തിരുവിതാംകൂറിന്റെ ചരിത്രവും ഗതകാല സ്മരണകളും ഓര്‍മ്മപ്പെടുത്തുന്ന ആലേഖനം ചെയ്ത ചിത്ര മതിലുകള്‍ ഒരുക്കി തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ ഇനി പൈതൃകത്തെരുവാകിന്റെ ഭാഗമാകും. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും, ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കുമെന്നാണ് ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് അറിയിച്ചിരിക്കുന്നത്.
ചാലയുടെ പൈതൃക തനിമ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പ് മുന്‍കൈ എടുത്ത് ചാല പൈതൃക തെരുവ് പദ്ധതി ആവിഷ്കരിച്ചത്. ചാല പൈതൃക തെരുവിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചാല പൈതൃക തെരുവ് പദ്ധതിയുടെ ഒരു ഘടകമായ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ നവീകരണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും, മേല്‍ക്കൂരയോട് കൂടിയ നടപ്പാതയും, വിശ്രമ ബഞ്ചുകളും, പൂച്ചെടികളും എല്ലാം പൈതൃകത്തെരുവില്‍ ഒരുക്കും. ഗാന്ധിപാര്‍ക്കിന് എതിര്‍വശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടമൊരുക്കും.
കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും. പൈതൃകത്തെരുവിന്റെ മുദ്രയോട് കൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും, ഒരേ തരം നിറവും പൈതൃകത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ ആകര്‍ഷകമാക്കും. ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന് രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും.
ആര്യശാലയിലും ചിത്രമതിലുകളും മറ്റുമൊരുക്കി പരമ്പരാഗത ഭംഗി നിലനിര്‍ത്തിയുളള സൗന്ദര്യവല്‍ക്കരണം നടത്തുന്നുണ്ട്. വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും എല്ലാം ഭൂമിക്കടിയിലൂടെ സ്ഥാപിക്കാനാണ് തീരുമാനം.