തിരുവനന്തപുരത്തെ മടവൂര്‍പാറ ടൂറിസം പദ്ധതിയുടെ അടുത്ത ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് 3.75 കോടി രൂപ അനുവദിച്ചു. മടവൂര്‍ പാറയോട് ചേര്‍ന്നുള്ള അഞ്ചേക്കറോളം ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ ഭൂമി കൂടി ലഭിക്കുമ്പോള്‍ പാര്‍ക്കിംഗ് സൗകര്യം, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഓപ്പണ്‍ സ്റ്റേജിലേക്ക് കടന്നു വരുന്നതിനുള്ള റോഡ്, പാറയോട് ചേര്‍ന്നുള്ള ജലാശയത്തില്‍ ബോട്ടിംഗ് സൗകര്യം, ഒപ്പം മറ്റൊരു ചെറിയൊരു ജലാശയത്തില്‍ കുട്ടവഞ്ചി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര സജ്ജീകരണങ്ങള്‍, ട്രക്കിംഗ്, ക്ഷേത്രത്തിനു മുന്നില്‍ ഒരേക്കറോളം വരുന്ന ഭൂമിയില്‍ നല്ല ഭംഗിയുള്ള പൂന്തോട്ടം, ലൈറ്റ് & സൗണ്ട് ഷോ, നക്ഷത്ര വനം തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് സഞ്ചാരികള്‍ക്കായി ഒരുക്കും.
തിരുവനന്തപുരം, ചെങ്കോട്ടുകോണത്തിനടുത്ത് പാറ തുരന്നുണ്ടാക്കിയ ഒരു പ്രാചീന ഗുഹാക്ഷേത്രം (ശിവക്ഷേത്രം) സ്ഥിതി ചെയ്യുന്നയിടമാണ് മടവൂര്‍ പാറ. ക്ഷേത്രത്തിലുള്ള വിഗ്രഹങ്ങളും തൂണുകളുമൊക്കെ പൂര്‍ണമായും മടവൂര്‍ പാറയിലെ ശിലകള്‍ തന്നെ ഉപയോഗിച്ച് (പാറ തുരന്ന്) നിര്‍മ്മിച്ചവയാണ്. ശ്രീകോവില്‍, ഉള്ളിലെ പീഠം, ശിവലിംഗം, ക്ഷേത്രത്തിന്റെ തൂണുകള്‍, വശങ്ങളിലുള്ള സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ എല്ലാം ഈ പാറ തുരന്നുണ്ടാക്കിയതാണ്.
എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രവും പരിസരങ്ങളും 1960 മുതല്‍ പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ്. എങ്കിലും ചെങ്കോട്ടുകോണം ആശ്രമത്തിന്റെ ചുമതലയിലാണ് ക്ഷേത്രകാര്യങ്ങള്‍ ഒക്കെ നടക്കുന്നത്. ഇത്തരം ക്ഷേത്രങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വമാണ്. മഠവൂര് പാറയിലെ ഗുഹാക്ഷേത്രം ഒഡീഷയിലെ ഖണ്ഡഗിരി- ഉദയഗിരി ജൈന ഗുഹാക്ഷേത്രങ്ങളോട് താരതമ്യപ്പെടുത്താവുന്നതും സമാനതകളുള്ളതുമാണ്.
സമുദ്രനിരപ്പിന് മുകളില്‍ ഏകദേശം മൂന്നൂറ് അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മടവൂര്‍ പാറയും ക്ഷേത്രപരിസരങ്ങളും 18 ഏക്കറോളം വ്യാപിച്ചുകിടക്കുന്നു. പാറയ്ക്ക് മുകളിലൂടെയുള്ള 110 മീറ്റര്‍ നീളമുള്ള മുള കൊണ്ടുള്ള പാലവും ഇപ്പോള്‍ പണികഴിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരം, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം മടവൂര്‍ പാറയിലേക്കുള്ള ദൂരം പതിനെട്ട് കിലോമീറ്ററില്‍ താഴെയാണ്.