TopTop
Begin typing your search above and press return to search.

വെമ്പനാട് കായലാല്‍ ചുറ്റപ്പെട്ട കോട്ടയത്തിന്റെ 'നേച്ചേഴ്‌സ് ബൗണ്ടി' / വീഡിയോ

വെമ്പനാട് കായലാല്‍ ചുറ്റപ്പെട്ട കോട്ടയത്തിന്റെ നേച്ചേഴ്‌സ് ബൗണ്ടി / വീഡിയോ

'പ്രകൃതിയുടെ ദാനം' (Nature's Bounty) എന്നാണ് വെമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കോട്ടയത്തെ ഈ പട്ടണം അറിയപ്പെടുന്നത്. കേരളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള പട്ടണങ്ങളിലൊന്നാണ് വൈക്കം. കേരളത്തിന്റെ പ്രകൃതി ഭംഗിയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും മതങ്ങളും ഒക്കെ സംയോജിച്ച ചരിത്ര പ്രധാന്യമുള്ള ഈ പട്ടണം കോട്ടയത്തിന്റെ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

വെമ്പനാട് കായലാല്‍ ചുറ്റപ്പെട്ട വൈക്കത്തെ മനോഹരമായ ജലാശയങ്ങളും ശാന്തമായ ഗ്രാമീണ ജീവിതവും സഞ്ചാരികളെ മനംനിറച്ച് തൃപ്തിപ്പെടുത്തുന്ന പ്രദേശമാണ്. വൈക്കത്തെ മുരിഞ്ചപുഴ കായലും പച്ചപ്പും തൊട്ടടുത്ത പ്രദേശങ്ങളായ കുമരകവും ആലപ്പുഴയുമൊക്കെ സഞ്ചാരികള്‍ക്ക് മതിവരോളം ആസ്വാദിക്കാന്‍ ഒറ്റ യാത്ര കൊണ്ട് തന്നെ സാധിക്കും. പ്രശസ്തമായ വൈക്കം മഹാദേവ ക്ഷേത്രം ഇവിടുത്തെ അതിമനോഹരത വര്‍ദ്ധിപ്പിക്കുന്നു.

വൈക്കം പ്രസിദ്ധമായിരിക്കുന്നത് 'ദക്ഷിണ കൈലാസം' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സാമൂഹിക പരിഷ്‌കാരങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവര്‍ത്തനക്ഷമമാക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഈ ക്ഷേത്രവും പട്ടണവും ചരിത്രപ്രധാന്യമുള്ളതാണ്

1924-ല്‍ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹം കേരളത്തിലെ സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് ഏറെ ശക്തി പകര്‍ന്ന ഒന്നാണ്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.

വൈക്കം എന്ന പേര്‍ വന്നതിനെക്കുറിച്ചുള്ള ചരിത്രകാരന്മാരുടെ ഇടയിലുള്ള വാദം ഈ പ്രദേശം ഒരു കാലത്ത് കടല്‍ ആയിരുന്നുവെന്നും പിന്നീട് കടല്‍ പിന്മാറിയുണ്ടായത് കൊണ്ടാണ് ഈ പട്ടണത്തിന് വൈക്കം എന്ന പേര്‍ ഉണ്ടായതെന്നുമാണ്.

വൈക്കത്തേക്ക് കോട്ടയത്ത് നിന്ന് കുമരകം വഴി 32 കിലോമീറ്ററാണ് ദൂരമുള്ളത്. എറണാകുളത്ത് നിന്ന് 30 കിലോമീറ്ററും ആലപ്പുഴയില്‍ നിന്ന് 37 കിലോമീറ്ററും വൈക്കത്തേക്ക് ദൂരമുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് വൈക്കം.


Next Story

Related Stories