TopTop
Begin typing your search above and press return to search.

ആ തറയിലിരിക്കുന്നത് പാസ്‌പോര്‍ട്ട് പരിശോധന അധികാരികളാണ്, 70 വര്‍ഷം മുമ്പുള്ള മദീന എയര്‍പോര്‍ട്ടിലെ ചിത്രം

ആ തറയിലിരിക്കുന്നത് പാസ്‌പോര്‍ട്ട് പരിശോധന അധികാരികളാണ്, 70 വര്‍ഷം മുമ്പുള്ള മദീന എയര്‍പോര്‍ട്ടിലെ ചിത്രം

എനിക്ക് ഇത് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫോട്ടോഷോപ്പ് അല്ലെന്നറിയാം. ഞാന്‍ ഇതിന്റെ ശരിയായ വ്യക്തത ഉറപ്പ് വരുത്തി. 1950ല്‍ സൗദി അറേബ്യയിലെ മദീന എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഒരു ഫ്‌ലൈറ്റില്‍ നിന്നും ഇറങ്ങി വരുന്ന യാത്രക്കാരുടെ രേഖകള്‍ താഴെ ഇരുന്നു പാസ്‌പോര്‍ട്ട് അധികാരികള്‍ പരിശോധിക്കുന്നതാണ് ചിത്രത്തില്‍. ആ വിവരം ഈ ഫോട്ടോവിന്റെ താഴെ അറബിയില്‍ എഴുതിയിട്ടുണ്ട്.

1955വരെ കുവൈറ്റിലും 1960 വരെ ദുബായിലും വരുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലാതെ പത്തെമാരിയില്‍ അല്ലാതെയും വരുമ്പോള്‍ അവരുടെ ബോട്ടില്‍ എത്ര ആള്‍ വരുന്നുവോ അത്ര ആളുകള്‍ തിരിച്ചു പോകണമെന്നായിരുന്നു നിയമം. വന്ന ആള്‍ തന്നെ തിരിച്ചു പോകണമെന്നില്ല. എണ്ണം കൃത്യമാവണമെന്ന് മാത്രം. അത് കൊണ്ട് അന്നോക്കെ ബോംബെയില്‍ നിന്ന് ഇറാക്കിലെ ബസ്രയിലേക്ക് തീര്‍ത്ഥാടന വിസയില്‍ പോയി മീന്‍ പിടുത്ത ബോട്ടില്‍ കുവൈറ്റില്‍ വന്ന ഒരു പാട് പേരുണ്ട്.

അങ്ങിനെ ദുബായില്‍ ഇത്തരം കണക്ക് സൂക്ഷിക്കാന്‍ അന്നത്തെ ദുബായ് ഭരണാധികാരി എച്ച് എച്ച് ഷെയ്ഖ് റാഷീദ് ബിന്‍ സഈദ് അല്‍ മക്തൂം ഒരു ബഹ്റൈന്‍ ചെറുപ്പക്കാരനെ നിയോഗിച്ചു. ആ ചെറുപ്പക്കാരന്‍ ഇംഗ്ലണ്ടില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിരുന്നു. അന്നൊക്കെ ദുബായില്‍ അധികം വിദ്യാഭ്യാസമുള്ളവര്‍ രാജകുടുംബങ്ങളില്‍ മാത്രമേ ഉള്ളൂ.

ആ ചെറുപ്പക്കാരന്‍ പിന്നീട് ദുബായ് പൗരത്വം നേടി, യുഎഇ രൂപികരിച്ചപ്പോള്‍ യു.കെ (United Kingdom) യുടെ അംബാസ്സഡര്‍ ആവുകയും ചെയ്തു. ആ ചെറുപ്പക്കാരന്‍ 1970കളില്‍ ഞാന്‍ ജോലി ചെയ്തിരുന്ന അലി ബിന്‍ ഫര്‍ദാന്റെ നാട്ടുകാരനായത് കൊണ്ട് (ബഹ്റൈന്‍) കടയില്‍ വരാറുണ്ട്. അന്നത്തെ ഇന്ത്യന്‍ കോണ്‌സുലേറ്റിന്റെ അടുത്തായിരുന്നു ആ ചെറുപ്പക്കാരന്റെ വീട്. ഇപ്പോള്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ സെറ്റില്‍ ആയി.

ആ ചെറുപ്പക്കാരനാണ് മെഹ്ദി താജിര്‍ അല്‍താജിര്‍.. എന്തായാലും അദ്ദേഹത്തിന് മെയില്‍ അയക്കണം. എന്നെ ഓര്‍മയുണ്ടാവില്ല. വര്‍ഷം 50 (അരനൂറ്റാണ്ട്) കഴിഞ്ഞില്ലേ? അലി ബിന്‍ ഫര്‍ദാന്റെ പേര് പറഞ്ഞാല്‍ എന്നെ അറിയുമായിരിക്കും. അല്ലെങ്കില്‍ അലിയുടെ മകന്‍ ഫര്‍ദാന്‍ ബിന്‍ അലി അല്‍ഫര്‍ദാന്റെ. കഴിയുമെങ്കില്‍ ഒരു ലണ്ടന്‍ യാത്ര, അദ്ദേഹത്തെ കാണാനും പലവട്ടം കണ്ട് മറന്ന ലണ്ടനെ കാണാനും.


Next Story

Related Stories