TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍, വിമതര്‍, ഐഎസ്... ഇപ്പോള്‍ കുര്‍ദുകള്‍; ഇസ്ലാമിക് സ്റ്റേറ്റ് അടക്കിഭരിച്ചിരുന്ന പ്രദേശങ്ങളിലേക്ക് ഒരു യാത്ര

സര്‍ക്കാര്‍, വിമതര്‍, ഐഎസ്... ഇപ്പോള്‍ കുര്‍ദുകള്‍; ഇസ്ലാമിക് സ്റ്റേറ്റ് അടക്കിഭരിച്ചിരുന്ന പ്രദേശങ്ങളിലേക്ക് ഒരു യാത്ര

ലിസ് സ്ലൈ

യുദ്ധവും രാഷ്ട്രീയവും സൃഷ്ടിച്ച സങ്കീര്‍ണമായ കാരണങ്ങള്‍കൊണ്ട് സിറിയയിലെ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള ഏക യാത്രോപാധി ഇറാഖില്‍ നിന്നുള്ള യാത്രക്കാരെ ടൈഗ്രിസ് നദിയിലൂടെ കടത്തുന്ന തുരുമ്പിച്ച ഒരു ബോട്ടാണ്. കഴിഞ്ഞ വര്‍ഷം ഫോട്ടോഗ്രാഫര്‍ ആലീസ് മാര്‍ടിന്‍സും ഞാനും അത്തരമൊരു ബോട്ടില്‍ കയറി ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടത്തിന്റെ മുന്നണിയിലേക്ക് യാത്ര പുറപ്പെട്ടു. ആ യാത്രയില്‍ ഞങ്ങള്‍, പുതുതായി ഉരുത്തിരിയുന്ന വടക്ക്-കിഴക്കന്‍ സിറിയയിലെ കുര്‍ദ് മേഖലയിലെ 400 മൈലോളം വരുന്ന പ്രദേശത്ത് കൂടെ കടന്നുപോയി. രാജ്യത്തിന്റെ മൂന്നിലൊന്നോളം വരുന്ന മരുപ്രദേശമാണ് ഇതിലധികവും.

സിറിയയിലെ യുദ്ധം സൃഷ്ടിച്ച കുഴപ്പങ്ങള്‍ മുതലെടുത്ത കുര്‍ദുകള്‍ ഭരണകൂടം തകര്‍ന്നപ്പോള്‍ ഒരു രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു ഭരണകൂടം സ്ഥാപിക്കുകയായിരുന്നു. യുഎസ് സൈന്യത്തിന്റെ സഹായത്തോടെ അവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ അവരുടെ മേഖലയുടെ അതിരുകള്‍ പരമ്പരാഗതമായി അറബ് മേഖലകളായിരുന്ന തെക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിപ്പിക്കുക കൂടിയാണ്. കൂര്‍ദുകള്‍ ആദ്യം ഈ പ്രദേശത്തിന്, അതിന്റെ കുര്‍ദിഷ് പേരായ റൊജാവ എന്നാണ് പേരിട്ടത്. പക്ഷേ പിന്നീട് പുതിയ ജനമേഖലയെ പ്രതിഫലിപ്പിക്കുന്ന വടക്കന്‍ സിറിയ ഫെഡറേഷന്‍ എന്നാക്കി മാറ്റി.

ഈ പുതിയ അതിര്‍ത്തികളായിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം; ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി അവര്‍ പ്രഖ്യാപിച്ച റക്ക നഗരത്തിന്റെ പുറമ്പ്രദേശങ്ങള്‍; പിന്നെ യൂഫ്രട്ടീസ് നദിക്ക് പടിഞ്ഞാറുള്ള മന്‍ബിജ് നഗരം. രണ്ടും ഒരു ദിവസത്തിലേറെ വണ്ടിയോടിച്ച് പോകാനുള്ള ദൂരമുണ്ട്. ആദ്യത്തെ കുറച്ച് മണിക്കൂറുകള്‍ ഞങ്ങള്‍ സിറിയയിലെ ശാന്തമായ പ്രദേശങ്ങളിലൂടെയാണ് പോയത്. സിറിയന്‍ സര്‍ക്കാര്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് 2012ല്‍ കൂര്‍ദുകള്‍ വലിയൊരു ഭൂഭാഗം കാര്യമായ പോരാട്ടമൊന്നും കൂടാതെ തന്നെ സ്വന്തമാക്കിയിരുന്നു. യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും ഒഴിവായ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിതം സജീവമാണ്. കടകളും അങ്ങാടികളും തുറന്നിരിക്കുന്നു, തെരുവുകളില്‍ ജനത്തിരക്ക്.

മേഖലയെ നിയന്ത്രിക്കുന്ന ജനകീയ സംരക്ഷണ വിഭാഗത്തിന്റെ (YPG) മഞ്ഞയും ചുവപ്പും കലര്‍ന്ന കോടികള്‍ എവിടേയും പാറുന്നു. മരിച്ച പോരാളികളുടെ ചിത്രങ്ങളും. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സര്‍ക്കാര്‍ കാര്യാലയങ്ങളുടെ മുകളിലും സായുധ കുര്‍ദിസ്ഥാന്‍ തൊഴിലാളി കക്ഷിയുടെ (PKK) നേതാവും സിറിയന്‍ കൂര്‍ദുകളുടെ പ്രചോദനവുമായ തുര്‍ക് കുര്‍ദ് നേതാവ് അബ്ദുള്ള ഒക്ലാന്റെ ചിത്രമുണ്ട്. ഞങ്ങള്‍ പടിഞ്ഞാറോട്ട് നീങ്ങുന്തോറും യുദ്ധത്തിന്റെ ആഘാതങ്ങള്‍ കൂടുതല്‍ പ്രകടമായി തുടങ്ങി. തകര്‍ന്ന, ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍, മരുപ്പാതയില്‍ ചെറിയ പൊട്ടുകള്‍ പോലെ കണ്ട് തുടങ്ങി. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും പേരുകളുമുള്ള ഫലകങ്ങള്‍ നിറയാന്‍ തുടങ്ങി. ഇത് ആദ്യം ഫ്രീ സിറിയന്‍ സേനയുമായും പിന്നീട് ഇസ്ലാമിക് സ്റ്റേറ്റുമായും, നിയന്ത്രണത്തിനായി കൂര്‍ദുകള്‍ രൂക്ഷമായ പോരാട്ടം നടത്തിയ സ്ഥലങ്ങളാണ്. നിരവധി പോരാളികള്‍ കൊല്ലപ്പെട്ടു.

അങ്ങനെ ഞങ്ങള്‍ അടുത്ത ഒരാഴ്ചക്കാലം ഞങ്ങളുടെ താവളമായ കൊബെയ്‌നില്‍ എത്തി. 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ചെറുത്തുനിന്നുകൊണ്ടും ആ നീക്കത്തില്‍ യു.എസിനെ കൂട്ടുകയും ചെയ്തു കൊണ്ടുമാണ് കൊംബെയ്ന്‍ അറിയപ്പെട്ടത്. ഇന്നിപ്പോള്‍ അവര്‍ പുനര്‍നിര്‍മ്മാണം നടത്തുകയാണ്. അതിന്റെ തിരക്കിലാണ് ആ സമൂഹം. സിറിയയിലും ഇറാഖിലും പല പ്രദേശങ്ങളിലും ഉള്ളിടത്തേക്കാള്‍ കൂടുതല്‍ സമയം ഇവിടെ വൈദ്യുതിയുണ്ട്. പക്ഷേ നാശത്തിന്റെ വ്യാപ്തി വളരെ വലുതാണ്. അതിന്റെ വിമ്മിഷ്ടങ്ങള്‍ അതിലേറെയും.

പലയിടത്തും കുടുംബങ്ങള്‍ തകര്‍ന്ന വീടുകളിലാണ് താമസം. മിക്ക അയല്‍പ്രദേശങ്ങളും ആളൊഴിഞ്ഞ് കിടക്കുന്നു. എങ്ങും തകര്‍ന്ന അവശിഷ്ടങ്ങള്‍. അവിടുത്തെ താമസക്കാര്‍ അഭയാര്‍ത്ഥികളുടെ നീണ്ട പ്രവാഹത്തില്‍ ചേര്‍ന്നു. തുര്‍ക്കിയിലേക്ക്, യൂറോപ്പിലേക്ക് അങ്ങനെയങ്ങനെ... സാധാരണ നില മടങ്ങിവരാന്‍ വര്‍ഷങ്ങളെടുക്കും. തെക്കോട്ട് ഒന്നര മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ റക്കാ മുന്നണി നിരകളായി. ശൂന്യമായ മരുപ്പാതകള്‍, ഇടിഞ്ഞ് തകര്‍ന്ന കെട്ടിടങ്ങളും ഗ്രാമങ്ങളും. ഒരിക്കല്‍ ധാന്യപ്പുരകളായിരുന്ന പിന്നീട് സൈനിക താവളങ്ങളായി മാറിയതായിരുന്നു ഈ കെട്ടിടങ്ങള്‍. സിറിയയുടെ റൊട്ടിപ്പുരയായിരുന്നു ഒരിക്കല്‍ ഈ പ്രദേശം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് വിളഞ്ഞിരുന്ന സ്ഥലം. തൊട്ടടുത്തുള്ള യൂഫ്രട്ടീസ് നദിയില്‍ നിന്നുള്ള ജലസേചനച്ചാലുകളുടെ ശൃംഖല. ഇപ്പോള്‍ ഇതൊരു യുദ്ധ മേഖലയാണ്. പ്രാദേശിക അറബികളുടെ സഹായത്തോടെ കുര്‍ദിഷ് പോരാളികള്‍ റക്കയെ വളയാനും ഒറ്റപ്പെടുത്താനുമുള്ള യുദ്ധം നടത്തുകയാണ്.

ഞങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, കുഴിബോംബുകള്‍ നിറഞ്ഞ ടാല്‍ സമന്‍ എന്ന നഗരത്തിന് 17 മൈല്‍ വടക്കുള്ള ആളൊഴിഞ്ഞ നഗരത്തില്‍ യുദ്ധം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സൈനിക മുന്നേറ്റം വടക്കോട്ട് നീങ്ങുമ്പോള്‍ വളയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ വിലപിടിപ്പുള്ളതെല്ലാം കയ്യില്‍പ്പിടിച്ച് ട്രക്കുകളിലും കാറുകളിലും പലായനം ചെയ്യുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യില്‍ നിന്നും മോചിപ്പിച്ച ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ തങ്ങളുടെ സാധനങ്ങള്‍ എടുക്കുന്നു. കുര്‍ദ്, അറബ് പോരാളികള്‍ അടുത്ത പോരാട്ടത്തിനായി നിലയുറപ്പിക്കുന്നു.

ഞങ്ങളുടെ യാത്രയുടെ അവസാന പാദത്തില്‍ യൂഫ്രട്ടീസിന് കുറുകെ കൂടുതല്‍ പടിഞ്ഞാറോട്ട് മന്‍ബിജ് നഗരത്തിലേക്കാണ് നീങ്ങിയത്. കഴിഞ്ഞ വേനലില്‍ രണ്ടു മാസം നീണ്ട, കടുത്ത പോരാട്ടത്തിലാണ് കൂര്‍ദുകളും അവരുടെ അറബ് സഖ്യവും ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും നഗരം പിടിച്ചെടുത്തത്. ആ നീക്കത്തില്‍ നഗരം ഏറെ തകര്‍ന്നു. എന്നാല്‍ കൊബെയ്ന്‍ പോലെ ഭീകരമല്ല സ്ഥിതി. പക്ഷേ വൃത്തിയാക്കാനോ, പുനര്‍നിര്‍മ്മിയ്ക്കാനോ വലിയ ശ്രമങ്ങളൊന്നും കണ്ടില്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുപ്പും വെളുപ്പുമായ ചിഹങ്ങള്‍ ഇപ്പൊഴും കെട്ടിടങ്ങളിലും കാര്യാലയങ്ങളിലും ഉദ്യാനങ്ങളിലും ബാക്കി നില്ക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു കേന്ദ്രമായിരുന്ന, യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഒരു നാലുനിലക്കെട്ടിടം അവിടെയുണ്ടായിരുന്നു.

ഒരു വീട് തകര്‍ന്ന് അതില്‍ അഭയം തേടിയ ഒന്‍പതു പേരും മരിച്ചു. ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്നുപോകുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോയതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് താമസക്കാര്‍ പറഞ്ഞു. 2011ന് ശേഷം നാല് തവണ നഗരത്തിന്റെ നിയന്ത്രണം കൈമറിഞ്ഞു; സര്‍ക്കാര്‍, വിമതര്‍, ഇസ്ലാമിക് സ്റ്റേറ്റ്, ഇപ്പോള്‍ യു.എസ് പിന്തുണയുള്ള കുര്‍ദിഷ് അറബ് സഖ്യം. അടുത്തത് ആരാവുമെന്ന് ആര്‍ക്കറിയാം എന്ന് പോരാട്ടത്തിന് ശേഷം പതുക്കെ സജീവമാകുന്ന തെരുവിലെ ഒരു മരുന്ന് കടക്കാരന്‍ വിസ്മയിക്കുന്നു.

യുദ്ധം അത്ര അകലെയൊന്നുമല്ല. അടുത്തുള്ള ഒരു യുദ്ധ മുന്നണിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച 30 പേരുള്ള ഒരു കുടുംബസംഘം അറിയാതെ ഒരു കുഴിബോംബ് പാടത്താണ് എത്തിപ്പെട്ടത്. അതില്‍ പകുതിയോളം പേരും ചിതറിത്തെറിച്ചു. ആശുപത്രിയിലെ അപൂര്‍വം മുറികളില്‍ ചോരയൊലിച്ചും കൈ കാലുകള്‍ വേര്‍പ്പെട്ടുമുള്ള ശരീരങ്ങള്‍ നിലവിളിച്ചു. നാലോ അഞ്ചോ ദിവസം മാത്രം പ്രായമുള്ള അയ എന്ന പെണ്‍കുട്ടിയുടെ അരയ്ക്ക് താഴെ നിറയെ വെടിച്ചില്ലുകളായിരുന്നു. അവള്‍ക്ക് രണ്ട് കാലും നഷ്ടപ്പെടും എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അടുത്തുള്ള കിടക്കയില്‍ അവളുടെ അച്ഛന്‍; ചോര കുടിച്ചൊരു പുതപ്പില്‍ ബോധമില്ലാതെ കിടക്കുന്നു. രണ്ട് ദിവസത്തിന് ശേഷം ഞങ്ങള്‍ വീണ്ടും ചെന്നപ്പോള്‍ അയാള്‍ മരിച്ചിരുന്നു.


Next Story

Related Stories