TopTop
Begin typing your search above and press return to search.

പഴയ ആലുവ-മൂന്നാര്‍ രാജ പാതയിലെ 163 വര്‍ഷം പഴക്കമുള്ള ഈ പാലമാണിപ്പോള്‍ ട്രെന്‍ഡ്

പഴയ ആലുവ-മൂന്നാര്‍ രാജ പാതയിലെ 163 വര്‍ഷം പഴക്കമുള്ള ഈ പാലമാണിപ്പോള്‍ ട്രെന്‍ഡ്

മലയാളികള്‍ക്ക് യാത്രപ്രിയം ഇത്തിരി കൂടുതലാണ്.. അതുകൊണ്ട് തന്നെയായിരിക്കും തൊഴില്‍ ചെയ്യാന്‍ വേണ്ടിയാണെങ്കിലും ലോകത്തിലെ എല്ലായിടത്തും മല്ലൂസ് എത്തുന്നത്. പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുക അവിടെ ചുറ്റിയടിക്കുക ഇതൊക്കെയല്ലേ മല്ലൂസിന്റെ 'എന്റര്‍ടൈമെന്റ്'. ഇപ്പോള്‍ മലയാളി യാത്രകരുടെ ഇടയില്‍ ട്രെന്‍ഡായിട്ടിരിക്കുന്ന ഒരു സ്ഥലം, പഴയ ആലുവ-മൂന്നാര്‍ രാജ പാതയിലെ 163 വര്‍ഷം പഴക്കമുള്ള ഒരു പാലമാണ്. ഇടുക്കിയിലെ മനോഹരമായ പ്രദേശമായ മാങ്കുളത്തിനടുത്തുള്ള പെരുമ്പന്‍കുത്ത് പാലമാണ് ഇപ്പോള്‍ താരം.

രാജ പാത എന്നറിയപ്പെട്ടിരുന്ന പഴയ ആലുവ-മൂന്നാര്‍ റൂട്ടിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ആലുവയില്‍ നിന്ന് ആരംഭിച്ച് കോതമംഗലം, ചേലാട്, ഊഞ്ഞാപ്പാറ, പുന്നേക്കാട്, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, കുളനട, കുന്തറപ്പുഴ കുഞ്ചിയാര്‍, പെരുമ്പന്‍കുത്ത്, അന്‍പതാംമൈല്‍, ആനക്കുളം, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറില്‍ അവസാനിക്കും ഈ രാജപാത. കോതമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള 65 കിലോമീറ്ററോളം വരുന്ന പാതയിലൂടെയുള്ള യാത്രയില്‍ വളരെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണുള്ളത്. ഇപ്പോള്‍ ട്രക്കിങ്ങിനായി ധാരാളം പേര്‍ ഈ പാത തിരഞ്ഞെടുക്കാറുണ്ട്.

1857ല്‍ സര്‍ ജോണ്‍ ഡാനിയേല്‍ മണ്‍ട്രോ എന്ന ബ്രിട്ടീഷുകാരനാണ് ഈ പാലം നിര്‍മിച്ചത്. പെരിയാറിന്റെ കൈവഴി എന്നുവിളിക്കാവുന്ന പെരുമ്പന്‍കുത്ത് പുഴയ്ക്ക് സമാന്തരമായിട്ടാണ് പാലം നിര്‍മ്മിച്ചത്. യൂറോപ്യന്‍ പ്ലാന്റേഷന്‍ കമ്പനിയുടെ എസ്റ്റേറ്റിലേക്ക് എത്തുക എന്നതിനായിരുന്നു പാലം പണിയാനുള്ള കാരണം. ബ്രിട്ടീഷ് സാങ്കേതികവിദ്യയില്‍ ഇരുമ്പ് ഗേഡറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ പാലത്തേ നാട്ടുകാര്‍ പിന്നീട് ഗേഡര്‍ പാലം എന്ന് വിളിക്കുകയായിരുന്നു.

ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തുള്ള സുര്‍ക്കി മിശ്രിതമാണ് തൂണുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ ഈ പാലത്തെ പ്രസിദ്ധമാക്കിയത് ഈ പാലത്തിന്റെ ഉറപ്പാണ്. ഒരു നൂറ്റാണ്ടിനിടെ രണ്ട് മഹാ പ്രളയത്തെ അതിജീവിച്ച ഒന്നരപതിറ്റാണ്ടത്തെ പാലം എന്ന പെരുമയാണ് പെരുമ്പന്‍കുത്ത് ഗേഡര്‍ പാലത്തിലേക്ക് സഞ്ചാരികളെ എത്തികുന്നത്. 1924ല്‍ ഉണ്ടായ മഹാ പ്രളയത്തിലും നൂറ്റാണ്ടിന്റെ പ്രളയം എന്ന് വിശേഷിച്ച 2018-ലെ പ്രളയത്തിലും പെരുമ്പന്‍കുത്ത് പാലം ഉറച്ചുനിന്ന് അതിജീവിച്ചു.

കാലപ്പഴക്കത്തില്‍ പാലത്തിന്റെ പ്രതലം അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കിയത് മാത്രമാണ് പാലത്തില്‍ നടന്നിട്ടുള്ള ആകെയുള്ള മാറ്റം. ഇപ്പോള്‍ ഒട്ടേറെ വിനോദ സഞ്ചാരികള്‍ ട്രക്കിങ്ങിനും മറ്റുമായി ഇതു വഴി കടന്നു പോകുന്നുണ്ട്. ട്രെക്കിങ്ങിന് അല്ലാതെയും പെരുമ്പന്‍കുത്തിലേക്ക് സഞ്ചാരികള്‍ എത്താറുണ്ട്. പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടവും, മാങ്കുളത്തെ വിരിപാറ വെള്ളച്ചാട്ടവും, തൂക്കുപാലവും, മുനിയറകളും, വന്യമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്നതും ഒക്കെ പെരുമ്പന്‍കുത്തിലേക്ക്് ആളുകളെ ആകര്‍ഷിക്കുന്നു.

1924ല്‍ ഉണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് കരിന്തിരിമല എന്ന മല റോഡിലേക്ക് ഇടിഞ്ഞുവീണതോടുകൂടിയാണ് പഴയ രാജപാതയും പാലവും ഒക്കെ വിസ്മൃതിയിലായത്. പിന്നീട് നേര്യമംഗലം വഴിയുള്ള റോഡ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഈ പാത കാടുകയറി. ഇപ്പോള്‍ പഴയ രാജപാതയില്‍ നിന്ന് അല്പം മാറിയുള്ള റോഡിലൂടെ ഈറ്റകള്‍ കൊണ്ടുപോകുന്ന വണ്ടികള്‍ പോകാറുണ്ട്. പൂയംകുട്ടി വരെ നല്ല റോഡുമുണ്ട്. പക്ഷെ പൂയംകുട്ടി കണ്ടംപാറക്ക് സമീപം വനംവകുപ്പ് പാത അടച്ചിരിക്കുകയാണ്. ഇപ്പോഴും കോതമംഗലം -പൂയംകുട്ടി പാത അറിയപ്പെടുന്നത് കോതമംഗലം പെരുമ്പന്‍ കുത്ത് റോഡ് എന്നാണ്. പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം


Next Story

Related Stories