TopTop
Begin typing your search above and press return to search.

ഒരു സിഗരറ്റ് കുറ്റി കാരണം മലര്‍പാറയുടെ ഭംഗി നഷ്ടപ്പെട്ടതിന്റെ വേദന ആ വാക്കുകളില്‍ നിറഞ്ഞ് നിന്നിരുന്നു

ഒരു സിഗരറ്റ് കുറ്റി കാരണം മലര്‍പാറയുടെ ഭംഗി നഷ്ടപ്പെട്ടതിന്റെ വേദന ആ വാക്കുകളില്‍ നിറഞ്ഞ് നിന്നിരുന്നു

പതിവുപോലെ വീട്ടില്‍ നിന്നും ഇറങ്ങി, തെണ്ടാന്‍ തന്നെ.. കാടും മലയും ആണ് കൂടുതല്‍ താല്‍പര്യം. അങ്ങനെ പാലായില്‍ ചെന്നിറങ്ങി, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇരുന്ന് ആലോചിച്ചു എങ്ങോട്ട് പോകണമെന്ന്? ഒരു ലക്ഷ്യത്തിനായി പിന്നെ യൂട്യൂബില്‍ സെര്‍ച്ച് ചെയ്തു. എന്നിട്ടും മനസ്സിന് ഇഷ്ടപെട്ട സ്ഥലം കിട്ടിയില്ല. ആരും അധികം കേട്ടിട്ടില്ലാത്ത സ്ഥലം ആയിരുന്നു മനസ്സില്‍.. ഒടുവില്‍ കോതമംഗലം ഭാഗത്ത് കുറച്ച് സ്ഥലങ്ങള്‍ യുട്യൂബില്‍ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ കോതമംഗലം തന്നെ ഉറപ്പിച്ചു. സ്റ്റാന്‍ഡില്‍ ചോദിച്ചപ്പോള്‍ ബസ്സ് അങ്ങോട്ടേക്ക് ഉടന്‍ ഇല്ലായെന്ന് മനസ്സിലായി. മൂവാറ്റുപുഴ ബസ്സില്‍ കയറി അവിടുന്ന് കോതമംഗലം പിടിച്ചു.

കോതമംഗലത്ത് എത്തിയ ശേഷം തിരക്കിയപ്പോള്‍ ഒരു പാട് സ്ഥലങ്ങള്‍ കിട്ടി. പക്ഷേ വേണ്ടത് അധികം ആരിലും എത്താത്ത ഒരു ഇടമായിരുന്നു. അങ്ങനെയാണ് തലക്കോടിനെ പറ്റി അറിഞ്ഞത്. കോതമംഗലത്ത് നിന്നും തലക്കോടിലേക്ക് ബസ്സ് ചാര്‍ജ് 15 രൂപ. തലക്കോട് എത്തി തിരക്കിയപ്പോള്‍ മനസ്സിലായി അകത്തോട്ട് കാട് ആണ് എന്ന്. അന്നത്തെ യാത്രയുടെ ഏകദേശം ഭാഗം പൂര്‍ത്തിയാകാറായി. ഏതായാലും മുന്നോട്ട് അങ്ങനെ തന്നെ നീങ്ങി, വഴിയില്‍ വെച്ച് ഒരു ചേട്ടനെ കണ്ടുമുട്ടി.

പുള്ളിയോട് ഒറ്റശ്വാസത്തില്‍ ചോദിച്ച് നിര്‍ത്തി, 'ചേട്ടാ ഇവിടെ കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ എന്തെങ്കിലുമുണ്ടോ?' ആ ചേട്ടന്‍ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് പറഞ്ഞു, 'ആലി വീണ കൂത്ത് ഉണ്ട് മോനെ, പിന്നെ മലര്‍പാറയും.. ഏതായാലും കൂത്തില്‍ പോയിട്ട് കാര്യം ഇല്ല. അവിടെ ഈ സമയത്ത് വെള്ളം ഇല്ല പോണെങ്കില്‍ മഴക്കാലത്ത് പോണം. അതുമാത്രം പോരാ ഇവിടെയുള്ള ആരെയെങ്കിലും കൂടെ കൊണ്ടുപോകണം അല്ലെങ്കില്‍ കാട്ടില്‍ പെട്ട് പോകും.'

എന്നാല്‍ ആലി വീണ കൂത്തില്‍ വേറൊരു ദിവസം ആകാം യാത്ര എന്ന് തീരുമാനിച്ചു. 'മോനെ നീ ഇനി വരുവാണെങ്കില്‍ മഴക്കാലത്ത് വന്നാല്‍ മതി എന്റെ നമ്പര്‍ തരാം.. വിളിച്ചിട്ട് വന്നാല്‍ മതി. ഞാന്‍ കൊണ്ടുപോയി കാണിക്കാം..' ശരി ചേട്ടാ എന്നും പറഞ്ഞ് മലര്‍പാറയിലേക്ക് നീങ്ങി. മലര്‍പാറ സംഭവം കൊള്ളാം.. പാറയുടെ താഴെ ഒരു തോട്, ആ തോട് കാടിന് നടുവിലൂടെ ഒഴുകുന്നു. നല്ലൊരു കാഴ്ചയാണത്.

കുറച്ച് നേരം അവിടെ ഇരുന്ന് പാറയുടെ അടുത്തേക്ക് പോയി. മലര്‍പാറ കരുതിയ പോലെ പെട്ടന്ന് കയറാന്‍ പറ്റില്ല, കുറച്ച് സൂക്ഷിക്കണം. പാറയില്‍ കയറുമ്പോള്‍ പ്രായം ചെന്നവര്‍ക്ക് കയറാന്‍ സാധിച്ചെന്ന് കൂടി വരില്ല. പക്ഷേ മുകളില്‍ കയറിയാല്‍ കിട്ടുന്ന ഒരു ഫീല്‍ അതൊന്ന് വേറെ തന്നെ. നല്ല കാറ്റും നല്ല കാഴ്ചകളും.. മനസ് നിറഞ്ഞു കുറേനേരം അവിടെ ഇരുന്നു.

കഴിവതും മുകളില്‍ എത്തിയ ശേഷം ചിലരുടെ സ്വഭാവം ഉണ്ട്, മദ്യപാനവും പുകവലിയും.. അത് ഒഴിവാക്കുക. ഇത് പറയാന്‍ ഒരു കാരണമുണ്ട്. ആ നാട്ടിലെ ഒരു ചേട്ടന്‍ പറഞ്ഞതാണ്, 'കുറച്ച് ദിവസം മുന്‍പ് കുറച്ച് പിള്ളേര്‍ വന്നായിരുന്നു അവര് കാണിച്ചിട്ട് പോയതാണ്.. സിഗരറ്റ് വലിച്ചിട്ട് ഇട്ടിട്ട് പോയി.. ഇത് മുഴുവന്‍ കത്തി നശിച്ച്. അല്ലേല്‍ എന്തൊരു ഭംഗി ആയിരുന്നു.' ആ വാക്കുകളില്‍ നിറഞ്ഞ് നിന്നിരുന്നു മലര്‍പാറയുടെ ഭംഗി നഷ്ടപ്പെട്ടതിന്റെ വേദന..


Next Story

Related Stories