TopTop
Begin typing your search above and press return to search.

നഗ്‌നപാദയായി മുംബൈ മഹാനഗരിയില്‍ / ഇന്ദിരയുടെ തീവണ്ടി കഥകള്‍

നഗ്‌നപാദയായി മുംബൈ മഹാനഗരിയില്‍ / ഇന്ദിരയുടെ തീവണ്ടി കഥകള്‍

തീവണ്ടി കഥകള്‍ എന്ന പേരില്‍ ഇന്ദിര ഒരു പുതിയ പരമ്പര തുടങ്ങുകയാണ്. അടുക്കും ചിട്ടയും ഈ പരമ്പരയില്‍ പ്രതീക്ഷിക്കരുത്. ഇന്ദിരയെപ്പോലെ ലക്കും ലഗാനുമില്ലാതെയായിരിക്കും ഇതിന്റെ യാത്ര. തീവണ്ടി യാത്രകളിലുണ്ടായ അനുഭവങ്ങള്‍ അത് തീവണ്ടിക്കകത്താകാം പുറത്താകാം ചിലപ്പോള്‍ തീവണ്ടിയുമായി നേരിയ ബന്ധമാത്രമാകാം അതാണ് ഈ കഥകള്‍. അതുമാത്രമല്ലാ ചിലപ്പോള്‍ മനസ്സിനുള്ളിലുള്ളതും പുറത്തുമുള്ളതുമായ കാര്യങ്ങളും ഉണ്ടാവാം. ചിലപ്പോള്‍ ഈ കഥകളില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ കാണുക ഇന്ദിരയുടെ വ്യക്തിപരമായ രീതിയിലുള്ള കാഴ്ചപ്പാടുകളായിരിക്കും.

നഗ്‌നപാദയായി മുംബൈ മഹാനഗരിയില്‍ (ഭാഗം-1)

(Date-14/05/2015,Time- 04.05AM, ദാദര്‍ റെയില്‍വെ സ്‌റ്റേഷന്‍)

മുംബൈ മഹാനഗരിയില്‍ ആദ്യമായി കാലുക്കുത്തിയത് നഗ്‌നപാദയായിട്ടായിരുന്നു. യാത്രയില്‍ പാദുകത്തിന്റെ ഇണ നഷ്ടപ്പെട്ടത്തിനാല്‍ കാലില്‍ ഉണ്ടായിരുന്നവനെയും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. യാത്രകളുടെ ഉന്മാദത്തില്‍ നഷ്ടപ്പെടുന്നതെന്തെന്ന് ചിലപ്പോള്‍ ശ്രദ്ധിക്കാറില്ലാ, അത് കാലില്‍ കിടക്കുന്ന ചെരുപ്പായാലും തലയിലുള്ള കിരീടമായാലും.. ഭിക്ഷ കൊടുക്കാത്തത്തിന്റെ ദേഷ്യത്തില്‍ ഏതോ ഭിക്ഷക്കാരന്‍ തട്ടിതെറിപ്പിച്ചതാകാം പാദുകങ്ങളില്‍ ഒന്നിനെ എന്ന നിഗമനത്തിലാണ് സഹയാത്രികര്‍. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്, ഈ തീരെ ചെറിയ നഷ്ടത്തില്‍ തീവ്രദു:ഖം അനുഭവിച്ചവരും പ്രത്യേകിച്ച് അവര്‍ക്ക് ഒരു ഗുണവുമുണ്ടാക്കാത്ത ആ ചെരുപ്പ് അന്വേഷിച്ച് നടന്നതും അവരായിരുന്നു.

ഒരോ യാത്രകള്‍ക്കിടയിലും പരിചയപ്പെടുന്നവര്‍ ഇതുവരെയും ഇങ്ങനെയുള്ളവര്‍ തന്നെയായിരുന്നു. ഭക്ഷണം പങ്കുവച്ചും (തികച്ചും അപരിചിതരോട് തന്നെ..) അനുഭവങ്ങള്‍ പങ്കുവച്ചുമുള്ള യാത്രകള്‍, ലഹരി പിടിപ്പിക്കുന്ന യാത്രകള്‍. യാത്രക്കു മുമ്പും പിമ്പും ചിലപ്പോള്‍ യാത്രക്കളിലും ഈ സഹയാത്രിക്കര്‍ തികഞ്ഞ സ്വാര്‍ത്ഥരും മറ്റു പലതുമായിരിക്കും. പക്ഷെ അനുഭവത്തില്‍ (ഇപ്പോള്‍) അവര്‍ നിഷ്‌കളങ്കരും നന്മയുള്ളവരുമായിട്ടാണ് അറിഞ്ഞത്.

യാത്രകളില്‍ യാത്രികന്‍ ഇല്ലാത്തായി യാത്ര മാത്രമാവുമ്പോള്‍ ഉന്മാദികള്‍ക്ക് മാത്രം ലഭിക്കുന്ന ആനന്ദം കിട്ടുന്നു. പക്ഷെ ഈ യാത്രയിലും യാത്രികന്‍ മാത്രമാവുന്നു, യാത്രയില്‍ കലരുന്നില്ലാ ലയിക്കുന്നില്ലാ. ഒരോ യാത്രയും അതില്‍ കലരാന്‍ വേണ്ടിയാണ്. ഒരോ യാത്രയിലും പല മുഖങ്ങളുള്ള ഒരേ മുഖങ്ങള്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരുപ്പോലെ സാമ്യം മറ്റുചിലപ്പോള്‍ തികച്ചും വ്യത്യസ്തം. ഇത് മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ലാ, സംസ്‌ക്കാരങ്ങളുടെയും നാടുകളുടെയും കാര്യത്തില്‍ അനുഭവപ്പെട്ടത്താണ്.

അറിയാത്ത നാട്, അറിയാത്ത ഭാഷ, അറിയാത്ത മനുഷ്യര്‍, തികച്ചും മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് അവ്യക്തത, എങ്ങനെയാണ് ബാക്കിയുള്ള കാര്യങ്ങള്‍ ഇങ്ങനെ തുടങ്ങി നൂറ് നൂറ് ഉത്കണ്ഠകളും ചില കുഞ്ഞുപേടികളും... ആ മാനസികാവസ്ഥ അത് പറഞ്ഞറിയിക്കാന്‍ കഴിയില്ലാ. അത് പിന്നെയും പിന്നെയും അനുഭവിക്കാന്‍ വേണ്ടികൂടിയാണ് ഈ യാത്രകള്‍..

പറഞ്ഞ് പറഞ്ഞ് കാടുകയറി. അപ്പോള്‍ പറഞ്ഞുവന്നത് നഗ്നപാദയായി മുംബൈ നഗരം കണ്ട കഥയാണ്. അനിയത്തിയ്ക്ക് ബോംബെ ഐഐടിയില്‍ ഇന്റര്‍വ്യൂ. അതിന് ആ ചങ്ങായിക്ക് കൂട്ടുവന്നതാണ്. മുംബൈയിലേക്കുള്ള മലയാളികളുടെ സ്ഥിരം തീവണ്ടി ജയന്തി ജനതയില്‍ തന്നെയാണ് വരവ്. രണ്ടു പകലും രണ്ടു രാത്രിയും തീവണ്ടിയില്‍ ഉണ്ടിരുന്നു കിടന്നായിരുന്നു യാത്ര. ചെങ്ങന്നൂരില്‍ നിന്നാണ് കയറിയത്. അവിടം തൊട്ട് ഛത്രപതി ശിവജി ടെര്‍മിനല്‍ വരെയുള്ള യാത്രയും ജീവിതത്തിന്റെ മനോഹരമായ ഏടായി മാറി.

അനിയത്തിയുടെ കൂട്ടുകാരികളുടെ കാര്‍ന്നോരുന്മാര്‍ ഭക്ഷണം കൊണ്ടുവന്നിരുന്നു. കൂടാതെ തൊട്ടടുത്ത് ഇരുന്ന ഒരു പയ്യനും രണ്ടുമൂന്ന് ഏതോ കുടംബക്കാരും ഭക്ഷണം പങ്കുവച്ചത്‌കൊണ്ട് ഭക്ഷണത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. പരസ്പരം പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് സമയം പൊയത് അറിഞ്ഞതെയില്ലായിരുന്നു. രാത്രിയില്‍ പാലക്കാട് നിന്ന് കാട്പാഡി റൂട്ടില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ പതിവുപ്പോലെ (ചെന്നൈ ജീവിതത്തതിലെ ട്രെയിന്‍ യാത്രയില്‍ പതിവുള്ളതുപോലെ) ഉറങ്ങാതെ പശ്ചിമഘട്ടത്തിലെ മലനിരകളുടെ ഭാഗങ്ങള്‍ കണ്ടിരുന്നു.

എപ്പോഴോ മയക്കത്തിനിടയില്‍ കാട്പാഡിയും, റെനിഗുണ്ഡയും ബോര്‍ഡ് കണ്ടിരുന്നു. ഗൂട്ടിയെത്തിയപ്പോള്‍ ഏഴുന്നേറ്റു. ഒന്ന് ഫ്രഷായി എത്തിയിട്ട് വീണ്ടും കഥകളും കാര്യങ്ങളുമായി പുരോഗമിച്ചപ്പോഴാണ് ചെരിപ്പുകളില്‍ ഒന്ന് നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. കുറച്ച് നേരം അന്വേഷിച്ചിട്ടും സംഭവം കിട്ടാത്തതുകൊണ്ട് നമ്മടെ സ്ഥിരം സ്വഭാവം എടുത്തു പോന്നാല്‍ പോകട്ടും പോടാ.. പക്ഷെ കൂടെയുണ്ടായിരുന്നവര്‍ വിടാന്‍ തയ്യാറായിരുന്നില്ല. സ്ഥിരം യാത്രികനായ ഒരു ചങ്ങാതി പറഞ്ഞു, പുറത്തുനിന്ന് കയറുന്ന ഭിക്ഷക്കാര്‍ പൈസകൊടുത്തില്ലെങ്കില്‍ ദേഷ്യത്തിന് ചെരുപ്പ് തട്ടി കളയുമെന്ന്..

ഏതായാലും ചെരുപ്പ് പോയി. അവരാണെങ്കില്‍ ഇതും പറഞ്ഞ് ചെരുപ്പ് തപ്പലോട് തപ്പല്‍. വെറെ ചിലര്‍ യാഡിഗിറിലും, വാഡിയിലും ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമുകളിലെ കടയില്‍ ചെരുപ്പ് വാങ്ങാന്‍ കിട്ടുമോ എന്നായി അന്വേഷണം. മറ്റു ചിലര്‍ കല്‍ബുര്‍ഗ്ഗിയില്‍ സുഹൃത്തുക്കളുണ്ട് സൈസ് പറഞ്ഞാല്‍ പുതിയ ചെരുപ്പ് വാങ്ങികൊണ്ടു തരുമെന്ന്. ദുംചഖിതരും സര്‍വ്വോപരി നല്ലവരുമായ ആ സഹയാത്രികരെ ആശ്വസിപ്പിച്ച് പണ്ട് നമ്മള് ചെരിപ്പില്ലാത്തെ തെണ്ടിനടന്ന കഥകള്‍ ഒക്കെ പറഞ്ഞ് അടക്കിയിരുത്തി. വിഷമം മാറാന്‍ പിന്നെ കൊണ്ടുവന്ന പലഹാരങ്ങള്‍ വാശിയോടെ എല്ലാവരും തട്ടികയറ്റിതുടങ്ങി.

അപ്പോഴാണ് അടുത്തപണി കിട്ടുന്നത്. ഏതോ എരണംകെട്ട നേരത്താണ് യാത്ര തുടങ്ങിയതെന്ന് ചിന്തിച്ചുപോയി.. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഇതെല്ലാം ഓരോ അനുഭവമല്ലേ എന്ന് ഗഗ്ദമായി ചങ്കില്‍ തട്ടുമ്പോള്‍ മുഖത്ത് ചിരിവരും.. എന്താണ് പണിയന്നല്ലേ.. പറയാം ഭായ് ഒന്ന് വെയിറ്റ് ചെയ്യന്നേ..!

തുടരും...


Next Story

Related Stories