TopTop
Begin typing your search above and press return to search.

'ഹോം ഓഫ് ദ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍'; പെന്‍ഗ്വിനുകള്‍ക്ക് മാത്രമായിട്ടുള്ള ആഫ്രിക്കയിലെ ബീച്ച്‌

ഹോം ഓഫ് ദ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍; പെന്‍ഗ്വിനുകള്‍ക്ക് മാത്രമായിട്ടുള്ള ആഫ്രിക്കയിലെ ബീച്ച്‌

'കൊടുങ്കാറ്റിന്റെ മുനമ്ബില്‍ (ശുഭ പ്രതീക്ഷാ മുനമ്ബ് - Cape of Good Hope) നിന്നുള്ള അവിസ്മരണീയമായ കാഴ്ചകളില്‍ നിന്ന് ഞങ്ങള്‍ നേരെ പോയത് ടേബിള്‍ മൗണ്ടേന്‍ നാഷണല്‍ പാര്‍ക്കിന്റെ തന്നെ ഭാഗമായ ബോള്‍ഡേഴ്സ് ബീച്ചിലേക്കാണ്. ഈ ബീച്ചില്‍ മനുഷ്യര്‍ വെറും കാഴ്ച്ചക്കാര്‍ മാത്രമാണ്. ഇവിടെ വെയില്‍ കായാനെത്തുന്നതും ബീച്ചില്‍ പ്രേമ സല്ലാപങ്ങള്‍ നടത്തുന്നതും നീരാടുന്നതും എല്ലാം പെന്‍ഗ്വിനുകളാണ്.. ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍.

വൈകുന്നേരം നാലു മണിയോടെയാണ് ഞങ്ങള്‍ ബോള്‍ഡേഴ്സ് ബീച്ചിന്റെ സമീപത്ത് എത്തുന്നത്. സന്ദര്‍ശകരെ സ്വാഗതം ചെയ്തുകൊണ്ടുള്ള മരത്തിന്റെ ചട്ടക്കൂടില്‍ ഫ്രെയിം ചെയ്ത ഒരു ചെറിയ ബോര്‍ഡാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത് - 'വെല്‍ക്കം ടു ബോള്‍ഡേഴ്സ്, ഹോം ഓഫ് ദ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍' എന്ന് ആലേഖനം ചെയ്തിട്ടുള്ള പ്രകൃതി സൗഹൃദമായ ഒരു കൊച്ചു ബോര്‍ഡ്. സൈമണ്‍സ് ടൗണിന് സമീപമാണ് ബോള്‍ഡേഴ്സ് ബീച്ച്‌, പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഒരു സംരക്ഷിത കോളനിയാണിത്. അവയുടെ സ്വാഭാവിക ആവസ വ്യവസ്ഥയെ പോറല്‍ ഏല്‍പ്പിക്കാതെ സന്ദര്‍ശകര്‍ക്ക് ഈ ബീച്ചിലെ പെന്‍ഗ്വിനുകളെ കാണാന്‍ കഴിയും. ഇതിനായി മരം കൊണ്ട് നിര്‍മ്മിച്ച നടപ്പാതകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ ഈ മരത്തിന്റെ നടപ്പാതയിലൂടെ നടന്ന് കാണാനുള്ള കാഴ്ചയുണ്ടിവിടെ.

1982ല്‍ സ്ഥാപിതമായ ബോള്‍ഡേഴ്സില്‍ ബീച്ചില്‍ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍ - കേപ് പെന്‍ഗ്വിന്‍ - സൗത്ത് ആഫ്രിക്കന്‍ പെന്‍ഗ്വിന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന Spheniscus demersus എന്ന ഇനം പെന്‍ഗ്വിനുകളാണ് വസിക്കുന്നത്. നിലവിലുള്ള എല്ലാ പെന്‍ഗ്വിനുകളെയും പോലെ ഇവയും ഫ്ളൈറ്റ്ലെസ്സ് ബേഡ്സ് - പറക്കാനാവാത്തതും (പരിണാമത്തിനിടയില്‍ പറക്കാനുള്ള കഴിവ് നഷ്ടപെട്ട പക്ഷികളാണ് പറക്കാത്ത പക്ഷികള്‍) സ്ട്രീമ്ലൈന്‍ഡ് ശരീര പ്രകൃതിയുള്ളതുമായ പെന്‍ഗ്വിനുകളാണ്. ഈ ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍ ദക്ഷിണാഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ (ദക്ഷിണാഫ്രിക്കയിലും നമീബിയയിലും). ഈ പെന്‍ഗ്വിനുകള്‍ നിലവില്‍ വംശനാശത്തിന്റെ വക്കിലാണ്.

ബോള്‍ഡേഴ്സില്‍ ബീച്ചിലുള്ള പെന്‍ഗ്വിനുകള്‍ വര്‍ഷം മുഴുവനും ഇവിടെ തന്നെ വസിക്കുന്നതിനാല്‍ എല്ലാ സമയത്തും ഇവിടെ പെന്‍ഗ്വിനുകളെ കാണാന്‍ സാധിക്കും. എപ്പോള്‍ ചെന്നാലും ഇവിടെ കാഴ്ചക്കാര്‍ക്ക് വസന്തമൊരുക്കി, നിരവധി പെന്‍ഗ്വിനുകള്‍ മൂടും കുലുക്കി ബീച്ചിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. ചിലപ്പോള്‍, ബീച്ചിലെ മണല്‍ പരപ്പില്‍ ഉണ്ടാക്കിയ ഓരോ കുഴികളിലായി നിരവധി പെന്‍ഗ്വിനുകള്‍ ഇരിക്കുന്നതും കാണാം. അതിന് സമീപത്ത് കുഴിക്ക് പുറത്ത് കാവല്‍ക്കാരനെന്ന പോലെ മറ്റൊരു പെന്‍ഗ്വിനുമുണ്ടാവും. ബീച്ചില്‍ കുഴിയെടുത്ത് മുട്ടയിടുന്ന പെണ്‍പെന്‍ഗ്വിനുകള്‍ മുട്ടയിട്ടു കഴിഞ്ഞാല്‍, കുഴിക്ക് പുറത്ത് വന്ന് അടയിരിക്കുന്ന ആണ്‍പെന്‍ഗ്വിനിന് കാവലിരിക്കുന്ന കാഴ്ചയാണത്. പെന്‍ഗ്വിനുകളില്‍ ആണ്‍ പെന്‍ഗ്വിനുകളാണ് അടയിരിക്കുന്നത്.

ഈ പ്രദേശത്തിന് ബോള്‍ഡേഴ്സ് ബീച്ച്‌ എന്ന പേര് വരാനും ഒരു കാരണമുണ്ട്. 540 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഗ്രാനൈറ്റ് പാറകള്‍ ഭാഗികമായ കാണപ്പെടുന്നതിനാലാണ് ഈ ഭാഗത്തിന് ബോള്‍ഡേഴ്സ് ബീച്ച്‌ എന്ന പേര് വരാന്‍ കാരണം. വിദേശ സഞ്ചാരികള്‍ക്ക് ഒരാള്‍ക്ക് 12 അമേരിക്കന്‍ ഡോളറാണ് ബീച്ചിലേക്കുള്ള പ്രവേശന ഫീസ്. ആഴ്ചയില്‍ എല്ലാ ദിവസവും ബീച്ചിലേക്ക് പ്രവേശനമുണ്ട്, ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ കാലത്ത് ഏഴു മണി മുതല്‍ വൈകുന്നേരം ഏഴര മണിവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഫെബ്രുവരി - ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം ആറര വരെയാണ് പ്രവേശനം. മെയ് - സെപ്തംബര്‍ മാസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയും, ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം ആറര വരെയുമാണ് പ്രവേശനം. സൗത്ത് ആഫ്രിക്കയിലെ വേനല്‍ കാലമായ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്താണ് ബോള്‍ഡേഴ്സ് ബീച്ച്‌ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. (ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കേപ്ടൗണില്‍ തിമിംഗല നിരീക്ഷണ സീസണാണ്. ഈ സമയത്ത് കേപ് പോയിന്റിലെ വ്യൂപോയിന്റില്‍ നിന്ന് തിമിംഗലങ്ങളെ കാണാനാവും).

ബോള്‍ഡേഴ്സില്‍ ബീച്ചിലെ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ ഹോട്ടലിലേക്ക് തന്നെ തിരിച്ചു. ഒരു മലയുടെ ചെരുവിലൂടെയുള്ള യാത്രയില്‍ പൊടുന്നനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. പെന്‍ഗ്വിന്‍ ബീച്ചില്‍ കണ്ട കാഴ്ചകളെയും സൗത്ത് ആഫ്രിക്ക പ്രകൃതിയെ കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന കണിശതയേയും കുറിച്ചുള്ള സംസാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ഞങ്ങള്‍ മൂന്ന് മലയാളികള്‍. ഞങ്ങളുടെ 'അപരിഷ്‌കൃത'മായ ഏതോ ഭാഷയിലുള്ള സംസാരം കേട്ട് മുന്‍സീറ്റിലിരുന്ന് അസര്‍ബൈജാനിയായ സുഹൃത്തും സൗത്ത് ആഫ്രിക്കകാരനായ ഡ്രൈവറും കൗതുകത്തോടെ ഇടയ്ക്കിടയ്ക്ക് പിറകിലേക്ക് നോക്കി ചിരിക്കുകയും ഇംഗ്ലീഷില്‍ ഇടപെടുകയും ചെയ്യുന്നുണ്ട്. മലയാളത്തില്‍ ബഡായിയും പൊട്ടിച്ചിരിയുമായിയുള്ള യാത്രക്കിടെയാണ് ഡ്രൈവര്‍ ഒരു വിജനമായ പ്രദേശത്ത് വണ്ടി പൊടുന്നനെ നിര്‍ത്തിയത്. അപ്പോഴാണ് ഞങ്ങള്‍ പിന്‍ സീറ്റുക്കാര്‍ മലയാളം വിട്ട് ഇംഗ്ലീഷിലെത്തിയത്. ഡ്രൈവറോട് കാര്യം തിരക്കി, അദ്ദേഹം പുറത്തേക്ക് കൈചൂണ്ടി..

പുറത്തേക്ക് നോക്കിയപ്പോള്‍ യൂണിഫോം ധരിച്ച ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈകാണിച്ചാണ് വണ്ടി നിര്‍ത്തിയതെന്ന് മനസ്സിലായി. മലമടക്കുകള്‍ തുരന്ന് നിര്‍മ്മിച്ച റോഡിലൂടെയുള്ള യാത്രയില്‍, കാടിന്റെയും മലയുടെയും യഥാര്‍ത്ഥ അവകാശികളായ ഇവിടുത്തുക്കാരായ ബബൂണുകള്‍ക്ക് റോഡ് മുറിച്ച്‌ കടന്ന് പോവുന്നതിനാണ് ഞങ്ങളുടെ വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് എന്ന് മനസ്സിലായി. ഇന്ത്യയില്‍ മന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും എല്ലാം വാഹന വ്യൂഹത്തിന് കടന്ന് പോകാനാണ് സാധാരണക്കാരായ പൊതുജനങ്ങളുടെ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ തടഞ്ഞ് നിര്‍ത്താര്‍, എന്നാല്‍, സൗത്ത് ആഫ്രിക്കയില്‍ ഒരു കൂട്ടം കുരങ്ങുകള്‍ക്ക് റോഡ് മുറിച്ച്‌ കടക്കാനായിട്ടാണ് ഞങ്ങളുടെ വാഹനം അര മണിക്കുറോളം നടു റോഡില്‍ പിടിച്ചിട്ടത്. ഈ പ്രദേശത്ത് ബബൂണുകള്‍ക്കാണ് വി.ഐ.പി പദവി നല്‍കുന്നത്. ഞങ്ങളുടെ യാത്ര വൈകിയാലും ബബൂണുകള്‍ റോഡ് മുറിച്ച്‌ കടന്ന് അവര്‍ സ്വയം മാറി പോകുന്നത് വരെ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും അവരെ പെട്ടൊന്ന് റോഡില്‍ നിന്ന് മാറ്റാനോ കല്ലെറിഞ്ഞൊ ഒച്ച വെച്ചോ ഓടിക്കാനോ ഒന്നും ശ്രമിക്കുന്നില്ല..

ചിലപ്പോള്‍ അര മണിക്കൂറും ഒരു മണിക്കൂറും അതില്‍ കൂടുതല്‍ സമയവും എല്ലാം ഇവര്‍ നമ്മുടെ യാത്ര തടസ്സപ്പെടുത്തുമെന്ന് അനുഭവങ്ങള്‍ വിശദീകരിച്ച്‌ ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു. അവര്‍ റോഡില്‍ നിന്ന് തങ്ങളുടെ കളികള്‍ മുഴുവന്‍ കഴിഞ്ഞ് പിരിഞ്ഞ് പോകുന്നത് വരെ കാത്തിരിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. പൊതുവേ അക്രമാസക്തരായ ഇവക്ക് ഭക്ഷണങ്ങള്‍ നല്‍കുന്നതിന് യാത്രക്കാര്‍ക്ക് വിലക്കുണ്ട്. ഇവയെ കണ്ട ഉടനെ ഞങ്ങളുടെ ഡ്രൈവര്‍ കാറിന്റെ എല്ലാ ഗ്ലാസുകളും പൊക്കി അടച്ചു. ഇവ കാറിനുള്ളില്‍ കയറി 'കൊള്ള ' നടത്തും എന്നാണ് അദ്ദേഹം പറഞ്ഞത്. ഭക്ഷണ സാധനങ്ങള്‍ അടക്കം ബാഗും മറ്റും തട്ടിയെടുക്കുന്നതില്‍ ഇവര്‍ അഗ്രഗണ്യരാണ്. അതിനാല്‍, കുശാഗ്ര ബുദ്ധികളും അക്രമ സ്വഭാവം കാണിക്കുന്നതുമായ ഇവയുടെ അടുത്തേക്ക് പോകരുതെന്നാണ് വിനോദ സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പ്. അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ അവരെ ശല്യപ്പെടുത്തരുത്, നിങ്ങളുടെ കാറിന്റെ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ബബൂണുകള്‍ക്ക് ഭക്ഷണം നല്‍കരുത്, തുടങ്ങി ബബൂണുകളെ നേരിടുന്നതിനായി പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് സഞ്ചാരികള്‍ക്ക് അധികൃതര്‍ നല്‍കുന്നത്.

വെസ്റ്റേണ്‍ കേപ്പിലൂടെ യാത്ര ചെയ്യുകയാണെങ്കില്‍, ഒന്നോ രണ്ടോ ബബൂണുകളെ എങ്കിലും കണ്ടെത്താനുള്ള സാധ്യത ഏറെയാണ്. എന്നാല്‍, ഞങ്ങള്‍ കണ്ടത് ഒരു വന്‍ സംഘത്തെ തന്നെയായിരുന്നു. കേപ് പോയിന്റിനുചുറ്റും, എല്‍ജിനിലേക്കുള്ള വഴിയിലും, ഫേണ്‍ക്ലൂഫ്, ഡി ഹൂപ്പ് നേച്ചര്‍ റിസര്‍വുകളിലും ഇവയെ കണാനാവും. കേപ് പെനിന്‍സുലയില്‍ കണ്ടു വരുന്ന ബബൂണുകള്‍ കേപ് ചക്മ ബാബൂണുകളായിരിക്കാം. ദക്ഷിണാഫ്രിക്കയില്‍ കാണപ്പെടുന്ന ചക്മ ബാബൂണിന്റെ രണ്ട് ഉപ ഇനങ്ങളില്‍ ഒന്നാണ് ഈ പ്രൈമേറ്റുകള്‍. വലിയ കൂട്ടങ്ങളായി ജീവിക്കുന്ന ജീവികളാണ് ബബൂണുകള്‍. ഒരു കൂട്ടത്തില്‍ നൂറോളം ആണ്‍ ബബൂണുകളും പെണ്‍ ബബൂണുകളും കാണും. കുടുംബവുമായി ശക്തമായ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. മരണപ്പെടുന്ന ബബൂണ്‍ കുഞ്ഞുങ്ങളുടെ ജഡങ്ങള്‍ പത്തു ദിവസത്തോളം അമ്മ ബബൂണുകള്‍ കൂടെ കൊണ്ടു നടക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെയും ആഫ്രിക്കന്‍ ബബൂണുകളുടെയും കാഴ്ചകളും കളികളും കണ്ട് ഞങ്ങള്‍ സൈമണ്‍സ് ടൗണ്‍ വഴി ഹോട്ടലിലേക്ക് തിരിക്കുന്നതിനിടെ, സൈമണ്‍സ് ടൗണിലെ ഒരു റെസ്റ്റാറന്റില്‍ കയറി മീന്‍ വിഭവങ്ങളും കഴിച്ചു. ഇവിടത്തെ പ്രധാന വിഭവം വിവിധ ഇനം മീനുകളാണ്. ഏതൊക്കെ മീനുകള്‍ കഴിക്കാം ഏതൊക്കെ കഴിക്കരുത് എന്നീ നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീല് ഹോട്ടലില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വയറ് നിറയെ മീനും ഭക്ഷണവു,ം മനം നിറയെ കേപ്ടൗണിന്റെ ഭംഗിയും ആസ്വദിക്കാന്‍ സാധിക്കുന്ന സമുദ്രതീരത്ത് തന്നെയാണ് റസ്റ്റാറന്റ് സ്ഥിതിചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് മുന്‍പില്‍ ആഫ്രിക്കന്‍ വാദ്യോപകരണങ്ങള്‍ വായിച്ച്‌ നാടന്‍ പാട്ടുകള്‍ പാടി അന്നന്നത്തെ അന്നത്തിന് വഴി തേടുന്ന കലാകാരന്‍മാരും കേപ്ടൗണിലെ ഒരു ഹൃദ്യമായ കാഴ്ചയായിരുന്നു..

കേപ് ടൗണ്‍ യാത്രയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കാം

ആദ്യ ഭാഗം -

പുറത്ത് നല്ല തണുപ്പായിരുന്നു, തീര്‍ത്തും അപരിചിതമായ നഗരത്തില്‍ ഒറ്റയ്ക്ക്- കേപ്ടൗണ്‍ അനുഭവം

രണ്ടാം ഭാഗം -

കേപ് ടൗണ്‍ നഗരത്തിലൂടെയുള്ള രാത്രി നടത്തം ഭയത്തിന് വഴിമാറിയത് ആ സാന്‍വിച്ച്‌ 'മോഷ്ടിക്കാനുള്ള' എന്റെ ശ്രമമായിരുന്നു

മൂന്നാം ഭാഗം -

നാലാം ഭാഗം -

'കൊടുങ്കാറ്റിന്റെ മുനമ്ബ്'; ആഫ്രിക്കന്‍ വന്‍കര അവസാനിക്കുന്നത് ഇവിടെയാണ്


Next Story

Related Stories