TopTop
Begin typing your search above and press return to search.

സന്ദര്‍ശനത്തിനിടെ കൊറോണ ബാധിച്ചാല്‍ സഞ്ചാരികള്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കും!

സന്ദര്‍ശനത്തിനിടെ കൊറോണ ബാധിച്ചാല്‍ സഞ്ചാരികള്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കും!

ഇപ്പോള്‍ പല രാജ്യങ്ങളും കൊറോണ വൈറസ് ബാധയാല്‍ തകര്‍ന്ന ടൂറിസം മേഖല പുന:സ്ഥാപിക്കാനുള്ള നടപടികളിലാണ്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പല ഓഫറുകളും മുന്നോട്ടുവച്ചാണ് ഈ രാജ്യങ്ങളുടെ പ്രചരണം. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാന്‍. രാജ്യത്തിനകത്തുള്ള സന്ദര്‍ശനത്തിനിടെ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധയേറ്റാല്‍ 3000 ഡോളര്‍ (ഏകദേശം 2,26,884 രൂപ) നല്‍കും എന്നാണ് ഉസ്‌ബെക്കിസ്ഥാന്റെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫര്‍.

രാജ്യത്ത് കോവിഡ് രോഗബാധിതനായ ഒരാള്‍ക്ക് ചികിത്സയ്ക്കായുള്ള ശരാശരി തുക 3000 ഡോളറായിരുന്നു. ഈ തുകയാണ് നഷ്ടപരിഹാരമായി നല്‍കുക. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 'സേഫ് ട്രാവല്‍ ഗ്യാരന്റീഡ്' (Safe Travel Guaranteed) ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ പ്രസിഡന്റ് ഷാവ്കത് മിര്‍സിയോയേവ് ചൊവ്വാഴ്ച്ച തന്നെ ഒപ്പുവച്ചിരുന്നു. മുപ്പത്തിമൂന്ന് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഉസ്‌ബെക്കിസ്ഥാനില്‍ ഇതുവരെ 7228 കോവിഡ് പോസിറ്റീവ് കേസുകളും 20 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സഞ്ചാരികള്‍ക്ക് ഉസ്‌ബെക്കിസ്ഥാനിലേക്ക് കോവിഡ് ഭീതി കൂടാതെ ധൈര്യപൂര്‍വം വരാമെന്നതിന് ഉറപ്പുനല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് യുകെയിലെ ഉസ്‌ബെക്കിസ്ഥാന്‍ ടൂറിസം അംബാസഡര്‍ സോഫി ഇബ്ബോട്ട്‌സണ്‍ പ്രതികരിച്ചിരിക്കുന്നത്. 'രാജ്യത്തെ ടൂറിസം മേഖലയിലുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ സുരക്ഷാ, ശുചിത്വ നടപടികള്‍ സഞ്ചാരികളെ കോവിഡില്‍ നിന്ന് സംരക്ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഉസ്‌ബെക്കിസ്ഥാനിലെ യാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കും' എന്നും സോഫി വ്യക്തമാക്കി.

അധികൃതര്‍ നഷ്ടപരിഹാരം കൃത്യമായി ലഭിക്കണമെങ്കില്‍ ഉസ്‌ബെക്കിസ്ഥാനില്‍ എത്തുന്ന സഞ്ചാരികള്‍ ഈ നിയമങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ട്-

*ഒരു പ്രാദേശിക ടൂര്‍ ഗൈഡിനൊപ്പമായിരിക്കണം രാജ്യത്തിനകത്ത് യാത്ര നടത്തേണ്ടത്.

*ടൂര്‍ ഗൈഡുകള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ് സൈറ്റുകള്‍ എന്നിവ വൈറസ് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കാണിക്കുന്ന, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുമുള്ള രേഖകള്‍ ഉണ്ടായിരിക്കുന്നതായിരിക്കണം.

*യുകെയില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ വേണം.

*ഉസ്‌ബെക്കിസ്ഥാന്‍ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നത്, ചൈന, ഇസ്രായേല്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെ കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെയാണ്.

ഉസ്‌ബെക്കിസ്ഥാന്‍

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഈ രാജ്യം 1991 ഡിസംബറോട് കൂടി ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഉസ്‌ബെക്കിസ്ഥാന്‍ എന്ന രാജ്യമായി. മദ്ധ്യ ഏഷ്യയിലെ കരയാല്‍ ചുറ്റപ്പെട്ട ഉസ്‌ബെക്കിസ്ഥാന്റെ പടിഞ്ഞാറും വടക്കും ഭാഗത്ത് കസാഖിസ്ഥാന്‍, കിഴക്ക് കിര്‍ഗിസ്ഥാനും തജാക്കിസ്ഥാനും, തെക്ക് അഫ്ഗാനിസ്ഥാനും തുര്‍ക്ക്‌മെനിസ്ഥാനുമാണ് സ്ഥിതി ചെയ്യുന്നത്.


Next Story

Related Stories