മാധ്യമരംഗത്ത് ഇത്തരം മാറ്റങ്ങള്‍ നടക്കുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ പുരോഗതിയിലും വേഗം വന്നതോടെ കേരളത്തിന്റെ വാര്‍ത്താന്വേഷണത്വരയ്ക്ക് ചായവ് ഇലക് ട്രോണിക് മീഡിയകളോടായി. നാളുകള്‍ തോറും ഈ അഭിനിവേശം വര്‍ദ്ധിച്ചതോടെ കേരളത്തില്‍ വിഷ്വല്‍ മീഡിയകള്‍ ആധിപത്യം സ്ഥാപിക്കുകയും കൂടുതല്‍ ചാനലുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്തു. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇന്ന് ഒരു ഡസനിേേലറെ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊരു അത്ഭുതമാണ്. എന്നാല്‍ അത്ഭുതത്തിനപ്പുറം കാണേണ്ട ഗൗരവതരമായൊരു സംഗതി, കേരളത്തിന്റെ പൊതുസമൂഹത്തില്‍ നടപ്പാക്കപ്പെടുന്ന ചാനല്‍ സ്വാധീനമാണ്. ഓരോ ചാനലുകള്‍ക്കു പിന്നിലും അതിന്റെ ഉടമകളുടേതായ താത്പര്യങ്ങളുണ്ട്. ഈ താത്പര്യങ്ങള്‍ ജനങ്ങളിലേക്ക് പ്രസരിപ്പിക്കാന്‍ ചാനലുകളോളം സുഗമമായ മറ്റു മാര്‍ഗങ്ങളില്ല എന്ന തിരിച്ചറിവാണ് വ്യക്തികളെയാണെങ്കിലും സംഘടനകളെയാണെങ്കിലും പാര്‍ട്ടികളെയാണെങ്കിലും ഈ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത്. പണ്ടത്തെ മഞ്ഞപത്രക്കാരന്റെ വെല്ലുവിളിയുടെ വിഷ്വല്‍ പരിവേഷം എന്നു പറയാം. എന്നാല്‍ ഇതേ മാര്‍ഗത്തിലേക്ക് മതഫാസിസ്റ്റ് ശക്തികള്‍ സംസ്ഥാനത്ത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഇടവന്നിരിക്കുന്നു എന്നതാണ് ഭയപ്പെടുത്തുന്നത്.ബിജെപിയുടെ അധികാരവാഴ്ചയ്ക്ക് ഉത്തരേന്ത്യയില്‍ കളമൊരുക്കിയതില്‍ നിര്‍ണായ പങ്കുവഹിച്ചത് മാധ്യമങ്ങളാണ്. നിഷേധിക്കാന്‍ കഴിയാത്ത സമ്മാനങ്ങള്‍ നല്‍കി പ്രമുഖ മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പാര്‍ട്ടി തങ്ങളുടെ പ്രചാരകരാക്കി. അതിന്റെ ഗുണം ഇരുകൂട്ടരും കൊയ്യുകയും ചെയ്തു. ഉത്തരേന്ത്യന്‍ ആധിപത്യം കേന്ദ്രഭരണം പിടിച്ചെടുക്കാന്‍ മതിയാകുമായിരുന്നെങ്കിലും സമ്പൂര്‍ണാധിപത്യം ഉറപ്പിക്കണമെങ്കില്‍ ദക്ഷിണേന്ത്യയിലും പാര്‍ട്ടിക്ക് വേരിറങ്ങണം. അതില്‍ പ്രധാനയിടം കേരളം തന്നെയാണ്. കാരണം, കേരളത്തിന്റെ ബൗദ്ധികസത്ത തന്നെ. ഇവിടെ ചുവടുറപ്പിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിക്ക് ഉണ്ടാകുന്ന നേട്ടം വളരെ വലുതാണ്. അത്രകണ്ടൊന്നും ദേശീയനേതൃത്വത്തിന്റെ ശ്രദ്ധ കിട്ടാതിരുന്നതുകൊണ്ട് പാര്‍ട്ടിയുടെ പ്രാദേശികഘടകത്തിന്റെ അക്കിത്തുക്കു കളികളാല്‍ ഒരു പേരായി മാത്രം നിന്നുപോന്നിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ സംസ്ഥാനത്ത് ഒരു എംഎല്‍എയുണ്ട്. ഗ്രാജ്വലായ വളര്‍ച്ചയെന്നൊക്കെ പറയുന്നുണ്ടെങ്കിലും ബിജെപി നേതൃത്വത്തിന്റെ തന്ത്രങ്ങളാണ് കേരളത്തില്‍ പാര്‍ട്ടിയുടെ പുതിയവളര്‍ച്ചയ്ക്ക് കളമൊരുക്കിയത്. വലതുപക്ഷപാര്‍ട്ടികളുടെ പ്രധാനപ്രായോജകരായി എന്നും ഒപ്പം നില്‍ക്കുന്ന ബിസിനസ് ടൈക്കൂണുകള്‍ക്കും കേരളം നല്ലൊരു കമ്പോളമാണെന്നു മനസിലായതോടെ ബിജെപിയുടെ വളര്‍ച്ച ഇവിടെ ഉണ്ടാകണമെന്നത് അവരുടേയും ആവശ്യമായി. പണ്ട് കണ്ണൂരില്‍ കൊലപാതകം നടക്കുമ്പോള്‍ മാത്രം ഉയര്‍ന്നു കേട്ടിരുന്ന പാര്‍ട്ടിയുടെ പേര് എന്നും എപ്പോഴും ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചുകൊണ്ടും, ഇവരെക്കൊയാണ് പാര്‍ട്ടിയുടെ നേതാക്കന്മാരെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ ഇവിടെയുള്ള പാര്‍ട്ടിക്കാരെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടും മാത്രമേ ബിജെപിക്ക് ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാന്‍ കഴിയൂ എന്ന സാമാന്യചിന്തയിലൂടെയാണ് ചാനലുകളെ സ്വാധീനീക്കാനുള്ള ശ്രമം അവര്‍ നടത്തിയത്. എന്നാല്‍ അവരതില്‍ വിജയിക്കാന്‍ തുടങ്ങിയത് വളരെ വൈകിയാണ്. കാരണം നേരത്തെ പറഞ്ഞതുപോലെ കേരളത്തിലെ മാധ്യമരംഗവും പിന്തുടര്‍ന്നുപോന്ന ഇടതുചിന്താഗതി തന്നെ. ഇവിടെയാണ് പണം എന്ന പ്രലോഭനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ വീഴിക്കാന്‍ തത്പരകക്ഷികള്‍ക്ക് സാധിച്ചത്.

ഹിന്ദുത്വ അജണ്ടകള്‍ പിന്തുടരുന്ന ചാനലുകള്‍ ഉണ്ടായിട്ടും തങ്ങളുടെ പദ്ധതികള്‍ ക്ലിക്ക് ആകാതിരുന്നപ്പോള്‍ അവര്‍ ചെയ്ത മറ്റൊരടവ് നിലവിലുള്ള ചാനലുകളെ ദുര്‍ബലപ്പെടുത്തുകയെന്നതാണ്. അതിനായി പുതിയൊരു ചാനല്‍ തുടങ്ങി അതിലേക്ക് സമര്‍ത്ഥരെന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടെന്നും കരുതുന്ന മാധ്യമപ്രവര്‍ത്തകരെ വമ്പന്‍ പ്രതിഫലം നല്‍കി വിലയ്ക്ക് വാങ്ങി. ആ തന്ത്രം വലിയരീതിയില്‍ വിജയിച്ചു എന്നതാണ് ന്യൂസ് 18 എന്ന ചാനലിലേക്ക് മറ്റു പ്രമുഖ ചാനലുകളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക് കാണിക്കുന്നത്. ന്യൂസ് 18 എന്ന ചാനല്‍ കേരളത്തിലെ നമ്പര്‍ വണ്‍ ചാനല്‍ ആയി മാറുമോ ഇല്ലയോ എന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷേ മറ്റു പ്രമുഖ ചാനലുകള്‍ക്ക് വലിയരീതിയില്‍ ക്ഷീണമുണ്ടാക്കാന്‍ അതിനു കഴിയും എന്നതില്‍ തര്‍ക്കമില്ല. ജനങ്ങള്‍ക്കിടയില്‍ താരപ്രഭയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയെല്ലാം അവര്‍ക്കു കിട്ടുമ്പോള്‍ മറ്റൊന്നും കാണിക്കാന്‍ കഴിയില്ലെങ്കിലും മേല്‍പ്പറഞ്ഞ മാധ്യമപ്രവര്‍ത്തകരെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനെങ്കിലും ആ ചാനലിനു കഴിയും. അതല്ലേ ഏറ്റവും വലിയ അപകടം.

ഇതൊരുപക്ഷെ ഏകപക്ഷീയമായ തോന്നല്‍ ആയിരിക്കാം. പക്ഷേ അതൊരിക്കലും പൂര്‍ണ അബദ്ധമാകുന്നില്ല. എക്‌സ്ട്രാസെന്‍സുള്ള ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിന്തിച്ചാല്‍ ദൃഷ്ടാന്തം കാണാവുന്നതേയുള്ളൂ. എന്നിട്ടും അത്തരത്തില്‍ ആപത്ശങ്കയില്ലാതെ ലക്ഷങ്ങളുടെ ശമ്പള വാഗ്ദാനം കിട്ടുമ്പോള്‍, മുമ്പു പറഞ്ഞ ആശയങ്ങളെ വേസ്റ്റ് ബിന്നില്‍ തള്ളി കഴക്കൂട്ടത്തേക്ക് വണ്ടി പിടിക്കുന്നവരെ ചിലരൊക്കെ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആദര്‍ശവത്കരിക്കുന്നതു കാണുമ്പോള്‍ നാണം തോന്നുകയാണ്. ഏഷ്യാനെറ്റിലെ കാവിവത്കരണം സംഭവ്യമാവുകയാണെങ്കില്‍ ഭയക്കേണ്ടതാണ്. മീഡിയവണ്ണിലെ ജമാഅത്തെ ഇസ്ലാമിയുടെ മതവത്കരണവും ഭയക്കേണ്ടതാണ്. പക്ഷേ ഇവിടെ നിന്നെല്ലാം പുറത്തുവന്നവര്‍ നടത്തുന്ന ചില പ്രസംഗങ്ങള്‍ അരോചകമായി തോന്നുന്നത് അവര്‍ പോകുന്നതെങ്ങോട്ടാണെന്ന വാസ്തവം മുന്നിലുള്ളപ്പോഴാണ്.

കൂടുതല്‍ പണം തരുന്നിടത്തേക്ക് പോകുന്നു എന്ന സാമാന്യവിവരണം നല്‍കേണ്ടിടത്ത് ആവശ്യമില്ലാതെ തന്റെ പ്രത്യശാസത്രത്തെയും നീതിബോധത്തെയും എടുത്തലക്കിയുടുക്കേണ്ട കാര്യമെന്താണ്? ഇവിടെയെല്ലാ ഫീല്‍ഡിലും ഇത്തരം കൂടുമാറ്റങ്ങള്‍ പതിവാണ്. പണത്തോടാണ് കമ്മിറ്റ്‌മെന്റ്. 4ജി കാലത്തെ ജീവിത ചെലവിനെ കുറിച്ച് ബോധ്യമുള്ളൊരുത്തനും ആദര്‍ശങ്ങളെ കെട്ടിപ്പിടിച്ച് നില്‍ക്കില്ല. അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ തനിക്ക് ബെറ്റര്‍ ഓഫര്‍ കിട്ടിയിടത്തേക്ക് മാറുമ്പോള്‍ അതിനു അസത്യമായ ചില പരിവേഷങ്ങള്‍ ചമയ്ക്കുന്നതെന്നതാണു മനസിലാകാത്തത്. കൂടുതല്‍ കാശ് അവര്‍ തരാമെന്നു പറഞ്ഞു, അതുകൊണ്ടു പോകുന്നു. അല്ലാതെ മറ്റൊരു ദുരുദ്ദേശ്യവുമില്ല എന്നൊക്കെ രണ്ടുവരി എഴുതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ ചെയ്താല്‍ ചിലരുടെയൊക്കെ തെറ്റിദ്ധാരണ മാറിക്കിട്ടുമായിരുന്നു. എന്നാല്‍ പറയുന്നവര്‍ പറഞ്ഞോട്ടെ എന്നുകരുതി ചുളിവില്‍ കിട്ടുന്ന വീരപരവേഷം അണിയാന്‍ ശ്രമിക്കുന്നത്‌ മോശമല്ലേ! മാസങ്ങള്‍ക്കു മുന്നേ ഓഫര്‍ ലെറ്റര്‍ കൈയില്‍ കിട്ടിയവര്‍ പോലും നല്ലോണം കാറ്റുവീശിയിട്ട് തൂറ്റാം എന്നു നോക്കിയിരിക്കുകയായിരുന്നുവെന്നതല്ലേ സത്യം. മാധ്യമപ്രവര്‍ത്തനത്തിലെ ധാര്‍മിക, ആത്മാര്‍ത്ഥത എന്നൊക്കെയുള്ള ചില ഏര്‍പ്പാടുകളെ കുറിച്ചോര്‍ത്തുള്ള ഭയമായിരിക്കാം. ന്യൂസ് സ്റ്റുഡിയോകള്‍ ട്രഞ്ചുകളാക്കി മാറ്റിയ അര്‍ണാബുമാരുടെ കാലത്ത് മാധ്യമപ്രവര്‍ത്തനത്തിലെ നിയമാവലികള്‍ക്കൊന്നും ജനം വലിയ വിലകല്‍പ്പിക്കുന്നൊമില്ല. ഓരോ ടീമിനും വേണ്ടി കമന്ററി പറയുന്നവരായേ ജേര്‍ണലിസ്റ്റുകളെയും കാണികള്‍ കണക്കാക്കുന്നുള്ളൂ. അതുകൊണ്ട് കുറ്റബോധമൊന്നും തോന്നേണ്ട കാര്യമില്ല. ഉദരനിമിത്തം ബഹുകൃതവേഷം. ഒരു പരിഹസിക്കലല്ല, അവസ്ഥാവിശേഷണമായാണു പറഞ്ഞത്. കൂറിനേക്കാള്‍ വലുത് ചോറാണ്.

ഇതിനിടയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആരൊക്കെയാണു ന്യൂസ് 18-നിലേക്ക് പോകുന്നുവെന്നതിനെ കുറിച്ച് വാര്‍ത്തകള്‍ എഴുതുന്നതു കാണുമ്പോള്‍ ചെറിയൊരു സംശയം. അതൊരു തരത്തിലുള്ള വിളംബരമാണോ? ന്യൂസ് 18 എന്ന ചാനലില്‍ നിങ്ങളുടെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരെല്ലാം എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന അറിയിപ്പ്? അവര്‍ പണം മോഹിച്ചു വന്നവരല്ല, മറിച്ച് ആദര്‍ശം സംരക്ഷിക്കാന്‍ വന്നവരാണെന്ന ചമത്കാരവും കൂടി ചേര്‍ത്തു നല്‍കിയാല്‍ കനകക്കുന്നിനു മുന്നില്‍ ചെണ്ടകൊട്ടി പരസ്യമില്ലാതെ തന്നെ ചാനലുകാണാന്‍ ആളുണ്ടായേക്കാം.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories