TopTop
Begin typing your search above and press return to search.

ചൈനയെ ലാക്കാക്കിയുള്ള മാര്‍ക്കറ്റിംഗ് പാളി, കൊറോണയെ പേടിച്ച് പിന്തിരിയാതെ കളംമാറ്റി ചവിട്ടാന്‍ കേരള വിനോദസഞ്ചാര മേഖല

ചൈനയെ ലാക്കാക്കിയുള്ള മാര്‍ക്കറ്റിംഗ് പാളി, കൊറോണയെ പേടിച്ച് പിന്തിരിയാതെ കളംമാറ്റി ചവിട്ടാന്‍ കേരള വിനോദസഞ്ചാര മേഖല

നൊവേല്‍ കൊറോണ വൈറസ് (കോവിഡ് 19), പിടിയിലൊതുങ്ങാതെ ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പും കടന്ന് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രോഗത്തെ ചെറുക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പ്യന്‍ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും കൊണ്ടുവന്നതോടെ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചു തുടങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ കൊറോണ വൈറസിന് ഒരു പരിധി വരെ തടയിടാന്‍ സാധിച്ചെങ്കിലും ചൈന അയല്‍ രാജ്യമാണെന്നുള്ളതുകൊണ്ട് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലകള്‍ ഉള്‍പ്പടെ പലതിലും തിരിച്ചടിയേറ്റിട്ടുണ്ട്. രണ്ട് പ്രളയവും നിപ്പയും തകര്‍ത്ത കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്ന നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്കും കൊറോണ വെല്ലുവിളിയുര്‍ത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന് തന്നെ മാതൃകപരമായ ജാഗ്രത കൊണ്ട് കൊറോണ വൈറസ് ബാധയെ ഏറെക്കുറെ പൂര്‍ണമായും അതിജീവിച്ചുവെന്ന് കേരളം കാട്ടികൊടുത്തു. ഇനി കേരളത്തിന് മുന്നിലുള്ളത് കൊറോണ കൊണ്ട് തളര്‍ച്ചയുണ്ടായ സംസ്ഥാനത്തെ പ്രധാന സാമ്പത്തിക സ്രോതസായ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയെന്നതാണ്. അതിനായി കേരള വിനോദസഞ്ചാര മേഖല പുതിയ പല പദ്ധതികളും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.

കൊറോണ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും ബാധിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് കരകയറാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. ഇപ്പോഴത്തെ പരിസ്ഥിതിയില്‍ ടൂറിസം രംഗം ശക്തിപ്പെടുത്താന്‍ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എല്ലാം വരുന്നതെയുള്ളൂവെന്ന് വ്യക്തമാക്കിയ മന്ത്രി പലകാര്യങ്ങളും കേരള ടൂറിസത്തിനായി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അഴിമുഖത്തോട് വ്യക്തമാക്കി. വിനോദസഞ്ചാരികളുടെ ആത്മവിശ്വാസം നേടുന്നതിനും കേരളം സുരക്ഷിതമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനും മാര്‍ക്കറ്റിംഗ് പ്ലാന്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. ചൈന, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുകയും സോഷ്യല്‍ മീഡിയ ഉള്‍പ്പടെ ഉപയോഗിച്ച് കേരളത്തിനെ ലക്ഷ്യസ്ഥാനമാക്കി പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരള ടൂറിസം വകുപ്പ്. ഇതിനായി ടൂറിസം വകുപ്പ് 27 കോടി രൂപയുടെ പ്രചാരണ പദ്ധതികള്‍ അന്താരാഷ്ട്രതലത്തില്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ആലപ്പുഴയില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തത് വലിയ ആശങ്കയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. എന്നാല്‍ മികച്ച ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആലപ്പുഴ ജില്ലയുള്‍പ്പടെയുള്ള സംസ്ഥാനത്തെ ജില്ലകള്‍ മാതൃക പരമായിട്ടാണ് രോഗത്തെ പ്രതിരോധിച്ചത്. രോഗ ബാധ്യത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ മറച്ചുവയ്ക്കാതെ ദേശീയ തലത്തിലും ലോകാരോഗ്യ സംഘടനയിലും വിവരം അറിയിച്ച് മാതൃകപരമായ പ്രതിരോധം നടത്തി വിജയിച്ചുകൊണ്ടരിക്കുന്ന കേരളം, ഈ വിവരങ്ങള്‍ ഉള്‍പ്പടെ വ്യക്തമാക്കിയാണ് ഇപ്പോള്‍ ടൂറിസം ക്യാമ്പയ്‌നുകള്‍ നടത്തുന്നത്. ഈ ക്യാമ്പയ്‌നുകള്‍ കേരളത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും അത് ടൂറിസം മേഖലയ്ക്ക് നേട്ടമാക്കാനാകുമെന്നുമാണ് വിനോദസഞ്ചാര മേഖലയുടെ പ്രതീക്ഷ.

ആഗോള തലത്തില്‍ നോക്കുമ്പോള്‍ അപകടകരമായ രീതിയിലാണ് കൊറോണ ബാധിക്കുന്നത്. ഇതുവരെ അമ്പതോളം രാജ്യങ്ങളില്‍ രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രോഗത്തിന്റെ ആദ്യ കേന്ദ്രമായ ചൈനയില്‍ രോഗവ്യാപനത്തിലും മരണത്തിലും കുറവ് കാണുന്നുണ്ടെങ്കിലും പശ്ചിമ-മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും, യൂറോപ്പിലേ 19 രാജ്യങ്ങളിലേക്കും, യുഎസിലേക്കും, ഓസ്‌ട്രേലിയയിലേക്കുമൊക്കെ വൈറസ് പരന്നിട്ടുണ്ട്. ഇതോടെ ഈ രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണങ്ങളുമുണ്ട്. രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കും നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ ആഗോള വ്യാപനവും മരണവും ജോണ്‍സ് ഹോപ്പ്കിന്‍സ് സര്‍വകലാശാല പുറത്തുവിടുന്ന ഗ്രാഫ് പ്രകാരം (ഡബ്ല്യൂ എച്ച് ഒ, സി ഡി സി, ഇ സി ഡി സി, എന്‍ എച്ച് സി, ഡി എക്‌സ് വൈ തുടങ്ങിയവ ആശ്രയിച്ച്) ഫെബ്രുവരി 28 വരെയുള്ള കണക്ക് കാണിക്കുന്നത് ആഗോള തലത്തില്‍ നിലവില്‍ 83,774 കൊറോണ ബാധിതരുണ്ടെന്നാണ്. അതില്‍ 78,824 പേര്‍ ചൈനയിലാണ്. മൂന്ന് പേരാണ് ഇന്ത്യയില്‍ രോഗ ബാധിതരായി രേഖപ്പെടുത്തിരിക്കുന്നത്. ആഗോള തലത്തില്‍ കൊറോണ ബാധിച്ച് 2867 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇതില്‍ 2682 പേരാണ് ചൈനയില്‍ മാത്രം മരണപ്പെട്ടത്. കണക്കില്‍ ആശ്വസിക്കാനുള്ളത് 36,654 പേര് രോഗ മോചിതരായി എന്നതാണ്. കേരളത്തിന് ഈ കണക്കുകള്‍ വ്യക്തമാക്കി രോഗബാധയില്ലാത്ത രാജ്യങ്ങളിലെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും.

സംസ്ഥാനത്തെ റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ കെ പറയുന്നത്, കേരളത്തിന്റെ വിനോദസഞ്ചാര മേഖല മികച്ച ക്യാമ്പയിനുകള്‍ കൊണ്ട് കൊറോണ രോഗ ബാധയെ അതിജീവിച്ചത് പോലെ അതിജീവിക്കുമെന്നാണ്. 'കൊറോണ സാര്‍വദേശീയ തലത്തില്‍ ടൂറിസത്തെ ബാധിച്ചിട്ടുണ്ട്. കേരളത്തിലും ആദ്യത്തെ ഒരു സമയത്ത് നമ്മുക്കൊരു പ്രശ്‌നമുണ്ടായിരുന്നു. നമ്മടെ ക്യാമ്പയ്ന്‍ ഇപ്പോള്‍ ശക്തമാക്കിയിട്ടുണ്ട്. കേരളം കോറോണ വൈറസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് എന്നുള്ളതും ഏറെക്കുറെ അത് വിജയിച്ചുവെന്നതുമൊക്കെ ഉയര്‍ത്തിയാണ് പ്രചരണം. സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നമ്മടെ ടൂറിസം ഇന്‍ഡസ്ട്രി പങ്കാളികളെ ചേര്‍ത്തതുകൊണ്ട് പ്രചരണം ശക്തമായി കൊണ്ടുപോകുന്നുണ്ട്. തദ്ദേശീയരായ സഞ്ചാരികളില്‍ കുറവുണ്ടായതായി അനുഭവത്തില്‍ ഇല്ല.. കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ചില അന്വേഷണങ്ങള്‍ സഞ്ചാരികളുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. അത് തദ്ദേശിയരില്‍ നിന്നും വിദേശിയരില്‍ നിന്നുമുണ്ടായി. രോഗബാധയെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടോ എന്നതായിരുന്നു അന്വേഷണങ്ങളെല്ലാം.. അതെല്ലാം ഇപ്പോള്‍ മറികടന്നിട്ടുണ്ട്. കോറോണ വൈറസ് ഉള്ള കാര്യം ആദ്യം തുറന്ന് പറഞ്ഞവരുടെ കൂട്ടത്തില്‍ നമ്മളുമുണ്ടല്ലോ.. അതിന്‌ശേഷം അതിനെ മറികടക്കുകയും ചെയ്തു. അത് ഒക്കെ വച്ചുള്ള ക്യമ്പയ്ന്‍ നല്ലരീതിയില്‍ കൊടുത്തിട്ടുമുണ്ട്. ആഗോള തലത്തിലും ക്യാന്‍സലേഷന്‍ അത്ര കാര്യമായി നമ്മളെ ബാധിച്ചിട്ടില്ല.. ആദ്യത്തെ ഒരുമാസം പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുവെന്നല്ലാതെ, പിന്നെ വല്യ പ്രശ്‌നങ്ങളൊന്നും ആയിട്ടില്ല. യഥാര്‍ത്ഥത്തില്‍ നമ്മളതിനെ (കൊറോണ) മറികടന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ തീരെയില്ല എന്നല്ല. ചൈനീസ് സഞ്ചാരികളെ ലക്ഷ്യമാക്കി പ്രത്യേക മാര്‍ക്കറ്റിഗ് നടത്തിവരുകയായിരുന്നു നമ്മള്‍. ഈ വര്‍ഷം ചൈനയിന്‍ നിന്ന് വലിതോതിലുള്ള സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് അതിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു.. പക്ഷെ കൊറോണ ചൈനയില്‍ നിന്നുള്ള സഞ്ചാരികളെ നന്നായി ബാധിച്ചു. ചൈന മാത്രമല്ല ഒരു നാലഞ്ച് രാജ്യക്കാര്‍ക്ക് നിയന്ത്രണവും പരിശോധനയും വച്ചിട്ടാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് പൊതുവില്‍ നിന്നിട്ടുണ്ട്. പക്ഷെ ഈ പ്രശ്‌നങ്ങളും നമ്മള്‍ മറികടക്കും.'

മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്കും കേരളത്തിലേക്കുമുള്ള ചൈനീസ് സഞ്ചാരികളുടെ താല്‍പര്യം കണ്ടാണ് ചൈനയുമായി ചേര്‍ന്ന് അവിടെ സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക പ്രചരണ പദ്ധതികള്‍ നടത്തിയിരുന്നത്. ചൈനയുമായി ടൂറിസം മേഖലയിലെ പങ്കാളിയാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു കേരളം. രണ്ട് ലക്ഷം ചൈനീസ് സഞ്ചാരികളാണ് പ്രതിവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുന്നത്. അതില്‍ 9000 ഓളം സഞ്ചാരികള്‍ കേളത്തിലുമെത്തുന്നുണ്ടാന്നാണ് കണക്ക്. ഇതിനെക്കാളും കേരള ടൂറിസം വകുപ്പിനെ ആകര്‍ഷിക്കുന്നത് മറ്റൊരു കണക്കാണ്. പ്രതിവര്‍ഷം 150 മില്ല്യണ്‍ ചൈനീസ് സഞ്ചാരികളാണ് ലോകത്തിലെ വിവിധ വിനോദസഞ്ചാരയിടങ്ങള്‍ തേടി പോകുന്നതെന്നാണ് ആ കണക്ക്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ചൈനയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം. മാത്രമല്ല, ചൈനീസ് സഞ്ചാരികള്‍ ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പന്തിയിലാണ്. അത്ര ബൃഹത്തായ ചൈനീസ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയെന്നതായിരുന്നു ടൂറിസം വകുപ്പിന്റെ ലക്ഷ്യം. പക്ഷെ പദ്ധതിയുടെ ആദ്യ വര്‍ഷം തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ചൈനീസ് സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള കേരള ടൂറിസം വകുപ്പിന്റെ പദ്ധതിക്ക് കോട്ടം തട്ടിയെങ്കിലും പദ്ധതി ഉപേക്ഷിക്കാന്‍ സാധ്യതയില്ല. എന്നാല്‍ പദ്ധതിയിലെ പ്രചരണമുള്‍പ്പടെയുള്ള പല കാര്യങ്ങളും ചിലപ്പോള്‍ മരവിപ്പിച്ചേക്കുമെങ്കിലും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി പ്രചരണ പദ്ധതികള്‍ മുമ്പോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യം വെക്കുന്നത്. .

നൊവേല്‍ കൊറോണ വൈറസ് (കോവിഡ് 19)

അറുപത് വര്‍ഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് നൊവേല്‍ കൊറോണ വൈറസ്. വൈറസ് ബാധിച്ചവരില്‍ സാധാരണ പനിയുടെ രൂപത്തില്‍ ആദ്യകാലത്ത് കണ്ടുതുടങ്ങിയത്. പിന്നീട് അത് കടുത്ത ശ്വാസകോശ അണുബാധയായി വ്യാപകമായി കണ്ടുതുടങ്ങി. പുതിയ കൊറോണ ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. 2019 ഡിസംബര്‍ 31നാണ് ചൈന ഔദ്യോഗികമായി രോഗവിവരം സ്ഥിരീകരിച്ചത്. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകളോ (ആന്റി വൈറസ് മെഡിസിനുകള്‍), രോഗാണുബാധയ്ക്ക് എതിരായ വാക്‌സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് വൈറസ് ബാധയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ 14 ദിവസനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പുതിയ കൊറോണ വൈറസ് ബാധിച്ചവരില്‍ സാധാരണ ജലദോഷപ്പനി മുതല്‍ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

'നൊവേല്‍ കൊറോണ വൈറസ്' ബാധയ്ക്ക് 'കൊവിഡ് 19' (COVID 19) എന്ന പേരിത് ലോക ആരോഗ്യ സംഘടനയാണ് 'കൊറോണ വൈറസ് ഡിസീസ്' എന്നതിന്റ ചുരുക്കപ്പേരാണ് 'കൊവിഡ് 19'. പല രാജ്യങ്ങളിലും പല പേരുകളില്‍ വൈറസ് അറിയപ്പെടുന്നതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് കോവിഡ്-19 എന്ന പൊതുനാമം നല്‍കിയത്.

ചൈനയില്‍ നിന്ന് ലോകത്താകെ പടര്‍ന്ന കൊറോണ വൈറസ് 83,000ത്തിലധികം പേരെ ബാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട്. 2800 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെക്‌സിക്കോ, നൈജീരിയ, ന്യൂസിലാന്‍ഡ്, ലിത്വാനിയ, ബെലാറസ്, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ രാജ്യങ്ങളിലെ വൈറസ് ബാധിതരെല്ലാം ഇറ്റലിയുമായോ ഇറാനുമായോ ബന്ധപ്പെട്ടിരിക്കുന്നു.

കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ടാമത്തെ ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോ. ബ്രസീലിലാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. ദക്ഷിണകൊറിയയില്‍ പുതിയ 594 കേസുകള്‍ കൂടി വന്നതോടെ രാജ്യത്തെ ആകെ കൊറോണബാധിതരുടെ എണ്ണം 2931 ആയി ഉയര്‍ന്നു. ചൈനയിൽ 2791 പേരാണ് ഇതുവരെ മരിച്ചത്. 78,961 പേർക്കാണ് ചൈനയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് -19 അതിന്‍റെ ഏറ്റവും നിർണായക ഘട്ടത്തിലെത്തിയെന്നും, ഒരു മഹാമാരിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് ഗെബ്രിയേസസ് പരയുന്നു. വൈറസിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനം, അത് ഉണ്ടാക്കുന്ന രോഗത്തിന്റെ തീവ്രത, അത് സമൂഹത്തിൽ മുഴുവൻ ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ചുള്ള നിരന്തരമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് കൊറോണയെ മഹാമാരിയെന്ന് വിശേഷിപ്പിക്കണമോ എന്ന് തീരുമാനിക്കുക.


Next Story

Related Stories