TopTop
Begin typing your search above and press return to search.

ഈ ചിത്രങ്ങള്‍ പറയും കാപ്പാട് ബീച്ചിന്റെ ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ കഥ

ഈ ചിത്രങ്ങള്‍ പറയും കാപ്പാട് ബീച്ചിന്റെ ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ കഥ

കോഴിക്കോടിന് ഇത് അഭിമാനനിമിഷമാണ്, ഒപ്പം കേരള ടൂറിസത്തിനും. പല മാനദണ്ഡങ്ങളും കടന്ന് കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ നേടിയിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്‌ലാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് ഈ അഭിമാനനേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട് ബീച്ച് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്ന് എട്ട് തീരങ്ങളാണ് അര്‍ഹമായിരിക്കുന്നത്. ശിവരാജ്പൂര്‍ (ഗുജറാത്ത്), ഗോഗ്ല (ഡിയു), കസര്‍ഗോഡ്, പദുബിദ്രി (കര്‍ണാടക), രുഷികോണ്ട (ആന്ധ്രാപ്രദേശ്), സുവര്‍ണ്ണ (ഒഡീഷ), രാധനഗര്‍ (ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍) എന്നിവയാണ് മറ്റ് ഏഴ് ബീച്ചുകള്‍. യുഎന്‍ഇപി, യുഎന്‍ഡബ്ല്യുടിഒ, എഫ്ഇഇ, ഐയുസിഎന്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര ജൂറിയാണ് സര്‍ട്ടിഫിക്കേഷനായി ബീച്ചുകളെ പരിഗണിച്ചത്.
കോഴിക്കോട് ജില്ലാ കളക്ടറും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റെും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ബ്ലൂഫ്‌ലാഗ് സര്‍ട്ടിഫിക്കറ്റ് നേടിയ കാപ്പാട് ബീച്ചിന്റെ ചിത്രങ്ങള്‍..

















കൊയിലാണ്ടി എംഎല്‍എ കെ.ദാസന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ സാംബശിവറാവു നോഡല്‍ ഓഫീസറുമായുള്ള ബീച്ച് മാനേജ്മന്റ് കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തനമാണ് ബീച്ചിന്റെ നേട്ടത്തിന് വഴിയൊരുക്കിയത്. ഡല്‍ഹി ആസ്ഥാനമായിട്ടുള്ള എ2 ഇസഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്‌മെന്റ് ആണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എട്ട് കോടി രൂപ വകയിരുത്തിയിരുന്നു.

സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്‌ലാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തികള്‍ കാപ്പാട് ബീച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നു. ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാണെന്ന് ആഹ്വാനം ചെയ്യുന്നതിനായി 'അയാം സേവിംഗ് മൈ ബീച്ച്' പതാക ഉയര്‍ത്തിയതിനൊപ്പം അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് മാനദണ്ഡങ്ങളില്‍ പ്രധാനം. കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാന്‍ 30 വനിതകളാണ് ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവര്‍ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്.
കാപ്പാട് വാസ്‌കോഡി ഗാമാ സ്തൂപത്തിന് സമീപത്തുനിന്ന് തുടങ്ങി വടക്കോട്ട് 500 മീറ്റര്‍ നീളത്തില്‍ വിവിധ വികസന പ്രവൃത്തികള്‍ നടത്തിയിരുന്നു. ഉയര്‍ന്ന നിലവാരമുള്ള ടോയ്ലെറ്റുകള്‍, നടപ്പാതകള്‍, ജോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും 200 മീറ്റര്‍ നീളത്തില്‍ കടലില്‍ കുളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. കടലില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് ശുദ്ധവെള്ളത്തില്‍ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്. തീരത്തെ കടല്‍വെള്ളം വിവിധ ഘട്ടങ്ങളില്‍ പരിശോധിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. ലോക ടൂറിസം ഭൂപടത്തില്‍ ജില്ലയുടെ അഭിമാനമായി ഇതോടെ കാപ്പാട് ബീച്ചും ഇടം നേടിയിരിക്കുകയാണ്.

Next Story

Related Stories