TopTop

ഡ്യൂട്ടി, കരുതല്‍, പിന്നെ ക്വാറന്‍റൈന്‍; കൊറോണ കാലത്ത് നേപ്പാള്‍ അതിര്‍ത്തിയിലേക്ക്, ഒരു അധ്യാപികയുടെ യാത്രാ കുറിപ്പ്

ഡ്യൂട്ടി, കരുതല്‍, പിന്നെ ക്വാറന്‍റൈന്‍; കൊറോണ കാലത്ത് നേപ്പാള്‍ അതിര്‍ത്തിയിലേക്ക്, ഒരു അധ്യാപികയുടെ  യാത്രാ കുറിപ്പ്

ഒരു റസിഡൻഷ്യൽ സ്കൂളിന്റെ ചട്ടക്കൂടിനകത്ത് പ്രവർത്തിക്കുന്ന നവോദയ വിദ്യാലയത്തിലെ അധ്യാപകർ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്നവരാണ് എന്ന് പറയുന്നതിൽ ഒരു അതിശയോക്തിയും ഇല്ല. കുട്ടികൾ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുമ്പോൾ സ്ഥിരമായ വാർഡൻ, മേട്രൺ പോസ്റ്റുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ആ ഡ്യൂട്ടിയും ഇവിടെ അധ്യാപകരിൽ തന്നെ നിക്ഷിപ്തമാണ്. വർഷം തോറുമുള്ള സ്പോര്‍ട്ട്സ് എസ്കോര്‍ട്ട് ഡ്യൂട്ടി, വിവിധ പരീക്ഷകൾക്ക് കുട്ടികളെ എസ്കോര്‍ട്ട് ചെയ്യുക, മൈഗ്രേഷൻ എസ്കോർട്ട് ഡ്യൂട്ടികൾ, ഹൌസ് മാസ്റ്റര്‍, മിസ്ട്രെസ്സ് ഡ്യൂട്ടി, ഇതെല്ലാം തന്നെ മറ്റ് അധ്യാപക സമൂഹത്തിൽ നിന്നും നവോദയ അധ്യാപകരെ വേർതിരിക്കുന്ന ഘടകങ്ങളാണ്. മാനവവിഭവശേഷി വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന, പെൻഷൻ ആനുകൂല്യം പോലുമില്ലാത്ത ഈ അധ്യാപക സമൂഹം ഈ ജോലികളെല്ലാം തന്നെ വളരെ ആത്മാർത്ഥതയോടും സന്തോഷത്തോടും കൂടി തന്നെ ചെയ്ത് വരുന്നുണ്ട്.

നവോദയ വിദ്യാലയത്തിന്റെ ആണിക്കല്ലായ മൈഗ്രേഷൻ പോളിസിയുടെ ഭാഗമായ എസ്കോർട്ട് ഡ്യൂട്ടി ഇതിൽ വളരെ നിർണ്ണായകമാണ്. ഹിന്ദി പ്രദേശത്ത് നിന്നും അഹിന്ദി പ്രദേശത്തേക്ക് കുട്ടികളുടെ സ്ഥാനാന്തരണം മൂലം രണ്ട് സംസ്ഥാനങ്ങളിലേയും ഭാഷയുടേയും സംസ്കാരത്തിന്റെ പ്രചാരവും ദേശീയോദ്ഗ്രഥനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് പ്രകാരം ഒൻപതാം തരത്തിലെ മൊത്തം കുട്ടികളുടെ 30 % കുട്ടികളുടെ താൽപ്പര്യ പ്രകാരമോ അല്ലെങ്കിൽ നറുക്കെടുപ്പിലൂടെയോ അന്യ സംസ്ഥാനത്ത് ഒരു വർഷം പഠിക്കാൻ അയക്കുന്നു. ഈ കുട്ടികളെ കൊണ്ട് വിടാനുള്ള ചുമതല അതാത് സ്കൂളിലെ അധ്യാപകർക്കായിരിക്കും. ഒരു അധ്യയന വർഷം നാല് തവണ വിദ്യാലയത്തിലെ ഒരധ്യാപകനും , അധ്യാപികയും ഇങ്ങനെ എസ്കോർട്ട് ഡ്യൂട്ടി ചെയ്യേണ്ടതായി വരും. നവോദയയിലെ അധ്യാപകരുടെ എണ്ണം വെറും 25 ആണെന്നിരിക്കെ ഡ്യൂട്ടി വർഷത്തിൽ ഒരു തവണ എന്ന രീതിയിൽ ചെയ്യേണ്ടി വരുന്നവരുമുണ്ട്, പ്രത്യേകിച്ച് സ്ഥിര അദ്ധ്യാപകര്‍ കുറവാണെങ്കിൽ.

കോഴിക്കോട് നവോദയയുടെ ലിങ്ക് സ്കൂള്‍ ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിലെ നവോദയ വിദ്യാലയമാണ്. നേപ്പാൾ അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരാൻ 48 മണിക്കൂറിലധികം ട്രെയിനിൽ യാത്ര ചെയ്യണം. ഇത്തവണ മധ്യവേനലവധിക്ക് സ്കൂൾ അടക്കുമ്പോൾ കുട്ടികളെ എസ്കോർട്ട് ചെയ്യേണ്ട ഡ്യൂട്ടി എനിക്കായിരുന്നു. മാർച്ച് 31ന് ആണ് സ്കൂൾ അടക്കുന്നതെങ്കിലും 26ന് കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് 27 ന് പുറപ്പെടുന്ന രീതിയിൽ ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തു. അതിനിടയിലാണ് കോവിഡ് 19 ഒരു ഭീഷണിയായി അവതരിച്ചത്. പ്രതിദിനം വർദ്ധിച്ച് വരുന്ന കേസുകളും, പത്ര വാർത്തകളും, ഇന്ത്യ ഒട്ടാകെ കോവിഡ് പരക്കുന്നതായുള്ള അറിവുകളും എന്നിൽ വല്ലാത്ത ആശങ്കയുണർത്തി. ഈ യാത്ര തൽക്കാലം മാറ്റിവെക്കുന്നതായിരിക്കും ഉചിതം എന്ന തോന്നലിൽ അധികാരികളോട് ഒത്തിരി അപേക്ഷിക്കുകയും എഴുത്തിടപാടുകള്‍ നടത്തുകയും ചെയ്തു. എല്ലാം നിഷ്ഫലമായ സാഹചര്യത്തിൽ യാത്ര തുടരുക എന്നത് മാത്രമേ മുന്നിൽ പോംവഴി ഉണ്ടായിരുന്നുള്ളു. പക്ഷേ പരീക്ഷകളെല്ലാം നിർത്തി വച്ച് സ്കൂൾ പെട്ടെന്ന് അടച്ചതോടെ മാർച്ച് 27നുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്ത് അത് മാർച്ച് 19 ന് മുന്നോട്ടാക്കാനുള്ള സുമനസ്സ് സ്കൂൾ അധികൃതരും കാണിച്ചു. കമ്യൂണിറ്റി സ്പ്രെഡ് തുടങ്ങുന്നതിന് മുൻപ് തന്നെ യാത്ര നടത്തണം എന്ന പ്രിന്‍സിപ്പലിന്റെ നിലപാട് ഒരു തരത്തിൽ നല്ലതായി എനിക്കും തോന്നി. മാത്രമല്ല സ്കൂൾ അടച്ച് എല്ലാ കുട്ടികളും പോകുമ്പോൾ ആ 24 കുട്ടികളുടെയും അവരെ പ്രതീക്ഷിച്ച് ദൂരെ ദിക്കിൽ കഴിയുന്ന അവരുടെ മാതാപിതാക്കളുടെ മാനസികാവസ്ഥയും ഓർത്തപ്പോൾ ഏത് റിസ്കും സഹിച്ച് കൊണ്ടുവിടാം എന്ന നിലപാടിൽ ഞാനും എത്തിച്ചേർന്നു.

അങ്ങിനെ ആവശ്യമുള്ള എല്ലാ മുൻകരുതലോടും കൂടി ഞങ്ങൾ യാത്ര തുടങ്ങി. മാസ്ക്, സാനിറ്റൈസര്‍ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഇതെല്ലാം സ്കൂൾ അധികൃതർ തന്ന് വിട്ടിട്ടുണ്ടായിരുന്നു. മാർച്ച് 19ന് വൈകുന്നേരം 5 മണിക്ക് വടകര റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു ട്രെയിന്‍. അഞ്ചു ജീപ്പുകളിൽ 24 കുട്ടികളും അവരുടെ ലഗേജും ആയി ഞങ്ങൾ രണ്ട് അധ്യാപകരും റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഞങ്ങൾക്ക് സഹായത്തിനായി സ്കൂളിൽ നിന്ന് മൂന്നു സ്റ്റാഫ് കൂടി വന്നിരുന്നു. ഒരു വർഷത്തേക്കുള്ള കുട്ടികളുടെ ലഗേജ് രണ്ട് മിനുട്ടിനുള്ളിൽ ട്രെയിനില്‍ കയറ്റാൻ അവരുടെ കൂടെ സഹായം ആവശ്യമായിരുന്നു. 6.15 ന് ട്രെയിന്‍ എത്തി. B1 ൽ ഞാനും എട്ട് പെണ്‍കുട്ടികളും, B4 ൽ കൂടെയുള്ള അധ്യാപകനും 16 ആണ്‍കുട്ടികളും എന്ന രീതിയിലായിരുന്നു റിസര്‍വേഷന്‍ ലഭിച്ചത്. പെണ്‍കുട്ടികളുടെ ചുമതല ലേഡി ടീച്ചര്‍ക്ക് ആണെന്നിരിക്കെ എട്ട് പേര്‍ക്കും ഒരേ കമ്പാര്‍ട്ട്മെന്‍റ് ലഭിച്ചത് വളരെ ആശ്വാസകരമായിരുന്നു. സ്റ്റേഷനില്‍ എത്തിയ ഉടനെ എല്ലാ വിദ്യാർത്ഥികളേയും ഞങ്ങൾ മാസ്ക് ധരിപ്പിച്ചു. ലഗേജ് എല്ലാം കയറ്റി ഞങ്ങൾ കയറിയപ്പോഴേക്കും ട്രെയിന്‍ വിട്ടു കഴിഞ്ഞിരുന്നു.

ആ തിരക്കിനിടയിൽ എന്നെ യാത്ര അയക്കാൻ സ്റ്റേഷനില്‍ ഓടിയെത്തിയ ഭർത്താവിനെ ഒന്ന് തിരിഞ്ഞ് നോക്കാൻ പറ്റിയില്ല. തിരിച്ച് വന്നാൽ ക്വാരന്‍റൈനില്‍ ഇരിക്കേണ്ടി വരും എന്ന ധാരണ ഉണ്ടായിരുന്നതുകൊണ്ട് രണ്ട് മക്കളേയും എന്റെ അച്ഛനമ്മമാരുടെ അടുക്കലാക്കി എത്തിയതായിരുന്നു അദ്ദേഹം. അത് മനസ്സിന് ഒരു നീറ്റലുണ്ടാക്കിയെങ്കിലും പെട്ടെന്ന് ഞാൻ എന്റെ ഡ്യൂട്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു കമ്പാര്‍ട്ട്മെന്റില്‍ ആയിരുന്നെങ്കിലും പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന സീറ്റുകൾ. സഹയാത്രികരോട് കെഞ്ചിയപേക്ഷിച്ച് എല്ലാം അടുത്തടുത്തായി കിട്ടിയപ്പോഴേക്കും ട്രെയിന്‍ പയ്യന്നൂർ കഴിഞ്ഞിരുന്നു. വലിയ ട്രോളി ബാഗുകള്‍ അടക്കമുള്ള ലഗേജും ഭക്ഷണ പാത്രങ്ങളും എല്ലാം ഒതുക്കി വെക്കാൻ തന്നെ സമയം ഒത്തിരി എടുത്തു. അവസാനം എല്ലാം കഴിയുമ്പോഴേക്കും ഭക്ഷണം കഴിക്കാനുള്ള സമയമായി. കുട്ടികളെല്ലാം ഹാന്‍ഡ് വാഷ് ഉപയോഗിച്ച് നന്നായി കൈ കഴുകി ഭക്ഷണം കഴിക്കാൻ തുടങ്ങി. കോവിഡ് ഭീഷണി കാരണം കൈ കഴുകാനുള്ള രീതി ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ടായിരുന്നു. മാത്രമല്ല യാത്രയിലുടനീളം ജാഗ്രത കാണിക്കാനും, അപരിചിതരോട് സംസാരിക്കാതിരിക്കാനും ട്രെയിനില്‍ അകത്ത് വച്ച് ഒന്നും വാങ്ങിക്കരുത് തുടങ്ങിയ എല്ലാ തരത്തിലുള്ള നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകിയിട്ടുണ്ടായിരുന്നു. കുട്ടികൾ എല്ലാ നിർദ്ദേശങ്ങളും അതിന്റെ ഗൗരവത്തിൽ പാലിക്കുകയും ചെയ്തു. രാജ്യമുടനീളം കൊറോണ വ്യാപിച്ചത് കൊണ്ട് തന്നെ ട്രെയിനില്‍ൽ ഉള്ള സഹയാത്രികരെ കുറിച്ച് മനസ്സിൽ ഉത്കണ്ഠ ഉണ്ടായിരുന്നു.

ഞങ്ങളുടെ കോച്ചിൽ തന്നെ കോട്ടയം നവോദയയിലെ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. അവരെ കണ്ടതും ടെന്‍ഷന്‍ ഇത്തിരി അയഞ്ഞതായ് തോന്നി. തുല്യ ദു:ഖിതർ, ഞങ്ങളുടെ അതേ നിസ്സഹായാവസ്ഥ. ഇത് ഞങ്ങളുടേത് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എല്ലാ നവോദയ സ്കൂളുകളും അഭിമുഖീകരിക്കുന്ന പ്രശ്നം ആണെന്നത് ചിന്തനീയം തന്നെ ആയിരുന്നു. കാരണം ഈ സാഹചര്യത്തിൽ ഇത്രയും കുട്ടികളുടെ ട്രെയിനില്‍ കൂടെ ഉള്ള പോക്കുവരവ് അതിസാഹസികം തന്നെ ആയിരുന്നു.

10 മണി ആകുമ്പോഴേക്കും കുട്ടികളോട് ടോയിലെറ്റിൽ പോയി വന്ന് കിടക്കാൻ പറഞ്ഞു. എല്ലാവരും വന്ന് കിടക്കുന്നത് വരെ വാതിലിന്റെ അടുത്ത് കാവൽ നിന്നു. കാരണം അവരുടെ സുരക്ഷ പൂർണ്ണമായും എന്റെ ഉത്തരവാദിത്തമായിരുന്നു. അപ്പോഴൊക്കെ ചുറ്റുവട്ടത്ത് വ്യാപിച്ച് കൊണ്ടിരിക്കുന്ന വൈറസ് ഭീകരനെ കുറിച്ചുള്ള ചിന്ത തന്നെ ആയിരുന്നു. ടോയിലെറ്റിൽ പോയാൽ, വാഷ് ബെയ്സിന്റെ അടുത്ത് പോയാൽ, എന്തിന് ബെര്‍ത്തിന് ചുറ്റും കൈ കൊണ്ടുപോകാൻ തന്നെ ധൈര്യമില്ലായിരുന്നു. ഓരോ അര മണിക്കൂർ ഇടവിട്ട് കുട്ടികളുടെയും എന്റെയും കയ്യിൽ സാന്നിറ്റൈസര്‍ ഇട്ടുകൊണ്ടിരുന്നു.

ഉറക്കം വരാതെ രാത്രി മുഴുവൻ പലതും ചിന്തിച്ചുകൊണ്ട് നേരം വെളുപ്പിച്ചു. ഇടയ്ക്ക് ടോയിലെറ്റിൽ പോകണം എന്ന് പറഞ്ഞ കുട്ടികൾക്ക് കൂട്ടായ് വാതിലിന് അരികിൽ പോയി നിന്നപ്പോഴായിരുന്നു ട്രെയിന്‍ ഗോവയില്‍ എത്തിയത്. പുലർച്ചെ 3 മണി ആയിക്കാണും.

അവിടെ നിന്ന് രണ്ട് വിദേശികൾ കോച്ചിലേക്ക് കയറിയപ്പോൾ മനസ്സിലൊരാന്തലോടെയും ഇത്തിരി സംശയ ദൃഷ്ടിയോടും കൂടി അവരെ നോക്കി. പെട്ടെന്ന് മനുഷ്യത്വത്തോട് കൂടി ചിന്തിക്കാൻ ഞാൻ തന്നെ എന്നെ പ്രേരിപ്പിച്ചു. അവരും ഞങ്ങളെ പോലെ തന്നെ അല്ലേ? എത്തിപ്പെട്ട നാട്ടിൽ അവരെ അവജ്ഞയോടെ വീക്ഷിക്കരുത് എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. തിരിച്ച് ബെര്‍ത്തി ലേക്ക് നടക്കുമ്പോൾ അവരെ നോക്കി പുഞ്ചിരിക്കാനും മറന്നില്ല.

രാവിലെ 6 മണിക്ക് തന്നെ കുട്ടികളെല്ലാം എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളെല്ലാം നിർവ്വഹിച്ച് അവരവരുടെ സീറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. ഞാനും എല്ലാം കഴിഞ്ഞ് എന്റെ സ്ഥാനത്ത് വന്നിരുന്നു. ബ്രേക്ക് ഫാസ്റ്റിന് ബ്രെഡും ജാമും കഴിച്ച് കുട്ടികൾ അവരുടെ ഫോണ്‍ എടുത്ത് മാതാപിതാക്കളോട് സംസാരിക്കാൻ തുടങ്ങി. രക്ഷിതാക്കളോട് സംസാരിക്കുമ്പോൾ അവർ അധ്യാപകരുടെ കെയറിനേയും കഷ്ടപ്പാടിനെയും കുറിച്ച് പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് അടുത്തുള്ള കംപാര്‍ട്ട്മെന്റില്‍ നിന്ന് ആണ്‍കുട്ടികള്‍ വന്ന് സംസാരിച്ച് കൊണ്ടിരുന്നു.

ഞാൻ മെല്ലെ കയ്യിലുള്ള പുസ്തകം തുറന്ന് വായിക്കാനിരുന്നു. കുട്ടികൾ നല്ല അച്ചടക്കത്തോടും പറയുന്നതെല്ലാം അനുസരിച്ചും ഇരുന്നു. കാര്യത്തിന്റെ ഗൗരവം അവർ നന്നായി മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ 6.30 ആയപ്പോൾ ട്രെയിന്‍ ഝാൻസി സ്റ്റേഷനിൽ എത്തി. വലിയ ജംഗ്ഷൻ ആയതുകൊണ്ട് തന്നെ 10 മിനുട്ട് സ്റ്റോപ്പ് ഉണ്ടായിരുന്നു എന്നത് ആശ്വാസകരമായി. ലഗേജ് എല്ലാം ഇറക്കി ഞാനും കുട്ടികളും ഇറങ്ങി. അപ്പോഴായിരുന്നു ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെ ആ ന്യൂസ് അറിഞ്ഞത്. ഞങ്ങൾക്ക് മടക്കയാത്ര ബുക്ക് ചെയ്തിരിക്കുന്ന ഫ്ലൈറ്റ് കാന്‍സല്‍ ആയിരിക്കുന്നു. 22 ന് വൈകുന്നേരം 5.40 ന് ലഖ്‌നൗവില്‍ നിന്നുള്ള ഫ്ലൈറ്റ് ആണ് കാന്‍സല്‍ ആയത്. ഉടനെ കൂടെ ഉള്ള സർ സ്കൂളിലുള്ള രാജേഷ് സാറിനെ വിളിച്ച് പറഞ്ഞു അടുത്ത ഫ്ലൈറ്റിന് ബുക്ക് ചെയ്യിച്ചു. ഭാഗ്യം എന്ന് പറയട്ടെ, 22 ന് വൈകുന്നേരത്തെ യാത്ര 22ന് രാവിലെ നേരത്തെ ആവുകയാണ് ചെയ്തത്. അപ്പോഴാണ് ശ്വാസം നേരെ വീണത്.

ലഖ്‌നൗവില്‍ ആണ് ഞങ്ങൾക്ക് ഇറങ്ങേണ്ടതെങ്കിലും മംഗള എക്സ്പ്രസ്സ് ലഖ്നൗ വഴി പോകാത്തതുകൊണ്ട് സാധാരണ ഞങ്ങൾ ഝാൻസിയിൽ ഇറങ്ങി ഒരു ലോക്കല്‍ ട്രെയിനില്‍ ലഖ്‌നൗവിൽ പോകാറായിരുന്നു പതിവ്. ആളുകൾ തിങ്ങിക്കൂടുന്ന ഒരു സുരക്ഷയും ഇല്ലാത്ത ഈ യാത്ര മാറ്റിവച്ച് ഞങ്ങൾ ലഖ്‌നൗവിലെ ഒരു ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് അവരുടെ വെഹിക്കിള്‍ ഝാൻസിയിൽ എത്തിക്കുകയും അവിടെ നിന്ന് അതിൽ കയറി സീതാപൂരിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. സ്റ്റേഷനില്‍ പ്രതീക്ഷിച്ച ഒരു പരിശോധനയും ഉണ്ടായിരുന്നില്ല. ഝാൻസിയിൽ നിന്ന് 7 മണിക്കൂർ യാത്ര ഉണ്ട് ലഖ്‌നൗ വഴി സീതാപൂരിലേക്ക്. ഇതിനിടയിൽ ബ്രേക്ക് ഫാസ്റ്റിനും ഉച്ചഭക്ഷണത്തിനും വണ്ടി നിർത്തേണ്ടതും ആവശ്യമായിരുന്നു.


ഝാൻസി സ്റ്റേഷനിലായാലും വഴി നീളെ യാത്രക്കാരിലായാലും പ്രതീക്ഷിച്ച സുരക്ഷാ ക്രമീകരണങ്ങളൊന്നും കാണാനില്ലായിരുന്നു. ഒരു പക്ഷേ സാഹചര്യത്തെ കുറിച്ച് അവർ ബോധവാന്മാരായിരിക്കില്ല എന്ന് തോന്നി. പ്രഭാത ഭക്ഷണത്തിന് ഒരു ഢാബയ്ക്ക് മുന്നിൽ നിർത്തി. ട്രെയിന്‍ യാത്രയിൽ ഉടനീളം പഴങ്ങള്‍ അല്ലാതെ ഒന്നും ഞാൻ കഴിച്ചിരുന്നില്ല. കൂടെ ഉണ്ടായിരുന്ന അഗസ്റ്റിൻ സർ ഒത്തിരി നിർബന്ധിച്ചിട്ടും ഞാൻ കഴിക്കാൻ കൂട്ടാക്കിയില്ല. ഢാബയുടെ വൃത്തിഹീനമായ സാഹചര്യവും കോവിഡും എല്ലാം ചേർന്ന് എനിക്ക് വിശപ്പ് അറിയുന്നുണ്ടായിരുന്നില്ല. എങ്കിലും കുട്ടികളുടെ കൂടെ ഹാന്‍ഡ് വാഷും സാനിറ്റൈസറും എടുത്ത് ഞാനും ഇറങ്ങി. കൈ കഴുകി ടേബിളിന് ചുറ്റും കുട്ടികളെ ഇരുത്തി ഞാൻ വണ്ടിയിൽ ഇരുന്നു. ശർദ്ദി പേടിച്ച് ഭക്ഷണം വേണ്ടെന്ന് വച്ച നാല് കുട്ടികൾ വണ്ടിയിൽ ഉണ്ടായിരുന്നു.

ഭക്ഷണം കഴിക്കുന്നവരെ സാറിനെ ഏൽപ്പിച്ച് തൊട്ട് മുൻപിൽ പാര്‍ക്ക് ചെയ്ത വണ്ടിയിൽ ആ കുഞ്ഞുങ്ങളോടൊപ്പം ഇരിക്കുമ്പോൾ മുൻപിൽ ഒരു ട്രാവലര്‍ വന്ന് നിന്നു. അതിൽ നിന്നും നവോദയ യൂണിഫോമിൽ കുട്ടികൾ ഇറങ്ങുന്നത് കണ്ട് നോക്കിയപ്പോൾ സീതാപുർ നവോദയയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട മലയാളിക്കുട്ടികൾ. 6 മുതൽ 9 വരെ കോഴിക്കോട് നവോദയയിൽ പഠിച്ച് മൈഗ്രേഷന്‍ പോളിസി പ്രകാരം സീതാപൂരിലേക്ക് അയക്കപ്പെട്ട ഒൻപതാം തരം വിദ്യാർത്ഥികൾ. ഈ കുട്ടികൾ സീതാപൂരിലേക്ക് പുറപ്പെട്ടപ്പോൾ ഇതേ ഭീഷണിയുടെ നിഴലിൽ അവർ അവിടെ നിന്നും ഇങ്ങോട്ട് പുറപ്പെട്ടിരിക്കുന്നു.

പെട്ടെന്ന് ഓടിച്ചെന്ന് ആശ്ലേഷിക്കാൻ തോന്നിയെങ്കിലും ദീർഘദൂര യാത്ര കഴിഞ്ഞ് മുഷിഞ്ഞതിനാൽ അവരോട് ഒരു അകലം പാലിച്ച് സംസാരിച്ചു. വൈറസ് വല്ലതും ദേഹത്ത് കയറി ഇരിക്കയാണെങ്കിൽ അത് കുഞ്ഞുങ്ങളിലെത്താതെ നോക്കണമല്ലോ.

വീണ്ടും യാത്ര. ഇടയ്ക്ക് ഉച്ചഭക്ഷണത്തിന് ഢാബ. അവിടെയും പറഞ്ഞത് പോലെ തന്നെ. ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു. ടെൻഷൻ ഉണ്ടായിരുന്നെങ്കിലും കുട്ടികളുടെ കളിയും ചിരിയും തമാശകളും അതിന് ഇടക്കിടെ അയവ് വരുത്തുന്നുണ്ടായിരുന്നു.

വൈകീട്ട് 6.45 ആയി സീതാപുർ നവോദയയിൽ എത്താൻ. പക്ഷേ അവിടത്തെ ദൃശ്യം തികച്ചും അമ്പരപ്പിച്ചു കളഞ്ഞു. ഗെയ്റ്റ് അടച്ച് അകത്ത് പ്രിന്‍സിപ്പലും അധ്യാപകരും. പുറത്ത് കുട്ടികളെ കൊണ്ട് പോകാൻ വന്ന രക്ഷിതാക്കൾ. മേശയും കസേരയും പുറത്തിട്ട് ഡോക്ടര്‍മാരും നഴ്സുമാരും ഇരിക്കുന്നു. വന്ന കുട്ടികളെ പരിശോധിച്ച് രക്ഷിതാക്കൾക്ക് കൈമാറുന്നു. ഇതിനിടയിൽ ഒന്ന് ഫ്രെഷ് ആകണം എന്ന് കരുതിയ ഞാൻ ആകെ അന്ധാളിപ്പിലായി. സാധാരണ സ്കൂളിൽ താമസിച്ച് പിറ്റേ ദിവസത്തെ ഫ്ലൈറ്റിന് ആണ് ഞങ്ങൾ മടങ്ങാറുണ്ടായിരുന്നത്.

പക്ഷേ അന്ന് ഞങ്ങളുടെ മുന്നിൽ ആ ഗെയ്റ്റ് തുറന്നില്ല. അവരുടെ കണ്ണിൽ ഞങ്ങൾ രോഗവാഹകരായിരുന്നു. രാവിലെ ട്രെയിന്‍ ഇറങ്ങിയത് മുതൽ അവിടെ എത്തുന്നത് വരെ ടോയിലെറ്റില്‍ പോലും പോകാതിരുന്ന എനിക്ക് ദേഷ്യവും അതിലുപരി സങ്കടവും തോന്നി.

പക്ഷേ എല്ലാം ഉള്ളിലടക്കി ഗെയ്റ്റിനു ഉള്ളിലൂടെ പുറത്തേക്ക് നീട്ടിയ റിലീവിങ്ങ് ഓർഡറും വാങ്ങി വന്ന് വണ്ടിയിൽ കയറി ഇരുന്നു. വണ്ടി ഞങ്ങളേയും കൊണ്ട് എയര്‍പോര്‍ട്ടിലേക്ക് പാഞ്ഞു.

അപ്പഴേക്കും വല്ലാത്ത അസ്വസ്ഥതകൾ - മാനസീകമായും, ശാരീരികമായും ബാധിച്ചു തുടങ്ങിയിരുന്നു. ശരീരം നുറുങ്ങുന്ന വേദന, നിറഞ്ഞ കണ്ണുകളോടെ ഞാൻ വണ്ടിയുടെ പിൻസീറ്റിൽ ഇരുന്നു. 7 മണിക്ക് പുറപ്പെട്ട വണ്ടി 9.30 ആയി എയര്‍പോര്‍ട്ടില്‍ എത്താൻ. ഇതിനിടയിൽ ബന്ധുക്കളും സുഹൃത്തുക്കളും, പ്രത്യേകിച്ച് ഭർത്താവും മക്കളും, വിളിച്ച് ഓർമ്മിപ്പിച്ച് കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു - Be Careful , airport is a very dangerous Place എന്ന്. പക്ഷേ എന്റെ മോൾ വിളിക്കുമ്പോളെല്ലാം ധൈര്യം തന്നുകൊണ്ടിരുന്നു. ഒരു മെഡിക്കല്‍ സ്റ്റുഡന്‍റ് ആയതുകൊണ്ട് തന്നെ അവൾക്ക് നല്ല ധൈര്യം ഉണ്ടായിരുന്നു. എങ്കിലും പേടിയോടുകൂടി തന്നെ എയര്‍പോര്‍ട്ടിനകത്ത് കയറി. പക്ഷേ അപ്പോൾ സുരക്ഷയെക്കാളും എന്റെ മുന്നിലുള്ള പ്രശ്നം ഒന്ന് പെട്ടെന്ന് ഫ്രെഷ് ആവുക എന്നതായിരുന്നു. പെട്ടെന്ന് ടോയിലെറ്റിൽ പോയി ഫ്രെഷ് ആയി ധരിച്ച ഡ്രസ് എല്ലാം മാറി ഒന്നാശ്വാസത്തോടെ സീറ്റില്‍ വന്നിരുന്നപ്പോഴേക്കും രാത്രി 11 മണി. അടുത്ത ദിവസം രാവിലെ 7 മണിക്കാണ് ഫ്ലൈറ്റ്. പരമാവധി മാസ്കും, ഗ്ലൗസും, സന്നിറ്റൈസര്‍ എല്ലാം ഉപയോഗിച്ച് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാതെ രാവിലെ 5 മണി ആയി. ബോര്‍ഡിംഗ് പാസും ചെക്ക് ഇന്‍ ചെയ്ത് ഗെയ്റ്റ് 4ൽ പോയിരുന്നു. 7 മണിക്ക് ഉള്ള ഫ്ലൈറ്റ് 6.30 ആയപ്പോഴേക്കും ടേയ്ക്ക് ഓഫ് ചെയ്തു. 8.30നു ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ . അവിടെയും ചെക്ക് ഇന്‍ ചെയ്തു 10.30 ആയിരുന്നു അവിടത്തെ സമയം. പക്ഷേ 10 ആയപ്പോഴേക്കും ഫ്ലൈറ്റ് ഉയർന്നു. അതിനകത്തും ഭീതിയുള്ള അന്തരീക്ഷം തന്നെ. മാസ്ക്കില്ലാത്തവരില്ലായിരുന്നു മിക്കവരും. 11.45ന് കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു.

അവിടെ മാത്രം ഹെല്‍ത്ത് ചെക്ക് അപ് ഉണ്ടായിരുന്നു. ചെക്ക് ചെയ്ത് നോര്‍മല്‍ ആണെന്ന് കണ്ടപ്പോൾ 14 ദിവസം ക്വാറന്‍റൈനില്‍ ഇരിക്കണം എന്ന നിർദ്ദേശത്തോടെ പുറത്ത് വിട്ടു. ക്വാറന്‍റൈനില്‍ ഇരിക്കണം എന്നറിയുന്നതുകൊണ്ട് ഭർത്താവിനോട് ആദ്യമേ എയര്‍പോര്‍ട്ടില്‍ വരരുത് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ജനതാ കർഫ്യു പ്രഖ്യാപിച്ച ദിവസമായതുകൊണ്ട് ടാക്സി ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ നിസ്സഹായതയിൽ എന്നെ തനിച്ച് വിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. കാറെടുത്ത് എയര്‍പോര്‍ട്ടില്‍ വന്നു. ഭക്ഷണം ഒന്നും കഴിക്കാതെ അപ്പഴേക്കും തളർന്നവശയായിട്ടുണ്ടായിരുന്നു. കാർ നേരെ പിണറായിലുള്ള വീട്ടിലേക്ക് വിട്ടു. മക്കളെ ഒക്കെ അച്ഛനമ്മമാരെ ഏൽപ്പിച്ചത് കൊണ്ട് വീട്ടിൽ ഹസ്ബന്റ് തനിച്ചായിരുന്നു. ഞങ്ങൾക്ക് വേണ്ടി ഉച്ചയൂണ് തയ്യാറാക്കിയാണ് അദ്ദേഹം എയര്‍പോര്‍ട്ടില്‍ വന്നത്. വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച ഉടനെ വടകര സ്കൂളിലേക്ക് പുറപ്പെട്ടു. നിയമപരമായി സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു. കർഫ്യു കാരണം ശൂന്യമായ റോഡിലൂടെ വെറും 40 മിനുട്ട് കൊണ്ട് മണിയുരിലെ സ്കൂളില്‍ എത്തി. റിപ്പോര്‍ട്ട് ചെയ്ത് ക്വാട്ടേഴ്സില്‍ കയറി എല്ലാം ഒന്ന് ഒതുക്കി വച്ച് വീണ്ടും പിണറായിലെ വീട്ടിലേക്ക് തിരിച്ചു. സ്കൂളില്‍ കുട്ടികൾ ഉണ്ടായിരുന്നില്ല, സ്റ്റാഫിനെ ആരെയും കാണാൻ നിന്നില്ല. വഴിക്ക് പോലീസ് തടഞ്ഞെങ്കിലും സ്കൂള്‍ ഓര്‍ഡര്‍ കാണിച്ച് കൊടുത്തു.

എവിടെയും ഇറങ്ങാതെ വീട്ടിൽ എത്തി. മക്കളില്ലാത്ത ശൂന്യമായ വീട്ടിൽ കയറുമ്പോൾ വിഷമം തോന്നിയെങ്കിലും ക്വാരന്‍റൈന്‍ സമയത്ത് അവരെ അകറ്റി നിർത്തുന്നത് തന്നെ ആണ് നല്ലതെന്ന് തോന്നി. ഏത് സങ്കടങ്ങൾക്കും കൂടെ ഉണ്ടാകും എന്ന് പറഞ്ഞ ഭർത്താവിന്റെ കൂടെ ഇന്ന് ഞാൻ ക്വാരന്‍റൈന്‍ ജീവിതം തുടങ്ങി.

ഏപ്രിൽ 5 വരെ ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസത്തോടെ എന്നാൽ നേരിയ ഭയത്തോട് കൂടി തന്നെ ഞാൻ നന്ദിപൂർവ്വം ഓർക്കുന്നു, കൂടെ യാത്ര ചെയ്ത അഗസ്റ്റിൻ സാറിനെ, ഫ്ലൈറ്റ് കാന്‍സല്‍ ആയി എന്നറിഞ്ഞ് മിനുട്ടുകൾക്കുള്ളിൽ ദൂരെ സ്കൂളില്‍ ഇരുന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് തന്ന രാജേഷ് സാറിനെ, കർത്തവ്യ പഥത്തിൽ ഒരിക്കലും തളരരുതെന്ന് പറഞ്ഞ് ധൈര്യം തന്ന അധ്യാപകൻ തന്നെ ആയ ഭർത്താവിനെ, മക്കളെ, എല്ലാ ആകുലതകളോടും കൂടി യാത്ര അയച്ച അച്ഛനമ്മമാരെ, പിന്നെ കുറേ നല്ല സുഹൃത്തുക്കളേയും സഹപ്രവർത്തകരെയും.


വിനീത എം

വിനീത എം

അധ്യാപിക

Next Story

Related Stories