ചെങ്ങന്നൂര്കാരനായ മില്‍ജോ ഒരു സൈക്കിള്‍ പ്രേമിയല്ല, എന്നാല്‍ ഇന്ത്യ മുഴുവനും യാത്ര ചെയ്യുന്നതിനൊപ്പം ബംഗ്ലാദേശിലേയും, ബൂട്ടാനിലേയും ചില പ്രദേശങ്ങളും ചുറ്റിവരിക എന്ന ലക്ഷ്യത്തോടെ മില്‍ജോ തിരഞ്ഞെടുത്തത് സൈക്കിളാണ്. പോകുന്ന സ്ഥലങ്ങളിലെ ആളുകളെ, സംസ്കാരത്തെ, ജീവിതരീതികളെ കൂടുതല്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് മില്‍ജോ സൈക്കിള്‍ യാത്രക്കായി തിരഞ്ഞെടുത്തത്.
ഇതിന് മുന്‍പ് മില്‍ജോ ഷിംല മുതല്‍ റോത്തങ്പാസുവരെ കാല്‍നടയായി യാത്ര ചെയ്തിരുന്നു. അന്ന് തണുപ്പ് നിറഞ്ഞ ഇടത്തിലൂടെ നടത്തിയ രാത്രി യാത്ര മറക്കാന്‍ കഴിയില്ലെന്നാണ് മില്‍ജോ പറയുന്നത്. യാത്രകള്‍ ഓരോന്നും ഓരോ അനുഭവമാണെന്നും അത് ജീവിതത്തെ ശക്തിപ്പെടുത്താന്‍ ഉതകുന്നതാണെന്നുമാണ് മില്‍ജോയുടെ അഭിപ്രായം.
ഒരു വര്‍ഷംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് മില്‍ജോ കരുതുന്നത്. മില്‍ജോ സൈക്ലിങ് പരിശീലിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമാവുന്നതേയുള്ളൂ. സൈക്കിള്‍ യാത്ര പരിശീലിച്ചയുടനെ ആളുകള്‍ ഇത്തരത്തില്‍ വലിയ യാത്രകള്‍ക്ക് തുടക്കം കുറിക്കാറില്ലെന്നും എന്നാല്‍ മില്‍ജോയുടെ ഉദ്യമം സാഹസികത നിറഞ്ഞ ഒന്നാണെന്നും തിരുവനന്തപുരത്തെ സൈക്ലിങ് ക്ലബ്ബായ ഇന്‍ഡസ് സൈക്കിള്‍ എബസിയുടെ ഫൗണ്ടര്‍ പ്രകാശന് പറയുന്നു.
എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്ന മില്ജോയ്ക്ക് പിന്‍ന്തുണ നല്‍കുന്നത് ഭാര്യ രാഗിയാണ്. പ്രകൃതി ഭക്ഷണരീതികളോടും യോഗയോടുമാണ് മില്ജോയ്ക്ക് താല്‍പ്പര്യം. പ്രകൃതി ജീവനം, യോഗ പോലുള്ള ആശയങ്ങളെ ആളുകളിലേക്കെത്തിക്കുക എന്നതും മില്‍ജോ യാത്രയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.
സെപ്റ്റംബര്‍ രണ്ടാം തിയതി ഒന്പതുമാണിയോട് കൂടിയാണ് മില്‍ജോ യാത്ര തുടങ്ങിയത്. യാത്രകള്‍ക്ക് ഭാഷ തടസമായിരുന്നോ എന്ന ചോദ്യത്തിന് യാത്രയാണ് ഭാഷകള്‍ പഠിപ്പിക്കുന്നതെന്നാണ് മില്‍ജോ മറുപടി പറഞ്ഞത്. ഒരിക്കല്‍ യാത്രക്കിടയിലുണ്ടായ രസകരമായ അനുഭവവും മില്‍ജോ പങ്കുവെക്കുകയുണ്ടായി. യാത്രക്കിടയില്‍ ഒരിടത്തേക്കുള്ള വഴി ചോദിച്ചപ്പോള്‍ 'സീത ജാത്താഹേ' എന്ന് പറഞ്ഞുവെന്നും. ഇത്കേട്ടപ്പോള്‍ സീതയെന്ന നദിയെകുറിച്ചാണ് പറയുന്നതെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍, ഒരാള്‍ അംഗ്യത്തോടുകൂടി പറഞ്ഞപ്പോഴാണ് മുന്നോട്ട് പോകാനാണ് പറയുന്നതെന്ന് മനസിലായതെന്നും മില്‍ജോ പറയുന്നു. ഇത്തരത്തില്‍ ഭാഷ പഠിപ്പിക്കുന്നത് യാത്രകളാണെന്നും. ഇത് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയെ സഹായിക്കുന്നുവെന്നും മില്‍ജോ പറയുന്നു.