TopTop
Begin typing your search above and press return to search.

അറബിക്കടലിന്റെ വശ്യഭംഗിയും ചരിത്രം പറയാന്‍ വെമ്പുന്ന കോട്ട കൊത്തളങ്ങളുമായി ബേക്കല്‍ കോട്ട

അറബിക്കടലിന്റെ വശ്യഭംഗിയും ചരിത്രം പറയാന്‍ വെമ്പുന്ന കോട്ട കൊത്തളങ്ങളുമായി ബേക്കല്‍ കോട്ട

അറബിക്കടലിന്റെ തീരത്ത് കടലിന്റെ വശ്യഭംഗിയും തിരമാലകളുടെ നിലയ്ക്കാത്ത ആരവങ്ങളും ചരിത്രം പറയാന്‍ വെമ്പല്‍ കൊള്ളുന്ന കോട്ട കൊത്തളങ്ങളുമായി ബേക്കല്‍ കോട്ട ആകര്‍ഷിച്ചുകൊണ്ടെയിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 130 അടി ഉയരത്തില്‍ മൂന്നര നൂറ്റാണ്ടിലേറെയായി തലയുര്‍ത്തി നില്‍ക്കുന്ന ബേക്കല്‍ കോട്ട ഏതോരു യാത്രികനെയും മോഹിപ്പിക്കുന്ന കാഴ്ചകളാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. 35 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ട ഒരു കാലത്ത് ഏഷ്യ വന്‍കരയിലെ തന്നെ പ്രധാനപ്പെട്ട ഒരു കോട്ടയായിരുന്നു. കന്നഡ എഴുത്തുകാരനായ ബേക്കല്‍ രാമ നായക്ക് പറയുന്നത് ബേക്കല്‍ എന്ന പദത്തിനര്‍ത്ഥം 'ബല്യ കുളം' അതായത് വലിയ കുളം എന്നാണെന്നാണ്. 'ബല്യ കുളം' എന്നത് ലോപിച്ച് ബേക്കുളം എന്നും പിന്നീട് ബേക്കല്‍ എന്നും രൂപാന്തരപ്പെട്ടുവെന്നുമാണ്.

17ാം നൂറ്റാണ്ടില്‍ 1645നും 1660-നും ഇടയ്ക്ക് ബദിനൂര്‍ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്കാണ് ഈ കോട്ട പണിതെന്നതാണ് കരുതുന്നത്. എന്നാല്‍ ചരിത്രകാരന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും, അതല്ല വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായിരുന്നു കോട്ടയെന്നും ചരിത്ര ഗവേഷകര്‍ വാദിക്കുന്നു.

1760കളില്‍ ഈ കോട്ട മൈസൂര്‍ ഭരണാധികാരി ഹൈദരാലി പിടിച്ചെടുക്കുകയും പിന്നീട് ടിപ്പു സുല്‍ത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായി മാറുകയും ചെയ്തു. ടിപ്പുവിന്റെ പരാജയത്തിന് ശേഷം 1791-ല്‍ കോട്ട ഉള്‍പ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായെങ്കിലും മലബാര്‍ ജില്ലയുടെ ഭരണപരിധിയില്‍ തന്നെയായിരുന്നു ബേക്കല്‍ കോട്ടയെ നിലനിര്‍ത്തിയത്. ഇപ്പോള്‍ കോട്ടയുടെ നിയന്ത്രണം പൂര്‍ണമായും പുരാവസ്തു വകുപ്പിനാണ്.

ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കോട്ടയുടെ നിര്‍മ്മാണം ചെങ്കല്ലുകൊണ്ടാണ്. കടലില്‍ നിന്ന് കെട്ടിപ്പൊക്കിയത് കണക്കെയാണ് കോട്ടയുടെ നിര്‍മ്മിതി. പ്രവേശനകവാടം കടന്നാല്‍ ആദ്യം ശ്രദ്ധ പതിയുക ആഞ്ജനേയ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച മുസ്ലിം പള്ളിയുമാണ്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന കവാടം കടന്ന് കോട്ടയ്ക്കുള്ളില്‍ എത്തിയാല്‍ വാക്കുകളാല്‍ വിവരിച്ച് നല്‍കാന്‍ കഴിയാത്ത ദൃശ്യഭംഗികളും നിര്‍മ്മിതികളുമാണ് കാത്തിരിക്കുന്നത്.

സമുദ്രതീരത്ത് ചേര്‍ന്ന് വന്‍ കോട്ടമതിലുണ്ട്, ഇതില്‍ ഇടക്കിടെ കൊത്തളങ്ങള്‍ തീര്‍ത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങള്‍, ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്. കോട്ടമതിലിന് പുറത്തെ കിടങ്ങുകളും പലഭാഗങ്ങളിലായുള്ള കൊത്തളങ്ങള്‍, നിരവധി പടിക്കെട്ടുകളോടെയുള്ള വലിയകുളം, കടല്‍തീരത്തേക്ക് നീങ്ങുന്ന രഹസ്യ കവാടം, വെടിമരുന്ന് അറ, നിരീക്ഷണ ഗോപുരം, ഇവിടേക്കുള്ള വീതിയേറിയ പാത തുടങ്ങിയ കോട്ടയുടെ പ്രധാന ഭാഗങ്ങളൊക്കെ കെട്ടിലും മട്ടിലും അഴകാര്‍ന്ന കാഴ്ചയാണ് നല്‍കുന്നത്.

കോട്ടയുടെ മധ്യഭാഗത്ത് കിഴക്ക് മാറി ഉയര്‍ന്ന് നില്‍ക്കുന്ന നിരീക്ഷണഗോപുരത്തില്‍ നിന്ന് നോക്കിയാല്‍ കടലും ചുറ്റുവട്ട പ്രദേശങ്ങളെയും വ്യക്തമായി കാണാനാവും. പടിഞ്ഞാറ് ഭാഗത്തുള്ള ചെറിയ പ്രവേശനദ്വാരം കടന്ന് പടവുകളിറങ്ങിയാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ, ചെറുതെങ്കിലും മനോഹരമായ ബീച്ച് കാണാം. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ബീച്ചിലേക്ക് ഇറങ്ങാന്‍ ഇപ്പോള്‍ അനുവാദമില്ല. കടലും ആകാശവും പച്ചപ്പും ഒക്കെ ഒരുക്കി നല്‍കുന്ന കാഴ്ചകള്‍ എങ്ങനെ വര്‍ണിക്കാനാണ്.

ശരിക്കും ബേക്കല്‍ കാണാന്‍ പറ്റിയ സമയം മണ്‍സൂണ്‍ കാലമാണ്. മണ്‍സൂണ്‍ കാലമായാല്‍ കോട്ട പച്ചപ്പ് അണിയും. മഴയില്‍ കോട്ടയുടെ പ്രൗഡി ഒന്നുകൂടി വര്‍ധിക്കും. മണിരത്‌നത്തിന്റെ ബോംബെ ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായ ബേക്കല്‍ കോട്ടയെ സങ്കല്‍പ്പിച്ചു നോക്കിയാല്‍ പിന്നെ ഏതോരു സഞ്ചാരിയ്ക്ക് ഇവിടെക്ക് വാരാതിരിക്കാനാവില്ല.

സന്ദര്‍ശന സമയം - രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ

ടിക്കറ്റ് നിരക്ക് - 20 രൂപ (15 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യം)

ബേക്കല്‍ കോട്ടയിലേക്ക് എങ്ങനെ എത്തിച്ചേരാം?

അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷനുകള്‍ കാസര്‍ഗോഡും കാഞ്ഞങ്ങാടുമാണ്. കാസര്‍കോട് നിന്ന് 16 കി.മീഉം കാഞ്ഞങ്ങാട് നിന്ന് 12 കി.മീഉം ദൂരമാണ് കോട്ടയിലേക്കുള്ളത്. ബസ് സര്‍വീസുകളും ടാക്സികളും ഓട്ടോകളും ലഭ്യമാണ്.

അടുത്തുള്ള പ്രധാന വിമാനത്താവളങ്ങള്‍ മംഗലാപുരത്തും കണ്ണൂരിലുമാണ്. മാംഗ്ലൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 70 കി.മീഉം കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 90 കി.മീ ദൂരവുമാണ് ബേക്കലിലേക്ക് ഉള്ളത്.


Next Story

Related Stories