TopTop
Begin typing your search above and press return to search.

ചാലക്കുടി താഴ്‌വാരത്തിലൂടെ തമിഴ്‌നാട്ടിലെ ആനമല നിരകളിലേക്കുള്ള യാത്ര

ചാലക്കുടി താഴ്‌വാരത്തിലൂടെ തമിഴ്‌നാട്ടിലെ ആനമല നിരകളിലേക്കുള്ള യാത്ര

ചാലക്കുടിപ്പുഴയിലെ കാഴ്ചകള്‍ എന്നു പറയുമ്പോ ആദ്യം ഓര്‍മ്മവരിക അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ആണ്. വലിയ വിസ്മയങ്ങള്‍ തന്നെയാണവ. എന്നാല്‍ അധികം ശ്രദ്ധിക്കാതെ പോയ ഒത്തിരി കുഞ്ഞു കാഴ്ചവിസ്മയങ്ങളും ഈ പുഴയില്‍ ഉണ്ട്. അവ തേടിയുള്ള യാത്രയായിരുന്നു ഇത്. ഏഴാറ്റുമുഖം, തുമ്പൂര്‍മുഴി, വാളറ കുത്ത്, അതിരപ്പിള്ളി വെള്ളച്ചാട്ടം, വാഴച്ചാല്‍ വെള്ളച്ചാട്ടം, പെരിങ്ങല്‍ കുത്ത് ഡാം, ലോവര്‍ ഷോളയാര്‍ ഡാം ഒക്കെ കടന്ന് ഇടതൂര്‍ന്ന കാട്ടിനുള്ളിലൂടെ ആനച്ചൂര് മണക്കുന്ന മഞ്ഞു മൂടിയ വഴികളിലൂടെ വിശാലമായ തേയിലതോട്ടങ്ങളുള്ള വനഗ്രാമമായ മലക്കപ്പാറയില്‍ വരെ നമ്മള്‍ എത്തി. ഇനിയുള്ള യാത്രകള്‍ തമിഴ്നാടിന്റെ സുന്ദരഭൂവിലൂടെയാണ്.ആദ്യ ഭാഗ്യം വായിക്കാം -

ചാലക്കുടിപ്പുഴയുടെ ഉത്ഭവം തേടി, അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് തമിഴ്‌നാട്ടിലെ ആനമല നിരകളിലേക്ക് എത്തിയത് ഈ വഴികളിലൂടെ

*അപ്പര്‍ ഷോളയാര്‍ ഡാം

മലക്കപ്പാറയില്‍നിന്ന് വാല്‍പ്പാറയിലേക്കുള്ള വഴിയില്‍ ഏകദേശം 5 കിലോമീറ്റര്‍ ദൂരത്താണ് തമിഴ്‌നാട്ടിലെ അപ്പര്‍ ഷോളയാര്‍ ഡാം സ്ഥിതിചെയ്യുന്നത്.

*കൂളങ്ങള്‍ റിവര്‍ (Vellamalai Tunnel River)

വാല്‍പ്പാറ ടൗണിലെ ബസ്റ്റാന്റിനരികില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സിരുകുണ്ട്ര ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൂളങ്ങല്‍ റിവര്‍ എന്ന് ബോര്‍ഡ് കാണാം. തേയില്‍തോട്ടങ്ങള്‍ നിറഞ്ഞ കുന്നുകളുടെ ഇടയില്‍ ക്രിസ്റ്റല്‍ ക്ലീയര്‍ വെള്ളവുമായി ഒഴുകുന്ന ഈ അരുവി കണ്ടാല്‍ ഒന്നു ചാടാതെ ആരും പോവില്ല. മണ്‍സൂണ്‍ സമയത്ത് മനോഹരമായ ഈ വെള്ളച്ചാട്ടതൊടുകൂടിയ ഒരു അരുവി വേനല്‍ കാലത്തും ആരെയും നിരാശരാക്കാരില്ല.

*വാല്‍പ്പാറ

വാല്‍പ്പാറ അത്യാവശ്യം വലിപ്പമുളള ടൗണാണ്. കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ കുന്നിന്‍ മുകളില്‍ അടുക്കിവെച്ചിരിക്കുന്നത് പോലെ ചെറിയ കെട്ടിടങ്ങള്‍ ആണ് കൂടുതല്‍. ചാലക്കുടി-വാല്‍പ്പാറ റൂട്ടില്‍ അതിരപിള്ളി കഴിഞ്ഞാല്‍ പെട്രോള്‍ പമ്പുളളത് ഇവിടെയാണ്. കാട് വെട്ടി ഇത്രയും വലിയ ടൗണ്‍ ആക്കിയെങ്കിലും ഭാഗ്യവശാല്‍ ഈ പ്രദേശത്തെ ജൈവ വൈവിധ്യത്തിനു വലിയ നാശം സംഭവിച്ചില്ല എന്നും പറയാം .കാരണം, ഈ പ്രദേശം നാലു സംരക്ഷിത മേഖലകളാല്‍ ചുറ്റപെട്ടിരിക്കുന്നു. ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ സങ്കേതം, ചിന്നാര്‍ വന്യജീവി സംരക്ഷണ സങ്കേതം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, പറമ്പികുളം വന്യജീവി സംരക്ഷണ സങ്കേതംഎന്നിവയാണ് അവ.

ടൗണില്‍ നിന്നു പൊള്ളാച്ചിയിലേക്കുളള വഴിയില്‍ കുത്തനെ പുളഞ്ഞുകിടക്കുന്ന നാല്‍പ്പത്ത് ഹെയര്‍പ്പിന്‍ വളവുകളുടെയും മടക്ക് മടക്കായി കിടക്കുന്ന റോഡുകളുടെയും അതിശയിപ്പിക്കുന്ന കാഴ്ച മറക്കാന്‍ കഴിയില്ല. ദൂരെ പൊള്ളാച്ചിയുടെയും ആളിയാറിന്റേയും വിശാലദൃശ്യം. ശരിക്കുളള വ്യൂപോയിന്റ് ഒന്‍പതാം വളവിലാണ്, ലോംസ് വ്യൂപോയിന്റ്. 32 ആം വളവില്‍ കാര്‍വര്‍ മാര്‍ഷ് മോണമെന്റ് ഉണ്ട്. നല്ലൊരു വ്യൂ പോയിന്റാണ് ഇവിടം.

*മങ്കി ഫാള്‍സ്

അണ്ണാമലൈ കുന്നുകളിലാണ് മങ്കി ഫാള്‍സ് എന്ന വെള്ളച്ചാട്ടം. പൊള്ളാച്ചി - വാല്‍പ്പാറ റോഡിലാണ് മങ്കി ഫാള്‍സ് സ്ഥിതി ചെയ്യുന്നത്. ഉല്ലസിച്ചിച്ചു കുളിക്കാന്‍ പറ്റിയ ഇടം. വേനല്‍ക്കാലത്ത് വെള്ളം വളരെ കുറവായിരിക്കും.

*നല്ല മുടി വ്യൂ പോയിന്റ്

പൊള്ളാച്ചിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള വഴിയില്‍ നിരവധി വ്യൂ പോയ്ന്റുകളില്‍ ഒന്നാണ് നല്ലമുടി വ്യൂ പോയിന്റ്. വാല്‍പാറയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ. തേയിലക്കാടുകള്‍ ഇടയിലൂടെ ഓഫ് റോഡ് പിന്നിട്ട് അര കിലോമീറ്ററോളം നടന്നാല്‍ എത്തിച്ചേരുന്നത് വ്യൂ പോയിന്റിലേക്കാണ

*ബാലാജി ക്ഷേത്രം

വാല്‍പ്പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ പെരിയ കരുമലൈ ടീ ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബാലാജി ക്ഷേത്രം. റോട്ടില്‍ നിന്നും അരമണികൂര്‍ കുന്നിന്‍ മുകളിലേക്ക് നടക്കണം ക്ഷേത്രത്തില്‍ എത്താന്‍. തിരുപ്പതി ക്ഷേത്രത്തിന്റെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാല്‍പ്പാറയിലെ ഒരു പ്രധാന ക്ഷേത്രമാണിത്. ക്ഷേത്രത്തിന് പിന്നില്‍ ഇടതിങ്ങിയ കാടാണ്.

*ഗ്രാസ് ഹില്‍സ്

വാല്‍പ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗ്രാസ് ഹില്‍സ് ഇന്ദിരാഗാന്ധി വന്യമൃഗം സംരക്ഷണകേന്ദ്രത്തിന്റെ പരിധിയിലാണ്. വൈല്‍ഡ് ലൈഫ് ഡിപ്പര്‍ട്‌മെന്റിലെ വാര്‍ഡന്റെ അനുമതിയോട് കൂടിയേ ഗ്രാസ് ഹില്‍സില്‍ പ്രവേശിക്കാനാവൂ.

*നിരാര്‍ ഡാം

വാല്‍പ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നിരാര്‍ ഡാം. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലേക്കും, കേരളത്തിലേക്കും ജലസേചനത്തിനും ഈ ഡാം ഉപയോഗപ്പെടുത്തുന്നുണ്ട്. വാല്‍പ്പാറക്കടുത്തുള്ള മൂന്ന് ഡാമുകളാണ് ഷോളയാര്‍ ഡാം, ആളിയാര്‍ ഡാം, നിരാര്‍ ഡാം എന്നിവ. കൊടൈക്കനാലിലേതിന് സമാനമായ ഒരു വെള്ളച്ചാട്ടവും ഡാമിന് സമീപത്തായുണ്ട്. ഇടതൂര്‍ന്ന വനത്തിനുള്ളിലായാണ് ഡാമും, വൈദ്യുതോത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. ഡാം സ്വഭാവിക പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. തീര്‍ച്ചായും വാല്‍പ്പാറയില്‍ കണ്ടിരിക്കേണ്ടുന്ന സ്ഥലമാണ് നിരാര്‍ ഡാം.

*ആഴിയാര്‍ ഡാം

പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ആഴിയാര്‍ ഡാം. 1959നും 1969നും ഇടക്ക് ആഴിയാര്‍ നദിക്ക് കുറുകെയാണ് ഈ ഡാം നിര്‍മ്മിക്കപ്പെട്ടത്. ജലസേചനമായിരുന്നു ഇതിന്റെ നിര്‍മ്മാണ ലക്ഷ്യം. 81 മീറ്റര്‍ ഉയരമുള്ള ഈ ഡാം എഞ്ചിനീയറിങ്ങ് പ്രാഗത്ഭ്യത്തിന്റെ ഒരു സാക്ഷ്യമാണ്. ഇപ്പോളിവിടം ഒരു പ്രസിദ്ധമായ പിക്‌നിക് കേന്ദ്രമായി മാറിയിട്ടുണ്ട്.

*അണ്ണാമലൈ വന്യജീവിസങ്കേതം

സംരക്ഷിത പ്രദേശമായ അണ്ണാമലൈ കുന്നുകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 658 സ്‌ക്വയര്‍ കിലോമീറ്റര്‍ പരന്ന് കിടക്കുന്ന ഈ പ്രദേശം സമുദ്ര നിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലാണ്. അനേകം വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് പാര്‍ക്ക് & നാഷണല്‍ പാര്‍ക്ക് എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം

*ചിന്നക്കലാര്‍ വെള്ളച്ചാട്ടം

വാല്‍പ്പാറൈ ഹില്‍ സ്റ്റേഷനില്‍ നിന്ന് 26 കിലോമീറ്റര്‍ കിഴക്കായാണ് ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടം. ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഈ സ്ഥലത്തിനാണ്. അതിനാലാണ് ഇവിടം സൗത്ത് ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത്.

*വാല്‍പ്പാറയിലെ വേളാങ്കണ്ണി

വാല്‍പ്പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ അകലെയുള്ള ഈ പള്ളി 2003ല്‍ പുതുക്കിപ്പണിതതാണ്. വാര്‍ഷികതിരുനാള്‍ നടക്കുന്ന സെപ്തംബര്‍ മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. തേയില്‍തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പള്ളി പ്രഭാതത്തില്‍ മഞ്ഞു മൂടിനില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്.

*തിരുമൂര്‍ത്തി അണക്കെട്ട്

കോയമ്പത്തൂര്‍ റൂട്ടില്‍ പൊള്ളാച്ചിയില്‍ നിന്ന് 50 കിലോ മീറ്ററും, ഉദുമല്‍ പേട്ടില്‍ നിന്ന് 20 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് തിരുമൂര്‍ത്തി അണക്കെട്ട്. ഈ അണക്കെട്ടിനോട് ചേര്‍ന്നാണ് പ്രശസ്തമായ തിരുമൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ തിരുമൂര്‍ത്തി മലയില്‍ നിന്ന് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഒഴുകിയെത്തുന്ന അരുവില്‍ രൂപപ്പെട്ട വെള്ളച്ചാട്ടം ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. പഞ്ചലിംഗം വെള്ളച്ചാട്ടം എന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ പേര്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആനമല റേഞ്ചിലെ മറ്റു മലനിരകള്‍ പോലെ തന്നെ തിരുമൂര്‍ത്തി ഹില്‍സും ട്രെക്കിംഗ് പ്രിയരുടെ സ്വര്‍ഗമാണ്. തിരുമൂര്‍ത്തി ഹില്‍സിലേക്ക് ട്രെക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ തമിഴ്‌നാട് വനം വകുപ്പില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതായിട്ടുണ്ട്. തിരുമൂര്‍ത്തി ഹില്‍സിന്റെ താഴ്‌വാരയിലെ ബസ് സ്റ്റാന്‍ഡിന് സമീപത്ത് തന്നെ വനംവകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

*അമരാവതി ഡാം, അമരാവതി ക്രോക്കോഡൈല്‍ ഫാം

പൊള്ളാച്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായി ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിലാണ് അമരാവതി ഡാം സ്ഥിതി ചെയ്യുന്നത്. മൂന്നാറിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക് ഇവിടം സന്ദര്‍ശിക്കാന്‍ എളുപ്പമാണ്.

*ഉദുമല്‍പേട്ട്

പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ഉദുമല്‍പേട്ട്. മനോഹരമായ കാഴ്ചകളാലും, ഡാമുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ സാന്നിധ്യത്താലും ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. പ്രസന്ന വിനായഗര്‍ ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, ബസാനൈ മൂര്‍ത്തി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രശസ്ത ക്ഷേത്രങ്ങളാണ്. യാത്രക്കിടയില്‍ ഒരു ഇടത്താവളമായും ഉദുമല്‍പേട്ടില്‍ തങ്ങാം.

( ഇനി യാത്രികന്റെ ഇഷ്ടം പൊലെ പറമ്പികുളത്തേക്കോ, മൂന്നാറിലേക്കോ, പഴനി - കൊടൈ വരെയോ ആനമല- നെന്മാറ - വടക്കഞ്ചേരിവഴി തൃശൂര്‍ക്ക് തന്നെയോ സഞ്ചാരം നീട്ടാം. ഈ യാത്രയില്‍ കാണാന്‍ ഒരുപാട് സുന്ദരയിടങ്ങളുമുണ്ട്.)

ജനലരികിലെ സീറ്റിലിരുന്നു യാത്രകള്‍ തുടരുകയാണ്.. മുഖത്തു തട്ടി പാറിപ്പറക്കുന്ന കാറ്റിനോടും കാഴ്ചകളോടും സംവദിച്ചുകൊണ്ട്..

അവസാനിച്ചു.


Next Story

Related Stories