TopTop
Begin typing your search above and press return to search.

വയനാടിന്റെ മടിത്തട്ടിലുള്ള, കോഴിക്കോടിന്റെ പറുദീസയിലേക്ക് പെണ്‍കൂട്ടങ്ങളുടെ ഒരു റോയല്‍ എന്‍ഫീല്‍ഡ് യാത്ര

വയനാടിന്റെ മടിത്തട്ടിലുള്ള, കോഴിക്കോടിന്റെ പറുദീസയിലേക്ക് പെണ്‍കൂട്ടങ്ങളുടെ ഒരു റോയല്‍ എന്‍ഫീല്‍ഡ് യാത്ര

കോഴിക്കോടന്‍ യാത്ര എന്നു പറയുമ്പോള്‍ തന്നെ രുചിയൂറുന്ന വിഭവങ്ങളായിരിക്കുമല്ലോ മനസിലേക്കെത്തുക. എടുത്തു പറയുകയാണെങ്കില്‍ നൂറു കൂട്ടം രുചികളുടെ, സ്‌നേഹത്തിന്റെ ആവി പറത്തുന്ന സുലൈമാനിയുടെ, ചൂടന്‍ കപ്പലണ്ടിയുടെ ഗന്ധം പരത്തുന്ന കടപ്പുറത്തിന്റെ അതിലെല്ലാമുപരി ഖല്‍ബില്‍ നിറയെ സ്‌നേഹം പേറുന്ന കുറെ നല്ല മനുസന്മാരുടെ കോയിക്കോട്.

അത് കൊണ്ടൊക്കെത്തന്നെ ട്രാന്‍സ്ഫര്‍ കിട്ടി വിടപറഞ്ഞു പോരുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സങ്കടക്കടല് നെഞ്ചില്‍ ഇരമ്പിക്കൊണ്ടേയിരുന്നു. രണ്ടുവര്‍ഷം കൊണ്ട് കോഴിക്കോടിനെ ഒരു വിധം ഒക്കെ അനുഭവിച്ചെങ്കിലും എത്തിപ്പെടാത്ത ഒന്നായിരുന്നു ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട ഇക്കോ ടൂറിസം കേന്ദ്രമായ തുഷാര ഗിരി.

അങ്ങനെ വീണ്ടും കോഴിക്കോട്ടേക്ക് ഒരാവശ്യത്തിന് എത്തേണ്ട ദിനം തന്നെ വനിതാ ബുള്ളറ്റ് ക്ലബ്ബിന്റെ ഗ്രൂപ്പില്‍ തുഷാരഗിരിയിലേക്കുള്ള യാത്രാചര്‍ച്ച ചൂട് പിടിച്ചു നടക്കുന്നത് കണ്ടു. എന്തായാലും കൂടെ കൂടണം എന്നുറപ്പിച്ചു. ഇനി അങ്ങനെ ഒന്ന് ഉണ്ടായെന്നു വരില്ല. പെണ്‍കൂട്ടങ്ങള്‍ വണ്ടിയും മറ്റും തലേന്ന് തന്നെ സംഘടിപ്പിച്ചു വച്ചു. പുറത്തു നിന്ന് വന്ന ഞങ്ങള്‍ രണ്ടു പേര്‍ക്കൊഴികെ വണ്ടി സ്വന്തമായി ഉള്ളതാണ്.

ഗ്രൂപ്പ് നേതാവ് ഷൈനി ചേച്ചി (Shyni Rajkumar) അറിയപ്പെടുന്ന ഒരു സഞ്ചാരി ആണ്. കന്യാകുമാരി മുതല്‍ ഹിമാലയം വരെ ബുള്ളറ്റില്‍ ഒറ്റയ്ക്കും കൂട്ടായും യാത്രയൊക്കെ ചെയ്തു വാര്‍ത്തയില്‍ ഇടം നേടിയ വനിതയാണ്. വണ്ടി ഇല്ലാത്തതു കൊണ്ടു നിങ്ങള്‍ ഒഴിയണ്ട എന്നും പറഞ്ഞു ഞങ്ങള്‍ക്കുള്ള വണ്ടി നിമിഷ നേരം കൊണ്ട് ചേച്ചി ഏര്‍പ്പാട് ചെയ്തു. അതും കാലിക്കറ്റിന്റെ സ്വന്തം ഷോറൂം ആയ bluemountain മോട്ടോഴ്സില്‍ നിന്നും..

ഫേസ്ബുക്കിലെ സഞ്ചാര കഥകള്‍ വായിച്ചു വെള്ളം ഇറക്കി ഇരിക്കാന്‍ തുടങ്ങിട്ട് കാലം കുറേയായി. നേരത്തെ പ്ലാന്‍ ചെയ്താല്‍ പലതും നടക്കാറില്ല. പിറ്റേന്ന് യാത്ര പോകുന്നതിന്റെ ആവേശത്തോടെ രാത്രി വൈകി ഉറങ്ങാന്‍ കിടന്നു. വെളുപ്പിന് 6 മണിക്ക് കോഴിക്കോട് കടപ്പുറത്താണ് എല്ലാവരും യാത്ര ആരംഭിക്കാനായി സന്ധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വെളുപ്പിനെ എഴുന്നേറ്റു, ചങ്കത്തിയെയും കൂട്ടി കടലോര പാതയിലൂടെ വച്ചു പിടിച്ചു.

ആറു മണി പറഞ്ഞെങ്കിലും എല്ലാരേം ഒപ്പിച്ചു യാത്ര തുടങ്ങിയപ്പോള്‍ സൂര്യന്‍ ഏകദേശം മുകളില്‍ എത്തിയിരുന്നു. വൈകി വന്ന ഇത്താത്തമാരെ എല്ലാരും നോക്കിയപ്പോള്‍ 'മൂന്ന് പിള്ളേരുടെ തള്ളമാരുടെ രാവിലത്തെ നൊമ്പരം നിങ്ങള്‍ക്കൊന്നും പറഞ്ഞ മനസിലാവില്ല്യ പെങ്കുട്ട്യോളെ' എന്നും പറഞ്ഞു അവര്‍ ചിറി കോട്ടി. അങ്ങനെ ഏഴുമണിയോടെ 8 വണ്ടികളിലായി ഞങ്ങള്‍ യാത്ര പുറപ്പെട്ടു. കോഴിക്കോട് - കുന്നമംഗലം വഴി താമരശ്ശേരി ചുരത്തിലേക്കു..

ആകെ ത്രില്ലടിച്ചിരുന്ന മനസിനേ പൂട്ടി വച്ചിരുന്ന കടിഞ്ഞാണ്‍ അഴിച്ചു വിട്ടു മലയോര മേഖലയിലേക്ക് കയറി. താമരശേരി ചുരത്തിന്റെ അടിവാരത്തെത്തിയപ്പോള്‍ വിശപ്പിന്റെ വിളി നേതാവിനെ അറിയിച്ചു വണ്ടി സൈഡ് ആക്കി.

അവിടുന്ന് മസാല ദോശയും അടിച്ച് വീണ്ടും വണ്ടി എടുത്തു. ചുരത്തിനു മുന്‍പുള്ള പഴയ തുക്കടാ റോഡ് ഒക്കെ മാറി ഇപ്പോള്‍ പുതിയ ഒരു റോഡ് കണ്ടുപിടിച്ചിട്ടുണ്ടത്രെ... കൂട്ടത്തില്‍ ഒരുത്തിയുടെ വെളിപ്പെടുത്തല്‍.

'എന്നാ മ്മക്ക് ആ വഴി പോവാ' ഓഫ് റോഡ് റൈഡിങ് അലര്‍ജി ഉള്ള ഞാന്‍ വേഗം കൈ പൊക്കി.

'എന്നാ എല്ലാരും ചുരം കേറാന്‍ റെഡി ആയിക്കോ' ഷൈനി ചേച്ചി തീരുമാനം അറിയിച്ചു.

'ദേവ്യേ ഒരാവേശത്തിനു പറഞ്ഞതാണ് ചുരം കേറാന്‍ എന്നെകൊണ്ട് ആവുമോ' ആവശ്യമില്ലാത്ത ഒരു ആത്മവിശ്വാസക്കുറവ് അസ്ഥാനത്തു തലപൊക്കി.

'ഇത്ര ദൂരം ഓടിച്ചത് നീ തന്നെ അല്ലെ' ചേച്ചി നോട്ടം കടുപ്പിച്ചു.

ഒരു വളിച്ച ഇളിയോടെ വരുന്നിടത്തു വച്ചു കാണാം എന്നു കരുതി വീണ്ടും വണ്ടി എടുത്തു. അങ്ങനെ നമ്മടെ പപ്പു പറഞ്ഞ താമരശ്ശേരി ചുരം കയറി തുടങ്ങി. ചുരത്തിന്റെ രണ്ടാം വളവില്‍ നിന്നാണ് തുഷാര ഗിരിയിലേക്കുള്ള പുതിയ വഴി. വളവ് തിരിയാന്‍ തുടങ്ങിയതും വഴി തെറ്റിയോ എന്ന സംശയത്തില്‍ മുന്നില്‍ പോയവള്‍ ചെറുതായൊന്നു പാളിയതും രണ്ടു ചെക്കന്മാര്‍ ആ വഴി വന്നു രണ്ടു ഡയലോഗ്..

'വീട്ടില്‍ നിനക്കൊന്നും വേറെ പണിയില്ലാഞ്ഞിട്ടാണോടി ബുള്ളറ്റ് എടുത്തു ഇറങ്ങി ഇരിക്കുന്നത്'

ഞങ്ങള്‍ നേതാവിന്റെ മുഖത്തേക്ക് നോക്കി, 'തളരരുത് രാമന്‍കുട്ടി ' ചേച്ചിടെ മുഖം വിളിച്ചു പറയുന്നു.

അങ്ങനെ വീണ്ടും യാത്ര പച്ചപ്പും ഹരിതഭയും നിറഞ്ഞ കാനനവീഥിയിലേക്കു.. അവിടന്ന് അങ്ങോട്ടുള്ള അഞ്ചു കിലോമീറ്റര്‍ യാത്ര അത്രയും മനോഹരമായ അനുഭവമായിരുന്നു. പുതുക്കിയ റോഡ് ആയതു കൊണ്ടു അനായാസേന പ്രകൃതിയെ ആസ്വദിച്ചു കടന്നു പോകാന്‍ പറ്റി. അങ്ങനെ ഒമ്പതരയോടെ ഞങ്ങള്‍ തുഷാര ഗിരിയുടെ മടിത്തട്ടിലെത്തി. പുഴക്ക് കുറുകെയുള്ള പാലം ആണ് ഞങ്ങളെ വരവേറ്റത്..

ഉദ്ദേശിച്ചത് മഴയാത്ര ആയിരുന്നെങ്കിലും ഇത്തവണത്തെ കാലവര്‍ഷത്തിന്റെ ചതിയില്‍ വെയില്‍ യാത്ര ആയിപ്പോയി (2019 ആണ് കാലവര്‍ഷം വൈകിയെത്തിയതും പ്രളയമായതും പിന്നീട് ചരിത്രം). സൂര്യന്‍ തന്റെ പണി തുടങ്ങിയപ്പോള്‍ പാലത്തിലുള്ള പടം പിടുത്തം നിര്‍ത്തി ഞങ്ങള്‍ പാര്‍ക്കിംഗ് സൈഡിലേക്ക് കയറി.

താമരശ്ശേരി റേഞ്ചിലെ കോടഞ്ചേരിയില്‍ ജീരകപ്പാറ വനത്തിലാണ് തുഷാരഗിരി ഇക്കോ ടൂറിസം മേഖല. ഈരാറ്റു മുക്ക് വെള്ളച്ചാട്ടം, മഴവില്‍ ചാട്ടം, തുമ്പി തുള്ളും പാറ വെള്ളച്ചാട്ടം, പുഴക്ക് കുറുകെയുള്ള തൂക്കുപ്പാലം, തുഷാരഗിരി ജല വൈദ്യുത പദ്ധതിയുടെ മിനി ഡാം, നാല് പേര്‍ക്ക് വരെ പൊള്ളയായ ഉള്‍വശത്ത് കയറി നില്ക്കാവുന്ന താന്നി മുത്തശ്ശി, സാഹസിക കാനന യാത്ര, ട്രെക്കിംഗ്, ക്യാമ്പിംഗ്, ഏറു മാടങ്ങള്‍, പക്ഷി നിരീക്ഷണം, ചാലിപ്പുഴയിലെ കയാക്കിംഗ് ഇവയൊക്കെ ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ഞങ്ങളുടെ യാത്രയില്‍ റൈഡിന് പ്രാധാന്യം കൊടുത്തിരുന്നത് കൊണ്ട് ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തില്‍ ഒതുക്കാം എന്നു തന്നെ ആയിരുന്നു ഞങ്ങളുടെ ഉദ്ദേശം. വണ്ടി പാര്‍ക്ക് ചെയ്തു ഞങ്ങള്‍ പച്ച വിരിച്ച വഴിയിലേക്ക് കയറി. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. തുമ്പിതുള്ളുംപാറ വരെയുള്ള ട്രെക്കിങ്ങിനു എന്‍ട്രി ഫീ ആയ 30 മതിയാവും.

തൂക്കുപാലം കയറി ഞങ്ങള്‍ വെള്ളച്ചാട്ടത്തിലേക്കു നടന്നു. വെള്ളം കണ്ടതും ഒരുത്തി ഒറ്റ ചാട്ടത്തിനു വെള്ളത്തിലിറങ്ങി. മാറ്റാനുള്ള ഡ്രസ്സ് ഒന്നും കരുതിയിരുന്നില്ലെങ്കിലും ആവേശം മൂത്തു ഒന്ന് രണ്ടു പേരൊഴികെ കാട്ടിലെ തേനരുവിയില്‍ നീന്തി തുടിച്ചു. ഇടവപ്പാതിയില്‍ നിറയേണ്ട വെള്ളച്ചാട്ടങ്ങള്‍ ഇത്തവണ പതുങ്ങിയതുകൊണ്ട് മാത്രം സുരക്ഷിതമായി കരക്ക് കയറി.

പലയിനം ചൊറിയമ്പുഴുക്കള്‍ പാരച്ചൂട്ടില്‍ ഇറങ്ങി വഴിയരികില്‍ ഞങ്ങളെ വരവേറ്റു. അട്ട ഇല്ലെന്ന് ഗൈഡ് പറഞ്ഞ ധൈര്യത്തില്‍ നഗ്‌നപാദരായി തിരിച്ചു നടന്നു. ഒന്നര മണിക്കൂറിനുള്ളില്‍ എല്ലാരും അത്രമേല്‍ ചങ്ങാതിമാരായി തീര്‍ന്നിരുന്നു. പന്ത്രണ്ടരയോടെ എല്ലാവരും തിരിച്ചു പോകാന്‍ തയ്യാറായിരുന്നു. അടുത്ത ട്രിപ്പിന്റെ പ്ലാനുകളെ സ്വപ്നം കണ്ടു പെണ്‍സംഘം തിരിച്ചു ചുരം ഇറങ്ങി.

ഒരിക്കല്‍ ഉള്‍ക്കൊണ്ട ആവേശം സാര്‍ത്ഥകമാക്കിയ നേതാവിനോട് കടപ്പെട്ടുകൊണ്ട് ഇത്രയും ആത്മവിശ്വാസം നല്‍കിയ യാത്രയെ ചങ്കില്‍ സ്വീകരിച്ചു എല്ലാരും യാത്ര പറഞ്ഞിറങ്ങി.


Next Story

Related Stories