സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴില്‍ കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ അന്താരാഷ്ട്ര പുരാരേഖാ പഠനകേന്ദ്രം (ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റര്‍) സ്ഥാപിക്കുന്നു. ലോകത്തുതന്നെ അപൂര്‍വ്വമായ ഒരു കോടിയിലേറെ തളിയോലകളുടെ അമൂല്ല്യശേഖരമുള്ളതാണ് സംസ്ഥാന ആര്‍ക്കൈവ്സ്. ഇവയെ സംബന്ധിച്ച പഠന ഗവേഷണങ്ങള്‍ക്കായി കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര ആര്‍ക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റര്‍ ആരംഭിക്കുമെന്ന് പുരാരേഖാ വകുപ്പ് നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഹെറിറ്റേജ് സെന്റര്‍ സ്ഥാപിതമാകുന്നതോടെ അന്തര്‍ദേശീയ തലത്തില്‍തന്നെ പുരാരേഖകളുടെ പഠന-ഗവേഷണങ്ങള്‍ക്ക് ഇവിടെ സൗകര്യമൊരുക്കും. ഇത് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനപ്രദമാകും. കേരളവുമായി ബന്ധപ്പെട്ട് വിദേശങ്ങളിലും ഇന്ത്യയില്‍തന്നെ മറ്റു സംസ്ഥാനങ്ങളിലുമുള്ള പുരാരേഖകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനും പഠന ഗവേഷണങ്ങള്‍ക്കും ഈ സെന്റര്‍ സൗകര്യമൊരുക്കും.
രാജ്യത്തിന് തന്നെ മാതൃകയായി ഒരു സര്‍ക്കാര്‍ വകുപ്പും സര്‍വ്വകലാശാലയും പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ക്കുന്ന സവിശേഷ പദ്ധതിയാണിത്. പുരാരേഖാ പഠനകേന്ദ്രത്തിനുള്ള വിശദമായ പദ്ധതിരേഖ തയാറാക്കി കഴിഞ്ഞു. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ആറുകോടി രൂപ ചെലവില്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിതായി തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അറിയിച്ചു. കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്ന മുറക്ക് മറ്റ് സജ്ജീകരണങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയ്ക്കായി കാര്യവട്ടം ക്യാമ്പസില്ഒരേക്കര് സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സര്‍വ്വകലാശാലയുമായി സംസ്ഥാന പുരാരേഖാ വകുപ്പ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. സര്‍വകലാശാലയുടെയും പുരാരേഖ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പ്രതിനിധികള്‍ അടങ്ങിയ സമിതിയായിരിക്കും പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.