TopTop

കൊറോണ കാലത്ത് 'വര്‍ക്ക് ഫ്രം ഹോട്ടല്‍'; ഒറ്റക്കിരുന്ന് ജോലി ചെയ്യാന്‍ റൂമുകള്‍ ഒരുക്കി കോവളത്തെ ടൂറിസ്റ്റ് ഹോമുകള്‍

കൊറോണ കാലത്ത്

കോവിഡ് 19 ലോകമെങ്ങും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും 'വര്‍ക്ക് അറ്റ് ഹോം' എന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പല സ്ഥാപനങ്ങളും. ഈ സാഹചര്യത്തില്‍ അതിഥികള്‍ ഇല്ലാത്തതിന്റെ ക്ഷീണത്തിലായിരുന്ന കോവളത്തെ ചില ടൂറിസ്റ്റ് ഹോമുകള്‍ പുതിയൊരു അവസരം കണ്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒറ്റക്കിരുന്ന് ജോലി ചെയ്യാന്‍ റൂമുകള്‍ ഒരുക്കിയിരിക്കുകയാണ് കോവളത്തെ ടൂറിസ്റ്റ് ഹോമുകള്‍. പ്രധാനമായും ടെക്കികളെ ലക്ഷ്യം വച്ചാണ് പുതിയ പാക്കേജുകളായി ഹോട്ടലുകള്‍ എത്തിയിരിക്കുന്നത്.

പ്രതിദിനം 5000 രൂപ വാടക വരുന്ന ഹോട്ടല്‍ റൂമുകള്‍ 2000 രൂപയ്ക്ക് വരെ നല്‍കാന്‍ തയാറായിരിക്കുകയാണ് ഹോട്ടലുകള്‍. മാസ വാടകയ്ക്കാണ് റൂമുകള്‍ നല്‍കുന്നത്. ടൂറിസ്റ്റുകള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വാടകയ്ക്ക് നല്‍കിയിരുന്ന റൂമുകളാണ് ഇപ്പോള്‍ 40000 രൂപയ്ക്ക് മുകളില്‍ മാത്രം ഈടാക്കനൊരുങ്ങുന്നത്. രണ്ടു പേരാണ് ഒരു മുറിയെടുക്കുന്നതെങ്കില്‍ ആറുപതിനായിരം രൂപയ്ക്ക് അടിപ്പിച്ചുള്ള റൂമുകളാണ് നല്‍കുന്നത്.

കേരളത്തിലെ ഒരു പ്രമുഖ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ശൃംഖല കോവളത്തെ തങ്ങളുടെ ഹോട്ടലില്‍ 45 ഡീലക്‌സ് മുറികളാണ് 'വര്‍ക്ക് ഫ്രം ഹോട്ടല്‍' എന്ന ആവശ്യത്തിനായി ഒരുക്കിയത്. ഇവര്‍ മുറികളില്‍ വൈഫൈ സൗകര്യങ്ങള്‍ക്ക് പുറമെ ബുഫെ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവയ്‌ക്കെല്ലാം 50% വരെ ഇളവും നല്‍കുന്നുണ്ട് ചില ഹോട്ടലുകള്‍. കൂടാതെ സ്വിമ്മിങ് പൂള്‍, ജിം, ഡോക്ടറുടെ സേവനം തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ട്. ഈ ഹോട്ടല്‍ ശംഖുമുഖത്തെയും ആലപ്പുഴയിലെയും ഹോട്ടലുകളിലും ഈ സൗകര്യം നല്‍കുന്നുണ്ട്.

വൈറസ് ഭീതി കാരണം ടൂറിസം രംഗം പ്രതിസന്ധിയിലായത് കേരളത്തിലെ പല ഹോട്ടലുകളെയും, ടൂറിസ്റ്റ് ഹോമുകളെയും കാര്യമായി ബാധിച്ചു. ഇതോടെയാണ് പിടിച്ചു നില്‍ക്കാനായി പുതിയ പാക്കേജുകളുമായി ഹോട്ടലുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ റൂമുകള്‍ ബുക്ക് ചെയ്തിരുന്ന വിദേശ സഞ്ചാരികള്‍ ഏതാണ്ട് പൂര്‍ണമായും തന്നെ റൂമുകളും റദ്ദാക്കി. വന്‍ തിരിച്ചടിയാണ് ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.

വിസാ വിലക്ക് ഏപ്രില്‍ 15 വരെ നിലനില്‍ക്കുമെന്നാണ് ഇതുവരെയുള്ള തീരുമാനം. മാത്രമല്ല താജ്മഹല്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ചരിത്ര സ്മാരകങ്ങളെല്ലാം അടയ്ക്കാന്‍ ടൂറിസം മന്ത്രാലായം നിര്‍ദേശം നല്‍കി കഴിഞ്ഞു. ഈ മാസം 31 വരെയാണ് ഈ കേന്ദ്രങ്ങളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തന്നെ അടച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കില്‍ വിസ വിലക്കിനും മറ്റുമുള്ള തീയതികളും നീട്ടിയേക്കും.

ദശലക്ഷക്കണക്കിന് ആളുകള്‍ ടൂറിസ്റ്റ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ആഭ്യന്തര ടൂറിസമാണ് ഇന്ത്യയില്‍ വലുതെങ്കിലും പ്രതിവര്‍ഷം 10 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളെ രാജ്യം സ്വാഗതം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജസ്ഥാന്‍ മരുഭൂമിയാണ് പലരുടെയും ഇഷ്ട കേന്ദ്രം. ഇത്തവണ ഇന്ത്യയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചവരില്‍ ചില ഇറ്റാലിയന്‍ സ്വദേശികള്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചവരാണ്.

ടൂറിസ്റ്റ്, ബിസിനസ് യാത്രകള്‍ ഈ വര്‍ഷം ഇതിനകംതന്നെ കുത്തനെ ഇടിഞ്ഞ അവസ്ഥയിലാണ്. ഹോട്ടല്‍ ഒക്യുപ്പന്‍സി 20 ശതമാനമായി കുറഞ്ഞു, വിസ നിരോധനം മാസങ്ങളോളം തുടരുകയാണെങ്കില്‍ ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കും. കുറഞ്ഞത് രണ്ട് പാദങ്ങളിലെങ്കിലും സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ ഇടിവ് പ്രതീക്ഷിക്കുന്നതായി സര്‍ക്കാരും വ്യവസായ വൃത്തങ്ങളും സൂചിപ്പിക്കുന്നു.


Next Story

Related Stories