TopTop
Begin typing your search above and press return to search.

കേപ് ടൗണ്‍ നഗരത്തിലൂടെയുള്ള രാത്രി നടത്തം ഭയത്തിന് വഴിമാറിയത് ആ സാന്‍വിച്ച് 'മോഷ്ടിക്കാനുള്ള' എന്റെ ശ്രമമായിരുന്നു

കേപ് ടൗണ്‍ നഗരത്തിലൂടെയുള്ള രാത്രി നടത്തം ഭയത്തിന് വഴിമാറിയത് ആ സാന്‍വിച്ച് മോഷ്ടിക്കാനുള്ള എന്റെ ശ്രമമായിരുന്നു

തീര്‍ത്തും അപരിചിതമായ നാട്ടില്‍ ആദ്യ രാത്രി തന്നെ ലക്ഷ്യമില്ലാത്ത നടത്തമാണ് ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നാട്ടില്‍ നിന്ന് ഗൂഗിള്‍ ചെയ്ത് മനസ്സില്‍ കുറിച്ചിട്ട ഏതോ ലക്ഷ്യ സ്ഥാനമാണ് എന്റെ മുന്നിലുള്ളത്. 2013 മുതല്‍ ഡല്‍ഹിയിലെ മാറി മാറി വരുന്ന കൊടും ശൈത്യവും അത്യുഷ്ണവും മുറതെറ്റാതെ സഹിച്ച അനുഭവ പരിചയം, കേപ്ടൗണിലെ ജൂലൈ മാസത്തെ താരതമ്യേനെ സുഖകരമായ തണുപ്പിനെ വളരെ ലാഘവത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്. അതിനാല്‍ തന്നെ ശക്തമായ തണുപ്പിനെ പ്രതിരോധിക്കാന്‍ ഉതകുന്ന മേല്‍ക്കുപ്പായമൊന്നും കൈയ്യില്‍ കരുതിയിരുന്നില്ല. ഡല്‍ഹിയിലെ നവംബര്‍ അവസാനത്തെ തണുപ്പിനെ പ്രതിരോധിക്കാനുള്ള അത്യാവശ്യം കട്ടിയുള്ള ഒരു ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും ജീന്‍സ് പാന്റുമായിരുന്നു വേഷം.

സതേണ്‍ സണ്‍ ഹോട്ടലില്‍ നിന്നിറങ്ങി ഇടത്തോട്ട് തിരിഞ്ഞ് ആദ്യം കണ്ട റോഡിന് വലത്തോട്ട് തിരിഞ്ഞ് വൃത്തിയായി സൂക്ഷിച്ച നിരത്തിന്റെ ഇടത് വശം ചേര്‍ന്ന് നടന്നു. സ്ട്രാന്‍ഡ് സ്ട്രീറ്റ് വഴിയാണ് ഞാന്‍ നടക്കുന്നതെന്ന് തെരുവ് ബോര്‍ഡുകള്‍ വ്യക്തമാക്കുന്നുണ്ട്. വഴിയില്‍ കാണുന്നവരോട് എല്ലാം ഏറ്റവും അടുത്തുള്ള പള്ളി ചോദിച്ചായിരുന്നു നടത്തം. അവിടെ എത്തിയാല്‍ സൗജന്യമായി പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ഒക്കുമെങ്കില്‍ ഇന്നത്തെ രാത്രി അവിടെ തങ്ങുകയുമായിരുന്നു എന്റെ ലക്ഷ്യം. പരമാവധി ഈ നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കുക എന്നതും മനസ്സില്‍ വച്ചിരുന്നതിനാല്‍ നടത്തത്തിന്റെ സ്പീഡ് നന്നെ കുറവായിരുന്നു.

നമ്മുടെ നാട്ടില്‍ പ്രധാന സ്ഥാപനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച യുവാക്കള്‍ ചില കെട്ടിടങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത് കാണാമായിരുന്നു. അവരായിരുന്നു ഏറെയും എന്റെ വഴികാട്ടികള്‍. നഗരത്തിന്റെ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ജീവനക്കാരാണ് ഇവര്‍. പബ്ലിക് സേഫ്റ്റി എന്ന് എഴുതിയ ജാക്കറ്റ് ധരിച്ച ഈ ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ മൂലകളില്‍ കാണാന്‍ കഴിഞ്ഞു. ഇവരില്‍ ചിലര്‍ വഴി പറഞ്ഞ് തന്നതിന് ശേഷം ഡോളര്‍ ചോദിക്കുന്ന അനുഭവവും ഉണ്ടായി. ടൂറിസ്റ്റുകളുടെ കയ്യിലുള്ള ഡോളര്‍ ആശ്രയിച്ചാണ് സാധാരണക്കാര്‍ മുതല്‍ പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വരെ ജീവിക്കുന്നതെന്ന് തോന്നിപ്പോകുന്ന ചില അലോസരമായ കാഴ്ചകള്‍ ഈ സുന്ദരമായ നഗരത്തിന്റെ ശാപമായി തോന്നി. നടത്തം പതുക്കെ ആയതിനാലും പകല്‍ രാത്രിക്ക് വഴിമാറിയതിനാലും തണുപ്പ് ശക്തമായി വരുന്നുണ്ട്. നടത്തം അല്‍പ്പം വേഗത്തിലാക്കി.

നഗരത്തിന്റെ രാത്രി കാഴ്ചകള്‍ ആസ്വദിച്ചുള്ള എന്റെ നടത്തം ഒരു ചെറിയ പോക്കറ്റടി ശ്രമത്തിലൂടെ ആശങ്കയ്ക്കും ഭയത്തിനും വഴിമാറി. എന്റെ എതിര്‍ ദിശയില്‍ സാന്‍വിച്ച് കഴിച്ചു കൊണ്ട് നടന്ന് വരികയായിരുന്ന ഇരുപതിനും ഇരുപ്പത്തിയഞ്ചിനും ഇടക്ക് പ്രായം തോന്നിക്കുന്ന അദ്ദേഹം എനിക്ക് വഴി പറഞ്ഞ് തരുന്നതിനിടയിലൂടെ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്നിരുന്ന മെബൈല്‍ ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയത് എന്നെ കുറച്ച് ഭയപ്പെടുത്തി. ഞാന്‍ പോക്കറ്റ് മുറുകെ പിടിച്ചതിനാല്‍ മൊബൈല്‍ തട്ടിപ്പറിച്ച് ഓടാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയം കണ്ടില്ല. മുഖാമുഖം നിന്ന് സംസാരിച്ച് കൊണ്ടിരുന്ന എന്റെ സമീപത്തേക്ക് കൂടുതല്‍ അടുത്തടുത്ത് നെഞ്ചിന്റെ ഭാഗത്തേക്ക് ഒട്ടി നിന്ന് സംസാരിക്കാനും അദ്ദേഹം എന്റെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് തിരിക്കാനും ശ്രമിച്ചു... അപ്പോഴേക്കും ഞാന്‍ എന്റെ പോക്കറ്റ് മൊബൈല്‍ ഫോണ്‍ അടക്കം പൊത്തി പിടിച്ചു. അതോടെ, അദ്ദേഹം... മൈ സാന്‍വിച്ച്, മൈ സാന്‍വിച്ച് എന്ന് പറഞ്ഞ്... എന്റെ അടുത്ത് നിന്ന് അകന്നു പോയി.. റോഡ് മുറിച്ച് കടന്നു വേറൊരു വഴിക്ക് വളരെ വേഗത്തില്‍ നടന്നു...

കുറച്ചു അപ്പുറത്തായി ഒരു കെട്ടിടത്തിന്റെ പുറത്ത് നില്‍ക്കുകയായിരുന്ന പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥന്‍ ഇത് ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തിന്റെ സമീപത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതോടെ, ആ ഉദ്യോഗസ്ഥന്‍ എന്നെ അനുഭാവ പൂര്‍വ്വം കേള്‍ക്കുകയും റോഡ് മുറിച്ച് കടന്ന് വേഗത്തില്‍ പോകാന്‍ ശ്രമിക്കുന്ന ആ യുവാവിനെ ഞങ്ങളുടെ അടുത്തേക്ക് വിളിക്കുകയും ചെയ്തു. അദ്ദേഹം അനുസരണയോടെ ആ സുരക്ഷ ഉദ്യോഗസ്ഥന്റെ വിളിക്ക് ഉത്തരം നല്‍കി ഞങ്ങളുടെ സമീപത്തേക്ക് വന്നു. അവര്‍ ഇരുവരും ആഫ്രിക്കന്‍ ഭാഷയില്‍ സംസാരിച്ചതിനാല്‍ സാന്‍വിച്ച് എന്ന വാക്ക് മാത്രമാണ് എനിക്ക് മനസ്സിലായത്. ഞാന്‍ അദ്ദേഹത്തിന്റെ പകുതി ഭക്ഷിച്ച സാന്‍വിച്ച് തട്ടി എടുക്കാന്‍ ശ്രമിച്ചു എന്നായിരിക്കും ആ യുവാവ് ഒരു പക്ഷെ, സുരക്ഷ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ടാവുക എന്ന് ഞാന്‍ മനസ്സിലാക്കി. ഏതായാലും വളരെ രൂക്ഷമായ രീതിയിലാണ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് സംസാരിക്കുന്നത്. ആ യുവാവ് മദ്യപിക്കുകയൊ മാനസിക വെല്ലുവിളി നേരിടുന്ന ആളൊ ആയിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹം എനിക്ക് വഴി പറഞ്ഞ് തരുമ്പോള്‍ ആടിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കണം ഉദ്യോഗസ്ഥന്‍ വിളിച്ചപ്പോള്‍ ഒരു അനുസരണയുള്ള പൗരനെ പോലെ അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നത്. അദ്ദേഹത്തെ പറഞ്ഞയച്ച ഉദ്യോഗസ്ഥന്‍ എന്നോട് ക്ഷമ പറഞ്ഞു. അയാള്‍ ചൂണ്ടിക്കാട്ടിയ ദിശയിലേക്ക് ഞാന്‍ വീണ്ടും നടന്നു.

ഇപ്പോള്‍ എന്റെ നടത്തത്തിന് കൂടുതല്‍ വേഗത കൈവന്നിരിക്കുന്നു. കാല്‍നട യാത്രക്കിടെ മാമ ആഫ്രിക്ക എന്ന് എഴുതിയ റെസ്റ്ററാന്റ് കണ്ടു. പേരിലെ കൗതുകം കൊണ്ട് മനസ്സില്‍ കുറിച്ചിട്ട് ഞാന്‍ യാത്ര തുടര്‍ന്നു. 178 ലോങ് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ഈ റെസ്റ്ററാന്റില്‍ പിന്നെയും ഒരു ദിവസം കഴിഞ്ഞ് ജര്‍മ്മന്‍ സുഹൃത്തായ ലാ ക്രിറ്റ്സോലിനയുമൊത്ത് വന്ന് ഭക്ഷണം കഴിച്ചു. അപ്പോഴാണ് അറിഞ്ഞത്, വന്യ മൃഗങ്ങളുടെയും പക്ഷികളുടെയും എല്ലാം ഇറച്ചികള്‍ ഇവിടെ ലഭ്യമാണെന്ന്. മുതല, ഒട്ടക പക്ഷി, ആഫ്രിക്കന്‍ കാട്ടുപന്നി, കലമാന്‍... തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ഇത്തരം ഭക്ഷണ ശാലകളില്‍ എല്ലാം ലൈവ് സംഗീത പരിപാടികളും ആഫ്രിക്കന്‍ കലാ കായിക പ്രകടനങ്ങളും ആസ്വദിക്കാനും അവസരമുണ്ട്. മുന്നോട്ടുള്ള വഴിയില്‍ പിന്നെ എന്നെ കാത്തിരുന്നത്. ചില കെട്ടിടങ്ങള്‍ക്ക് മുന്നില്‍ സിഗരറ്റും പുകച്ച് ചമഞ്ഞൊരുങ്ങി നിന്നിരുന്ന യുവതികളായിരുന്നു. ഒന്നു രണ്ടു ഹല്ലൊ, ഹായ്... വിളികള്‍ക്ക് ഞാന്‍ തിരിഞ്ഞ് നോക്കി. പിന്നീട് അവയും എന്റെ മനസ്സില്‍ ഭയമാണ് വിതച്ചത്.

സ്ഥിതിവിവരക്കണക്കനുസരിച്ച്, ഇതൊരു അപകടകരമായ നഗരമാണ്, പക്ഷേ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ക്ക് അവരുടെ സന്ദര്‍ശനവേളയില്‍ കുറ്റകൃത്യങ്ങള്‍ ബാധിച്ചിട്ടില്ല. കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ജാഗ്രത പാലിക്കുക, ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നുള്ളതാണ്. രാത്രിയില്‍ ചുറ്റിനടക്കരുതെന്നതാണ് കേപ്ടൗണ്‍ വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്ന നിര്‍ദേശം. ഇവിടത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇരുട്ടിനുശേഷം വളരെ ഉയര്‍ന്നതാണ്. ഈ സമയത്ത് അലഞ്ഞുതിരിയുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ് വിനോദ സഞ്ചാരികള്‍ക്ക് ടൂറിസം വകുപ്പ് നല്‍കുന്ന നിര്‍ദേശം. ടൂറിസം തന്നെയാണ് നഗരത്തിലെ പ്രധാന വരുമാന മാര്‍ഗം.

പള്ളി തിരക്കിയുള്ള എന്റെ യാത്ര ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ നടത്തം ഒരു കൊച്ചു ഡോര്‍മെട്രി ഹോട്ടലിന് മുന്‍പില്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായത്, ആ സാന്റ് വിച്ച് 'മോഷ്ടിക്കാനുള്ള' എന്റെ ശ്രമമായിരുന്നു. പള്ളി തേടി അലഞ്ഞ് അവസാനം സാന്റ് വിച്ച് മോഷ്ടാവായും നിശാ സുന്ദരികളുടെ ഹല്ലോ, ഹായ് വിളികള്‍ പോലും അലോസരവും ഭയവും സൃഷ്ടിക്കുന്ന മാനസികാവസ്ഥയിലുമായിരുന്നു ഞാന്‍. അലഞ്ഞ് തിരിഞ്ഞ് ഞാന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്, എനിക്ക് നാളെ മുതല്‍ താമസിക്കാനുള്ള സതേണ്‍ സണ്‍ ഹോട്ടലിന് സമീപത്ത് നിന്ന് ഏകദേശം അഞ്ഞൂറ് മീറ്ററില്‍ താഴെ മാത്രം ദൂരെയുള്ള ഒരു കൊച്ചു ഹോട്ടലിലാണ്. ഒരു കെട്ടിടത്തിന്റെ ഇടുങ്ങിയ ഗോവണി പടികള്‍ കയറി ഒന്നാം നിലയിലാണ് ഹോട്ടല്‍. ഹോട്ടലിന് പ്രത്യേകിച്ച് പേരൊന്നുമില്ല. ഡോര്‍മെട്രി എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്.

ഇപ്പോള്‍ രാത്രി എട്ടു മണിയായിരിക്കുന്നു. സിംബാബ്വെകാരനായ ഒരു യുവാവാണ് ഈ ഹോട്ടലിന്റെ റിസപ്ഷനില്‍ ഇരിക്കുന്നത്. കാര്യങ്ങള്‍ എല്ലാം പറഞ്ഞുറപ്പിച്ചു. നമ്മുടെ നാട്ടിലെ ഒരു ബെഡ് റൂം വലിപ്പിത്തിലുള്ള മുറിയില്‍ രണ്ടു തട്ടുള്ള നാലു കട്ടിലുകളിട്ട ഒരു മുറിയാണ് അദ്ദേഹം എനിക്ക് കാണിച്ചു തന്നത്. ഇതാണ് ഈ ഹോട്ടലിലെ ഡോര്‍മെട്രി... ഇതിലെ ഒരു കട്ടിലില്‍ രാവിലെ ആറു മണി വരെ താമസിക്കാന്‍. 200 റാന്‍ഡാണ് വാടക. ഇന്ത്യന്‍ രൂപയില്‍ 1100 രൂപയോളം വരും. എന്തായാലും ഇവിടെ താമസിക്കാമെന്ന് തീരുമാനിച്ച്, മുറി എടുത്തു. കൈയ്യിലുണ്ടായിരുന്ന ഗൂഗിളിന്റെ ക്രോം ബുക്ക് ലാപ് ടോപ്പ് ബാക്ക് പാക്കിലുണ്ടായിരുന്നതിനാല്‍ ബാക്ക് പാക്കും ഞാനും ബ്ലാങ്കറ്റിനുള്ളില്‍ തന്നെ കിടന്നുറങ്ങി. ധരിച്ച ജീന്‍സും ഷര്‍ട്ടുമൊന്നും മാറാതെയായിരുന്നു കിടത്തം. കാലത്ത് ആറു മണിയായാല്‍ എണീറ്റ് കേപ് ടൗണ്‍ ചുറ്റി കറങ്ങണമെന്നായിരുന്നു ഉദ്ദേശം.

ജൂലൈ 16 പൂര്‍ണമായും 17 വൈകുന്നേരം അഞ്ചു മണി വരെയും വിക്കിമാനിയയുമായി ബന്ധപ്പെട്ട് എനിക്ക് പ്രത്യേകിച്ച് ഒരു ഷെഡ്യൂളുമില്ല. 17ന് വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണിവരെ സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിലെ പ്ലീനറി ഹാളില്‍ ഞങ്ങളുടെ ഹാപ്പി ഔര്‍ ( സന്തോഷ മണിക്കൂര്‍) ആണ്. അതിന് മുന്‍പായി കേപ് ടൗണ്‍ പരമാവധി തനിച്ച് ചുറ്റിക്കാണുക എന്ന് തീരുമാനിച്ച് ഉറങ്ങാന്‍ കിടന്നു. ഉറക്കം ഡോര്‍മെട്രിയിലായതിനാല്‍ തീരെ സുരക്ഷിത ബോധമൊ പൂര്‍ണമായ മനസ്സമാധാനത്തോടെയൊ ആയിരുന്നില്ല ഉറങ്ങാന്‍ കിടന്നത്. എന്തായാലും രണ്ടു മണിക്കൂര്‍ നേരം അപരിചമായ നഗരത്തില്‍ കാല്‍ നടയായി ചുറ്റി കറങ്ങിയതിന്റെ ക്ഷീണത്തില്‍ എപ്പോഴോ കണ്ണ് അടച്ചു. കാലത്ത് ഏഴു മണിക്ക് ശേഷമാണ് ഉണര്‍ന്നത്. ഹോട്ടലിലെ പൊതു ബാത്ത് റൂമില്‍ നിന്ന് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് ഫ്രഷായി റിസപ്ഷനിലുണ്ടായിരുന്ന യുവാവുമായി വേഗത്തില്‍ സൗഹൃദത്തിലായി. അദ്ദേഹം കേപ്ടൗണ്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളെ കുറിച്ചും മറ്റും നല്ല സുന്ദരമായ ഇംഗ്ലീഷില്‍ പറഞ്ഞ് തന്നു.

ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ ടേബിള്‍ മൗണ്ടേന്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ലയണ്‍സ് ഹെഡ് മല വളരെ അടുത്തായി കാണാമായിരുന്നു. ( ടേബിള്‍ മൗണ്ടേനും സിഗ്‌നല്‍ ഹില്ലിനും ഇടയിലാണ് ലയണ്‍സ് ഹെഡ് സ്ഥിതി ചെയ്യുന്നത്.) സമുദ്ര നിരപ്പില്‍ നിന്നും 669 മീറ്റര്‍ (2,195 അടി) ഉയരത്തിലാണ് ലയണ്‍സ് ഹെഡ് സ്ഥിതിചെയ്യുന്നത്. കേപ് ടൗണ്‍ നഗരത്തിന് ഒരു നാടകീയമായ പശ്ചാത്തലമാണ് ഈ കൊടുമുടി ഒരുക്കുന്നത്. ലയണ്‍സ് ഹെഡ്ഡിന്റെയും സിഗ്‌നല്‍ ഹില്ലിന്റെയും ചുറ്റും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളാണ്. ലയണ്‍സ് ഹെഡ്ഡിന്റെ സമീപത്തുള്ള ബോ-കാപ്പ് (മലായ് ക്വാര്‍ട്ടര്‍ എന്നാണ് ഇതിന്റെ പഴയ പേര്) പ്രദേശത്ത് ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗമായ കേപ് മലായ് വിഭാഗങ്ങളാണ് ചരിത്രപരമായി താമസിച്ച് വരുന്നത്. കടും നിറങ്ങള്‍ കൊണ്ട് അലങ്കരിച്ച വീടുകള്‍ക്കും ഉരുളന്‍ കല്ലുകള്‍ക്കും പേരു കേട്ട പ്രദേശമാണ് ബോ-കാപ്പ്. പരമ്പരാഗതമായി സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ ഒരു പ്രദേശമാണിത്. ജനസംഖ്യയുടെ 60 ശതമാനത്തോളം മുസ്ലിംകളാണ് ഇവിടെ താമസിക്കുന്നത്.

രാവിലെ എട്ടു മണിയോടെ ഹോട്ടലില്‍ നിന്നിറങ്ങി, ബാക്ക് പാക്കും തൂക്കി ബോ-കാപ്പിലെ വിവിധ വര്‍ണങ്ങളിലുള്ള കൊച്ചു കൊച്ചു ടെറസ് വീടുകളുടെ ഇടയിലൂടെ നടന്നു. എല്ലാം റോഡുകളും ചെറിയ ചെറിയ ഭംഗിയുള്ള ഉരുളന്‍ കല്ലുകള്‍ പാകിയതും കയറ്റിറക്കങ്ങളും വളവും തിരിവും ഉള്ളവയുമാണ്. നിരവധി സഞ്ചാരികളാണ് ദിവസവും ഈ പ്രദേശത്ത് എത്തുന്നത്. നിരത്തുകള്‍ മുഴുവന്‍ വളരെ വൃത്തിയോടെയാണ് ഇവിടത്തുകാര്‍ കാത്തു സൂക്ഷിക്കുന്നത്. ഈ വീടുകളുടെ എല്ലാം ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ട് നടക്കുന്ന നിരവധി സഞ്ചാരികളെ ഇവിടെ കാണാന്‍ സാധിച്ചു. ചില വീടുകള്‍ക്ക് മുന്‍പില്‍ കരകൗശല വസ്തുക്കള്‍ വില്‍പ്പന വെച്ചിരിക്കുന്നു. ഒരു കൂള്‍ ഡ്രിങ്ക്സ് കുടിക്കാമെന്ന് കരുതി മുന്നില്‍ കണ്ട ഒരു കടയില്‍ കയറി. ഇംഗ്ലീഷില്‍ തുടങ്ങിയ കുശലാന്വേഷണങ്ങള്‍ ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഹിന്ദിയിലാണ് സമാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഒരു കുടുംബത്തിന്റേതാണ് ഈ കട. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരുടെ പിന്‍മുറക്കാരെ കേപ് ടൗണിലെ വിവിധ പ്രദേശങ്ങളില്‍ വെച്ച് കണ്ടുമുട്ടി.

തുടരും...

ആദ്യ ഭാഗം വായിക്കാം -

പുറത്ത് നല്ല തണുപ്പായിരുന്നു, തീര്‍ത്തും അപരിചിതമായ നഗരത്തില്‍ ഒറ്റയ്ക്ക്- കേപ്ടൗണ്‍ അനുഭവം

Next Story

Related Stories