TopTop
Begin typing your search above and press return to search.

തൃശൂരിന്റെ വന്യ സൗന്ദര്യം തേടിയുള്ള യാത്രയും ഒരു അസ്തമയ കാഴ്ചയും

തൃശൂരിന്റെ വന്യ സൗന്ദര്യം തേടിയുള്ള യാത്രയും ഒരു അസ്തമയ കാഴ്ചയും

യാത്രയോട് ഹരം തോന്നി തുടങ്ങിയ കാലം മുതല്‍ എവിടെയോക്കെ അലഞ്ഞിട്ടുണ്ടെങ്കിലും ഒരു മോഹമായി ബാക്കിയായിരുന്നതായിരുന്നു മലക്കപ്പാറ. വന്യ സൗന്ദര്യം നുകര്‍ന്നു ഒരു സാഹസിക ബൈക്ക് റൈഡ് ആയിരുന്നു ആഗ്രഹം കിടന്നിരുന്നതെങ്കിലും അവസരം വന്നത് ബസ് യാത്രയാണ്. പുതിയ ജോലി സ്ഥലത്തേക്കുള്ള പറിച്ചു നടലില്‍ വേരാഴ്ന്നു പിടിക്കാനുള്ള വ്യഗ്രതയായിരുന്നു.

ചെന്ന് രണ്ടു ദിവസത്തിനകം എല്ലാരും കൂടി യാത്ര പ്ലാന്‍ ചെയ്തു കഴിഞ്ഞിരുന്നു. ഞങ്ങള്‍ മൊത്തം മുപ്പതോളം പേര്‍. രാവിലെ 7 മണിക്ക് ബസ് പുറപ്പെടുന്നത് വരെയും റൂട്ട് മാത്രമാണ് വ്യക്തതയുണ്ടായിരുന്നത്. 'എല്ലാര്‍ക്കും റിലാക്‌സ് ചെയ്തു ആസ്വദിച്ചു പോകാനൊരു യാത്ര അതാണ് നമ്മുടെ ഒരു ഇത്'. ടൂര്‍ കോര്‍ഡിനേറ്റര്‍ ലിന്‍സി ടീച്ചര്‍ നയം വ്യക്തമാക്കി.

പുത്തന്‍ചിറയില്‍ നിന്നും എല്ലാരേയും തെളിച്ചു കൊണ്ട് ബസ് പുറപ്പെടുമ്പോള്‍ ഏകദേശം 8 മണിയോടടുത്തിരുന്നു. ചാലക്കുടി ആനമല റോഡില്‍ കാത്തു നിന്നിരുന്ന രണ്ടു പേരെയും കൂടി എടുത്തു, ബസ് അതിരപ്പിള്ളി റോഡിലൂടെ കൊമ്പ് കുലുക്കി പായാന്‍ തുടങ്ങിയിരുന്നു. ഈ റൂട്ടില്‍ വിനോദസഞ്ചാര മേഖലയുടെ കവാടമായ തുമ്പൂര്‍മുഴി ശലഭോദ്യാനം, ചാലക്കുടിപുഴയിലെ തൂക്കുപാലം, അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍, ആനക്കയം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനാകും.

മ്യൂസിക് സിസ്റ്റത്തില്‍ ഡിജെ സോങ് തകര്‍ക്കാന്‍ തുടങ്ങിയെങ്കിലും കുട്ടി കുറുമ്പന്‍മാര്‍ ആരും തന്നെ കേട്ട ഭാവം ഇല്ലാതെ സീറ്റില്‍ തന്നെ ഇരുപ്പാണ്. അമ്മമാര്‍ ഇറങ്ങി ഡാന്‍സ് തുടങ്ങിയതോടെ ഓരോരുത്തരുടെ മുഖത്തും നാണം തെളിഞ്ഞ ചിരി.

അതിരപ്പിള്ളി ഒരു സ്ഥിരം സന്ദര്‍ശന സ്ഥലം ആയതുകൊണ്ട് ഈ പ്രാവശ്യം അതങ്ങു ലിസ്റ്റില്‍ നിന്നും ഒഴിവാക്കി വിട്ടു. വാഴച്ചാല്‍ മേഖലയില്‍ ബസ് നിര്‍ത്തി ടിക്കറ്റ് എടുത്തു എല്ലാരും അകത്തു കടന്നു. അതിരപ്പിള്ളി എത്രയോ പ്രാവശ്യം വന്നു പോയിട്ടും വാഴച്ചാല്‍ ഇതുവരെ വരാതെ വിട്ടു പോയത് എങ്ങിനെയെന്ന് ഒരു പിടിയും കിട്ടിയില്ല.

ചാലക്കുടി പുഴ ശാന്തമായി ഒഴുകുന്നു. പ്രളയം തകര്‍ത്തു വച്ച ചില തിരുശേഷിപ്പുകള്‍ അങ്ങിങ്ങായി ടൂറിസം വകുപ്പ് മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുന്നു. വനമേഖലയില്‍ ശൗചാലയം ഉണ്ടാവില്ലെന്ന ആരുടെയോ മുന്നറിയിപ്പു പ്രകാരം വാഴച്ചാലില്‍ വച്ച് തന്നെ ടോയ്‌ലറ്റ് കണ്ടു പിടിച്ചു കാര്യം സാധിക്കല്‍ കൂടിയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം.

കയ്യില്‍ കരുതിയിരുന്ന ബ്രേക്ക് ഫാസ്റ്റും കഴിച്ച് പൂര്‍വാധികം ശക്തിയോടെ അവിടെ നിന്നും യാത്ര തിരിച്ചു. അവിടെ നിന്നും പിന്നീടുള്ള വഴി കൊടും വനത്തിലേക്കുള്ള വാതില്‍ തുറക്കലായിരുന്നു. കാടിന്റെ വശ്യ സൗന്ദര്യവുമായി വനം ഞങ്ങളെ വരവേറ്റു.

ഡ്രൈവര്‍ പാട്ട് നിര്‍ത്തിയപ്പോള്‍ കുട്ടികള്‍ നെറ്റി ചുളിച്ചു. വനമേഖലയില്‍ പാട്ട് നിഷിദ്ധമാണെന്നറിയിച്ചു ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു. പെട്ടന്ന് നിശബ്ദരായ സംഘത്തെ നമുക്ക് അന്താക്ഷരി കളിക്കാം എന്ന് പറഞ്ഞു വീണ്ടും ഉഷാറക്കിയത് ഉപേന്ദ്രന്‍ മാഷാണ്..

പാട്ടുകള്‍ പാടി തകര്‍ക്കുന്നതിനിടയില്‍ ബസിനിരുവശവും നിറഞ്ഞ കാട്, ഞങ്ങളെ പാട്ടില്‍ നിന്നും പിന്‍വലിപ്പിച്ചു വന്യ സൗന്ദര്യത്തിലേക്കു മാടി വിളിച്ചു.

കൊടും കാടിനുള്ളിലൂടെയുള്ള ആ യാത്ര നിറച്ചത് ഒരു പ്രത്യേക തരം എനര്‍ജിയായിരുന്നു. ജൈവവൈവിധ്യം കൊണ്ടും മനം മയക്കുന്ന കാഴ്ചകള്‍ കൊണ്ടും സമ്പന്നമായ പശ്ചിമഘട്ട മഴക്കാടുകളായ വാഴച്ചാല്‍ ഷോളയാര്‍ വനമേഖലകളിലൂടെ ബസ് സാവധാനത്തില്‍ നീങ്ങിക്കൊണ്ടിരുന്നു. ബസ് ഷോളയാര്‍ മേഖലയോടടുത്തപ്പോള്‍ കാടിന്റെ മുഖച്ഛായ പതിയെ മാറാന്‍ തുടങ്ങിയിരുന്നു. പച്ച വിരിച്ച മൊട്ട കുന്നുകള്‍ പോലെ തോന്നിക്കുന്ന തേയില തോട്ടങ്ങള്‍ ഓര്‍മിപ്പിച്ചത് മുന്‍പെന്നോ പോയ മൂന്നാര്‍ യാത്രയെയാണ്.

സമയം നട്ടുച്ചയായിരുന്നു എങ്കിലും തണുത്ത ശീതന്‍കാറ്റ് ബസിന്റെ ചില്ലുകള്‍ക്കിടയിലൂടെ വന്നു പൊതിഞ്ഞു. ഷോളയാര്‍ ഡാമിനോടടുക്കുമ്പോള്‍ ചുവന്ന പൂവിരിച്ച വന്‍ മരങ്ങള്‍ തേയിലത്തോട്ടങ്ങള്‍ക്ക് ഭംഗിയേകി. ഇടക്കെപ്പോഴോ ഒരു കൂട്ടം സിംഹവാലന്‍ കുരങ്ങുകള്‍ ഞങ്ങളെ അത്ഭുതപെടുത്തികൊണ്ട് കാഴ്ചയുടെ വിരുന്നൊരുക്കി തന്നു. വംശനാശനം സംഭവിച്ചു കൊണ്ടിരിക്കുന്ന കൂട്ടരാണെന്നു വായിച്ചറിഞ്ഞിട്ടുണ്ട്.

വണ്ടി ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് നിര്‍ത്തി എല്ലാരും ഉച്ചഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഡാമിനോട് ചേര്‍ന്ന ചെരുവില്‍ മേഞ്ഞു നടന്നിരുന്ന പശുക്കള്‍ ഞങ്ങള്‍ എന്തോ കഴിക്കുകയാണെന്നു കണ്ടു അങ്ങോട്ട് വന്നു. ബാക്കിയുണ്ടായ ബിരിയാണി ഒരു പ്ലേറ്റില്‍ പശുവിനു വിളമ്പി ലിന്‍സി ടീച്ചര്‍ മാതൃകയായി. ഭക്ഷണം കഴിഞ്ഞു എല്ലാരുടെയും സൗകര്യാര്‍ത്ഥം ബസ് എടുക്കുമ്പോള്‍ സമയം കരുതിയതില്‍ നിന്ന് കുറച്ചു കൂടി വൈകിയിരുന്നു.

നീണ്ടു പരന്നു ഷോളയാര്‍ ഡാം, ആ വഴികള്‍ക്ക് മോഡി കൂട്ടി.. ഇടക്കൊരു തേയിലത്തോട്ടത്തില്‍ നിര്‍ത്തി ബസ് ഡ്രൈവര്‍ വിശാല ഹൃദയനായി. 'എല്ലാരും ഇറങ്ങി വേണ്ടത്ര പടം പിടിച്ചോളൂ.' കേട്ട പാതി ക്യാമറയും തൂക്കി എല്ലാരും ചാടിയിറങ്ങി. പല പോസിലുള്ള പോട്ടം പിടുത്തത്തില്‍ എല്ലാവരും മുഴുകിയിരിക്കുമ്പോള്‍ തോട്ടം നടത്തിപ്പുകാരന്‍ എന്ന മട്ടിലൊരാള്‍ കടന്ന് വന്നു ആകെ മൊത്തം സീന്‍. എല്ലാരേയും ആട്ടി തെളിച്ചു ബസില്‍ കയറ്റി വീണ്ടും യാത്രയായി.

സായാഹ്നം സൂര്യന്റെ കിരണങ്ങളേറ്റു കൂടുതല്‍ സുന്ദരിയായി. വാല്‍പാറയും കടന്നു ബസ് ചുരമിറങ്ങി തുടങ്ങി. ചുരത്തിന്റെ ഒരു വശം ആളിയാര്‍ ഡാം അതിന്റെ സര്‍വ്വ സൗന്ദര്യവും വിരിച്ചു സായാഹ്ന സൂര്യനെ യാത്രയയക്കുന്നു. കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും മനോഹരമായ ഒരു ചുരമിറക്കം. പ്രകൃതി ഒരു സംഭവം തന്നെയാണെന്ന് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍. ഇറക്കത്തിനൊടുവില്‍ ആളിയാര്‍ ഡാമിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തി. ഇരുള് വീഴാന്‍ തുടങ്ങിരുന്നു.

ഡാമിന്റെ അരികിലൂടെയുള്ള 200 പടികളും കയറി അസ്തമയ സൂര്യനെ യാത്രയയക്കന്‍ നമ്മളില്‍ നിന്നും ഒരു സംഘം മുകളിലെത്തി. അസ്തമയം കഴിഞ്ഞ് ഇറങ്ങി അടുത്തുള്ള ചായ കടയില്‍ നിന്ന് ഒരു സ്‌ട്രോങ്ങ് ചായയും കുടിച്ചു യാത്ര തിരിച്ചു, പൊള്ളാച്ചി വഴി -വടക്കുംചേരി -തൃശൂര്‍.

ഇരുട്ട് വീണത് കൊണ്ട് മാത്രം പൊള്ളാച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനാവാത്തതില്‍ എല്ലാവരും കുണ്ഠിതപ്പെട്ടു, എങ്കിലും ഒരു യാത്രയുടെ ആഹ്ലാദം മുഴുവനായി ആഘോഷിച്ചു ബസ് തൃശൂരിലേക്ക് തിരിച്ചു.

*(ഒരു പഴയ യാത്രയുടെ ഓര്‍മ്മ)


Next Story

Related Stories