TopTop
Begin typing your search above and press return to search.

'ദൈവം അയച്ച മാലാഖ ആവും.. അവളുടെ പിന്നാലെ പോയി. അതേ, അത് ഒരു സ്വര്‍ഗം തന്നെ.. അപ്‌സരസുകളുടെ ലോകം'

ദൈവം അയച്ച മാലാഖ ആവും.. അവളുടെ പിന്നാലെ പോയി. അതേ, അത് ഒരു സ്വര്‍ഗം തന്നെ.. അപ്‌സരസുകളുടെ ലോകം

വിമാനം ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തില്‍ (John F Kennedy International Airport) രാവിലെ എട്ട് മണിക്ക് തന്നെ ആ 'മാന്ത്രികനഗര'ത്തില്‍ പറന്നിറങ്ങി, വീലുകള്‍ നിലം തൊട്ടപ്പോള്‍ തന്നേയ് കോഴി കൂടിന്റെ കൊളുത്തു എടുക്കുന്ന മാതിരി സീറ്റ് ബെല്‍റ്റ് ഊരുന്ന ശബ്ദവും, കൂടെ കലപില വര്‍ത്തമാനങ്ങളും വിമാനത്തില്‍ നിറഞ്ഞു. ഹൈവേയില്‍ കാറ് പോകുന്നതുപോലെ, റണ്‍വേയും കഴിഞ്ഞ് വിമാനം ഒരു പത്തുമിനിറ്റോളം ഓടി ടെര്‍മിനലില്‍ എത്തി. എട്ടോളം ടെര്‍മിനല്‍ ഉള്ള ഒരു വലിയ വിമാനത്താവളം ആണ് ജെഎഫ്‌കെ. അപ്പോളേക്കും സീറ്റില്‍ നിന്നും ഞാന്‍ ഉള്‍പ്പടെ യാത്രികര്‍ ചാടി എണിറ്റു ബാഗ് എടുത്തു തള്ളിച്ച തുടങ്ങി.. പിന്നെയും 15 മിനിറ്റ് കഴിഞ്ഞാണ് ഡോര്‍ തുറന്ന് കിട്ടിയത്.

ഞാന്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രോങിനെ പോലെ വികാര നിര്‍ഭരനായി അമേരിക്കന്‍ മണ്ണിലേക്കു കാല് കുത്തി ഇറങ്ങി. ചുറ്റും മഞ്ഞിന്‍ പുതപ്പണിഞ്ഞു കിടക്കുകയാണ്, ആകാശം മേഘാവൃതം ആണ്. സമയം 8:45 ആയിരിക്കുന്നു അബുദാബിയില്‍ നിന്നും കയറിയ അതെ ദിവസം തന്നേ 15 മണിക്കൂര്‍ യാത്ര ചെയ്തെങ്കിലും എനിക്കു വലിയ സമയ നഷ്ടം ഉണ്ടായില്ല. ഗേറ്ററില്‍ നിന്നും ആള്‍ക്കൂട്ടത്തിനു പിന്നാലെ വച്ച് പിടിച്ചു എത്തി നിന്നതു ബാഗേജ് കോണ്‍വെയര്‍ ഹാളില്‍ ആണ്. ഇവിടെ ചിലപ്പോ ബാഗ് എടുത്തിട്ടാവും ബാക്കി ചെക്കിങ് ഇന്ന് രാവിലത്തെ ചെക്കിങ്ങിന്റെ ക്ഷീണം തീര്‍ന്നിട്ടില്ല.

അവസാനം ബാഗ് വന്നു, അതും എടുത്തു മുന്നോട്ടു നടന്നു ചെന്ന് നിന്നതു ടാക്‌സി നിരയായി കിടക്കുന്ന ഒരു ഡോറിനു മുന്നില്‍. പെട്ടന്നു മനസ്സില്‍ ഒരു തീ കത്തി ഇമ്മിഗ്രേഷന്‍ ഇല്ലാതെ പുറത്തു ചാടിയതിന് അമേരിക്കന്‍ പോലീസ് പിടിക്കുമല്ലോ..? ചുറ്റും നോക്കി പോലീസ് ഇല്ല വന്ന വഴിയേയ്, വാണം വിട്ട പോലെ തിരിഞ്ഞോടി ബാഗ്ഗജ് ഹാളില്‍ എത്തി. അപ്പോളേക്കും ക്യാബിന്‍ ക്രൂ എത്തി, നമ്മുടെ ജെറ്റ് ക്രൂവിനോട് ചോദിച്ചു ഇമ്മിഗ്രേഷന്‍ എവിടേ എന്ന്? ബോര്‍ഡിങ് പാസും പാസ്സ്‌പോര്‍ട്ടും നോക്കിട്ടു അവര്‍ പറഞ്ഞു അതൊക്കെ അവിടെ കഴിഞ്ഞല്ലോ എന്ന്.. അപ്പോള്‍ ആണ് ഞാന്‍ ആ സ്റ്റാമ്പ് നോക്കിയത്.

Entry Permitted , valid to stay till...(date). ആഹാ കൊള്ളാമല്ലോ 6 മാസം കഴിഞ്ഞുള്ള തീയതി. മനസ്സില്‍ ഒരു ലഡു പൊട്ടി പെട്ടന്നു ഒരുപാട് ചിന്തകള്‍ മനസ്സില്‍ ഓടി വന്നു പാസ്‌പോര്‍ട്ട് കളഞ്ഞിട്ടു ഇവിടെ കൂടിയാലോ എന്ന് വരെ തോന്നി. എന്തായാലും 2-3 ദിവസം താമസിക്കാന്‍ ഉള്ള ഹോട്ടല്‍ ബുക്കിംഗ് ഉണ്ട്. അവിടെ ചെക്ക് ഇന്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട് വേണം അത് കഴിഞ്ഞു ഒരു സമഗ്ര പ്ലാന്‍ തയ്യാറാക്കണം എന്ന് ചിന്തിച്ചുകൊണ്ട് ക്രൂവിനൊപ്പം നടന്നു പുറത്തു എത്തി. നല്ല അസഹ്യമായ തണുപ്പ്. 5 ഡിഗ്രി ആണ് ടെമ്പറേച്ചര്‍. ആദ്യമായി ആണ് ഇത്ര മരം കോച്ചുന്ന തണുപ്പും കാറ്റും കൊള്ളുന്നത്.

എവറസ്റ്റ് കീഴടക്കിയ ഹിലാരിയെ പോലെ തണുത്തു വിറച്ചു നില്‍കുമ്പോള്‍ ഒരു മഞ്ഞു മലയും വഹിച്ചുകൊണ്ട് ഒരു മഞ്ഞ ടാക്‌സി ക്യാബ് വന്നു നിന്നു. ഒരു കറുത്ത വംശജനായിരുന്നു ഡ്രൈവര്‍ നല്ല ഉയരവും താടിയും ഉള്ള ആള്. ഡ്രൈവറുടെ കൈയിലേക്ക് ഹോട്ടല്‍ ബുക്കിങ് കൊടുത്തു, ഞാന്‍ പിന്നിലെ സീറ്റില്‍ കേറി. നല്ല നീളം ഉള്ള ഫോര്‍ഡ് കാര്‍ ആയിരുന്നു. ഡ്രൈവറും യാത്രികനും തമ്മില്‍ ഫൈബര്‍ ഗ്ലാസ് പാര്‍ട്ടീഷന്‍ ഉണ്ട്. ഡോളര്‍ കൊടുക്കാന്‍ ഒരു ചെറിയ വിന്‍ഡോ ഉണ്ട്. കൂടാതെ കാര്‍ഡ് സൈ്വപറും ഉണ്ട്. ഞാന്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മന്‍ഹാട്ടന്‍ എന്ന സ്ഥലത്താണ്. ആദ്യമായി ലോകം കണ്ട കുട്ടിയെ പോലെ അത്ഭുതസപ്തനായി ജാലകത്തിലൂടെ പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു.

മുപ്പത് കി.മീ ഓളം ഓടി കാര്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ പറഞ്ഞ ഡോളര്‍ കൊടുത്തു. അത് മീറ്ററില്‍ കണ്ട സംഖ്യ തന്നേയ് ആയിരുന്നു: അയാള്‍ സന്തോഷത്തോടെ നന്ദി പറഞ്ഞു യാത്രയായി. ഒരു പഴയ കെട്ടിടം ആണ് ഹോട്ടല്‍. ഹോട്ടലിലെ പെണ്‍കുട്ടി എന്നേ കാത്തിരിക്കുവായിരുന്നു എന്ന മട്ടില്‍ ആണ് സ്വീകരിച്ചത്. സാമാന്യം വലിപ്പം ഇല്ലാത്ത പ്രാകൃതമായ റൂം ആണ് കിട്ടിയത്. നഗരത്തിന്റെ പളപളപ്പ് ഒന്നും മുറിക്കില്ല. ഹീറ്റര്‍ ഉപയോഗിച്ചു ചൂടാക്കി നിര്‍ത്തിയിട്ടുണ്ട്. ആ ചൂടിന്റെ ആലസ്യത്തില്‍ ഒന്ന് മയങ്ങാം എന്ന് ഉറപ്പിച്ചു, ജാലകത്തിലൂടെ ആ നഗരത്തിന്റെ വശ്യത സ്വപ്നത്തില്‍ ആക്കി കണ്ണടച്ചു.

ഉണര്‍ന്നു എണീറ്റപ്പോളെക്കും സമയം അഞ്ചു മണി ആയി. ഫ്‌ലൈറ്റില്‍ നിന്നും മോഷ്ടിച്ച ഒരു ആപ്പിളും ജ്യൂസും ബാഗില്‍ നിന്നും എടുത്തു സാപ്പിട്ടു പുറത്തോട്ട് ഇറങ്ങാനുള്ള വട്ടം കൂട്ടി. പുതിയ നഗരത്തിലേക്ക് ഇറങ്ങാന്‍ ഒരു നാണം.. അതോ പേടിയോ? ഒന്ന് പഠിച്ചിട്ടു ഇറങ്ങാം എന്ന് വച്ചു. റിസപ്ഷനില്‍ നിന്നും കൈക്കലാക്കിയ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡും മാപ്പും ഒക്കെ വച്ച് പഠിച്ചിട്ടു 2 ദിവസത്തെ പ്ലാന്‍ തയ്യാറാക്കി. പിന്നെ അടുത്തത്, ഒരു ചൂട് കട്ടന്‍ ചായ കിട്ടുമോ എന്നതായിരുന്നു. പതിയെ പുറത്തേക്കിറങ്ങി.

തണുപ്പ് കൂടിയിട്ടുണ്ട്, അസഹനീയം.. മൂന്നുസെറ്റ് ഡ്രസ്സ് ധരിച്ചെങ്കിലും കൈ ഉറയും മങ്കി ക്യാപ് ഇല്ലാത്തത് ഒരു കുറവായി തോന്നി. മുഖത്തു തണുത്ത കാറ്റു അടിച്ചിട്ട് താടിയെല്ലുകള്‍ വിറക്കുന്നു മുഖത്തു സൂചി കുത്തുന്നപോലെ തോന്നുന്നു തല മരവിച്ചു വേദനിക്കുന്നു. പെട്ടന്ന് തന്നേ അടുത്ത് കണ്ട ഷോപ്പില്‍ നിന്നും ഞാന്‍ മങ്കി ക്യാപ്പും ഹാന്‍ഡ് ഗ്ലോവേസും വാങ്ങി ധരിച്ചു. ചെറിയൊരാശ്വാസം തോന്നുന്നു ഇവിടുത്തുകാര്‍ ഞാന്‍ ഇട്ടിരിക്കുന്നതിന്റെ പകുതി ഡ്രസ്സ് ഇട്ടിട്ടില്ല അവരുടെ തൊലിക്കട്ടി സമ്മതിക്കണം.

എന്റെ ലക്ഷ്യം അവിടെയുള്ള ടൈം സ്‌ക്വയര്‍ ആണ്. അതിനു മുന്‍പ് ചായ പരിപാടി നോക്കണം. മുന്നിലുള്ള സ്ട്രീറ്റില്‍ മാക്, കെഎഫ്‌സി എന്നിവയുടെ വലിയ ഷോപ്പുകള്‍ ഒരു കെട്ടിടത്തിന്റെ മൂന്ന് നാലു നിലകളിലായി വിശാലമായി കിടക്കുന്നു. മാകില്‍ നിന്നും ഒരു ബീഫ് ബര്‍ഗര്‍ മീല്‍ ഫോട്ടോ തൊട്ടു കാണിച്ചു. അതി സുന്ദരിയായ ഒരു കറുമ്പി പെണ്‍കുട്ടി ആണ് ഓര്‍ഡര്‍ എടുത്തത്. ഓര്‍ഡര്‍ തീര്‍ന്നു പൈസ കൊടുത്തപ്പോളെക്കും സാധനം കയ്യില്‍ കിട്ടി. ഭയങ്കര വേഗത ആണ്, ഞാന്‍ കാണിച്ചു തുടങ്ങിമ്പോളേക്കും അവള്‍ പാക്കിങ് സ്റ്റാര്‍ട്ട് ചയ്തു തുങ്ങിയിരുന്നു.

ആ ചൂട് ബര്‍ഗറും കഴിച്ചും തെരുവിലേക്കിറങ്ങി ടൈം സ്‌ക്വയര്‍ ലക്ഷ്യം ആക്കി നടന്നു. ചുറ്റും സുന്ദരികളായ മദാമ്മമാര്‍ പോകുന്നുണ്ടെങ്കിലും ആ തണുപ്പ് എന്നെ പിടിച്ചു വരിഞ്ഞു മുറുക്കി. ഒന്നും ആസ്വദിക്കാന്‍ കഴിയണില്ല. ടൈം സ്‌ക്വയര്‍ വേണമെങ്കില്‍ സൂര്യന്‍ അസ്തമിക്കാത്ത തെരുവ് എന്ന് പറയാം. ചുറ്റും അംബരചുംബികള്‍.. അതില്‍ മൊത്തം പരസ്യ ബോര്‍ഡുകള്‍, അതില്ലെല്ലാം പ്രകാശസ്തംഭങ്ങള്‍. ചുറ്റിലും പ്രകാശപൂരിതം.. ആളൊഴിഞ്ഞ നേരമില്ല ഇവിടെ, നഗരത്തില്‍ ടൂറിസ്റ്റുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാനും ആള്‍കൂട്ടത്തില്‍ തനിയെയ നടന്നു.

ഇംഗ്ലീഷ് സിനിമയില്‍ നിന്നും ഇറങ്ങി ഓടി വന്ന കഥാപാത്രങ്ങള്‍, സംഗീതജ്ഞര്‍, വാദ്യോപകരണക്കാര്‍, മജിഷ്യന്‍സ്, പൊയ്ക്കാല്‍ മനുഷ്യര്‍, അര്‍ദ്ധനഗ്‌നരായ സുന്ദരികള്‍.. ഏതു സിനിമയിലെ ആണെന്ന് അറിയില്ല.. കൂടെ നിന്ന് പടം എടുത്താല്‍ കാശ് കൊടുക്കണം. എല്ലാം ഉപജീവന്‍മാര്‍ഗം ആണ്. ഒരു ഉത്സവപ്പറമ്പിന്റെ കോലാഹലം ആണ്. ഈ തെരുവിലൂടെ നടന്നു പോകുമ്പോള്‍ നമ്മുടെ മുഖം ചില എല്‍.ഇ.ഡി ബോര്‍ഡില്‍ തെളിയും. അമേരിക്കന്‍ പതാകകളും ഇടക്കിടയ്ക്ക് ബോര്‍ഡില്‍ തെളിയും. അതിലും രസകരമായി തോന്നിയത് തെരുവ് കലാകാരന്‍മാരുടെ ഷര്‍ട്ടിലും ട്രൗസേര്‍ലും, തൊപ്പിയിലും, ബ്രായിലും, ജെട്ടിയിലും വരെ നീണ്ടു നില്‍ക്കുന്ന രാജ്യസ്‌നേഹം ആണ്.

അങ്ങനെ ആ മായിക ലോകത്തിലൂടെ ഫാദര്‍ ദഫി സ്‌ക്വാര്‍ വരെ എത്തി. ഫാദര്‍ ദഫി (Father Duffy) ഒരു വൈദികനും പട്ടാളക്കാരനും ആയിരുന്നു. അവിടുത്തെ ചുവപ്പു പടവുകള്‍ക്കു മുന്നില്‍ ഫാദര്‍ ദഫി യുടെ ഒരു പൂര്‍ണകായ പ്രതികകാണാം. ആ പടവില്‍ നിന്നും കുറച്ചു സെല്‍ഫി എടുത്തു നിക്കുമ്പോള്‍ ആണ് ഒരു സുന്ദരി വന്നു എന്തോ ചോദിക്കുന്നു.. വീണ്ടും ചോദിച്ചപ്പോള്‍ മനസിലായി ഇവിടെ അടുത്ത് ഡ്രിങ്ക്‌സ് കിട്ടുന്ന നല്ല സ്ഥലം ഉണ്ടെന്ന്.. അതു കൊള്ളാമല്ലോ ദൈവം അയച്ച മാലാഖ ആവും, എന്നെ സഹായിക്കാന്‍.. എന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ടു അവളുടെ പിന്നാലെ പോയി. ഒരു പത്ത് അടി മുന്നില്‍ ചെന്നപ്പോള്‍ ആ മാലാഖ എന്നെ മറ്റൊരു പയ്യനെ ഏല്പിച്ചു. ആ.. പഷ്ട്! അവന്‍ ഇതുപോലെ നാലു പേരെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്.

അവന്‍ ഷേക്ക് ഹാന്‍ഡ് തന്നു പറഞ്ഞു- 'ഞാന്‍ ഗബ്രിയേല്‍..', ഞാന്‍ ഉറപ്പിച്ചു ഇവനാണ് ആ ഗബ്രിയേല്‍ മാലാഖ എന്ന്.. ഞങ്ങളെ 5 പേരെയും കൂട്ടി സ്വര്‍ഗ്ഗത്തിലേക് എന്ന പോലെ പല ഇടുങ്ങിയ തെരുവുകളും നടത്തിച്ചുക്കൊണ്ടുപോയി ഗബ്രിയേല്‍ മാലാഖ. ഒരു പബ്ബിനു മുന്നില്‍ എത്തിയപ്പോഴാണ് ആ മാലാഖന്‍ നിന്നത്. ബ്ലൂ ഹെവന്‍ പബ്.. പാസ്‌പോര്‍ട്ട് വാങ്ങി എന്‍ട്രി അടിച്ചു അകത്തു കയറ്റി. അതേ, അത് ഒരു സ്വര്‍ഗം തന്നേ.. അപ്‌സരസുകളുടെ ഒരു സ്വര്‍ഗ്ഗലോകം തന്നെ ആണ് അവിടെ കാത്തിരുന്നത്. സ്വര്‍ഗ്ഗത്തിലെ രഹസ്യം പുറത്തു പറഞ്ഞാല്‍ ദൈവകോപം ഉണ്ടാവും അതിനാല്‍ ഇവിടെ നിര്‍ത്താം.


Next Story

Related Stories