TopTop
Begin typing your search above and press return to search.

പ്രളയവും നിപ്പയും അതിജീവിച്ച കേരളത്തിലേക്ക് സഞ്ചാരികളുടെ റെക്കോഡ് ഒഴുക്ക്, ഇത് കാല്‍ നൂറ്റാണ്ടിനിടെയിലെ ഏറ്റവും ഉയര്‍ന്ന നേട്ടം

പ്രളയവും നിപ്പയും അതിജീവിച്ച കേരളത്തിലേക്ക് സഞ്ചാരികളുടെ റെക്കോഡ് ഒഴുക്ക്, ഇത് കാല്‍ നൂറ്റാണ്ടിനിടെയിലെ ഏറ്റവും ഉയര്‍ന്ന നേട്ടം

കൊറോണ വൈറസ് (കോവിഡ് 19) ഭീതിയില്‍ ആഗോള ടൂറിസം മേഖല പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്ത് വ്യത്യസ്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി രംഗത്തിറങ്ങിയ കേരള ടൂറിസത്തിന് ലോകത്തിന് മുമ്പില്‍ കാണിക്കാന്‍ നേട്ടത്തിന്റെ ഒരു കണക്ക് കൂടി. 2019-ല്‍ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയെന്നതാണ് ആ കണക്ക്.

രണ്ട് മഹാ പ്രളയങ്ങള്‍ക്കും നിപ്പ, സീക്ക തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കും കേരളത്തിലെ ജനങ്ങളെ എന്നപോലെ സംസ്ഥാന ടൂറിസം മേഖലയെയും തോല്‍പിക്കാന്‍ കഴിഞ്ഞില്ല. 2019ല്‍ സംസ്ഥാനത്ത് 1.96 കോടി വിനോദസഞ്ചാരികളെത്തിയെന്നാണ് കേരള ടൂറിസം വകുപ്പിനെ ഉദ്ധരിച്ച് 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവില്‍, 24 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2018ല്‍ നിന്ന് 17.2 ശതമാനം വളര്‍ച്ചയാണ് 2019ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ സന്ദര്‍ശിച്ച 1.96 കോടി സഞ്ചാരികളില്‍ 1.83 കോടി പേര്‍ സ്വദേശികളും 11.89 ലക്ഷം പേര്‍ വിദേശികളുമാണ്. 45010.69 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലൂടെ കേരളം നേടിയ വരുമാനം.

2019-ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയ ജില്ല എറണാകുളമാണ്. 45,82,366 പേരാണ് എറണാകുളത്ത് മാത്രം എത്തിയത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയില്‍ 33,48,618 പേര്‍ എത്തി. 25,99,248 ആള്‍ക്കാര്‍ എത്തിയ തൃശൂര്‍ മൂന്നാം സ്ഥാനത്തും 18,95,422 സഞ്ചാരികളുമായി ഇടുക്കി നാലാം സ്ഥാനത്തുമാണ്.

ദുരന്തങ്ങള്‍ ഏറ്റവും ശക്തമായി ബാധിച്ച 2018ല്‍ 1.67 കോടി സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. ഇതില്‍ 1.56 കോടി സ്വദേശികളും 10.96 ലക്ഷം വിദേശികളും ഉള്‍പ്പെടുന്നു. ഈ വര്‍ഷവും (2020) ടൂറിസം മേഖലയുടെ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

'2018ലും 2019ലുമായി ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാക്കിയ കഷ്ടതകളില്‍ നിന്ന് ഞങ്ങള്‍ കരുത്തോടെ തിരിച്ചെത്തിയിരിക്കുന്നു. 1996ന് ശേഷമുള്ള സഞ്ചാരികളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2019 മെയ് മുതല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാവുകയും വര്‍ഷാവസാനം വരെ ആ വര്‍ധന നിലനില്‍ക്കുകയും ചെയ്തു'വെന്ന് മന്ത്രി പറഞ്ഞു.

'ഈ വര്‍ഷവും (2020) ടൂറിസം മേഖലയുടെ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന പ്രശ്നത്തിന് ലോകം എത്ര വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നേട്ടം ആവര്‍ത്തിക്കാന്‍' എന്ന് കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊറോണ വൈറസ് ഭീതി ലഘൂകരിച്ചുകൊണ്ട് കൃത്യമായ ആസൂത്രണത്തോടെ ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കാനാണ് കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രമം. രാജ്യത്തിന് തന്നെ മാതൃകപരമായ ജാഗ്രത കൊണ്ട് കൊറോണ വൈറസ് ബാധയെ ഏറെക്കുറെ പൂര്‍ണമായും അതിജീവിച്ച് നിയന്ത്രിച്ചിരിക്കുകയാണ് കേരളം. കേരള ടൂറിസം വകുപ്പ് നടത്തുന്ന പ്രാധാന പ്രചരണവും ഇത് തന്നെയാണ്.

കേരളത്തിലുടനീളം വിനോദസഞ്ചാരികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും രോഗപ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞെന്നും അതിനാല്‍ കൊറോണ വൈറസ് ബാധയെപ്പറ്റി ആശങ്ക വേണ്ടെന്നും സംസ്ഥാന ടൂറിസം വകുപ്പ് അറിയിക്കുന്നുണ്ട്.

കേരളം സുരക്ഷിതമാണെന്നും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരെ പ്രധാനപ്പെട്ട നാല് എയര്‍ പോര്‍ട്ടുകളിലും കര്‍ശന പരിശോധനകള്‍ക്കു വിധേയരാക്കുന്നുണ്ടെന്നും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നുമുണ്ടെന്നും ടൂറിസം വകുപ്പ് പ്രചരണങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.


Next Story

Related Stories