TopTop
Begin typing your search above and press return to search.

ചാലക്കുടിപ്പുഴയുടെ ഉത്ഭവം തേടി, അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് തമിഴ്‌നാട്ടിലെ ആനമല നിരകളിലേക്ക് എത്തിയത് ഈ വഴികളിലൂടെ

ചാലക്കുടിപ്പുഴയുടെ ഉത്ഭവം തേടി, അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് തമിഴ്‌നാട്ടിലെ ആനമല നിരകളിലേക്ക് എത്തിയത് ഈ വഴികളിലൂടെ

ചാലക്കുടിപ്പുഴയിലെ കാഴ്ചകള്‍ എന്നു പറയുമ്പോ ആദ്യം ഓര്‍മ്മവരിക അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ആണ്. വലിയ വിസ്മയങ്ങള്‍ തന്നെയാണവ. എന്നാല്‍ അധികം ശ്രദ്ധിക്കാതെ പോയ ഒത്തിരി കുഞ്ഞു കാഴ്ചവിസ്മയങ്ങളും ഈ പുഴയില്‍ ഉണ്ട്. അവ തേടി നമുക്കൊരു യാത്രപോയാലോ..

വേനല്‍ക്കാലം മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന ഈ സമയത്ത് കുളിര്‍ക്കാറ്റും, ജലസമൃദ്ധിയും ഒന്നും പ്രതീക്ഷിക്കരുത്, എന്ന് യാത്രയുടെ തുടക്കത്തിലേ പ്രകൃതി നമ്മെ ഓര്‍മ്മിപ്പിക്കും. ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവും തുമ്പൂര്‍മുഴി ശലഭോദ്ധ്യാനവും പിന്നിട്ട് അതിരപ്പിള്ളി ലക്ഷ്യമാക്കി തിരിച്ചു. പാറകെട്ടുകളില്‍ മിക്കയിടത്തും വെള്ളം കെട്ടികിടക്കുന്നു. ഒഴുക്ക് ചിലയിടത്തുമാത്രം. വെള്ളച്ചാട്ടത്തിന്റെ പാര്‍ക്കിങ് ഏരിയ നിറഞ്ഞിരിക്കുന്നു. വഴിയില്‍ വനം കാണാന്‍ പറ്റാത്ത രീതിയില്‍ കടകള്‍, പുഴയുടെ തീരത്തുള്ള പാറക്കെട്ടുകള്‍ വരെ കട്ടകള്‍ പാകിയിട്ടുണ്ട്. പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നടപടികള്‍ ഉണ്ടെങ്കിലും പൂര്‍ണവിജയത്തില്‍ എത്തിയിട്ടില്ല. ഓരോ പരിസ്ഥിതി ദിനത്തിലും പരിസ്ഥിതി സംരക്ഷണത്തിനായുള്ള മുറവിളികള്‍ ഉയരുമ്പോഴും ആരും കേള്‍ക്കാതെയുള്ള പ്രകൃതിയുടെ ഒരു നിലവിളി അതിരപ്പിള്ളിയിലുണ്ട്. പാരിസ്ഥിതികമായി വളരെ പ്രധാന്യമര്‍ഹിക്കുന്ന വനമേഖലയാണ് അതിരപ്പിള്ളി-വാഴച്ചാല്‍ മേഖല.

ആനകളുടെ സഞ്ചാരപഥം കൂടിയാണ് ഈ പ്രദേശം. അത്യപൂര്‍വമായ പുഴയോരക്കാടുകളും ഇവിടുത്തെ മാത്രം സവിശേഷത. ഷോളയാര്‍ വനമേഖലയിലെ 80 ശതമാനത്തോളം സസ്യങ്ങള്‍ ഈ കാടുകളിലുണ്ട്. കേരളത്തില്‍ കാണപ്പെടുന്ന നാലിനം വേഴാമ്പലുകളെ ഒരുമിച്ച് കാണാന്‍ കഴിയുന്ന ഏക വനമേഖലയും ഇതുതന്നെയാണ്. വംശനാശഭീഷണി നേരിടുന്ന സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ പ്രജനന കേന്ദ്രം കൂടിയാണിത്. കോഴി വേഴാമ്പലും മലയണ്ണാനും പേടിയേതുമില്ലാതെ മരക്കൊമ്പുകളില്‍ വിശ്രമിക്കുന്നു. തിരിച്ചറിയാനാവാത്ത ഒട്ടേറെ കിളിയൊച്ചകള്‍... പുഴയ്ക് അക്കരെ മ്ലാവുകളുടെ ഒരു കൂട്ടത്തെയും കാണാന്‍ കഴിഞ്ഞു. ഇടയ്ക് ആനകൂട്ടത്തെയും കാണാന്‍ കഴിയും.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നുള്ള കാഴ്ച്ച

പറമ്പിക്കുളം മേഖലയില്‍ നിന്ന് പൂയ്യംകുട്ടി വനത്തിലേക്കുള്ള ആനകളുടെ പ്രധാന സഞ്ചാരമാര്‍ഗ്ഗമാണ് വാഴച്ചാല്‍ മുതല്‍ വാച്ചുമരം വരെയുള്ള ഭാഗങ്ങള്‍. പൊരിങ്ങല്‍, ഷോളയാര്‍ അണക്കെട്ടുകള്‍ വന്നതോടെ വാഴച്ചാലിലെ ആനത്താര (Elephant Corridor) മാത്രമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇവിടുത്തെ കുരങ്ങന്മാര്‍ക് ഇത്തിരി കുറുമ്പ് കൂടുതലാണ് കേട്ടോ.. ഭക്ഷണസാധനങ്ങളും വെള്ളവും കണ്ടാല്‍ പിന്നെ അത് കൈക്കലാക്കാതെ നമ്മളെ വിടില്ല. പുഴയില്‍ വെള്ളം വളരെ കുറവാണ്. അതുകൊണ്ട് പുഴയുടെ നടുഭാഗത്തുപോലും കുഞ്ഞുകുട്ടികള്‍ വരെ വെള്ളത്തില്‍ കിടപ്പാണ്. ആ ചൂടിലും പുഴയിലെ വെള്ളത്തിനു തണുപ്പാണ്. അങ്ങ് ആനമലയില്‍ നിന്നും ഒഴുകി വരുന്ന വെള്ളമാ.. തണുപ്പിലാണ്ടിരിക്യോ?

തമിഴ്നാട്ടിന്റെ ഭാഗത്തുള്ള ആനമല നിരകളിലാണ് ഉത്ഭവമെങ്കിലും നദി അതിന്റെ പൂര്‍ണ്ണരൂപമെടുക്കുന്നത് പറമ്പിക്കുളം, കുരിയാകുട്ടി, ഷോളയാര്‍, കാരപ്പറ, ആനക്കയം എന്നി ചെറിയ പോഷക നദികള്‍ ചേരുമ്പോഴാണ്. ആനമല നിരകളില്‍ നിന്നുത്ഭവിക്കുന്ന ഷോളയാര്‍, പറമ്പികുളത്തിനു വടക്കുഭാഗത്തുനിന്നുത്ഭവിക്കുന്ന തേക്കടിയാര്‍, പറമ്പികുളം മേഖലയിലെ തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പികുളം ആറുകള്‍, നെല്ലിയാമ്പതി വനമേഖലയില്‍ നിന്നുത്ഭവിക്കുന്ന കാരപ്പാറയാര്‍ എന്നിവയാണ് പ്രധാന കൈവഴികള്‍. തേക്കടിയാറും, തൂണക്കടവാറും പെരുവാരിപ്പള്ളയാറും ചേര്‍ന്നുണ്ടാകുന്ന കൂരിയാര്‍കുട്ടിയാര്‍, കൂരിയാര്‍കുട്ടി പാലത്തിനു സമീപം പറമ്പിക്കുളമാറുമായി ചേരുന്നു. തൊട്ടുതാഴെ വച്ചു ഷോളയാറുമായി ചേര്‍ന്നതിനുശേഷം ഒരുകൊമ്പന്‍കുട്ടിയില്‍ വെച്ച് കാരപ്പാറയാറുമായി ചേരുമ്പോള്‍ ചാലക്കുടിപ്പുഴയായി മാറുന്നു.

വാഴച്ചാലിനു താഴെ ചാര്‍പ്പത്തോട്, അതിരപ്പിള്ളിക്കു താഴെ കണ്ണന്‍കുഴിത്തോട്, പരിയാരത്ത് കപ്പത്തോട് തുടങ്ങിയവയും പുഴയില്‍ ചേരുന്നു. മറ്റനേകം ചെറുചാലുകളും പലയിടത്തായി പുഴയില്‍ ചേരുന്നുണ്ട്. അങ്ങിനെ ചാലക്കുടിപ്പുഴ പൂര്‍ണരൂപം പ്രാപിക്കുന്നു. എളന്തിക്കരയില്‍ വച്ചു പെരിയാറുമായിയോജിക്കുകയുംചെയ്യുന്നു. വടക്ക് നെല്ലിയാമ്പതി കുന്നുകള്‍ക്കും, കിഴക്ക് ആനമല പര്‍വ്വതനിരകള്‍ക്കും, തെക്ക് ഉയരം കുറഞ്ഞ ഇടമല താഴ്‌വാരത്തിനും, പടിഞ്ഞാറു തൃശ്ശൂര്‍ സമതലങ്ങള്‍ക്കും ഇടയ്ക്ക് കിടക്കുന്ന ഭൂമിയാണ്ചാലക്കുടി നദീ താഴ്‌വാരം എന്നറിയപ്പെടുന്നത്.

ചാലക്കുടി നദി താഴ്‌വാരത്തുള്ള വനഭൂമി, ചാലക്കുടി, വാഴച്ചാല്‍, നെന്മാറ എന്നീ ഡിവിഷനുകളിലും, തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തിലുമാണ് പെടുന്നത്. ഈ വനഭൂമിയിലൂടെയുള്ള യാത്ര പ്രകൃതിസ്‌നേഹിയായ ആര്‍ക്കും മറക്കാന്‍ കഴിയില്ല. വീണ്ടും മോഹിപ്പിച്ചു കൊണ്ടുമിരിക്കും. വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് പിന്നിട്ടു യാത്ര തുടര്‍ന്നാല്‍, ഇടതൂര്‍ന്ന കാട്ടിനുള്ളിലൂടെ ആനച്ചൂര് മണക്കുന്ന മഞ്ഞു മൂടിയ വഴികളിലൂടെ വിശാലമായ തേയിലതോട്ടങ്ങളുള്ള വനഗ്രാമമായ മലക്കപ്പാറയില്‍ എത്താം. പിന്നീടുള്ള വഴികള്‍ തമിഴ്നാടന്‍ സുന്ദരഭൂവിലൂടെയാണ്. യാത്രികന്റെ ഇഷ്ടം പൊലെ പറമ്പികുളത്തേക്കോ, മൂന്നാറിലേക്കോ, പഴനി - കൊടൈ വരെയോ ആനമല-നെന്മാറ- വടക്കഞ്ചേരിവഴി തൃശൂര്‍ക് തന്നെയോ സഞ്ചാരം നീട്ടാം. ഈ യാത്രയില്‍ കാണാന്‍ ഒരുപാട് സുന്ദരയിടങ്ങളുമുണ്ട്.

(ചാലക്കുടിപ്പുഴയുടെ തീരത്താണ് പ്രസിദ്ധമായ സില്‍വര്‍‌സ്റ്റോം, ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്നത്. പൊതുവെ അത്തരം കാഴ്ചകളോട് താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാനിത് വരെ അങ്ങോട്ട് കയറിയിട്ടില്ല)

പുഴയ്ക്കക്കരെ തുമ്പൂര്‍മുഴി

ഈ യാത്രയിലെ ചില കാഴ്ചയിടങ്ങള്‍

*ഏഴാറ്റുമുഖം

പ്രകൃതി ഭംഗി കൊണ്ടും ചാലക്കുടി പുഴയുടെ സൗന്ദര്യം കൊണ്ടും അനുഗ്രഹീതമാണ് ഈ പ്രദേശം. ചാലക്കുടിക്കടുത്ത്, എറണാകുളം ത്യശ്ശൂര്‍ എന്നീ ജില്ലകളുടെ അതിര്‍ത്തി പങ്കിട്ടുകൊണ്ട് കാലടി പ്ലാന്റേഷന്‍ എസ്റ്റേറ്റിലാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയില്‍ നിന്നും മൂക്കന്നൂര്‍ വഴിയും എന്‍ എച് 47ല്‍ അങ്കമാലി ചാലക്കുടി റൂട്ടില്‍ നിന്നും മുരിങ്ങൂരില്‍ നിന്നും മുരിങ്ങൂര്‍ ഏഴാറ്റുമുഖം റോഡിലൂടെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലാണ് പ്രകൃതിഗ്രാമം. വിനോദസഞ്ചാരികള്‍ക്ക് പുഴയില്‍ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഇവിടെയുണ്ട്.

*തുമ്പൂര്‍മുഴി

ഏകദേശം 148 ഇനങ്ങളില്‍പ്പെട്ട ചിത്രശലങ്ങള്‍ ഇവിടെയുണ്ട്. പക്ഷികളോളം വലിപ്പമുള്ള ചിത്രശലഭങ്ങള്‍ വരെ! സതേണ്‍ബേര്‍ഡ് വിങ് , കോമണ്‍ റോസ്, ലൈറ്റ് ബ്ലൂ ടൈഗര്‍ എന്നിവ അവയില്‍ ചിലത്. ശലഭങ്ങളെ തൊട്ടും തലോടിയും ഉദ്യാനത്തിലെ പുല്‍ത്തകിടിയിലിരിക്കാം. കണ്ണുകളെ നിറം പിടിപ്പിക്കുന്ന വര്‍ണക്കാഴ്ച തന്നെയാണ് ഈ ശലഭപ്പാര്‍ക്ക് സമ്മാനിക്കുന്നത്. വിവിധ വര്‍ണത്തിലും വലിപ്പത്തിലുമുള്ള പൂത്തുമ്പികള്‍ പൂച്ചെടികള്‍തോറും പാറിനടന്ന് മധുനുകരുകയാണ്. ഇവിടെയിരുന്നാല്‍ ചെക്ക്ഡാമിലൂടെയുള്ള ജലപ്രവാഹത്തിന്റെ ഭംഗി മതിവരുവോളം ആസ്വദിക്കാം. പുഴയിലേക്ക് ഇറങ്ങാനായി പടവുകളുണ്ട്. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച തൂക്കുപാലത്തില്‍ നിന്നാല്‍ പുഴയുടെ ഭംഗി ആസ്വദിക്കാം. തുമ്പൂര്‍ മുഴിയേയും എറണാകുളം ജില്ലയിലെ ഏഴാറ്റു മുഖം പ്രകൃതിഗ്രാമത്തേയും ബന്ധിപ്പിക്കുന്ന പാലമാണിത്. ചാലക്കുടിപ്പുഴക്കd കുറുകെയുള്ള രണ്ടാമത്തെ തൂക്കുപാലം. 500 പേര്‍ക്ക് ഒരേസമയം ഇതിലൂടെ സഞ്ചരിക്കാം. ചാഞ്ഞും ചെരിഞ്ഞും ഒഴുക്കിനു മുകളിലൂടെയൊരു യാത്ര!

*വാളറ കുത്ത്

വെറ്റില പാറയ്ക്കടുത്ത് അതിരപ്പിള്ളി റൂട്ടില്‍ 3 കിലോമീറ്ററോളം കാട്ടിനുള്ളിലായുള്ള വെള്ളച്ചാട്ടം. അധികം സഞ്ചാരികള്‍ പോകാറില്ല. അട്ടയുടെയും ആനയുടെയും സാന്നിധ്യവും വഴുക്കലുള്ള പാറകളുമുണ്ടിവിടെ.. വഴിയറിയാവുന്ന ഒരാള്‍ കൂടെയുണ്ടാവുന്നത് നന്നാവും.

*അതിരപ്പിള്ളി വെള്ളച്ചാട്ടം

അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വനത്താല്‍ ചുറ്റപ്പെട്ട ഒരു ജലപാതമാണിത്. മലമുഴക്കി വേഴാമ്പല്‍ അടക്കം നിരവധി പക്ഷികളുടെ വാസസ്ഥലമാണ് ഈ കാടുകള്‍. അപൂര്‍വമായ അനേകം വൃക്ഷങ്ങളും പുഴയോരക്കാടുകളും ഇവിടെ കാണാം. ഭാഷഭേദ്യമെന്ന്യേ നിരവധി ചലച്ചിത്രങ്ങളില്‍ ഈ സൗന്ദര്യം നാം കണ്ടിട്ടുണ്ടല്ലോ.

*ചാര്‍പ്പാ വെള്ളച്ചാട്ടം

തൃശൂര്‍ ജില്ലയില്‍ അതിരപ്പിള്ളിക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനുമിടയില്‍ ചാലക്കുടിപ്പുഴയുടെ ഒരു പോഷകനദിയില്‍ ഉള്ള വെള്ളച്ചാട്ടമാണ് ചാര്‍പ്പ. ഈ കൊച്ചുപുഴ ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നിടത്താണ് ഈ വെള്ളച്ചാട്ടം. 80 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. ചാലക്കുടി - വാല്‍പ്പാറ അന്തര്‍സംസ്ഥാന പാതക്കരികിലായാണ് ഇത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലെ വെള്ളം റോഡിലേക്കുവരെ എത്താറുണ്ട്. വെള്ളച്ചാട്ടത്തിനുമുന്നിലായാണ് ചാര്‍പ്പ പാലം സ്ഥിതിചെയ്യുന്നത്. വേനല്‍ക്കാലത്ത് ഈ വെള്ളച്ചാട്ടം പൂര്‍ണ്ണമായും വറ്റിപ്പോകാറുണ്ട്. റോഡ്സൈഡിലായതിനാല്‍ തൊട്ടടുത്ത് നിന്ന് തന്നെ ഭംഗി ആസ്വദിക്കാന്‍ കഴിയും. വെള്ളച്ചാട്ടത്തില്‍ ഇറങ്ങുവാന്‍ സാധ്യമല്ല. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും വാഴച്ചാല്‍ ഷോളയാര്‍, വാല്‍പ്പാറ ഒക്കെ പോകുന്ന റൂട്ടില്‍ ആണ് ഇത്. വളരെ ശക്തിയില്‍ പാറകളിലൂടെ പതഞ്ഞൊഴുകി പാലത്തിനടിയിലൂടെ കുതിച്ചൊഴുകി പോകുന്ന ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്ച എത്ര കണ്ടാലും മതിവരില്ല. വെള്ളച്ചാട്ടത്തിന് സമീപം ഒരു തടാകമുണ്ട്. വച്ചുമരം എന്നറിയപ്പെടുന്ന ഈ താടകം ഇവിടുത്തെ പച്ചപ്പും പ്രകൃതി സൗന്ദര്യവുമെല്ലാം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കും. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് വെള്ളച്ചാട്ടം, അതിന്റെ സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയിലെത്തും.

*വാഴച്ചാല്‍ വെള്ളച്ചാട്ടം

അതിരപ്പള്ളിയിലെ മഴക്കാടുകളില്‍ പെടുന്ന ഷോളയാര്‍ മേഖലയിലാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് വ്യത്യസ്തമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിവേഗതയില്‍ ഒഴുകുന്ന ഒരു നദിയായാണ് ഈ വെള്ളച്ചാട്ടം അനുഭവപ്പെടുക. നദീതീര സസ്യസമ്പത്ത് കൊണ്ട് അനുഗൃഹീതമാണ് വാഴച്ചാല്‍ മേഖല. നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ സസ്യലോകത്ത് ആയിരക്കണക്കിന് ജീവിവര്‍ഗ്ഗങ്ങള്‍ വസിക്കുന്നു. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇവിടെ കാണുന്ന ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കണം. പ്രധാനപ്പെട്ട ഒരു പക്ഷി സങ്കേതവും ഏറ്റവും മികച്ച ആന സംരക്ഷണ മേഖലയുമാണിവിടം. സാധാരണ ഗതിയില്‍ ഇവിടെ നീരൊഴുക്ക് കുറവായിരിക്കും. മഴക്കാലത്ത് ജലനിരപ്പ് ഉയരുകയും ഇതൊരു വെള്ളച്ചാട്ടത്തിന്റെ രൂപം കൈവരുകയും ചെയ്യും.

*പെരിങ്ങല്‍ കുത്ത് ഡാം

ചാലക്കുടി നദിയില്‍ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിര്‍മ്മാണ പദ്ധതിയുടെ ഭാഗമാണ് ഈ ഡാം. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ ജലസംഭരണിയില്‍ വിനോദസഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്.

*ലോവര്‍ ഷോളയാര്‍ ഡാം

മലക്കപ്പാറക്കു സമീപമായി ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറില്‍ ഷോളയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അണക്കെട്ടാണ് ഷോളയാര്‍ അണക്കെട്ട് (ലോവര്‍ ഷോളയാര്‍ അണക്കെട്ട്). ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റര്‍ അകലെ മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവര്‍ ഷോളയാര്‍ ഡാം സ്ഥിതിചെയ്യുന്നത്.

*മലക്കപ്പാറ ടീ എസ്റ്റേറ്റ്

കാടിനെ ഇഷ്ടപ്പെടുന്ന ഒരു യാത്രികനാണെങ്കില്‍ തീര്‍ച്ചയായും ഇതുവഴി ഒരുയാത്രയാവാം. തമിഴ്‌നാട്ടിലേക്ക് കടക്കുംമുന്‍പുളള അതിര്‍ത്തി ഗ്രാമം. മലക്കപ്പാറ ടൗണില്‍ താമസിക്കാം. ഹോംസ്റ്റേ പോലെ ചെറിയ സൗകര്യങ്ങളാണ് ഇവിടെ കിട്ടുക. നല്ല കാലാവസ്ഥയില്‍ സുഖമായി ഉറങ്ങാം. പുലിയും ആനയും ഇറങ്ങുന്ന സ്ഥലമായതുകൊണ്ട് രാത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. രാവിലെ മലക്കപ്പാറയുടെ പ്രഭാതസൗന്ദര്യം ആസ്വദിക്കാം. കോടയും കാടും തേയിലതോട്ടങ്ങളും ജലാശയവും ഇടകലര്‍ന്ന ഒരു വിഷ്വല്‍ മാജിക് അനുഭവിക്കാം.

മലക്കപ്പാറ stay contact number: 8547106919, 9487361125

തുടരും..


Next Story

Related Stories