TopTop
Begin typing your search above and press return to search.

വേളിയില്‍ കൂകി പായാനുള്ള 'കേരള റെയില്‍വെ'യുടെ തീവണ്ടി എഞ്ചിനും ബോഗികളും എത്തി

വേളിയില്‍ കൂകി പായാനുള്ള കേരള റെയില്‍വെയുടെ തീവണ്ടി എഞ്ചിനും ബോഗികളും എത്തി

വേളി ടൂറിസം വില്ലേജില്‍ സ്ഥാപിക്കുന്ന മിനിയേച്ചര്‍ റെയില്‍വേയുടെ എഞ്ചിനും ബോഗികളും വേളിയിലെത്തി. സംസ്ഥാന ടൂറിസം വകുപ്പ് ഒന്‍പത് കോടി രൂപ മുതല്‍മുടക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.ഇത്തരത്തിലെ കേരളത്തിലെ ആദ്യ സംരംഭമാണ് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലാണെങ്കിലും, ഇനി ഇപ്പോള്‍ നമ്മുക്കും ഒരു റെയില്‍വെ ഉണ്ടെന്ന് അവകാശപ്പെടാം, നമ്മുടെ സ്വന്തം 'കേരള റെയില്‍വെ'.

സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാകും. മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായി ഇത് മാറും.

പഴയ ആവി എഞ്ചിന്റെ മാതൃകയിലുള്ള എഞ്ചിന്‍ ഉപയോഗിക്കുന്ന ഈ ട്രെയിനില്‍ നിന്ന് കൃത്രിമമായി ആവി പുക പറക്കുന്നത് ഗൃഹാതുരമായ കാഴ്ചയും ഒരുക്കും. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് വേളിയില്‍ സ്ഥാപിക്കുന്നത്. ടണലും റെയില്‍വേ പാലവും അടക്കം സജജീകരിക്കുന്നുമുണ്ട്. ടണലിനുള്ളിലെ പാളത്തിലൂടെ പുക ഉയര്‍ത്തി കൂകി പായുന്ന തീവണ്ടി കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിക്കുന്നതാകും.

രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാന്‍ സാധിക്കും. വേളി ടൂറിസ്റ്റ് വില്ലേജിന്റെ കവാടത്തില്‍ തന്നെയാണ് മിനി റെയില്‍വെ സ്റ്റേഷന്‍ പണി കഴിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനും പഴയ 'ആാം' സിഗ്‌നലുകളുമൊക്കെയായിരിക്കും വേളിയില്‍ സ്ഥാപിക്കുന്നത്. ഇതിനോട് അടുത്ത് തന്നെ ഒരു കൃത്രിമ തടാകവും പണികഴിപ്പിച്ചിട്ടുണ്ട്. കൃത്രിമ മലകളും തുരങ്കങ്ങളും കൂടാതെ റെയില്‍വെ പാലങ്ങളും തയ്യാറായി കഴിഞ്ഞു.

ഗാര്‍ഡുമാരും മറ്റും ഭക്ഷണത്തിനും പാനീയത്തിവും മറ്റുമായി സ്റ്റാളുകളും സ്റ്റേഷനില്‍ ഉണ്ടാവും. സോളാര്‍ വൈദ്യുതിയില്‍ നിയന്ത്രിക്കുന്ന ട്രെയിന്‍, ഓപ്പറേറ്റ് ചെയ്യാന്‍ ജോലിക്കാരുണ്ടാകും. 15 കി.മീ ആണ് പരമാവധി വേഗത. 25 മിനിറ്റാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും.

മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കാനാണ് തീരുമാനം. ഇതിനായി ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായിരിക്കും വേളിയിലേത്.

മാര്‍ച്ച് രണ്ടാംവാരത്തില്‍ പരീക്ഷണ ഓട്ടം നടത്തി ഏപ്രില്‍ ആദ്യവാരം റെയില്‍വെ തുറന്ന് കൊടുക്കാമെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ മൂലം പദ്ധതികള്‍ മരവിച്ചിരിക്കുകയായിരുന്നു. കേരള ടൂറിസം വകുപ്പ്, 30 കോടി രൂപയുടെ വികസനം വേളി വില്ലേജില്‍ നടത്തുന്നതിന്റെ ഭാഗമാണ് റെയില്‍വെ പദ്ധതിയും.


Next Story

Related Stories