TopTop
Begin typing your search above and press return to search.

ഇടുക്കിയിലെ വാഗവനത്തിലൂടെ ഒരു 'വിന്‍ഡി വാക്ക് ട്രെക്കിങ്'

ഇടുക്കിയിലെ വാഗവനത്തിലൂടെ ഒരു വിന്‍ഡി വാക്ക് ട്രെക്കിങ്

ഒഴുകി പരന്ന മഞ്ഞിനിടയിലൂടെ നനവാര്‍ന്ന പുല്ലില്‍ ചവിട്ടി നടക്കുമ്പോ ദേഹം മുഴുവന്‍ തണുപ്പ് പടര്‍ന്നു.. പച്ച പുതച്ച താഴ്‌വാരത്തിലൂടെ ലക്ഷ്യമില്ലാതെ നടക്കാന്‍ എത്ര രസമാണ്. അരിച്ചിറങ്ങുന്ന വെയിലും.. ചെറിയ കാറ്റും.. കിളികളുടെ പാട്ടും... ആസ്വാദിച്ചങ്ങിനെ നില്‍ക്കുമ്പോ..

'കൗസല്യാ സുപ്രജാ രാമ പൂര്‍വാസന്ധ്യാ പ്രവര്‍ത്തതേ...

ഉത്തിഷ്ഠ നരശാര്‍ദൂല കര്‍ത്തവ്യം ദൈവമാഹ്നികം...'

ദൈവമേ ഇവിടെ അമ്പലോ.. ന്നാ എല്ലാ ദിവസോം ആ പേരും പറഞ്ഞിങ്ങു വരാം. എന്നോര്‍ത്ത് അമ്പലം തിരയുമ്പോ ഒരശരീരി. 'ഒന്നുകില്‍ അത് ഓഫ് ചെയ്തിട്ട് കിടന്നുറങ്. അല്ലെ അതേടുത്തിട്ട് ഇവിടുന്ന് പോ.... '

ഓ.....പരിചയം ഉള്ള സൗണ്ട് ആണ്... അശരീരി വരുന്നത്, പുതപ്പിനുള്ളില്‍ നിന്നും... അലാറം ഓഫ് ആക്കി ചുമ്മാ പിന്നെയും ആ സ്വപ്നത്തെ തലോലിച്ചങ്ങിനെ കുറച്ചു നേരം.

'അതേയ്... കൊണ്ട് പോവാമെന്നേറ്റ ന്യൂയര്‍ ട്രിപ്പ് എന്തായി...? നീ റെഡിയായിക്കോ. കല്യാണിയെ കൂടിവിളിച്ചോ..'

ങേ.... ഉറക്കപ്പിചാണോ ദൈവമേ, വിശ്വാസം വരാതെ പിന്നേം ചോദിച്ചു.... ശരിക്കും...!

ങാ .. നീ എവിടാണെന്ന് വച്ചാ സെറ്റ് ആക്കിക്കോ... വണ്‍ ഡേ ഉള്ളു ട്ടാ....

വണ്‍ ഡേ എങ്കില്‍ വണ്‍ ഡേ.. പിന്നെ എല്ലാം ചടെ.. പടെ... ന്നായിരുന്നു. എല്ലാം സെറ്റ് ആക്കി വീട്ടില്‍ നിന്നും ഒമ്പതോടെ ഇറങ്ങി. അതിനിടയില്‍ കല്യാണി നൈസ് ആയിട്ട് സ്‌കൂട്ടായി. അവള്‍ക്കറിയാം ഏതേലും മലയുടെ തുഞ്ചത്തേക്കോ, കാട്ടിലേക്കോ ആയിരിക്കുന്ന്.. തലേദിവസം ഫോര്‍ട്ട് കൊച്ചിയിലെ ആഘോഷ തിമിര്‍പ്പിന്റെ ക്ഷീണം ഉണ്ടായിട്ടും കേശു റെഡി. എന്റെ ജീന്‍ അല്ലെ... അത് അങ്ങിനെയെ വരൂ.

അങ്ങിനെ മാപ്പും ഓണ്‍ ചെയ്തു വാഗമണ്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഈരാറ്റുപേട്ട എത്തുന്നതിന് മുന്‍പ് ഗൂഗിള്‍ കാണിച്ച വഴി തീര്‍ന്നു. ടാറില്ലാത്ത ഏതോ ഒരു വഴി. ആ വഴി പോകാന്‍ പിന്നെയും ഗൂഗിള്‍ ചേച്ചി വലിയ പ്രോത്സാഹനം ആയിരുന്നു. അടുത്ത വീട്ടില്‍ ചോദിച്ചപ്പോ അവര്‍ പറയുവാ, 'ഈ ആഴ്ച്ച വാഗമണ് തേടി വരുന്ന മൂന്നാമത്തെ അള്‍ക്കാരാണ് ഞങ്ങള്‍ എന്ന് !!'

ഈരാറ്റുപേട്ട തീക്കോയി റോഡിലൂടെ യാത്ര തുടര്‍ന്നു. തീക്കോയി! പേരിന് ഒരു പ്രത്യേകത തോന്നി. പേരിന് മാത്രമല്ല സ്ഥലത്തിനും.. മുമ്പ് പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ കീഴില്‍, കീഴ്‌ക്കോയിക്കല്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പല്‍ക്കാലത്ത് തീക്കോയി ആയി മാറിയതത്രേ. വെള്ളക്കാരാണ് ഈ പ്രദേശത്തിന് തീക്കോയി എന്ന പേരു നല്കിയത് എന്ന പ്രബലമായ മറ്റൊരു വാദവും നിലവിലുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോക്കല്ല് എന്ന പേരില്‍ 7 അടി നീളവും 5 അടി വീതിയുമുള്ള ശിലാപാളികള്‍ കൊണ്ടു നിര്‍മിച്ച ശവക്കല്ലറകള്‍ കാണുന്നുണ്ട്. ശിലായുഗം മുതല്‍ ഈ പ്രദേശം മനുഷ്യവാസ കേന്ദ്രമായിരുന്നെന്ന് ഇത് സൂചിപ്പിക്കുന്നു.

പൂര്‍ണമായും മലനാട് മേഖലയില്‍ ഉള്‍പ്പെടുന്ന കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത്, ഇടുക്കി ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തീക്കോയിയുടെ ഭൂരിഭാഗവും മലകളും മലഞ്ചരിവുകളും നിറഞ്ഞ ഭൂപ്രകൃതിയാണ്. ഇടുക്കി ജില്ലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ പുല്ലു മാത്രം വളരുന്ന ഗ്രാനൈറ്റ് പാറക്കെട്ടുകള്‍ കാണാന്‍ നല്ല ഭംഗിയാണ്. റബ്ബര്‍, തെങ്ങ്, കുരുമുളക്, ജാതി, ഗ്രാമ്പു, കാപ്പി, ഇഞ്ചി, മഞ്ഞള്‍, മരച്ചീനി, പച്ചക്കറികള്‍ തുടങ്ങിയ വിളകള്‍ ഒക്കെ കൃഷി ചെയ്യുന്നത് ചെങ്കുത്തായ കൃഷിയിടത്തില്‍ തന്നെ.സാധാരണ കൃഷിയിടത്തെ അപേക്ഷിച്ചു ഒത്തിരി അധ്വാനം വേണ്ടി വരും ഇവിടെ. വനങ്ങളില്‍ മാത്രം കാണപ്പെടുന്ന വീട്ടി, തേക്ക്, ഇരുള്‍, വേങ്ങ, പാല, മരുത്, കരിമരുത്, കടമ്പ്, മുള്ളുവേങ്ങ തുടങ്ങിയ വൃക്ഷങ്ങളും നിരവധി ഔഷധ സസ്യങ്ങളും ഈ പ്രദേശത്ത് കാണാന്‍ കഴിയും.

ഇടയ്ക്ക് ഒന്നു നിര്‍ത്തിയപ്പോള്‍ ഒത്തിരി പക്ഷികളുടെ ശബ്ദം കേള്‍ക്കാനും കഴിഞ്ഞു. എന്തൊക്കെയാണെങ്കിലും പ്രദേശം ഒന്ന് നന്നായി ശ്രദ്ധിച്ചാല്‍ മനസില്‍ ആധി വളരാന്‍ തുടങ്ങും. ഓരോ മലയുടെയും തുഞ്ചത്തും പള്ളയ്ക്കും മൂട്ടിലും ഒറ്റപ്പെട്ടു നില്‍കുന്ന വീടുകള്‍.. കഴിഞ്ഞ മഴക്കാലത്തും ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായിരുന്നു. മലകളില്‍ പലയിടത്തും മേല്‍ മണ്ണിളകിയ ചുവന്നപാടുകള്‍.. കുറച്ചു ഭീതിയോടെയാണ് മലയിലെ വീടുകളെ പിന്നീട് നോക്കിയത്. പക്ഷെ അവിടത്തെ സാധാരണകാരായ ജനങ്ങള്‍ക് വേറെ ഓപ്ഷന്‍ ഇല്ല.

തീക്കോയിയില്‍ നിന്നും തലനാട് റോഡില്‍ 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അയ്യമ്പാറയിലെത്താം. നാല്‍പത് ഏക്കറോളം പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രത്യേകത. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടില്‍ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗര്‍ത്തമാണുള്ളത്. താഴ്വാരങ്ങളില്‍ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി കാണാന്‍ കഴിയും. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകള്‍ക്കിടയില്‍ തെളിയുന്ന ഈരാറ്റുപേട്ട, പാലാ, കോട്ടയം തുടങ്ങിയ തിരക്കേറിയ പട്ടണങ്ങളുടെ ശാന്ത ഭാവത്തോടെയുള്ള വിദൂര കാഴ്ചയും ഇവിടെ നിന്നാല്‍ ദൃശ്യമാകും.

പണ്ട് ഇവിടം ഉള്‍പ്പെടുന്ന പ്രദേശം ഘോര വനമായിരുന്നുവെന്നും അക്കാലത്ത് അജ്ഞാതവാസത്തിനായി ഇറങ്ങിതിരിച്ച പഞ്ച പാണ്ഡവര്‍ ഇതുവഴി വന്നിരുന്നു എന്നും പറയപ്പെടുന്നു. അവര്‍ ഇവിടെ നിത്യആരാധനക്കായി പ്രതിഷ്ടിച്ചതാണ് ഇന്ന് ഇവിടെയുള്ള അയ്യപ്പക്ഷേത്രത്തിലെ വിഗ്രഹമെന്നും വിശ്വസിക്കപ്പെടുന്നു. ഭീമന്റേതെന്നു കരുതപ്പെടുന്ന കാല്‍പ്പാടുകളും മൂന്നോ നാലോ പേര്‍ക്ക് കഷ്ടിച്ച് ഇരിക്കാവുന്നതുമായ ഗുഹയും ഈ പാറയില്‍ ദൃശ്യമാണ്. സമയ കുറവ് മൂലം ആ കാഴ്ച്ച പിന്നീട് വച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.

വാഗമണ്‍ ഉച്ചയോടെ എത്തി. ഇവിടെയെത്തുന്ന യാത്രികര്‍ക്ക് ഒരുപാട് കാഴ്ചകളുണ്ട്. വരുന്ന വഴിയില്‍ ആണ് ഇല്ലിക്കല്‍കലും മാര്‍മല അരുവിയും. തിരികെ റൂട്ടില്‍ കയറി മുന്നോട്ട് പോകുമ്പോ കുരിശുമല യിലേക്കുള്ള വഴി കാണാം. വാഗമണ്‍ ടൗണില്‍ എത്തിയാല്‍ സമയം പോലെ കാഴ്ചകള്‍ ചാര്‍ട്ട് ചെയ്യാം. തങ്ങള്‍ പാറ, പൈന്‍ മരക്കാട്, മൊട്ടകുന്നുകള്‍, സ്യൂയിസൈഡ് പോയിന്റ്, ടീ ലേക്ക്, ഉളുപ്പുണ്ണി, ഉറുമ്പിക്കര, കോലാഹലമേട്, ഇലവീഴാപ്പൂഞ്ചിറ, പരുന്തുംപാറ, വെള്ളപ്പാറ, പാലൊഴുകുംപാറ, കോട്ടപ്പറ, കാറ്റാടിക്കടവ്, മക്കുവള്ളി എന്നിവയൊക്കെ ചുറ്റുവട്ടത്തുണ്ട്.

ഞങ്ങള്‍ക്ക് പോകേണ്ടത് വാഗമണ് ഉപ്പുതറ റൂട്ടിലാണ്. അവിടെ കുമാരികുളം എന്ന സ്ഥലത്താണ് ട്രെയ്ക്കിങ് ടിക്കറ്റ് കൗണ്ടര്‍ ഉള്ളത്. പോകുന്ന വഴികളിലെല്ലാം നീണ്ടു നിവര്‍ന്നു കിടക്കുന്ന മൊട്ട കുന്നുകള്‍.. വാഗമണ്‍ ഭാഗത്ത് നിന്നും അകന്നു പോകുമ്പോ... മൊട്ട കുന്നുകള്‍ക് ഇളം പച്ചയില്‍ നിന്നും കടും പച്ചയിലേക്കുള്ള മാറ്റം കൗതുകം തോന്നിപ്പിച്ചു. നേരെ ഉപ്പുതറ ടൗണിലേയ്ക് ആണ് പോയത്. വഴിയില്‍ പെരിയാര്‍ വറ്റി വരണ്ട് ഒഴുകുന്നത് കണ്ടു. ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വാഗമണ്‍ വരുമ്പോള്‍ പെട്രോള്‍ പമ്പ് ഉള്ളത് ഉപ്പുതറ ടൗണില്‍ ആണ്. അവിടെ നിന്നും ഭക്ഷണ ശേഷം തിരികെ ടിക്കറ്റ് കൗണ്ടറിലേക്ക്..

വനംവകുപ്പ് കത്തിച്ച പുല്‍മേടുകള്‍... ഒറ്റ മഴയോടെ അവിടം തളിര്‍ത്തു വരുമത്രെ... സസ്യഭുക്കുകളായ ജീവികള്‍ക് ഇളം പുല്ല് കിട്ടാന്‍ വേണ്ടിയാണ് ഇങ്ങിനെ കത്തിക്കുന്നത്.

വിന്‍ഡി വാക്ക് ട്രെക്കിങ്

വാഗവനത്തിലൂടെയുള്ള വിന്‍ഡി വാക്ക് ട്രെക്കിങ് (Windy Walk Trekking) തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളം ആയെങ്കിലും ഇപ്പോഴും പലര്‍ക്കും ഇതിനെ കുറിച്ചറിയില്ല. ഇടുക്കി വന്യജീവി സങ്കേതത്തില്‍, നാട്ടുകാരുടെ സഹകരണത്തോടെ, സഞ്ചാരികള്‍ക്ക് പ്രകൃതിയെ അറിയാനും ആസ്വദിക്കാനും ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണിത്. വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഉപജീവന വികസനം ഉറപ്പുവരുത്തുന്നതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കമ്മ്യൂണിറ്റി അധിഷ്ഠിത ഇക്കോ ടൂറിസം പ്രോഗ്രാമുകളാണിത്. സങ്കേതത്തിലെ സന്ദര്‍ശകര്‍ക്ക് ഇതൊരു നല്ല അനുഭവമാണ് സമ്മാനിക്കുന്നത്.

സങ്കേതത്തിന്റെ മെച്ചപ്പെട്ട സംരക്ഷണത്തിനും ഇത് ഊന്നല്‍ നല്‍കുന്നു. ടൂറിസം മേഖലയുടെയും വന്യജീവി സങ്കേതത്തിലെ മറ്റ് പ്രദേശങ്ങളുടെയും സമീപപ്രദേശത്തു താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട ആളുകളാണ് പരിപാടികള്‍ നടത്തുന്നത്. ഒരു സന്ദര്‍ശകന്‍ ഒരു ടിക്കറ്റ് വാങ്ങുമ്പോള്‍ ആദിവാസി വിഭാഗത്തിന്റെ സംരക്ഷണത്തിനു വേണ്ടി സംഭാവന കൊടുക്കുക കൂടിയാണ് ചെയ്യുന്നത്.

വാഗവനം ഗൈഡഡ് ട്രെക്കിംഗ് വാഗമണിന്റെ കോര്‍ ഏരിയയില്‍ കൂടിയുള്ള ട്രെക്കിങ്ങാണ്. വാഗവനത്തിന്റെ വിശാലമായ പുല്‍മേടുകളിലൂടെ ആറ് മലകളോളം കയറിയിറങ്ങി ഷോലകളുടെയും, ജലസംഭരണികളുടെയും മനോഹരമായ കാഴ്ച ആസ്വാദിച്ച് കാട്ടുമൃഗങ്ങളെയും പക്ഷികളെയും കണ്ടുമുട്ടാനുള്ള സാധ്യതയോടെ ഒരു സഞ്ചാരം. വാഗമണിന്റെ അതിര്‍ത്തി പ്രദേശമായതിനാല്‍, മലനിരകളുടെ പ്രകൃതിഭംഗിയാല്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ട പ്രദേശമാണ് വാഗവനം. വായു, ജലം, സുഖകരമായ കാലാവസ്ഥ എന്നിവ ഒന്നിച്ച് നവോന്മേഷം പകരുന്നത് ട്രെക്കിംഗിനെ അവിസ്മരണീയമായ ഒന്നാക്കി മാറ്റും.

വാച്ചിങ് ടവര്‍ ,ആന മല, മഞ്ഞള്‍ നിരപ്പ്, ചില്ലള്ള്, ഇടതൂര്‍ന്ന് തിങ്ങിനിറഞ്ഞുനില്‍ക്കുന്ന വനപ്രദേശങ്ങള്‍, മാങ്കുന്ന്, കിഴക്ലേച്ചി മലകളില്‍ കൂടിയാണ് ട്രെയ്ക്കിങ് നടത്തേണ്ടത്. അഗസ്ത്യാര്‍ കൂടവും കുമാര പര്‍വതം ട്രെക്കിങ്ങും ഒക്കെ പോയിട്ടുള്ളവര്‍ക്ക് ഇത് വളരെ സിംപിള്‍ ആയി പോയി വരാന്‍ ആവും. ഈ യാത്രയില്‍ ഇടുക്കി ജില്ലയുടെ പല കാഴ്ചകളും കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥ ആണെങ്കില്‍ ആനമുടി മല പോലും ദൂരെ കാണാം. വാഗമണ്‍, കട്ടപ്പന, കുളമാവ് ഡാം അങ്ങനെ ഒരു പാട് മനോഹരമായ ദൂര കാഴ്ചകള്‍ ആണ് അവിടെ കാത്തിരിക്കുന്നത്. ഭാഗ്യം ഉണ്ടെങ്കില്‍ ആന, കരടി തുടങ്ങിയ മൃഗങ്ങളെയും കാണാം. കുന്നുകള്‍ കയറിയും ഇറങ്ങിയും ഏകദേശം ഏഴെട്ട് കിലോമീറ്ററോളം നടക്കണം. ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ അടുത്താണ് ട്രെക്ക് അവസാനിക്കുന്നത്. ആ സമയത്ത് വെള്ളം കുറവായിരുന്നുവെങ്കിലും സുഖമായി കുളിക്കുവാന്‍ പറ്റുമായിരുന്നു. മൂന്നരയോടെ തുടങ്ങിയ ട്രെക്കിങ് ആറരയോടെ പൂര്‍ത്തിയാക്കി, കൗണ്ടറില്‍ നിന്നും കാട്ടു തേനും വാങ്ങി... അവിടെ നീന്നും ഇറങ്ങി. വാഗമണ്‍ ടൗണില്‍ കുറച്ചു നേരം ചിലവഴിച്ച ശേഷം തിരികെ യാത്ര തുടങ്ങി.

നിറമുള്ള ഓര്‍മകളുമായി.. ഇരുള്‍ പരപ്പ് വീണ വഴിയിലൂടെ വെള്ളി വെളിച്ചം വീശുന്ന ചന്ദ്രനെ നോക്കി വ്യക്തതയില്‍ നിന്നും അവ്യക്തയിലേയ്ക് നീളുന്ന മഞ്ഞിന്‍ കൂട്ടിനുള്ളിലൂടെ അടുത്ത യാത്രയെ സ്വപ്നം കണ്ടൊരു മടക്കം...

വാഗവനം ട്രെക്കിങ് നിരക്ക് - 135/-

പ്രവേശന നിരക്ക് - 20 /-

വിന്‍ഡി വാക്ക് ട്രെക്കിങ്ങിന് ബന്ധപ്പെടേണ്ടത് കേരള വനം വകുപ്പുമായിട്ടാണ്. ഫോണ്‍ - 08921109629, 09496233564


Next Story

Related Stories